എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
==ആര്യങ്കോട്--ചെമ്പൂര്==

സാമൂഹ്യ-സാംസ്ക്കാരിക ചരിത്രം

 പ്രാചീന സംഘകാലത്തെ കുലശേഖര ഭരണത്തിൽ ക്ഷേത്രഭരണ മുഖ്യനായ ആര്യന്റെ തറവാട്ടുപേരായ ആര്യങ്കോട് എന്ന പേരിൽ നിന്നാണ് ചന്തയ്ക്കും തുടർന്ന് ഈ നാടിനും പഞ്ചായത്തിനും ആര്യങ്കോടെന്ന് പേരു വന്നത്. ജാതിമതങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് ആയി മന്നൻമാർ അധിവസിച്ചിരുന്ന ഈ പ്രദേശങ്ങളിൽ ദ്രാവിഡ, ചേര, ചോള, പാണ്ഡ്യ സംസ്ക്കാരങ്ങളുള്ള ഒരു ജനതയായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഉടയൻകാവും പള്ളിക്കപറമ്പും ഇതിന് തെളിവുകളാണ്. പാണ്ഡവൻപാറയും പഴിഞ്ഞിപ്പാറയും പാണ്ഡവൻപാറയിലെ ശിലാവിഗ്രഹങ്ങളും ശിലാരേഖകളും ഈ പഞ്ചായത്തിന്റെ പ്രാചീനതയെ എടുത്തുകാട്ടുന്നു. നയനമനോഹരമായ പന്തംപാച്ചിമലയും കരിമ്പാറകളും കോളൂർ വെള്ളച്ചാട്ടവും കിഴക്കൻമലയും കദളിവാഴചുനയും ചരിത്ര പ്രാധാന്യമുള്ളവ കൂടിയാണ്. നാടുവാഴികളും തറവാട്ടുകാരും ഊരാളൻമാരും കരയാളൻമാരും പരസ്പരം സഹകരിച്ച് നെൽകൃഷി നടത്തിയിരുന്ന അന്യാദൃശ്യമായ ഒരു കാർഷിക-സാംസ്ക്കാരിക ചരിത്രം ഈ പഞ്ചായത്തിനുണ്ട്. നാടുവാഴികളിൽ പ്രമുഖനായ ദേവത്രിവിക്രമൻ കുറ്റിയായണിക്കോട് ആസ്ഥാനമായി കൊട്ടാരവും കോവിലും കോട്ടയും വച്ച് വാണരുളിയ അഞ്ചു തമ്പുരാൻ തെക്കത് ചരിത്രത്തിന്റെ താളുകളിൽ രേഖപ്പെടുത്തപ്പെട്ടവയാണ്. സംഘകാലം മുതൽ ദേശങ്ങളെ തറകളായും ഊരുകളായും കരകളായും കോടുകളായും വിഭജിച്ചുകൊണ്ടുള്ള സാമൂഹ്യക്രമത്തിൽ അധിഷ്ഠിതമാണ് ഈ പ്രദേശത്തെ കാർഷികചരിത്രം. ഈ പഞ്ചായത്തിലെ സ്ഥലനാമങ്ങൾ വിശകലനം ചെയ്യുമ്പോഴും ഈ ചരിത്രം മനസ്സിലാക്കാവുന്നതാണ്. “തറ” കളായ തറവാടുകളും “ഊരു”കളായ കോളൂര്, ചെമ്പൂര്, കീഴാറൂര് തുടങ്ങിയവയും ആര്യങ്കോട്, ചെമ്പിയാർകോട്, മഞ്ചംകോട് മുതലായ “കോടു”കളും സ്ഥലനാമങ്ങളായി ഈ പ്രദേശത്തിന്റെ പൂർവ്വകാലചരിത്രത്തെ അടയാളപ്പെടുത്തുന്നു. തിരുവിതാംകൂർ മഹാരാജാവായിരുന്ന മാർത്താണ്ഡവർമ്മ കുറ്റിയായണിക്കാട് കേന്ദ്രമാക്കി ഒളിവുകാലം കഴിച്ചുകൂട്ടിയതായി ചരിത്രമുണ്ട്. അന്നത്തെ മാടമ്പിമാരുടേയും എട്ടുവീട്ടിൽ പിള്ളമാരുടേയും ആക്രമണഭീഷണി ഉണ്ടായിരുന്നിട്ടും കുറ്റിയായണിക്കാട് കേന്ദ്രമാക്കിയാണ് മാർത്താണ്ഡവർമ്മ പടയൊരുക്കിയത്. കൊല്ലവർഷം 1108-ൽ ഈ പ്രദേശത്ത് ഭീകരമായ വെള്ളപ്പൊക്കമുണ്ടായി. തുടർന്ന് പടർന്നുപിടിച്ച മാരകമായ മലമ്പനിയിൽ അനേകമാളുകൾ ചത്തൊടുങ്ങി. ഇതറിഞ്ഞ അമ്മമഹാറാണിയും ശ്രീചിത്തിര തിരുനാളും ഡോക്ടറുടെ സംഘത്തോടൊപ്പം 1112 മിഥുനം 6-ാം തിയതി ആര്യങ്കോട് സ്ഥിതി ചെയ്യുന്ന ഒറ്റശേഖരമംഗലം പോലീസ് ഔട്ട് പോസ്റ്റിൽ എഴുന്നള്ളുകയും പ്രജകൾക്ക് കൊയ്നയും(പ്രതിരോധമരുന്ന്) ഗുളികകളും സൌജന്യമായി വിതരണം ചെയ്യുകയും ചെയ്തു. ജനങ്ങളുടെ പരാതി ഉണ്ടാകയാൽ, അതുവരെ കാട്ടുപാതയായിരുന്ന ഒറ്റശേഖരമംഗലം- ചെമ്പൂര്-വെള്ളറട റോഡ് ജനോപകാരപ്രദമായി വെട്ടുന്നതിന് രാജാവ്, മുട്ടിയറപാക്യനാഥൻനാടാർക്ക് കല്പന കൊടുത്തു. അങ്ങനെ നിർമ്മിച്ച റോഡാണ് പാക്യനാഥൻ റോഡെന്ന് പഴമക്കാർ പറയുന്ന ഇന്നത്തെ ചെമ്പൂര് വെള്ളറട റോഡ്. റോഡ് തെളിഞ്ഞതിനെത്തുടർന്ന് മുട്ടിയറ കുടുംബക്കാരുടെ 10 സെന്റ് തറയിൽ കൊയ്ന കൊടുക്കുവാൻ ഓലഷെഡ് വച്ചു കെട്ടിയതാണ് ഇന്നത്തെ പ്രൈമറി ഹെൽത്ത് സെന്ററായി പിൽക്കാലത്ത് രൂപാന്തരപ്പെട്ടത്. ഈ പഞ്ചായത്തിൽ ആര്യങ്കോട് കേന്ദ്രമാക്കി ഒരു അഞ്ചൽ ആഫീസ് ഉണ്ടായിരുന്നു. ഈ അഞ്ചൽ ആഫീസാണ് ഇന്നത്തെ ഒറ്റശേഖരമംഗലം പോസ്റ്റ് ആഫീസ്. കാഞ്ഞില കുടുംബക്കാരുടെ അധീനതയിൽ നടത്തപ്പെട്ടിരുന്ന കുടിപ്പള്ളിക്കൂടമാണ് കാലാന്തരത്തിൽ മൈലച്ചൽ ഹൈസ്ക്കൂളായി മാറിയത്. അതാണ് പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂളായി മാറിയത്. ക്രിസ്ത്യൻ മിഷനറിമാർ ഈ പഞ്ചായത്തിൽ സ്ഥാപിച്ച ആദ്യത്തെ ക്രൈസ്തവദേവാലയമാണ് (ആർ.സി) ആര്യങ്കോടിന് സമീപത്ത് മൈലച്ചൽ സ്ഥിതി ചെയ്യുന്ന തിരുഹൃദയ കുടുംബ ദേവാലയം. തുടർന്ന് എൽ.എം.എസുകാരും മറ്റു സഭകളും ഈ പഞ്ചായത്തിൽ വ്യാപകമായി ക്രൈസ്തവ ദേവാലയങ്ങൾ സ്ഥാപിച്ചു. മിഷനറിമാർ ചെമ്പൂര് എൽ.എം.എസ് പള്ളിയിൽ ആരംഭിച്ച മലയാളം സ്കൂളാണ് പില്ക്കാലത്ത് ആദ്യത്തെ ഇംഗ്ളീഷ് മിഡിൽ സ്കൂളായി ഉയർത്തിയത്. 1050-ൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് ആരംഭിച്ച കാവൽ മാടമാണ് ‘ഒറ്റശേഖരമംഗലം ഔട്ട് പോസ്റ്റാ’യി ഇന്നും ആര്യങ്കോട് നിലനിൽക്കുന്നത്. പാലംതല കുടുംബത്തിൽ നിന്നും സൌജന്യമായി നൽകിയ 26 സെന്റ് ഭൂമിയിലാണ് പോലീസ് ഔട്ട് പോസ്റ്റ് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിൽ പുരാതനകാലം മുതൽതന്നെ രാജകുടുംബവുമായി ബന്ധമുള്ള പ്രമുഖ വ്യക്തികളുണ്ടായിരുന്നിട്ടുണ്ട്. ഇവിടെ ജനിച്ച ശ്രേഷ്ഠവ്യക്തിയായിരുന്നു ഈശ്വരപിള്ള വിചാരിപ്പുകാർ. ആട്ടക്കഥ കലാകാരനായ അദ്ദേഹം മഹാരാജാവിന്റെ വീരശൃംഖല വാങ്ങിയിട്ടുണ്ട്.