ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/അക്ഷരവൃക്ഷം/കൊറോണ വൈറസും മനുഷ്യ ജീവിതവും.

Schoolwiki സംരംഭത്തിൽ നിന്ന്
15:43, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssneduveli (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസും മനുഷ്യ ജീവിതവും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസും മനുഷ്യ ജീവിതവും.

മനുഷ്യന്റെ സാമൂഹ്യ ജീവിതത്തിൻ്റെ ആരംഭം മുതൽ തന്നെ മനുഷ്യൻ നേരിട്ട മൂന്നു പ്രധാന പ്രശ്നങ്ങളാണ് ക്ഷാമം, മാരക രോഗങ്ങൾ, യുദ്ധം എന്നിവ. മദ്ധ്യകാലഘട്ടത്തിലെ ഇന്ത്യയാവട്ടെ, പൗരാണിക ഈജിപ്റ്റിലാവട്ടെ, ഏതു കാലത്തും ഏതു ലോകത്തും ഇവ മുഖ്യ പ്രശ്നങ്ങളായിരുന്നു. മാരകരോഗങ്ങൾ, യുദ്ധം എന്നിവ സാമ്രാജ്യങ്ങളുടെ പതനത്തിനു തന്നെ കാരണമായി. മഹാമാരികളുടെ ചരിത്രമെടുത്താൽ അവ പണ്ടു മുതൽ തന്നെ മനുഷ്യനെ ബാധിച്ചിരുന്നുവെന്ന് കാണാൻ കഴിയും. അവ ലോകത്തെ പല കാലത്തും നിശ്ചലമാക്കിയിരുന്നു. ഒരു മൊട്ടുസൂചിയുടെ ആയിരത്തിലൊന്ന് വലുപ്പം പോലുമില്ലാത്ത വൈറസുകൾ ലോകത്തെ തകർത്തു. പ്രകൃതിയിൽ ആരും ചെറിയവരല്ല എന്ന നിയമം ഇവിടെ കാണാൻ കഴിയും. ചരിത്രത്തിൽ, പ്ലേഗ് (plague) എന്ന മഹാമാരി BC നാലാം നൂറ്റാണ്ടിൽ ഏതൻസിലും AD രണ്ടാം നൂറ്റാണ്ടിൽ റോമിലും ആറാം നൂറ്റാണ്ടിൽ ബൈസാൻ്റിയത്തിലും പതിനാറാം നൂറ്റാണ്ടിൽ അമേരിക്കൻ വൻകരയിലും പതിനേഴാം നൂറ്റാണ്ടിൽ ലണ്ടനിലും കനത്ത ആൾനാശം വിതച്ചു. പതിനഞ്ചാം നൂറ്റാണ്ടിലെ കറുത്ത മരണം( Black death), 18 - 19 നൂറ്റാണ്ടുകളിൽ വസൂരി ( small pox), യൂറോപ്പിലും 19 -20 നൂറ്റാണ്ടുകളിൽ സ്പാനിഷ് ഫ്ലൂ, ഏഷ്യൻ ഫ്ലൂ എന്നിവ ലോകത്തും ആളുകളെ കൊന്നൊടുക്കി. പിന്നെ സമീപകാല വൈറസ് രോഗങ്ങളാണ്. AIDS (HIV), H1N1,EBOLA, SARS (Corona Virus) തുടങ്ങിയവയും ലോകത്ത് മനുഷ്യക്കുരുതി നടത്തി.ഏറ്റവും പുതിയ വൈറസാണ് 'കൊറോണ '.SARS കൊറോണ വൈറസിൻ്റെ തരത്തിലുള്ള മറ്റൊരു വൈറസാണിത്. ഇത് CoVID - 19 എന്നും അറിയപ്പെടുന്നു.(Coro na Virus Infection Disease - 2019). 2019-ൻ്റെ അവസാനം ചൈനയിലെ ഒരു പ്രധാന നഗരമായ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ആദ്യം ചൈനയെ തകർത്തു. ഇപ്പോൾ ലോകം മുഴുവൻ ഒന്നായിനിൽക്കുന്നതിനാൽ ഇത് ലോകത്തെ മുഴുവൻ ബാധിക്കുകയും പെട്ടെന്ന് പടർന്നു പിടിക്കാനും തുടങ്ങി. ഇപ്പോൾ പത്തു ലക്ഷത്തിലേറെ CoVID-19 ബാധിതർ ലോകത്തുണ്ട്. ഒരു ലക്ഷത്തിലേറെപ്പേർ മരണപ്പെടുകയും ഉണ്ടായി. USA,ബ്രിട്ടൻ, ഇറ്റലി,സ്പെയിൻ, ഫ്രാൻസ്,ജർമനി, ഇറാൻ എന്നീ രാജ്യങ്ങളെ CoVID-19 തകർത്തെറിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ശക്തികളായ ചൈനയും അമേരിക്കയും വരെ അടി തെറ്റി വീണു.ഇന്ത്യയിലും CoVID-19 ബാധിതർ ഉണ്ട്. കേരളം മറ്റുള്ള സംസ്ഥാനങ്ങളെയും രാജ്യത്തിനെയും ലോകത്തെയും വച്ചു നോക്കുമ്പോൾ കേരളത്തിൽ CoVID-19 ബാധിച്ചവരും മരണവും കുറവാണ്. കേരളം മികച്ച പ്രതിരോധ നടപടികളുമായി മുന്നോട്ട് പോകുന്നു. ആരോഗ്യ വകുപ്പും പൊതു സമൂഹവും അഭിനന്ദനമർഹിക്കുന്നു. മറ്റു മഹാമാരികളെ അപേക്ഷിച്ച് കൊറോണ വൈറസിൻ്റെ ശക്തി വളരെ കുറവാണ്.ഇത് ദുർബലരെയും വൃദ്ധരെയുമാണ് കൂടുതൽ ബാധിക്കുന്നത്. മറ്റുള്ളവ വളരെ മാരകമായിരുന്നു. കൊറോണയെ തടുത്തുനിർത്താൻ കേരളത്തിനും ഇന്ത്യയ്ക്കും ലോകത്തിനും വേഗം കഴിയട്ടെ. ലോകം പഴയതുപോലെ തിരിച്ചുവരട്ടെ.

ധ്രുവൻ എസ്.ഡി.
9 സി ഗവ.എച്ച്.എസ്.എസ്.നെടുവേലി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം