ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

നാട്ടറിവ്

തദ്ദേശീയമായ അറിവ് അല്ലെങ്കിൽ നാട്ടിൽ നിന്നും ലഭിക്കുന്ന അറിവാണ് നാട്ടറിവ്. ഗ്രാമീണജനതയ്ക്ക് പാരമ്പര്യമായി കിട്ടിയ അറിവാണിത് . ജീവിതരീതി ആചാരവിശ്വാസങ്ങൾ, വാഗ്മയ രൂപങ്ങൾ, സാംസ്കാരിക സമ്പത്ത് മുഴുവൻ നാട്ടറിവിൽ പെടുന്നു. തലമുറകളിലൂടെ കൈമാറി വരുന്ന അറിവ് വികസിച്ചു കൊണ്ടിരിക്കും. നിരന്തരമായ നിരീക്ഷണങ്ങളിൽ നിന്നാണ് ഇത്തരം അറിവ‍ുകൾ ര‍ൂപം കൊള്ള‍ുന്നത്. നാട്ടുസംഗീതവും വാമൊഴി ചരിത്രവും ഭക്ഷണരീതിയും നാട്ടുചികിത്സയും കൃഷിയറിവുകളും എല്ലാം ഇതിൽ പെടുന്നു. ആഗസ്റ്റ് 22 ലോക നാട്ടറിവ് ദിനമായി ആചരിക്കുന്നു.

ആരാധനാലയങ്ങളുടെ ചരിത്രം

കണ്ടമംഗലം ക്ഷേത്രം

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ ചേർത്തല-എറണാകുളം ദേശീയപാതയിലെ തങ്കികവലയിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കരപ്പുറത്തെ പ്രധാനക്ഷേത്രങ്ങളിൽ ഒന്ന് പ്രാചീനകാലത്ത് കണ്ടോങ്ങലം എന്നും അറിയപ്പെട്ടിരുന്നു. ശ്രീ രാജരാജേശ്വരിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഗണപതി, സുബ്രഹ്മണ്യൻ, മഹാദേവൻ, ശാസ്താവ്, നവഗ്രഹങ്ങൾ തുടങ്ങി മറ്റു ദേവീദേവന്മാരും ക്ഷേത്രത്തിൽ ഉണ്ട്. ശ്രീ നാരായണഗുരുദേവൻ കണ്ടാൽ മംഗളം എന്ന് വിശേഷിപ്പിച്ച ക്ഷേത്രമാണ് കണ്ടമംഗലം. കൊല്ലാട്ട് ഇട്ടി അച്യുതൻ വൈദ്യർ ക്ഷേത്രത്തിലെ ഒരു അവകാശി ആയിരുന്നു. കൂടാതെ ഈഴവ, നായർ, നമ്പൂതിരി, ക്രിസ്ത്യൻ, മുസ്ലിം, പുലയ, വേലൻ സമുദായങ്ങളിൽപ്പെട്ട ചില കുടുംബങ്ങൾക്കും പുറമെ ഇടപ്പള്ളി രാജാവിനും ഈ ക്ഷത്രത്തിൽ അവകാശമുണ്ടായിരുന്നതായി പറയപ്പെടുന്നു. അബ്രാഹ്മണർ പൂജ ചെയ്യുന്ന ക്ഷേത്രങ്ങളിൽ ഒന്ന്.

കണ്ടമംഗലം ക്ഷേത്രം

മീനമാസത്തിലെ കുംഭഭരണിയാണ് പ്രധാന ഉത്സവം. കൂടാതെ തൈപ്പൂയം, പൊങ്കാല, ശിവരാത്രി, ഗണേശചതുർത്ഥി തുടങ്ങിയവയും ആഘോഷിക്കുന്നു. ചിക്കര, കൂത്ത്, തിരിപിടുത്തം തുടങ്ങിയവ പരമ്പരാഗതമായി നടത്തിവരുന്ന ക്ഷേത്രാചാരങ്ങൾ ഉണ്ട്.

തങ്കിപ്പള്ളി

കേരളത്തിലെ സുപ്രസിദ്ധ തീർഥാടന കേന്ദ്രമായ സെന്റ്.മേരീസ് ഫൊറോന ദേവാലയമായ തങ്കിപ്പള്ളി സ്ഥിതി ചെയ്യുന്നത് ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ കടക്കരപ്പള്ളി പഞ്ചായത്തിലാണ്. ഏകദേശം 500 വർഷം പഴക്കമുള്ള തങ്കിപ്പള്ളി കൊച്ചി രൂപതയുടെ കീഴിലുള്ള റോമൻ ലാറ്റിൻ കാത്തലിക് ഫൊറോന ദേവാലയമാണ്. 1530 കുടുംബങ്ങളുള്ള വിസ്തൃതമായ ഇടവകയാണിത്. തങ്കപ്പള്ളിയുടെ കീഴിൽ നാല് ഇടവക ദേവാലയങ്ങളും നിരവധി ചാപ്പലുകളും ഉണ്ട്. 1936 ൽ അമ്മമാർ പിടിയരി കൂട്ടി സ്വരൂപിച്ച പണം കൊണ്ടു വാങ്ങിയ ഈശോയുടെ പീഡാനുഭവ തിരുസ്വരൂപത്താലാണ് തങ്കിപ്പള്ളിയെ തീർഥാടന കേന്ദ്രമായി ഉയർത്തിയത്. മുടിവളരുന്ന പീഡാനുഭവ തിരുസ്വരൂപം ദർശിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ദിവസം തോറും നാനാ ജാതി മതസ്ഥരായ അനേകം ഭക്തർ ഇവിടെ എത്തുന്നു. എല്ലാവർഷവും ഫെബ്രുവരി 2ാം തീയതി പരിശുദ്ധ കന്യാമറിയത്തിന്റെ ശുദ്ധീകരണ തിരുനാൾ - ഇടവക തിരുനാൾ - കൊണ്ടാടുന്നു. പെസഹാ വ്യാഴം, ദുഖവെള്ളി ദിവസങ്ങളിലെ ഭക്തജനപ്രവാഹം തങ്കിപ്പള്ളിയുടെ മഹത്വം വിളിച്ചോതുന്നു. പെസഹാ വ്യാഴം നടക്കുന്ന ദീപ കാഴ്ച മതമൈത്രിയുടെ വെളിച്ചം പകരുന്നു. പിടിയരി സമർപ്പണം, തൊട്ടിൽ നേർച്ച ഇവയാണ് പ്രധാന നേർച്ചകൾ .

തങ്കിപ്പള്ളി