ഏറാമല യു പി എസ്/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ പ്രഥമ വിദ്യാലയം............ ഓർമ്മകൾ


സ്കൂൾ എന്നത് എന്നത് എന്നെ സംബന്ധിച്ചിടത്തോളം മറ്റൊരിടം അല്ലായിരുന്നു... വീട് തന്നെ എന്ന് പറയാം. വീട്ടിൽ നിന്നും നാല്പത് മീറ്റർ മാത്രം അകലെയായിരുന്ന  ഏറാമല യൂ. പി സ്കൂൾ കാലത്ത് കണി കണ്ടുണരുന്ന സരസ്വതി ക്ഷേത്രം. അര ഏക്കറോളം വ്യാപിച്ചു കിടക്കുന്ന സ്ഥലം അതിൽ ഓലമേഞ്ഞതും ഓട് മേഞ്ഞതുമായ കെട്ടിടങ്ങൾ അവിടം  പ്രവർത്തി ദിവസങ്ങൾ  ആരവങ്ങളുടെ ദിനങ്ങളായിരുന്നു. അറുനൂറോളം  വിദ്യാർത്ഥികൾ പഠിച്ചിരുന്ന ആ കാലം  ഓർക്കുമ്പോൾ ഇന്നും ആവേശമാണ്.

ആദിയുർ, തിരുത്തിമുക്ക്, പയ്യത്തൂർ പ്രദേശങ്ങളിലും നിന്നും ഈ വിദ്യാലയത്തിലേക്ക് വിദ്യാർത്ഥികളുടെ ഒഴുക്ക് ആയിരുന്നു. ജാതി മത വ്യത്യാസങ്ങളില്ലാതെ എല്ലാവരും ആശ്രയിച്ചിരുന്നത് ഏറാമല യൂ പി സ്കൂൾ ആയിരുന്നു. അത് കൊണ്ട് തന്നേ  തുറന്ന സൗഹൃദങ്ങളായിരുന്നു അന്ന് സ്കൂളിൽ ഉണ്ടായിരുന്നത്. ഒന്നാം ക്ലാസിൽ രണ്ടു വർഷം  ഇരുന്നതായി ഞാൻ ഓർക്കുന്നു. അന്നൊക്കെ അങ്ങനെ ഉണ്ടായിരുന്നു. മൂത്തവരുടെ കൂടെ  സ്‌കൂളിലേക്ക് പറഞ്ഞയക്കും. പരിചയത്തിന്  വേണ്ടി..

വിദ്യാഭ്യാസത്തിന് തുടക്കം കുറിക്കുമ്പോൾ തന്നേ  വളരെ  സൗഹൃദ പരമായ  നിലപാടുകൾ  ഉള്ള ഗുരുനാഥന്മാർ  ആയിരുന്നു എനിക്ക് ലഭിച്ചത്. സ്നേഹവും സരസമായ  ശൈലിയും കൊണ്ട്  ക്ലാസ്സുകളിൽ ഇരിക്കാൻ പ്രേരിപ്പിക്കുന്ന ഗുരുനാഥന്മാർ  ഒന്നു മുതൽ  അഞ്ചുവരെ  ഉണ്ടായിരുന്നത് അതേ  സമയം  കർക്കശമായ  നിലപാട് ഉള്ളവരും  ഉണ്ടായിരുന്നു

അന്നത്തെ കാലം കായിക  രംഗത്തും കലാ രംഗത്തും  ഏറാമല യൂ പി സ്കൂൾ വളരെ  മുന്നിൽ ആയിരുന്നു. ഞാൻ കണ്ടതിൽ  ഏറ്റവും  സ്പോർട്സ് മാൻ സ്പിരിട്ടുള്ള അദ്ധ്യാപകൻ ആയിരുന്നു പീ. കെ നാണു മാസ്റ്റർ. ഓട്ടവും ലോങ്ങ്‌ ജംമ്പ് ഹൈജമ്പ് അങ്ങനെ എല്ലാ  മത്സരങ്ങളും നാണു മാസ്റ്റർ ഏറ്റെടുത്തു നടത്തുമ്പോൾ അതിനു  പ്രത്യേക ഉത്സവഛായ ഉണ്ടാവുമായിരുന്നു. ക്രാഫ്റ്റ് അദ്ധ്യാപകൻ ആയിട്ടല്ല ഞങ്ങൾ  നാണുമാഷിനെ  കണ്ടിരുന്നത് ഒരു കായിക  അദ്ധ്യാപകൻ എന്ന  രീതിയിൽ  ആയിരുന്നു. സ്കൂളിൽ എത്തുന്ന ഒരു കായിക  ഉപകാരണവും  വെറുതെയാവില്ല എന്നതായിരുന്നു സത്യം, റിങ്, സ്‌കിപ്പിംഗ് കയർ, വോളി ബോൾ, ഷട്ടിൽ ബാറ്റ് അങ്ങിനെ എല്ലാം.

ഒരുകാലത്തും മറന്നു പോവാതെ നിൽക്കുന്നത് അന്നത്തെ അതായത് എൺപത്തി ഏഴു കാലത്തെ ബോളി ബോൾ ടീം... പരേതനായ കെ. ടി. കെ ബാബു വിന്റെ നേതൃത്വത്തിൽ ഉള്ള ടീം നാട്ടിന്നു തന്നേ  അഭിമാനമായിരുന്നു. പല മത്സരങ്ങളിൽ പങ്കെടുത്തു വിജയിച്ചു വരുമ്പോൾ കുളങ്ങര  കുഞ്ഞിക്കണ്ണൻ മാഷിനും  ടീമിനും സ്കൂളിൽ വൻ  സ്വീകരണം  ആയിരുന്നു ലഭിച്ചിരുന്നത്.