കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് ആറ്റിങ്ങൽ.തിരുവനന്തപുരത്തു നിന്നും 26.9 കിലോമീറ്റർ അകലെയാണ് ആറ്റിങ്ങൽ സ്ഥിതി ചെയ്യുന്നത്.

ആറ്റിങ്ങൽ വിപ്ലവം

അഞ്ചുതെങ്ങ് 1697-ൽ ബ്രിട്ടീഷുകാർക്ക് ദാനമായിക്കൊടുത്തത് ഒരു വലിയവിഭാഗം തദ്ദേശവാസികളുടെ അപ്രീതിക്കു കാരണമായി. ഇംഗ്ലീഷ് ഫാക്ടറിയിൽ തദ്ദേശവാസികൾ അസഭലമായ ഒരു ആക്രമണം നടത്തി. തദ്ദേശവാസികളെ തങ്ങളുടെ സ്വഭാവം കൊണ്ടു വെറുപ്പിച്ച ബ്രിട്ടീഷ് കമ്പനി ഉടമകൾ 1721-ൽ ആറ്റിങ്ങൽ റാണിയെ കണ്ട് സംസാരിക്കുവാൻ തീരുമാനിച്ചു. റാണിയെ പ്രീതിപ്പെടുത്തുവാനായി അവർ റാണിക്ക് സമ്മാനങ്ങൾ അയക്കുവാൻ തീരുമാനിച്ചു. തദ്ദേശവാസികളായ പിള്ളമാർ ഈ സമ്മാനങ്ങൾ തങ്ങൾ വഴിയേ റാണിക്കു കൈമാറാവൂ എന്ന് ആവശ്യപ്പെട്ടു. ഈ ആവശ്യം നിരസിക്കപ്പെട്ടപ്പോൾ റാണിയെ കാണാൻ പോകുന്ന വഴിക്ക് 140 ബ്രിട്ടീഷുകാർ കൂട്ടക്കൊലചെയ്യപ്പെട്ടു. ബ്രിട്ടീഷ് കോട്ട ആറുമാസത്തോളം പിള്ളമാർ വളഞ്ഞുവെച്ചു. തലശ്ശേരിയിൽ നിന്ന് കൂടുതൽ ബ്രിട്ടീഷ് സൈന്യം എത്തിയപ്പോൾ മാത്രമേ ഈ കോട്ട മോചിതമായുള്ളൂ.ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ഇന്ത്യയിലെ ആദ്യ സായുധകലാപമായിരുന്നു ആറ്റിങ്ങലിൽ അരങ്ങേറിയ കലാപം.

ഇതുപോലെ തന്നെ തലശ്ശേരി ബ്രിട്ടീഷുകാർക്ക് കൈമാറിയത് അവിടം ഭരിച്ചിരുന്ന കുറങ്ങോത്തു നായരുടെ അപ്രീതിക്കു കാരണമായി. ഒരു വിമത കോലത്തിരി രാജാവിന്റെ സുഹൃത്തായ അദ്ദേഹം 1704-05-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പണ്ടകശാല ആക്രമിച്ച് വലിയ നാശനഷ്ടങ്ങൾ വരുത്തി.

കേരളത്തിലെ എന്നുമാത്രമല്ല ഇന്ത്യയിലെതന്നെ ആദ്യത്തെ സാമ്രാജ്യത്വവിരുദ്ധ ജനകീയ കലാപമായിരുന്നു 1721ലെ ആറ്റിങ്ങൽ കലാപം. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ കച്ചവട താൽപ്പര്യങ്ങൾക്കപ്പുറമായ കോളനി വാഴ്ചാമോഹവും കൊടിയ വഞ്ചനയും ചതികളും സാധാരണ ജനങ്ങളുടെ ജീവിതംതന്നെ പിച്ചിച്ചീന്തിയപ്പോഴാണ് അക്കാലത്തെ ആറ്റിങ്ങൽ, ചിറയിൻകീഴ്, വർക്കല പരിസരങ്ങളിലെ നിവാസികൾ സാമുദായിക അതിർവരമ്പുകളില്ലാതെ അത്തരമൊരു തിരിച്ചടിക്കു മുതിർന്നത്. പോർച്ചുഗീസുകാരും ഡച്ചുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും നടത്തിയ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള സമുദ്രമാർഗം തേടിയുള്ള സാഹസങ്ങൾ വിജയിച്ചത് കേരളത്തിൽനിന്നുള്ള കുരുമുളകും സുഗന്ധവ്യഞ്ജനങ്ങളും വ്യാപാരം നടത്താനുള്ള കുത്തക നേടിയെടുക്കുന്നതിലായിരുന്നു. നാടുവാഴികളുടെ നിക്ഷിപ്ത താൽപ്പര്യങ്ങളും കുടിപ്പകയും യൂറോപ്യന്മാർ തമ്മിലും അവരും അറബികളും തമ്മിലുള്ള ശത്രുതകൾ- നിരവധി യുദ്ധങ്ങളിലേക്കും കടൽക്കൊള്ളകളിലേക്കും നയിച്ചിരുന്ന പതിനാറും പതിനേഴും പതിനെട്ടും നൂറ്റാണ്ടുകൾ.

ആറ്റിങ്ങലിലെ ഉമയമ്മറാണി 1678ൽ ഇംഗ്ലീഷുകാരെ ആറ്റിങ്ങൽ പ്രദേശത്തെ കുരുമുളകും ഇതര വാണിജ്യവിളകളും നൽകാൻ തയ്യാറാണെന്ന് അറിയിച്ചു. ഡച്ചുകാരുടെ കുത്തക പൊളിക്കുകയായിരുന്നു ലക്ഷ്യം. 1687 വരെ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ ഇന്ത്യയിലെ ആസ്ഥാനം സൂറത്ത്‌ ആയിരുന്നു. പിന്നീട് ബോംബെയിലേക്ക് മാറ്റി. അതോടെ കമ്പനിയുടെ വാണിജ്യ സാമ്രാജ്യത്വ മോഹങ്ങൾക്ക് അതിർവരമ്പുകളില്ലാതെയായി. 1688ൽ വർക്കല വെട്ടൂരിൽ ഒരു കോട്ട പണിയാനായി കമ്പനി തീരുമാനിച്ചെങ്കിലും മുഗൾ ചക്രവർത്തി ഔറംഗസേബുമായി അവർക്ക് തുടരെത്തുടരെ യുദ്ധം ചെയ്യേണ്ടി വന്നതിനാൽ ധനസ്ഥിതി മോശമായിരുന്നു. അന്നത്തെ വേണാട് രാജാവിന്‌ ആറ്റിങ്ങലിനുമേൽ എത്രമാത്രം അധികാരമുണ്ടായിരുന്നുവെന്നത് സംശയമാണ്. 1694 ലാണ് ഇംഗ്ലീഷ് ഈസ്റ്റ്‌ ഇന്ത്യാ കമ്പനി അഞ്ചുതെങ്ങിൽ ഒരു കോട്ട കെട്ടാനുള്ള അനുമതി ഉമയമ്മറാണിയിൽനിന്ന്‌ കരസ്ഥമാക്കുന്നത്. 1698ൽ റാണി നിര്യാതയാകുമ്പോഴേക്കും കോട്ട പണിപൂർത്തിയായി കഴിഞ്ഞിരുന്നു. നാട്ടുകാരുടെയും പിള്ളമാരുടെയും മൂപ്പന്മാരുടെയും എതിർപ്പുകളും കോട്ട തീവയ്‌പുംവരെ ആദ്യ മേധാവിയായിരുന്ന ജോൺ ബ്രാബോർൺ എന്ന യുവാവായ സായിപ്പിന്റെ നേതൃത്വത്തിൽ കമ്പനി നേരിട്ടു. പിന്നീട് 1707ൽ കോട്ടയുടെ അധിപനായി മലയാള ഭാഷ വശമുണ്ടായിരുന്ന ക്യാപ്റ്റൻ സൈമൺ കൗസി നിയുക്തനായി.

ഈ കാലഘട്ടത്തിലെ കമ്പനി ഉദ്യോഗസ്ഥർക്ക് സ്വകാര്യ വാണിജ്യ ഇടപാടുകൾക്കും അവകാശമുണ്ടായിരുന്നു. ശമ്പളത്തേക്കാൾ കൂടിയ കിമ്പളം, വെള്ളക്കാരായ കൊള്ളക്കാരുടെ ആർത്തിപ്പട്ടാളത്തെയാണ് നാട്ടുപ്രജകൾക്കു മുന്നിൽ കെട്ടഴിച്ചുവിട്ടത്. കള്ളക്കണക്കുകളും കൊള്ളപ്പലിശയും അധികാരത്തിന്റെ ഹുങ്കും ആയുധബലവും ചില നാടുവാഴികളും നാട്ടുപ്രമാണിമാരുമായും ഉണ്ടായിരുന്ന അവിഹിത ബന്ധങ്ങളും കമ്പനി ഉദ്യോഗസ്ഥരെ അക്ഷരാർഥത്തിൽ "തിരുവായ്ക്ക് എതിർവാ ഇല്ലാത്തവരാക്കി' തീർത്തു. ഡച്ച്, പോർച്ചുഗീസ്, ഈസ്റ്റ് ഇന്ത്യാ കമ്പനികളുമായി രഹസ്യ ഇടപാടുകൾ നടത്തുന്നതിനുപോലും ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയിലെ ജോൺ കൈഫിനെപ്പോലുള്ളവർ വിരുതന്മാരായിരുന്നു. 1719ൽ അയാളെ പിരിച്ചു വിട്ടതിനുശേഷം വന്ന വില്യം ഗിഫോർഡും ആർത്തിയുടെയും കള്ളത്തരങ്ങളുടെയും മേധാവി തന്നെയായിരുന്നു.

വിവിധ തൊഴിലുകളിൽ വിവിധ കുടുംബങ്ങളും സമുദായങ്ങളും പ്രാവീണ്യം നേടിയ കാലമായിരുന്നു. എന്നാൽ, ജാതിവ്യവസ്ഥയും അടിമക്കച്ചവടവും നടമാടിയ കാലവും. പക്ഷേ, എല്ലാ വിഭാഗത്തെയും ശത്രുപക്ഷത്താക്കുകയായിരുന്നു വെള്ളക്കാരുടെ സാമ്പത്തികാർത്തി. തദ്ദേശീയരായ മലഞ്ചരക്ക് കച്ചവടക്കാർമുതൽ പുരോഹിതർവരെ, മുസ്ലിങ്ങൾമുതൽ ബ്രാഹ്മണർവരെ അഞ്ചുതെങ്ങ് കോട്ട കേന്ദ്രമാക്കിയുള്ള വെള്ളക്കമ്പനിയുടെ സമാന്തര ഭരണത്തിൽ സഹികെട്ടു. 1721ൽ കമ്പനി അഞ്ചുതെങ്ങ് കോട്ടയിലേക്ക് വീണ്ടും കൂടുതൽ സൈനികരെ അയച്ചു. ബോംബെ കഴിഞ്ഞാൽ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ അക്കാലത്തെ ഏറ്റവും വലിയ ശക്തി കേന്ദ്രമായിരുന്നു അഞ്ചുതെങ്ങ്. ആറ്റിങ്ങൽ റാണിക്ക് ബ്രിട്ടീഷുകാർ വർഷംതോറും കൊടുക്കേണ്ടിയിരുന്ന കപ്പവും സമ്മാനങ്ങളും നിരവധി വർഷങ്ങളായി മുടങ്ങിയിരുന്നു. വഞ്ചിമുട്ടത്തുപിള്ളയും കുടമൺപിള്ളയും തമ്മിലുണ്ടായിരുന്ന അകൽച്ച കമ്പനിയുമായുള്ള ഇടപാടുകളിലും ശക്തമായ നിലപാടെടുക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാക്കി. 1721 ലെ വിഷുദിനത്തിൽ റാണിയെ മുഖം കാണിച്ച്‌ കപ്പം കുടിശ്ശികയും സമ്മാനങ്ങളും നൽകാമെന്ന് മധ്യസ്ഥ ചർച്ചയ്ക്കൊടുവിൽ ഗിഫോർഡ് തീരുമാനിച്ചു. എന്നാൽ, തങ്ങൾ മുഖാന്തരമാണ് റാണിക്ക്‌ നൽകേണ്ടതെന്ന് നാട്ടു പ്രമാണിമാരും ശഠിച്ചു.

കപ്പവും കാഴ്ചവസ്തുക്കളും മറ്റും  നൽകിയശേഷം അന്നുരാത്രി വെള്ളപ്പട്ടാളം കൊട്ടാരത്തിനടുത്തുതന്നെ തങ്ങിയത് ഇന്നും ദുരൂഹമാണ്. അന്ന് രാത്രിയിൽ കുടമൺപിള്ളയുടെ നേതൃത്വത്തിൽ 140 ഇംഗ്ലീഷുകാരെയും കൊലപ്പെടുത്തിയെന്നാണ് ചില ബ്രിട്ടീഷ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ഗിഫോർഡും മറ്റു പത്തു വെള്ളക്കാരും വധിക്കപ്പെട്ടതിനെക്കുറിച്ച് 1731ൽ കോട്ടറത്തളി, പാലത്തടി എന്നീ രണ്ട് സ്ഥലംകൂടി കമ്പനിക്ക് അനുവദിച്ചുകൊണ്ടുള്ള കത്തിൽ പരാമർശിക്കുന്നുണ്ട്. എന്നത്തെയുംപോലെ ചില വെള്ളക്കാരായ ഉദ്യോഗസ്ഥരും നാട്ടുകാരായ കുറേ കീഴുദ്യോഗസ്ഥരും യുദ്ധത്തിൽ കൊല്ലപ്പെട്ടിരിക്കാം. എത്ര കലാപകാരികളെന്ന് ഇന്നും തിട്ടമില്ല. പാശ്ചാത്യ ചരിത്രകാരന്മാർ മാത്രമല്ല, നമ്മുടെ ചരിത്രകാരന്മാരും ആറ്റിങ്ങൽ കലാപത്തോട്‌ നീതി പുലർത്തിയിട്ടുണ്ടോയെന്ന് സംശയമാണ്.

കായൽ കടന്നുവരവേ അഞ്ചുതെങ്ങ് കോട്ടയിലേക്ക് ഗിഫോർഡ് ഒരാൾ വശം കൊടുത്തയച്ച കുറിപ്പും വെള്ളക്കാരായ ചരിത്രകാരന്മാരുടെ ലിഖിതങ്ങളും തമ്മിൽ പൊരുത്തപ്പെടുന്നില്ല.

1807 മാർച്ച് 25നാണ് ബ്രിട്ടീഷ് സാമ്രാജ്യാതിർത്തിക്കുള്ളിൽ അടിമക്കച്ചവടം നിരോധിച്ചുകൊണ്ട് ജോർജ്‌ മൂന്നാമൻ ചക്രവർത്തി വിളംബരം പുറപ്പെടുവിച്ചത്. 1662 മുതൽ അന്നുവരെ ബ്രിട്ടീഷ് കപ്പലുകളിൽ 34,15,500 ആഫ്രിക്കൻ വംശജരെ കച്ചവടത്തിനായി അമേരിക്കയിലേക്കും മറ്റും കൊണ്ടുപോയതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഇന്ത്യൻ വംശജരെക്കുറിച്ച് കൃത്യമായ വിവരങ്ങളില്ലതാനും. ഓരോ യുദ്ധത്തിലും വിജയി കൈയടക്കുമായിരുന്ന, പരാജിതരുടെ സ്വത്തുക്കളിൽ ഒരുഭാഗം അടിമകൾ ആയിരുന്നല്ലോ? പണയപ്പണ്ടത്തിന്റെ കഥ പുരാണ ഇതിഹാസങ്ങളിൽ മാത്രമല്ല എന്നോർക്കുക. 1843ൽ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയാണ് ബ്രിട്ടീഷ് ഇന്ത്യയിൽ അടിമക്കച്ചവടം നിരോധിച്ചത്. എന്നാൽ, 1812 ഡിസംബർ അഞ്ചിന് ഗൗരിലക്ഷ്മിഭായി തിരുവിതാംകൂറിൽ അടിമക്കച്ചവടം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു. പക്ഷേ, അപ്പോഴും കാർഷിക മേഖലയിലെ അടിമവ്യവസ്ഥ തുടർന്നുവെന്നതും ദുഃഖസത്യം.

1721 ലെ ആറ്റിങ്ങൽ കലാപകാലത്ത് അഞ്ചുതെങ്ങ് കോട്ടയിൽ നാനൂറിലേറെ പട്ടാളക്കാരും നാട്ടുകാരായ അടിമകളും ഉണ്ടായിരുന്നു. അടിമകളായി ഇന്ത്യക്കാരെ നാവികാവശ്യങ്ങൾക്കും വാണിജ്യ, തോട്ടം മേഖലകളിലും ബ്രിട്ടീഷുകാർ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇതുസംബന്ധിച്ചുള്ള പഠനങ്ങൾ ഇനിയും പുരോഗമിക്കാനുണ്ട്. സെയ്ഷെൽസ്, മൗറീഷ്യസ് മുതലായ ഇടങ്ങളിലേക്ക് മാത്രമല്ല, ഏഷ്യയിലെ വിവിധ ബ്രിട്ടീഷ് സെറ്റിൽമെന്റുകളിലേക്കും അന്യ നാട്ടുകാരെ അവർ അടിമകളായി ഉപയോഗിച്ചിരുന്നു. 1608 ലാണ് അവർ സൂറത്തിൽ കാലുകുത്തുന്നത്. 1623ഓടെ ബ്രോച്ച്, അഹമ്മദാബാദ്, ആഗ്ര, മസൂലി പട്ടണം എന്നിവിടങ്ങളിൽ പാണ്ടികശാലകൾ (ഫാക്ടറി) ആരംഭിച്ചു. വാണിജ്യവും നയതന്ത്രവും യുദ്ധങ്ങളും പ്രദേശങ്ങൾക്കുമേൽ അധികാരം സ്ഥാപിക്കലുമെല്ലാം ഈ ഫാക്ടറികൾ കേന്ദ്രീകരിച്ചായിരുന്നു.

ആറ്റിങ്ങൽ കലാപത്തെ അടിച്ചമർത്താൻ തലശേരിയിൽനിന്ന്‌  കമ്പനിപ്പട വരേണ്ടിവന്നു. ആറുമാസം നീണ്ടുനിന്ന പോരാട്ടം. നാട്ടുകാരായ നിരവധി കലാപകാരികൾ ക്രൂരമായി കൊല്ലപ്പെട്ടു. വിചാരണയും ശിക്ഷവിധിക്കലുമില്ലാതെ വെടിയുണ്ടകളായിരുന്നു മറുപടി. രക്തസാക്ഷികളായവരെക്കുറിച്ച് ഇന്നും രേഖകളില്ല. അടിമകളായി നാടുകടത്തപ്പെട്ടവർ ചരിത്രത്തിന്റെ താളുകളിൽ എങ്ങുമേയില്ല.

ഒടുവിൽ സമാധാന ഉടമ്പടിയായി. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് പൂർണ നഷ്ടപരിഹാരം, കുരുമുളക് വ്യാപാരത്തിൽ കുത്തകാവകാശം, കമ്പനിക്ക് ഇഷ്ടമുള്ള ഇടത്തെല്ലാം ഫാക്ടറികൾ സ്ഥാപിക്കാൻ അനുമതി- അങ്ങനെ പലതും. അഞ്ചുതെങ്ങ് കോട്ടയ്ക്ക് നേരെ മൂന്നു ഭാഗത്തുനിന്നും പലപ്പോഴായി നാട്ടുകാരുടെ ആക്രമണമുണ്ടായപ്പോഴും (പടിഞ്ഞാറ് അറബിക്കടലാണ്) കോട്ട സംരക്ഷിക്കുന്നതിന്റെ മിടുക്ക് പീരങ്കികളുടെ ചുമതലക്കാരനായ സാമുവൽ ഇൻസ് എന്ന ഉദ്യോഗസ്ഥനായിരുന്നു കാട്ടിയത്‌. ഏപ്രിൽ 25നും മെയ് ഒന്നിനും കൊച്ചിയിൽനിന്ന് കപ്പലുകളിൽ ഭക്ഷണവും മറ്റു സാമഗ്രികളുമായി കമ്പനിയുടെ സൈനികർ നേരത്തേ എത്തുകയുണ്ടായി.

ഇന്ത്യയിലെ സ്വാതന്ത്ര്യസമരത്തിന്റെ സന്ദേശങ്ങളൊന്നും ഇക്കാലത്തെ കലാപങ്ങൾക്ക് ചാർത്തിക്കൊടുക്കാനാകില്ലായിരിക്കാം. എന്നാൽ, കോളനി താൽപ്പര്യങ്ങൾക്കെതിരായ ജനകീയ കലാപങ്ങൾ തന്നെയായിരുന്നു 1721ലെ ആറ്റിങ്ങൽ കലാപവും 1817 പൈകാബീദ്രോഹ (ഒഡിഷ) കലാപവും 1806ലെ ആദ്യത്തെ വെല്ലൂർ ശിപായിലഹളയും. പൈകാ കലാപത്തെ ഇന്ത്യാഗവൺമെന്റിന്റെ തലപ്പത്തുള്ള ചിലർ ഇപ്പോൾ അംഗീകരിക്കുന്നുണ്ട്. ലോക്‌സഭയിൽ 2009ൽത്തന്നെ ആറ്റിങ്ങൽ കലാപത്തെക്കുറിച്ച് ഞാൻ പരാമർശിച്ചതാണ്. ആറ്റിങ്ങൽ കലാപത്തെ ചിത്രീകരിക്കുന്ന തപാൽ സ്റ്റാമ്പും പുറപ്പെടുവിക്കണമെന്ന് പാർലമെന്റിൽ ആവശ്യപ്പെടുകയും ബന്ധപ്പെട്ട യൂണിയൻ മന്ത്രിമാർക്ക് നിവേദനങ്ങൾ നൽകുകയും ചെയ്തു. സ്കൂൾ വിദ്യാർഥികളുടെ പാഠ്യവിഷയത്തിൽ ആറ്റിങ്ങൽ കലാപം ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ആ ദേശാഭിമാന പോരാട്ടത്തിന്റെ മുന്നൂറാം വാർഷികമാണ്‌ ഏപ്രിൽ 14. ആറ്റിങ്ങൽ കലാപത്തിന്റെ ഇരുനൂറാമത് വാർഷിക വേളയിലാണ്(1921) മലബാർ കലാപം പൊട്ടിപ്പുറപ്പെടുന്നത് എന്നതും ചരിത്രത്തിന്റെ തനിയാവർത്തനം മാത്രമല്ലല്ലോ?

""നമ്മളോർക്കുക നമ്മളെങ്ങനെ നമ്മളായെന്ന്''