ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

തിടനാട് ശിവക്ഷേത്രത്തിലെ ഓം‍കാര മയമായ ശംഖൊലികേട്ട് പള്ളിയുണരുന്ന തിടനാടിന് ശാലീനമായൊരു സാംസ്കാരിക പൈതൃകമാണുള്ളത്. നൂറ്റാണ്ടുകളെ നൂപുരമണിയിച്ച സെന്റ് ജോസഫ് പള്ളിയിലെ മണിനാദം ഏറ്റുവാങ്ങുന്ന ഈ നാടിന് ആതുല്യമായൊരു ആത്മിയ പരിവേഷമാണുള്ളത്. മീനച്ചിലാറിന്റെ തീരങ്ങളിൽ ശാന്തിസൗരഭം തൂകുന്ന ഭരണങ്ങാനത്തിന്, പാണ്ഡവരുടെ പാദസ്പർശമേറ്റ പാരണം കാവിന് സമീപമുള്ള ഗ്രാമമാണ് തിടനാട്. ഭരണങ്ങാനം പോലെ തിടനാടും വന പ്രദേശമായിരുന്നു. “തടനാട്"എന്നായിരുന്നു ഈ പ്രദേശം ആദ്യം അറിയപ്പെട്ടിരുന്നത്. നാല്പതോളം ബ്രാഹ്മണകുടുംബങ്ങൾ ഇവിടെ അധിവസിച്ചിരുന്നു. മധുര നാട്ടിൽ നിന്നും പലായനം ചെയ്തെത്തിയ " വൈശ്വർ " പിന്നീട് തടനാട്ടിലെത്തി വാസമുറപ്പിച്ചു. നാലുവശവും കുന്നുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശം എന്ന അർത്ഥത്തിലാണ് " തടനാട് " എന്നു വിളിച്ചിരുന്നത്. തിടനാട്ടിലെത്തിയ " തിരുവുടയാർസ്വാമികൾ " മഹാദേവക്ഷേത്രത്തോടു ചേർന്ന് വൈഷ്ണവ ക്ഷേത്രം പണികഴിപ്പിച്ചു. കാലാന്തരത്തിൽ " തിരുവുടയാർനാട് " തിടനാടായി പരിണമിച്ചു . ശൈവ – വൈഷ്ണവ ഭക്തരുടെ സങ്കേതമായിരുന്നു തിടനാട്. മഹാത്മജി, സ്വാതന്ത്ര്യത്തിന്റെ അഗ്നി നാടെങ്ങും പരത്തുന്നതിനു മുബ് 1915 – ൽ (21.06.1915) ഈ ഗ്രാമത്തിൽ അക്ഷര വെളിച്ചത്തിന് തിരിനീട്ടി ഒരു ലോവർ പ്രൈമറി സ്കൂൾ ഈ ഗ്രാമത്തിലാരംഭിച്ചു.