ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ഫോർ ബോയ്സ് നെടുമങ്ങാട്/അക്ഷരവൃക്ഷം/ തെയ്യം

Schoolwiki സംരംഭത്തിൽ നിന്ന്
തെയ്യം

ഒരു സുന്ദര ഗ്രാമമാണ് കാഞ്ഞങ്ങാട്. അവിടെ മോഹനൻ, ശങ്കരൻ എന്നിങ്ങനെ രണ്ടു ചെറുപ്പക്കാർ ജീവിച്ചിരുന്നു. ശങ്കരൻ അമേരിക്കയിലെ വലിയ ഉദ്യോഗസ്ഥനാണ്. മോഹനൻ പട്ടണത്തിലെ ഒരു ഹോട്ടൽ മാനേജരും.അവരുടെ ജോലികൾ തമ്മിൽ വലിയ അന്തരമുണ്ടെങ്കിലും അവരുടെ സുഹൃത്ത്ബന്ധത്തിന് ഒരു മാറ്റവും വന്നിട്ടില്ല. ശങ്കരൻ അമേരിക്കയിൽ ആണെങ്കിലും അയാളുടെ മനസ്സിൽ ഈ ഗ്രാമത്തിന്റെ സൗന്ദര്യവും ഉത്സവവും കളിയും ചിരിയും മാത്രമാണ്. അത് കൊണ്ട് കാഞ്ഞങ്ങാട് കാവിലെ ഉത്സവത്തിന് ഒരാഴ്ച മുമ്പേ ശങ്കരൻ ഗ്രാമത്തിൽ എത്തിച്ചേരുമായിരുന്നു.

നന്മയുള്ള മനസിന് ഉടമയായിരുന്നു ശങ്കരൻ. ഈ അവധിക്കു വന്നപ്പോഴും പതിവുപോലെ അദ്ദേഹം ദരിദ്രർക്കും ഭിന്നശേഷിക്കാർക്കും ഭക്ഷണം, വസ്ത്രം മുതലായവ ഉദാരമായി സംഭാവന നൽകി. അവധിക്കു വന്നാൽ അയാൾ സ്ഥിരമായി ചെന്നിരിക്കാറുള്ള ഒരു കുളം ഉണ്ടായിരുന്നു. കുട്ടിക്കാലം മുതലേ തന്നെ കൂട്ടുകാരുമൊത് നീന്തിത്തുടിച്ചിരുന്ന ആ കുളം അവന്റെ ഇഷ്ട സ്ഥലങ്ങളിൽ ഒന്നായിരുന്നു. പതിവ് പോലെ സായാഹ്നത്തിൽ അദ്ദേഹം കുളക്കരയിലെത്തി. മോഹനനും ആ സമയത്തു അവിടെ എത്തിച്ചേർന്നു. എന്നും മോഹനനെ കാണുമ്പോൾ സന്തോഷം കൊണ്ട് തുളുമ്പാറുള്ള ശങ്കരന്റെ മുഖം ഇന്ന് പക്ഷെ വാടിയിരുന്നു.

അമ്പലത്തിലെ ഉത്സവത്തിന് പ്രധാന ഇനമാണ് തെയ്യം. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ശങ്കരന് ഉത്സവം കൂടാൻ സാധിച്ചിരുന്നില്ല. ലീവ് കിട്ടാത്തതാണ് കാരണം. ഇത്തവണ കാര്യം സാധിച്ചു. പക്ഷെ സന്തോഷത്തിനു പകരം ദുഖമാണുണ്ടാകുന്നത്.

"എന്ത് പറ്റി ശങ്കരാ മുഖം വല്ലാതെയിരിക്കുന്നത്?"
"തെയ്യത്തിന് നിറവും ശബ്ദവും കാണികളും കൂടി. പക്ഷെ എന്തോ ഒരു കുറവ്!"
"എന്ത് കുറവ്?"
"കാടും കാവും കാണാനില്ല!"

അവർ ചെയ്തുകൊണ്ടിരിക്കെ മറ്റൊരു സുഹൃത്തായ രാഘവൻ അത് വഴി വന്നു.അമ്പലത്തിലെ സംഘടകരിലെ പ്രധാനിയായിരുന്നു രാഘവൻ.
" നമ്മുടെ ഇവിടെ ഇപ്പോൾ ആയിരക്കണക്കിന് കാണികൾ വരുന്നുണ്ട്. ഒരു കുഴപ്പവുമില്ല.വിദേശികൾ തന്നെ എത്ര വരുന്നെണ്ടെന്നോ! വാസ്തവത്തിൽ ഇപ്പോൾ നമ്മുടെ തെയ്യത്തിന് ആഗോള പ്രശസ്തി കിട്ടിക്കഴിഞ്ഞു" രാഘവൻ പറഞ്ഞു.

വിഷമിച്ചത് വെറുതെയല്ല. മോഹനൻ ചിന്തിച്ചു.ആ ദൈവ രൂപങ്ങളെ അവയുടെ വിശുദ്ധിയോ പവിത്രതയോ മാനിക്കാതെ ഒരു ടൂറിസ്റ് പ്രൊഡക്ടാക്കി മാറ്റുന്നു. ഇത് ചിന്തിച്ചപ്പോൾ മോഹനന് സങ്കടം തോന്നി. കലയെയും നാടിനെയും സ്നേഹിക്കുന്ന ശങ്കരനെയും മോഹനനെയും പോലുള്ള മനുഷ്യർക്ക് ഈ പ്രവൃത്തിയോട് അനുകൂലിക്കാൻ കഴിയില്ല. ഹാ! കാലത്തിന്റെ ഒഴുക്കിനനുസരിച്ച് നീങ്ങുക തന്നെ!

അമ്പലത്തിലെ ഉത്സവം തുടങ്ങി. എല്ലാ പരിപാടികളും അവർ ആസ്വദിച്ച് കണ്ടു. തെയ്യവും അവർ ആസ്വദിച്ചു.
"എന്ത് പറ്റി ശങ്കരാ?" മോഹനൻ ചോദിച്ചു
"ഒന്നുമില്ല." ശങ്കരൻ മറുപടി പറഞ്ഞു.
"തെയ്യം ഇഷ്ടപ്പെട്ടോ നിനക്ക്? നീ ഉത്സവം കഴിഞ്ഞല്ലേ മടങ്ങൂ?" മോഹനൻ ചോദിച്ചു.
"ആ, അതെ,നിന്നെ ഒന്ന് കാണാൻ കഴിഞ്ഞല്ലോ. അത് തന്നെ വലിയ കാര്യം."
വിശേഷങ്ങൾ പറഞ്ഞും ഓർമ്മകൾ അയവിറക്കിയും ആ സുഹൃത്തുക്കൾ ഒരുപാടു സമയം ചെലവഴിച്ചു.

      ഒടുവിൽ അമ്പലത്തിലെ ഉത്സവം കഴിഞ്ഞ് ശങ്കരൻ കൂട്ടുകാരോടും  പറഞ്ഞു മടങ്ങി. വീണ്ടുമൊരു ഉത്സവക്കാലം വന്നണയുന്നതും കാത്ത്.
ഹരി. എസ്. കൃഷ്ണൻ
10B ജി.ബി.വി.എച്ച്.എസ്.എസ്. നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ