ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
                                                          എന്റെ നാട്

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം വില്ലേജിൽ സാംസ്ക്കാരിക പാരമ്പര്യം ഏറെയുള്ള നാടാണ് പുരവൂർ. ചരിത്ര പ്രസിദ്ധമായ ആറ്റിങ്ങൽ കൊട്ടാരം ഈ നാടിന്റെ വിളിപ്പാടകലെയാണ്. ചിറയിൻകീഴ് താലൂക്കിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന വാമനപുരം നദി ഈ ഗ്രാമത്തിന്റെ അതിരിടുന്നു. ഈ നദീ തീരത്താണ് ജനങ്ങൾ വിദേശീയരെ ആക്രമിച്ച് കീഴ് പ്പെടുത്തിയ 1721ലെ ആറ്റിങ്ങൽ കലാപം അരങ്ങേറിയത്. ഈ നാടിന്റെ സാംസ്ക്കാരിക കേന്ദ്രമായി പ്രവർത്തിക്കുന്നത് ഗവ. എസ്.വി.യു.പി.എസ് എന്ന സർക്കാർ സ്ക്കൂളാണ്. ഒരു ജനതയെ അക്ഷരലോകത്തേക്ക് കൈ പിടിച്ചുയർത്തിയ കുടുംബാംഗങ്ങളായ കുന്നും പുറത്തുവീട്ടിൽ ശ്രീ കൃഷ്ണപിള്ള , ശ്രീ മാധവൻ പിള്ള എന്നിവരാണ് ഈ സ്ക്കൂൾ സ്ഥാപിച്ചത്.

സ്ഥലനാമ ചരിത്രം ഈ പ്രദേശത്തെ പ്രധാന ജലസ്രോതസ്സുകളാണ് മരുതറ ആറും വടക്കുവശത്തായി ഒഴുകുന്ന വാമന പുരം ആറും. ഇവയുടെ തീരത്തുള്ള പ്രദേശമായതുകൊണ്ടു തന്നെ വയലേലകൾ നിറഞ്ഞ നാടാണ് പുരവൂർ. പുരവൂർ എന്ന സ്ഥലത്തിന് ആ പേരു വരാൻ കാരണം തന്നെ ഈ വയലുകളാണെന്ന് ഒരു കൂട്ടർ പറയുന്നു. പുരവ് + ഊർ = പുരവൂർ ആയി എന്നാണ് പറയപ്പെടുന്നത്. പുരവ് എന്നാൽ വയലാണ്. പണ്ട് കാലത്ത് ഈ പ്രദേശങ്ങളിലെല്ലാം വയലുകളായിരുന്നു. പുരവ് എന്ന പദം ഇന്ന് പ്രചാരത്തിലില്ല. എന്നാൽ സ്ഥല നാമങ്ങൾ ഇത്തരം പദങ്ങളെ കാത്തുസൂക്ഷിക്കുന്നു.

തൊഴിൽ വയലേലകൾ ധാരാളമുണ്ടായിരുന്ന ഈ പ്രദേശത്തെ ജനങ്ങൾ ഏരിയ പങ്കും കർഷകരായിരുന്നു.നെല്ല്, കൂരവ്, ചാമ തുടങ്ങിയ ധാന്യവിളകൾ, മുതിര, ചെറുപയർ, ഉഴുന്ന് തുടങ്ങിയ പയർ വർഗ്ഗങ്ങൾ, മരച്ചീനി, ചേന, കാച്ചിൽ, ചേമ്പ്, കൂവ, നനകിഴങ്ങ് തുടങ്ങിയ കിഴങ്ങു വർഗ്ഗങ്ങ൮ എന്നിവ കൃഷി ചെയ്തിരുന്നു. കന്നു കാലി വളർത്തൽ, നെയ്ത്ത് തുടങ്ങിയവയും ഈ പ്രദേശത്തെ പ്രധാന തൊഴിലുകൾ ആയിരുന്നു. മൺപാത്ര നിർമ്മാണം, സ്വർണ്ണപ്പണി, പലഹാരനിർമ്മാണം, തുണികളിൽ ചായംമുക്കൽ തുടങ്ങിയ തൊഴിലുകളിലും ആളുകൾ ഏർപ്പെട്ടിരുന്നു.

പ്രധാനകലാകാരനാമാരും വ്യക്തികളും ഫോക്ക്ലോർ പുരസ്ക്കാരജേതാവും, ശാർക്കര കാളിയൂട്ടിൽ കാളി വേഷക്കാരനുമായിരുന്ന കൊച്ചുനാരായണപിള്ള, കഥാപ്രസംഗം കലാകാരനായിരുന്ന ഇടക്കോട് ഭാസ്ക്കരൻ നായർ, വിൽപ്പാട്ട് കലാകാരനായിരുന്ന വൽസലൻ നായർ, പഴയകാല നാടക നടന്മാരായിരുന്ന നിലക്കൽ ഗോപി, ഗോവിന്ദൻകുട്ടി നായർ, കുന്നുമല കൃഷ്ണൻ നായർ, കുട്ടി കൃഷ്ണൻ നായർ, രവീന്ദ്രൻ നായർ, പഴയകാല ഗുസ്തിക്കാരൻ പരമേശ്വരൻ പിള്ള, കവി ശ്രീ ചക്രപാണി, അപ്പു വൈദ്യർ, മേക്കപ്പ്മാനും ഫോട്ടോഗ്രാഫറുമായിരുന്ന സുകുമാരൻ നായർ, കഥാപ്രസംഗരചയിതാവ് എം എം പുരവൂർ തുടങ്ങിയവർ.