ഗവ. യൂ.പി.എസ്.നേമം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

"വർണം 2024"

വർണാഭമായി വർണം വാർത്താപത്രിക. ഒരു അക്കാദമിക് വർഷത്തിൽ ഒരു വിദ്യാലയം നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും ടാബ്ളോളോയ്ഡ് വലുപ്പത്തിലുള്ള ഒരു വാർത്താ പത്രികയിലുൾപ്പെടുത്തുക അസാധ്യമാണ്. എങ്കിലും ഞങ്ങൾ പ്രസിദ്ധീകരിച്ച "വർണം" എന്ന വാർത്താപത്രിക ഒരു അധ്യയന വർഷത്തിന്റെ അക്കാദമിക മികവിന്റെ നേർചിത്രമാണ്. സ്കൂളിൽ വന്നു പോയവർ, ഞങ്ങളോട് സംവദിച്ചവർ, വികസന കൂട്ടായ്മയിലും അക്കാദമിക പ്രവർത്തനങ്ങളിലും ഒപ്പം ചേർന്നവർ അങ്ങനെ തുടങ്ങി എല്ലാം പരമാവധി ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. നേമം ഗവ.യു.പി.എസിലെ ചിത്ര ഗ്യാലറിയും ശ്രദ്ധേയമാണ്. പത്രികയുടെ പ്രകാശനം ഗ്രാമപഞ്ചായത്തംഗം ശ്രീ.കെ.കെ. ചന്തുകൃഷ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തിമതിക്ക് നൽകി നിർവഹിച്ചു. ചിത്രങ്ങളും 'വർണ' ത്തിന്റെ പി ഡി എഫ് കോപ്പിയും ഒപ്പം ചേർക്കുന്നുണ്ട്.

'വർണം' പി ഡി എഫ് കോപ്പി ⇒⇒ 44244_varnam_2024.pdf

ഒന്നാം ക്ലാസിലെ കൂട്ടുകാർ തയ്യാറാക്കിയ സ്കൂൾ പത്രം

ഒന്നാം ക്ലാസിലെ കൂട്ടുകാർ കുട്ടി പത്രങ്ങൾ തയാറാക്കി ശ്രദ്ധേയമാകുന്നു. സ്കൂളിൽ സംഘടിപ്പിച്ച ഭാഷോത്സവത്തിലാണ് ചാർട്ടു പേപ്പറുകളിൽ മനോഹരമായ പത്രങ്ങൾ കുട്ടികൾ തയാറാക്കിയത്. വിദ്യാലയത്തിൽ നടന്ന വിവിധങ്ങളായ ഉത്സവങ്ങൾ, ശില്പശാലാ വാർത്തകൾ, സെമിനാർ വാർത്തകൾ, അസംബ്ലി, ഡയറിക്കുറിപ്പുകളിലെ വൈവിധ്യത എന്നിവയാണ് കുട്ടികൾ വാർത്താ രൂപത്തിലാക്കി മാറ്റിയത്. അനുയോജ്യമായ ചിത്രങ്ങളും കുട്ടികൾ വരച്ചു ചേർത്തു.ചില പരാതികളും ആവശ്യങ്ങളും വാർത്തകളായി ഇടം പിടിച്ചിട്ടുണ്ട്. ഒരു പത്രം തയാറാക്കുന്നതിനുള്ള പ്രകിയകളിലൂടെ കുട്ടികളെ കൊണ്ടുപോകുകയാണ് ആദ്യം ചെയ്യുക. അറിയാവുന്ന അക്ഷരങ്ങളും വാക്കുകളും നന്നായി എഴുതാൻ അവസരം നൽകും.

വർത്തമാന പത്രങ്ങളെ പഠന സാമഗ്രിയാക്കി ക്ലാസ് തലത്തിൽ നടന്ന ചർച്ചയിലൂടെയാണ് വാർത്തകൾ രൂപപ്പെട്ടത്. കുട്ടികൾക്കറിയാവുന്ന അക്ഷരങ്ങളും വാക്കുകളും ഉപയോഗിച്ച് ചെറിയ ചെറിയ സംഭവങ്ങളെ വാർത്തകളാക്കി മാറ്റി.ഒരു ചാർട്ടിനെ അഞ്ചു കോളങ്ങളാക്കി മാറ്റി.കോളത്തിന്റെ വലുപ്പത്തിൽ നീളത്തിൽ കടലാസ് കീറി കുട്ടികൾക്ക് നൽകി അതിലെഴുതിയ വാർത്തകൾ ചാർട്ടിൽ ഒട്ടിച്ചാണ് പത്ര രൂപത്തിലാക്കിയത്. ഓരോ ഡിവിഷനിലും തയാറാക്കിയ പത്രങ്ങൾക്ക് പുലരി, അക്ഷരപ്പൂക്കൾ, മഴവില്ല് എന്നിങ്ങനെ കുട്ടികൾ പേരും നൽകി. പത്രത്തിന്റെ പ്രകാശനം കല്ലിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തിമതി നിർവഹിച്ചു. എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ. ചന്തുകൃഷ്ണ, ഇ.ബി. വിനോദ് കുമാർ, എം പി ടി എ പ്രസിഡന്റ് ആരതി , മഞ്ചു എന്നിവർ പങ്കെടുത്തു. അധ്യാപകരായ ഷീബ, ജിജി, ബിന്ദു എന്നിവർ പത്ര നിർമാണത്തിന് നേതൃത്വം നൽകി.

44244 aksharapookal.jpg
44244 mazhavil.jpg