ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/അക്ഷരവൃക്ഷം/തൂക്കുമരം

Schoolwiki സംരംഭത്തിൽ നിന്ന്
17:22, 11 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssneduveli (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തൂക്കുമരം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തൂക്കുമരം

ഓരോ നിമിഷവും നിശ്ചലമായിരുന്നു. അയാളുടെ മുഖത്ത് ദയനീയ ഭാവം പ്രകടമായി.ചെയ്ത തെറ്റ് ഓർമ്മയുണ്ട്. ഇനി അത് വീണ്ടും ഓർക്കാൻ ആഗ്രഹിക്കുന്നില്ല. ആ സന്ദർഭത്തിൽ അവന് സംസാരിക്കാൻ അവകാശമില്ല. പറയാൻ മനസ്സിൽ ഒന്നും തന്നെ ഇല്ലായിരുന്നു. നാല് മണി തികയാൻ കൂടിപ്പോയാൽ പത്തു മിനിട്ട് .ജനിച്ചതു മുതൽ ഇതുവരെയുള്ള സംഭവങ്ങൾ അയാളുടെ മനസ്സിൽ മിന്നി മറഞ്ഞു.ആ മുപ്പത്തിരണ്ട് വർഷങ്ങൾ അയാൾക്ക് പരീക്ഷണ വേളയായിരുന്നു. ഇപ്പോൾ ജീവിതത്തോട് തോറ്റു എന്നയാൾ മനസ്സിലാക്കി. തൊട്ടടുത്ത് നിൽക്കുന്ന ജയിൽ വാർഡന്റെ വാച്ചിലെ സെക്കന്റ് സൂചി ഓരോ തവണ അനങ്ങുമ്പോഴും അയാളുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു. അയാൾ വെറുതെ ഒന്നാശിച്ചു.'അവസാനത്തെ ആഗ്രഹം ചോദിച്ചില്ല' ചോദിച്ചാലും പറയാൻ അയാളുടെ ഉള്ളിൽ ഒന്നുമുണ്ടായിരുന്നില്ല. പെട്ടന്നാരോ കടന്നു വന്നു.അത് ആരാച്ചാരാണെന്ന് മനസ്സിലാക്കിയ അയാൾ ആ ഭാഗത്തേയ്ക്ക് നോക്കിയതേയില്ല. നോക്കാൻ ധൈര്യമുണ്ടായില്ല എന്നതാണ് സത്യം ..പെട്ടന്ന് കൂടെ വന്ന ജയിലുദ്യോഗസ്ഥൻ അയാളെ മുന്നോട്ടു നീക്കി നിർത്തി. സമയം 3.58. അവസാന രണ്ട് മിനിട്ട് കഴിക്കാൻ അയാൾക്ക് സാധിച്ചില്ല.ഉടൻ തലയിൽ ഒരു കറുത്ത തുണി വീണു. കഴുത്തിൽ കയറും. കൈ നീട്ടി അയാൾ ആരാച്ചാരെ ഒന്നു തൊട്ടു.അവസാന സ്പർശം. ഒറ്റ വലി. മരണ വേദനയാൽ പിടയുന്ന ശരീരത്തെ നോക്കി ആരാച്ചാർ കണ്ണടച്ചു. പിടയുന്നത് സ്വന്തം മകനാണ്. ആ ശരീരം നിശ്ചലമായപ്പോൾ ആരാച്ചാർക്ക് ഹൃദയമിടിപ്പ് ഉണ്ടായിരുന്നില്ല.
 

ആദിത്യ നാഥ് എസ്.ഡി.
9 സി ഗവ.എച്ച്.എസ്.എസ്.നെടുവേലി,തിരുവനന്തപുരം,കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ