ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്


സാംസ്കാരിക ചരിത്രം

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് ബ്ലോക്കിലുൾപ്പെടുന്ന മുദാക്കൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്ന അതി വിപുലവും വിശാലവുമായ ഗ്രാമീണ സൗഭഗങ്ങൾ ഒത്തിണങ്ങിയ മനോഹരമായ ഭൂപ്രദേശമാണ് ഇളമ്പ. ഇളന്ന പ്രദേശം അതായത് കുന്നും മലകളുമൊന്നുമില്ലാത്ത നിരന്ന പ്രദേശം എന്ന അർത്ഥത്തിലാവാം ഇളമ്പയ്ക്ക് ആ പേര് സിദ്ധിച്ചതെന്നാണ് പണ്ഡിതമതം. ശ്രീപത്മനാഭദാസർ കൈവശം വച്ചിരുന്ന ഈ പ്രദേശത്ത് ശ്രീപാദം, ശ്രീഭണ്ഡാരം ദേവസ്വം, ബ്രഹ്മസ്വം വക ഭൂമികളാണുണ്ടായിരുന്നത്. ബ്രിട്ടീഷുകാരുടെ പിടിയിൽ നിന്നും രക്ഷപ്പെടാൻ വേലുത്തമ്പി ദളവ കിളിമാനൂരിലേക്കും മണ്ണടിയിലേക്കും യാത്ര നടത്തിയത് ഇവിടത്തെ രാജപാതയിലൂടെയാണ്. മാർത്താണ്ഡവർമയുടെ അധീനതയിൽ പിന്നീട് ഈ പ്രദേശം എത്തിപ്പെട്ടു.

കാർഷിക പാരമ്പര്യം

നെല്ല്, വാഴ, കുരുമുളക്, ചുക്ക് തുടങ്ങിയവ ഇവിടുത്തെ കാർഷിക ഉല്പന്നങ്ങളായിരുന്നു. ഈ വിഭവങ്ങളുടെ ഉത്പാദനത്തിനും വാണിജ്യത്തിനും വളരെ പ്രാധാന്യം കല്പിച്ചിരുന്ന ഒരു കാർഷിക സംസ്കാരമായിരുന്നു ഇളമ്പയുടേത്. കല്ലറ, വെഞ്ഞാറമൂട്, വേങ്ങോട് ചന്തകളിൽ ഇവിടെ നിന്നും കാർഷികോൽപ്പന്നങ്ങൾ കൊണ്ടുപോയി വിറ്റിരുന്നു.


ഭൂപ്രകൃതി

ഇളമ്പ പ്രദേശത്തിന്റെ ഭൂപ്രകൃതി കൂടുതലും സമതലമാണ്. കുന്നുകളും ചരിവുകളും ചതുപ്പുകളുമില്ലാത്ത സുന്ദരമായ സമതലങ്ങളാണ് ഭൂരിഭാഗവും. ചെമ്മണ്ണ്, വെട്ടുകൽ മണ്ണ്, ചരൽ മണ്ണ്, പശിമരാശി മണ്ണ്, മണലും ചരലും ചേർന്ന മണ്ണ്, കരിമണ്ണ്, പാറമണ്ണ് എന്നിങ്ങനെ വൈവിധ്യമാർന്ന മണ്ണിനങ്ങൾ ഈ നാടിന്റെ പ്രത്യേകതയാണ്. വാമനപുരം നദിയും, മാമംആറും, ചെറുതും വലുതുമായ നിരവധി തോടുകളും ആണ് ഇവിടുത്തെ ജലസ്രോതസ്സുകൾ.

ആരാധനാലയങ്ങൾ

ബ്രാഹ്മണകുടുംബത്തിന്റെ വക പള്ളിയറ ക്ഷേത്രം, വാസുദേവപുരം ക്ഷേത്രം, അമുന്തിരത്ത് ദേവീക്ഷേത്രം, ചെമ്പൂര് ആയിരവല്ലി ക്ഷേത്രം ,ആയിലം ശിവക്ഷേത്രം, ഇളമ്പ ശിവക്ഷേത്രം, ചിത്തൻ കുളങ്ങര ശാസ്താക്ഷേത്രം, , കട്ടയിൽക്കോണം ഭഗവതി ക്ഷേത്രം,ചെറുകയിൽ ഭഗവതി ക്ഷേത്രം, വാളക്കാട് എന്നിവ ഈ നാടിന്റെ സാംസ്കാരിക പൈതൃകങ്ങളാണ്.