ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കേരളത്തിലെ കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിന്റെ തീരത്തുള്ള ഒരു പട്ടണമാണ് അഞ്ചാലുംമൂട്. കൊല്ലം, കുണ്ടറ എന്നീ നഗരങ്ങളിൽ നിന്ന് 8 കിലോമീറ്ററും പരവൂരിൽ നിന്ന് 26 കിലോമീറ്ററും അകലെയാണ് ഈ പ്രദേശം. 2015 വരെ തൃക്കടവൂർ ഗ്രാമപഞ്ചായത്തിന്റെ ഭാഗമായിരുന്ന ഈ പ്രദേശം ഇപ്പോൾ കൊല്ലം കോർപ്പറേഷന്റെ ഭാഗമാണ്.

ഗതാഗത സൗകര്യങ്ങൾ

അഞ്ചാലുംമൂട്ടിൽ നിന്ന് 2.5 കിലോമീറ്റർ അകലെയായി പെരിനാട് തീവണ്ടി നിലയവും 9 കിലോമീറ്റർ അകലെ കൊല്ലം തീവണ്ടി നിലയവും, കുണ്ടറ തീവണ്ടിനിലയവും സ്ഥിതിചെയ്യുന്നു. പെരുമൺ, കുണ്ടറ, ചിന്നക്കട എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന വിപുലമായ റോഡ് ശൃംഖലയാണ് അഞ്ചാലുംമൂടുള്ളത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബസ്സുകൾ എത്തിച്ചേരുന്ന പ്രധാന ജംഗ്ഷനാണ് അഞ്ചാലുംമൂട്.

വിദ്യാലയങ്ങൾ

വിദ്യാഭ്യാസരംഗത്തു പ്രവർത്തിക്കുന്ന ധാരാളം പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങൾ ഇവിടെയുണ്ട്. അഞ്ചാലുംമൂട് ജംഗ്ഷനു സമീപത്തായി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നു. അഞ്ചാലുംമൂട് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിനു സമീപം നളന്ദ ഐ.ടി.സി.യുണ്ട്.

ആരാധനാലയങ്ങൾ

അഞ്ചാലുംമൂട് പട്ടണത്തിനു ചുറ്റുമായി വിവിധ മതക്കാരുടെ ആരാധനാലയങ്ങളുണ്ട്. ഇവിടെ നിന്ന് 2.0 കിലോമീറ്റർ അകലെയായി തൃക്കടവൂർ മഹാാദേവർ ക്ഷേത്രം സ്ഥിതിചെയ്യുന്നു. 8 കരക്കാർ ചേർന്ന് നടത്തുന്ന ഇവിടുത്തെ 10 ദിവസത്തെ ഉത്സവവും, നെടുംകുതിര എടുപ്പും, തെക്കിൻ്റെ തേവർ എന്ന തൃക്കടവൂർ ശിവരാജു ആനയും, അഷ്ടമുടി കയലിലൂടെ വരുന്ന തേവള്ളിക്കര നെടുംകുതിരയും പ്രസിദ്ധമാണ്. ഈ ക്ഷേത്രം കൂടാതെ 2.0 കിലോമീറ്റർ അകലെയായി കുപ്പണ വേലായുധ മംഗലം ക്ഷേത്രം സ്ഥിതിചെയ്യുന്നു. ഇവിടുത്തെ തൈപ്പൂയ മഹോത്സവം പ്രസിദ്ധമാണ്. ഈ ക്ഷേത്രങ്ങൾ കൂടാതെ അഷ്ടമുടി ശ്രീ വീരഭദ്രസ്വാമി ക്ഷേത്രം, ചിറയിൽ ശ്രീ ഭഗവതീ ക്ഷേത്രം, പനയം ശ്രീ ദുർഗ്ഗാദേവി ക്ഷേത്രം, കരുവ ശ്രീ ഭദ്രകാളീദേവീ ക്ഷേത്രം, പെരുമൺ ദേവീക്ഷേത്രം എന്നിവയും കുരീപ്പുഴ, കരുവ, ചിറയിൽ എന്നിവിടങ്ങളിലെ മുസ്ലീം പള്ളികളും ഇഞ്ചവിള സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച്, കുരീപ്പുഴ ചർച്ച് എന്നീ ക്രിസ്ത്യൻ പള്ളികളും അഞ്ചാലുംമൂടിനു സമീപമുണ്ട്.