ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്


കരിങ്കുന്നം-ഒരു മലയോര ഗ്രാമം

ടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കരിങ്കുന്നം ഗ്രാമപഞ്ചായത്ത്. ഇത് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും അതോടൊപ്പം കരിങ്കുന്നം വില്ലേജിന്റെ പരിധിയിലും ആണ്. 22.67 ചതുരശ്രകിലോമീറ്ററാണ് ഇതിന്റെ വിസ്തീർണ്ണം. ഈ പഞ്ചായതിന്റെ ഏറിയ പങ്കും കോട്ടയം ജില്ലയോട് അതിർത്തി പങ്കിടുന്നു.

കരിങ്കുന്നം

അതിരുകൾ

വടക്ക് - തൊടുപുഴ നഗരസഭ

തെക്ക് - കോട്ടയം ജില്ല

കിഴക്ക് - മുട്ടം ഗ്രാമപഞ്ചായത്ത്

പടിഞ്ഞാറ്- പുറപ്പുഴ ഗ്രാമപഞ്ചായത്ത്

കേരളത്തിലെ പശ്ചിമഘട്ടത്തിൽ സ്ഥിതിചെയ്യുന്ന ഇടുക്കി സംസ്ഥാനത്ത വലിയ രണ്ടാമത്തെ ജില്ലയാണെങ്കിലും ജനസാന്ദ്രതയുടെ കാര്യത്തിൽ ഏറ്റവും പിന്നിലാണ്. ഇടുക്കിയുടെ ഭൂരിഭാഗം പ്രദേശങ്ങളും വനഭൂമിയാണ്. നഗര ദേശങ്ങളിൽ ജനസാന്ദ്രത കൂടുതലാണെങ്കിലും ഭൂരിഭാഗം ഗ്രാമങ്ങളിൽ വരുന്ന ജനസാന്ദ്രത വളരെ കുറവാണ്.

പേരിന് പിന്നിലെ ചരിത്രം

കോട്ടയം ജില്ലയുടെ അതിർത്തിയിൽ ആരംഭിക്കുന്ന ഇടുക്കി ജില്ലയുടെ തുടക്ക പഞ്ചായത്ത് "കരിങ്കുന്നം" എന്ന അപരനാമത്തിൽ സ്‌ഥിര പ്രതിഷ്ഠ നേടിയിരിക്കുന്നു. എന്നാൽ സ്ഥല നാമങ്ങളും പരിണാമപ്രക്രിയക്ക് വിധേയമാകുമെന്ന് 'സ്ഥലനാമ ചരിത്രങ്ങൾ' വ്യക്തമാക്കുമ്പോൾ ഇന്നത്തെ കരിങ്കുന്നതിന്റെ വിളിയിലും കേട്ടുകേൾവികളുടെ ചരിത്രം ഉറങ്ങുന്നു! അതിലൊന്ന് ഏതാണ്ട് ഇങ്ങനെ:

ആളുകൾ ഇവിടേയ്ക്ക് കുടിയേറി പാർക്കുന്നതിന് മുൻപ്‌ ഇവിടം നിബിഢ വന പ്രദേശങ്ങളായിരുന്നു. ഇവിടമാകട്ടെ, ചുറ്റുവട്ടവും മലകളാൽ കോട്ടതീർത്തൊരു നടു മുറ്റമായി കിടന്നിരുന്നതിനാൽ, കൃഷിക്ക് യോഗ്യമെന്നു കരുതി കടന്ന് വന്നവർ, കൃഷിയിറക്കിയപ്പോൾ, ജല ദൗർലബ്യമോ, കടുത്ത വേനൽ മൂലമോ ദേഹണ്ഡങ്ങൾ കരിഞ്ഞുപോയിരിക്കാംഅപ്പോൾ കൃഷിക്കാർ ആത്മദുഖത്തോടെ പറഞ്ഞിരിക്കാം ഇത് ' കരിഞ്ഞകൂടമാണെന്ന് ' ആ തലമുറയെ പിന്തുടന്നവർ 'കരിഞ്ഞകൂടത്തെ' ' കരിഞ്ഞകുന്നം' എന്നും വിളിച്ചിരിക്കാം. പിന്നീട് പരിഷ്കാരം എത്തിയപ്പോൾ പിന്നീട് കരിങ്കുന്നമായി മാറിയിരിക്കാം.

ഇതിനേക്കാൾ കൂടുതൽ വിശ്വാസയോഗ്യമായ കേൾവി ഇങ്ങനെ : ആദ്യമേ ഈ പ്രദേശം നിബിഢ വനമായിരുന്നുവെന്നു സൂചിപ്പിച്ചുവല്ലോ?. ചുറ്റുപാടുമുള്ള കുന്നുകളുടെ താഴ്‌വാരം - കൂടുതൽ സുരക്ഷിതം - എന്ന നിലയിൽ വനങ്ങളിൽ വിരഹിച്ചിരുന്ന 'കരി വീരന്മാർ'(ആനകൾ )കൂട്ടത്തോടെ ഇവിടെ താവളമടിച്ചിരുന്നു.അതുകൊണ്ട് ആളുകൾ 'കരികൂടം' എന്നും, പിന്നീട് വന്നവർ 'കാരികുന്നം' എന്നും വിളിച്ചുപോന്നു. പിന്നീട് വന്ന സാമാന്യ വിദ്യാഭ്യാസം നേടിയവർ, മുൻഗാമികൾ നൽകിയ സ്ഥലനാമധേയത്തിന് അവരുടേതായ രീതിയിൽ സൗന്ദര്യം നൽകി ഒരു പേര് വിളിച്ചു.-" കരിങ്കുന്നം".

വിദ്യാഭ്യാസ മുന്നേറ്റം

സ്കൂൾ പഴയകാല ചിത്രം

കരിങ്കുന്നത്തിന്റെ മണ്ണിൽ, അക്ഷരങ്ങളുടെയും, അറിവിന്റെയും അനിവാര്യത തിരിച്ചറിഞ്ഞവർ ഏറെ. അപ്പോൾ കേരളത്തിലാകമാനം ഒരു വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ അലകൾ ദൃശ്യമായി തുടങ്ങിയ കാലഘട്ടമായിരുന്നു അത്. എങ്കിലും ഈ പ്രദേശത്ത് വസിച്ചു വന്നവരുടെ മക്കളുടെ വിദ്യാഭ്യാസം കുടിപ്പള്ളികൂടങ്ങൾക്കുമപ്പുറം അസാധ്യമായിരുന്നു. കാരണം മറ്റുള്ള സ്കൂളുകളിലേക്കുള്ള ദൂരം , വഴികൾ, ദുർഘടങ്ങൾ, സാമ്പത്തികം. അപ്പോഴും അപൂർവ്വമായി ചിലർ ദൂരെ ദിക്കുകളിൽ പോയി വിദ്യ അഭ്യസിച്ചിരുന്നു. എങ്കിലും തങ്ങളുടെ പ്രദേശത്തും സ്കൂൾ എന്ന മോഹം അവർ താലോലിച്ചിരുന്നു.


'എന്തിനും, ഏതിനും ഒരു കാലവും, നിയോഗവുമുണ്ട്'. എന്ന ചൊല്ലിൽ പതിരില്ലെന്നതിന് ഒരു തെളിവുപോലെ അന്നത്തെ ദിവാനായിരുന്ന തിരുവിതാംകൂർ ദിവാനായിരുന്ന ശ്രീ : രാജാഗോപാലചാരി യാത്രാ മദ്ധ്യേ കരിങ്കുന്നത്ത് വിഷമിക്കാൻ ഇടയായി. ആ സന്ദർശനത്തെ തങ്ങളുടെ അഭിലാഷ സഫലീകരണത്തിനുള്ള ഒരവസരമായി വിനിയോഗിച്ചാൽ.. ഒരു പക്ഷെ എന്തെങ്കിലും ഫലം കിട്ടിയേക്കാം, ഇല്ലാതെയും വരാം. പരിശ്രമിച്ചില്ലെന്ന് വേണ്ട.. ആ കാലയളവിൽ വിദ്യാർദ്ധിയായിരുന്ന ശ്രീ. ജോസഫ് ചക്കുങ്കലിന്റെ (പിന്നീട് ഫാദർ ജോസഫ് ചക്കുങ്കൽ) നേതൃത്വത്തിൽ കരിങ്കുന്നം നിവാസികൾ ദിവാനെ മുഖം കാണിക്കുകയും, തങ്ങളുടെ ആഗ്രഹങ്ങൾ, സാഹചര്യങ്ങൾ വിശദീകരിക്കുകയും ദിവാനെ അറിയിക്കുകയും, അപേക്ഷിക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിന്റെ പ്രസക്തി തിരിച്ചറിയാവുന്ന ദിവാൻ ഈ നാടിന്റെ ഒരു സ്കൂൾ എന്ന സ്വപ്നം യാഥാർഥ്യമാക്കിക്കൊണ്ട് ഉത്തരവിട്ടു. നാടിന്റെ മുഴുവൻ പിന്തുണയും, പിൻബലവും ആർജ്ജിച്ചു ആരംഭിച്ച സ്കൂളാണ് ഇന്ന് എല്ലാവിധ സൗകര്യങ്ങളോടെയും കാണുന്ന കെട്ടിട സാമുച്ചയമായ ഗവണ്മെന്റ്. എൽ. പി സ്കൂൾ. നിറയെ കരിങ്കൽ പാറകൾ നിറഞ്ഞ സ്ഥലത്ത് അവ പൊട്ടിച്ചു മാറ്റി വിദ്യാലയം നിർമ്മിച്ചതിനാൽ ' പാറേൽ പള്ളിക്കൂടം ' എന്ന അപര നാമധേയത്തിലും ഈ സ്കൂൾ വിഖ്യാതമാണ്.

പരിണാമത്തിന്റെ നാൾവഴികൾ

ഈ സ്കൂളിന്റെ തുടക്ക വർഷങ്ങളുടെ ചിത്രവും, ചരിത്രവും ഓർമ്മിച്ചെടുക്കുവാൻ പറ്റുന്നവരുടെ അഭാവത്താൽ അവ്യക്തമായി എന്തെങ്കിലും രേഖപ്പെടുത്തുക എന്നത് ചരിത്രത്തിന് ചേർന്നതല്ല.1924 ൽ ശ്രീ : ശിവശങ്കരപ്പിള്ള തച്ചുകുഴി ഇവിടെ പ്രധാനഅധ്യാപകനായി.തുടർന്ന് 1926 ൽ നാലാം ക്ലാസ്സ്‌ വിദ്യാഭ്യാസവും ആരംഭിച്ചതോടെ വിദ്യ തേടിയെത്തുന്നവരുടെ എണ്ണവുംവർദ്ധിച്ചു. അതിനായി 14 ഡിവിഷനുകൾ സ്കൂളിൽ പുതുതായി ആരംഭിച്ചു.ഇത് സ്കൂളിനെ സംബന്ധിച്ച് റെക്കോർഡ് ചരിത്രം. അന്ന് ക്ലാസ്സ്‌ മുറികളുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് രണ്ട്‌ ഷിഫ്റ്റുകളിലായി അദ്ധ്യായനംനടന്ന് വന്നു . പിന്നീടങ്ങോട്ട് ഓരോ വർഷങ്ങളിലും സ്കൂളിന്റെ നേതൃ നിരയിൽ വന്ന മാറ്റങ്ങൾക്കൊപ്പം പുരോഗതിയുടെ പടവുകൾ താണ്ടി നാടിന്റെയും, നാട്ടുകാരുടെയും പൂർണ്ണ പിൻബലത്തോടെയും, സഹകരണത്തോടെയും 1972 മുതൽ സ്കൂളിന്റെ 'നവോത്ഥാന കാലഘട്ടം ' ആരംഭിച്ചു.'പാറേൽ പള്ളിക്കൂട'ത്തിന്റെ ഇന്നത്തെ മുഖഛായക്ക് പിന്നിൽ വർഷങ്ങൾ നീണ്ട അശ്രാന്ത പരിശ്രമം വേണ്ടി വന്നുവെന്നത് ആവിസ് മരണീയമായ ചരിത്രത്തിന്റെ ഭാഗം.ഇന്ന് ജില്ലയിലെ മുൻനിര പ്രൈമറി വിദ്യാലയങ്ങളിൽ പേരെടുത്ത് പറയത്തക്ക 'പെരുമ' നേടിയെടുക്കുവാൻ ഭൗതികവും, ആക്കാദ മികവുമായ മികവുകളിലൂടെ കഴിഞ്ഞ ഈ വിദ്യാലയം നാടിന്റെ വിദ്യാഭ്യാസ മുന്നേറ്റ ചരിത്രത്തിന്റെ ഭാഗമാണെന്നതിൽ അഭിമാനിക്കാം.

ഭൂപ്രകൃതി-കൃഷി-സാമ്പത്തികം

കേരളത്തിലെ വയനാടൊഴികെയുള്ള മറ്റു ജില്ലകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതിയാണ് ഈ ജില്ലക്കുള്ളത്. ജില്ലയുടെ 97 ശതമാനം പ്രദേശങ്ങളും കാടുകളും മലകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഈ നാടിന്റെ (കരിങ്കുന്നം) ഭൂപ്രകൃതി അനുസരിച്ച് ഉയർന്ന പാറക്കെട്ടുകൾ കുന്നുകൾ സമതലങ്ങൾ എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. ചെരിവുള്ള പ്രദേശങ്ങളിൽ ചെമ്മണ്ണും, നിരന്ന പ്രദേശങ്ങളിൽ ഫലഭൂയിഷ്ഠമായ പശിമരാശി മണ്ണും സമതലങ്ങളിൽ എക്കൽ മണ്ണുമാണ് ഇവിടെ കാണപ്പെടുന്ന പ്രധാന മണ്ണിനങ്ങൾ. ഇവിടുത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും തോട്ടവിളകൾക്ക് അനുയോജ്യമാണ്. റബ്ബർ തോട്ടങ്ങളും , തെങ്ങ്, കമുക്, കുരുമുളക്, ജാതി , കൊക്കോ തുടങ്ങിയവ ഇടതൂർന്നു വളരുന്ന തൊടികളും ഇവിടെ കാണാം. കൃഷിയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാനോപാധി. ഇതിനു പുറമേ കാലി വളർത്തലും ഒരു വരുമാനമാർഗ്ഗമാണ്. വിവിധങ്ങളായ ഫാമുകൾ, കൂൺ, മരുന്നുചെടികൾ, കപ്പ മുതലായവയും ചില കർഷകർ ഈയിടെയായി കൃഷിചെയ്തു വരുന്നു. വ്യാവസായികമായി അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന പ്രമുഖ മലഞ്ചരക്ക് വ്യാപാര കേന്ദ്രമായ തൊടുപുഴയുടെ വളർച്ചയും 8 കിലോമീറ്റർ ചുറ്റളവിനുള്ളിൽ സ്തിഥിച്ചെയ്യുന്ന ഈ ഗ്രാമത്തെ സ്വാധീനിക്കുന്നുണ്ട്. ഇന്ന് ഇടുക്കി ജില്ലയിൽ അതിദ്രുതം വളർന്ന് വികസിക്കുന്ന പഞ്ചായത്തുകളിൽ കരിങ്കുന്നം മുന്നിട്ട് നിൽക്കുന്നു. കൃഷിയും, കച്ചവടവും എന്നതിനേക്കാൾ വിദേശ മലയാളികളുടെ എണ്ണം കൊണ്ട് കരിങ്കുന്നം പഞ്ചായത്ത് മറ്റ് പഞ്ചായത്തുകളെക്കാൾ സമ്പന്നമാണ്. സമ്പന്നമായ സാമ്പത്തിക അടിത്തറ നാടിന്റെ വികസന മുഖമുദ്രയാണ്.

എന്റെ നാട്ടിലൂടെ - ചിത്രശാല

ഭൗതിക ഭൂപടം
ദേശീയപാത (SH-8) കുറിഞ്ഞി -കരിങ്കുന്നം റോഡ്
പാമ്പനാൽ വെള്ളച്ചാട്ടം
പാമ്പനാൽ വെള്ളച്ചാട്ടം
ലെമൺ ഗ്രാസ് റിസോർട്ട്
നെല്ലാപ്പാറ വെള്ളച്ചാട്ടം
വനദുർഗ്ഗാദേവി ക്ഷേത്രം, കുറിഞ്ഞികാവ്
സെന്റ്:അഗസ്റ്റിൻസ് പള്ളി
പെരുംകുന്ന്
പെരുംകുന്ന് ഹിൽവ്യൂ
അടുതാറ്റ് പാറ വ്യൂ പോയിന്റ്
മറ്റത്തിപ്പാറ വ്യൂ പോയിന്റ്















































































...തിരികെ പോകാം...