ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ/അക്ഷരവൃക്ഷം/സംരക്ഷിക്കണം പ്രകൃതിയെ

Schoolwiki സംരംഭത്തിൽ നിന്ന്
സംരക്ഷിക്കണം പ്രകൃതിയെ ......

ലോകത്തിലെ എല്ലാ ജീവനുകളെയും സംരക്ഷിക്കുന്ന, അവർക്ക് ആഹ്ളാദകരങ്ങളായ നിമിഷങ്ങളും അതോടോപ്പം തന്നെ ഭീതിപ്പെടുത്തുന്ന നിമിഷങ്ങളും പ്രദാനം ചെയ്യുന്ന ഒരത്ഭുത സൃഷ്ടിയാണ് പ്രകൃതി. എല്ലാ ജീവജാലങ്ങളെയും സമഭാവനയിൽ ദർശിക്കുന്ന ഉത്തമ ജീവിത മൂല്യങ്ങൾ പകർന്നുനല്കുന്ന ഗുരുനാഥ കൂടിയാണ് പ്രകൃതി. നമ്മുടെ പ്രകൃതിസംരക്ഷണവും വൃക്ഷപരിപാലനവും ഒക്കെ കേവലം പരിസ്ഥിതിദിനമായ ജൂൺ അഞ്ചിൽ മാത്രം ഒതുങ്ങിപ്പോയി‍ട്ടുണ്ട്. അനിയന്ത്രിതമായ ചൂഷണത്തിന് പ്രകൃതി വിധേയയാകുന്ന ഈ കാലഘട്ടത്തിൽ "മനുഷ്യന് ആവശ്യത്തിനുള്ളതേ ഭൂമിയിലുള്ളൂ അത്യാഗ്രഹത്തിനുള്ളത് ഇല്ല" എന്ന ഗാന്ധി വചനം നാമേവരും ഓർക്കേണ്ടതാണ്. തിമിർത്തു പെയ്യുന്ന മഴയിൽ ഒരു തുള്ളിയെ മറ്റൊരു തുള്ളി പിന്തുടരുന്ന വേഗതയിലാണ് കൊവിഡ് 19 എന്ന മഹാമാരി വ്യാപിക്കുന്നത്. പ്രളയവും, സുനാമിയും, കൊവിഡ് മഹാമാരിയും ഒക്കെ എങ്ങനെയുണ്ടാകുന്നുവെന്ന് ആരെങ്കിലും ‍‍‍ചിന്തിക്കുന്നുണ്ടോ? മനുഷ്യന്റെ അനിയന്ത്രിതമായ കടന്നുകയറ്റത്തിന് പ്രകൃതി നല്കുന്ന തിരിച്ചടിയാണ് ഇവയൊക്കെ. മനുഷ്യനേല്പിച്ച മുറിവിന്റെ കഠിനവേദന സഹിക്കാനാകാതെ പ്രളയമായും കൊടുങ്കാറ്റായും പകർച്ചവ്യാധിയായുമൊക്കെ ആഞ്ഞടിക്കുകയാണ് പ്രകൃതി. കളകളാരവം മുഴക്കി അമൃതസദൃശമായ ജലം വഹിക്കുന്ന പുഴകളും, ഉന്നതശീർഷങ്ങളോട് കൂടിയ മലനിരകളും, ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുള്ള ഘോരവനങ്ങളും, ഹരിതാഭ നിറഞ്ഞ നെല്പാടങ്ങളും, പുല്മേടുകളും, മനോഹരങ്ങളായ കുസുമങ്ങളാൽ അലംകൃതമായ പൂന്തോട്ടങ്ങളുമൊക്കെ കൊണ്ട് അനുഗൃഹീതമായ പ്രകൃതി പണ്ട് നമുക്കുണ്ടായിരുന്നു. എന്നാൽ ഇന്നതിന്റെ ശോഭയൊക്കെ സൂര്യൻ അസ്തമിക്കുന്നതു പോലെ തന്നെ അസ്തമിച്ചിരിക്കുന്നു. അംബരചുംബികളായ വമ്പൻ കെട്ടിടങ്ങളും, മാളുകളും, കറുത്ത വിഷമയമായ പുക വമിപ്പിക്കുന്ന വാഹനങ്ങളും, പ്രകൃതിയുടെ മുഖച്ഛായ തന്നെ മാറ്റിയിരിക്കുന്നു.സുന്ദരരൂപിണിയായ പ്രകൃതിയെ അവളുടെ പുത്രനായ മനുഷ്യൻ തന്നെ ഇന്നൊരു രോഗിണിയായി തീർത്തിരിക്കുന്നു. ഒരുപാടൊരുപാട് ജീവജാലങ്ങളുടെ കണ്ണികൾ ചേർന്നുണ്ടായിരിക്കുന്ന ഒരു ചങ്ങലയാണ് പ്രകൃതി. ഇതിൽ ഏതെങ്കിലും ഒരു കണ്ണി പൊട്ടിയാൽ പിന്നെ കൂട്ടിച്ചേർക്കുക അസാധ്യമായിരിക്കും. ഏച്ചു കെട്ടിയാൽ മുഴച്ചിര്ക്കും എന്ന ചൊല്ലു പോലെ തന്നെ അതിന്റെ അനന്തരഫലങ്ങൾ ഭീകരമായിരിക്കും. ഇന്ന് കൊവിഡ് 19 എന്ന മഹാമാരി ലോകം മുഴുവൻ കീഴടക്കിയിരിക്കുന്നു. നോവൽ കൊറോണ വൈറസ് എന്ന ഈ സൂക്ഷ്മാണുവിനു മുന്നിൽ ലോകത്തിലെ വമ്പൻ ശക്തികളായ ചൈനയും അമേരിക്കയും ഇറ്റലിയും ജപ്പാനും ഒക്കെ മുട്ടുകുത്തിയിരിക്കുന്നു. ജാതിമത വർഗ്ഗവർണ്ണ രാ‍‍‍‍‍ജ്യഭേദമെന്യെ എല്ലാ മനുഷ്യരെയും ബാധിക്കുന്ന ഈ രോഗം സാധാരണക്കാരെ മുതൽ സിനിമാകായികതാരങ്ങളെയും, ഭരണാധികാരികളെയും വരെ കിടുകിടെ വിറപ്പിക്കുന്നു. വെറും അഞ്ച് മാസത്തിനുള്ളിൽ ലോകത്തിലെ എല്ലാ രാജ്യങ്ങളിലേക്കും കാട്ടുതീ പോലെ പടർന്നു പിടിച്ച ഈ രോഗത്തിനു മുന്നിൽപകച്ചു നിൽക്കുകയാണ് നാമേവരും. എന്നാലീ സമയത്ത് ആശങ്കയല്ല വേണ്ടത് ജാഗ്രതയാണ്. മാസ്കും, സാനിറ്റൈസറും മറ്റും നിർബന്ധമായും ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അനാവശ്യ കാര്യങ്ങൾക്ക് വീടിന് പുറത്തിറങ്ങാനോ, കൂട്ടം കൂടി നില്ക്കാനോ പാടില്ല. ഇടക്കിടക്ക് ഹാൻഡ് വാഷുപയോഗിച്ച് കൈകൾ ശുചീകരിക്കുക. കൊവിഡ് 19 നെതിരെ പൊരുതാൻ നാമോരോരുത്തരും ഇത്രയും ചെയ്യേണ്ടത് അനിവാര്യമാണ്. കേന്ദ്ര സർക്കാരും , കേരളസർക്കാരും, ആരോഗ്യവകുപ്പും, കേരളപ്പൊലീസും നല്കുന്ന നിർദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. പ്രകൃതി സംരക്ഷണത്തിന്റെ പാഠങ്ങളുൾക്കൊണ്ട് വേണം നാം മുന്നേറാൻ. പ്രകൃതി നമ്മുടെ അമ്മയാണ്. അതിനാൽ തന്നെ പ്രകൃതിയെ മുറിവേല്പിക്കുന്നത് സ്വന്തം ശരീരത്തെ മുറിവേല്പിക്കുന്നതിന് തുല്യമാണ്. പുഷ്പങ്ങളുടെ സുഗന്ധവും, പക്ഷികളുടെ കളരാഗവും, വൃക്ഷങ്ങളിലൂടെ ഒഴുകിവരുന്ന കാറ്റും, ആകാശത്തിന്റെ വെണ്മയും, കണ്ണാടി പോലെ തെളിഞ്ഞ ജലമൊഴുകുന്ന പുഴകളും, പച്ചസാരി ഞൊറിഞ്ഞുടുത്ത നെല്പാടങ്ങളും, നിബിഡമായ വനങ്ങളും മറ്റും അനുഭവിക്കാൻ ഇനിയും നമുക്ക് കഴിയണമെങ്കിൽ എല്ലാവരും അതിനു വേണ്ടി പരിശ്രമിക്കണം. ഒത്തു പിടിച്ചാൽ മലയും പോരും എന്നതൊരു പഴമൊഴിയാണെങ്കിലും ആധുനിക കാലഘട്ടത്തിലും അതിന് പ്രസക്തിയേറെയാണ്. ഈ പഴമൊഴി പോലെ തന്നെ നാമേവരും ഒരേ മനസ്സോടെ പ്രകൃതിസൗഹൃദപരമായി ഈ മഹാവ്യാധിക്കെതിരെ പൊരുതിയാൽ വിജയം സുനിശ്ചിതമായിരിക്കും.

നിവേദിത എസ് നായർ
8 സി ഗവ. എച്ച്.എസ്സ് .എസ്സ് തേവന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം