എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

പരശുരാമൻ സൃഷ്ടിച്ച അറുപത്തിനാല് ഗ്രാമങ്ങളിൽ ഒന്നാണ് പറവൂർ എന്നു വിശ്വസിക്കപ്പെടുന്നു. ആദിദ്രാവിഡരുടെ പ്രാർത്ഥനാരൂപമായ അമ്മദൈവത്തെ ആരാധിക്കുന്ന പതിവ് ഇപ്പോഴും പറവൂരിൽ നിലനിൽക്കുന്നുണ്ട്. പറവൂരിൽ നന്ത്യാട്ടുകുന്നം എന്ന സ്ഥലത്തുള്ള കാളികുളങ്ങര ക്ഷേത്രത്തിലെ തെണ്ടു ചുടലും, കലംവെയ്ക്കലും ഇതിനെ സൂചിപ്പിക്കുന്നു.

വാൽമീകി രാമായണത്തിൽ "മുരചി പട്ടണം " എന്നും തമിഴ് കൃതികളിൽ "മുചിരി"എന്നും ഭാസ്കര രവിവർമന്റെ ജൂതശാസനത്തിൽ "മുയിരിക്കോട്‌ "എന്നും അറിയപ്പെടുന്ന മഹോദയപുരം (കൊടുങ്ങല്ലൂർ,(മുസിരിസ്)ന്റെ തുറമുഖ പ്രദേശങ്ങൾ പറവൂർ ആയിരുന്നു. മുസിരിസ് ,തിണ്ടിസ്,ബാറാക്കെ ,നെല്കിണ്ട തുടങ്ങിയവ ആയിരുന്നു അന്നത്തെ പ്രധാന തുറമുഖങ്ങൾ. പുറം ദേശങ്ങളുമായി വാണിജ്യ വ്യാപാര ബന്ധങ്ങൾ മുസിരിസ്  തുറമുഖത്തിലൂടെ നടന്നു. പറവൂരിന്റെ ചരിത്രത്തിൽ ദ്രാവിഡ ,ബുദ്ധ,ജൈന,ജൂത ,ക്രൈസ്‌തവ ,ഇസ്‌ലാം,ഹൈന്ദവ മതങ്ങളുടെ പങ്ക് വളരെ വലുതാണ്. അറബികൾ, റോമാക്കാർ,യഹൂദർ, പോർട്ടുഗീസുകാർ, ഡച്ചുകാർ,ഇംഗ്ലീഷുകാർ എന്നിവർക്കും പറവൂരിന്റെ ചരിത്രത്തിൽ സ്ഥാനം ഉണ്ട്. 1341 ൽ  പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ മുസിരിസ് പട്ടണം നാമാവശേഷമായി. അഴിമുഖത്തിന്റെ ആഴം കുറഞ്ഞു ,കൊച്ചി തുറമുഖം പ്രാമുഖ്യം നേടി. ചെളി ഉറച്ചു കൊച്ചു ദ്വീപുകൾ രൂപപ്പെട്ടു. പറവൂരിലെ  മിക്ക സ്ഥലനാമങ്ങൾക്കും പിന്നിലെ "തുരുത്ത്  "കര"എന്നിവ ഇത് സൂചിപ്പിക്കുന്നു. (ഉദാ.ഗോതുരുത്ത് പഴമ്പിള്ളി തുരുത്ത് ,കടൽവാത്തുരുത്ത്, ചിറ്റാറ്റുകര, വടക്കേക്കര,കുന്നുകര എന്നിങ്ങനെ...) വൈപ്പിൻ ദ്വീപിന്റെ രൂപപ്പെടലും ഇങ്ങനെ തന്നെ .

പറവൂർ പട്ടണത്തിനു വടക്കുഭാഗത്തു സ്ഥിതിചെയ്യുന്ന മാല്ല്യങ്കര എന്ന തീരത്താണ് സെന്റ്. തോമസ് കപ്പലിറങ്ങിയത് എന്ന് ക്രൈസ്തവരുടെ ഐതിഹ്യങ്ങളിൽ രേഖപ്പടുത്തിയിരിക്കുന്നു. മാല്ല്യങ്കര എന്ന ഈ സ്ഥലപ്പേരിൽ നിന്നുമാണ് ക്രൈസ്തവരുടെ ഇടവകക്ക് മലങ്കര എന്ന പേരുത്ഭവിച്ചത്. പറവൂർ പണ്ട് രണ്ടാം ചേര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. തിരുവഞ്ചിക്കുളത്തിന് സമീപമായ പറവൂർ ചേര സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു.

പതിനഞ്ചാം നൂറ്റാണ്ടിൽ പോർട്ടുഗീസുകാരും ഡച്ചുകാരും പറവൂരുമായി കച്ചവട ബന്ധം പുലർത്തിയിരുന്നു. പറവൂർ രാജാവിന്റെ ഭരണത്തിന്റെ സ്മാരകമായി ഒരു മൺകോട്ട നിലനിന്നിരുന്നത് ടിപ്പുസുൽത്താൻ തിരുവിതാംകൂറിൽ നടത്തിയ ആക്രമണത്തിനിടയിൽ തകർന്നു. കോട്ടയുടെ സമീപത്തുകൂടി പോകുന്ന റോഡ് 'ഫോർട്ട് റോഡ്' എന്നു നാമകരണം ചെയ്തു. പറവൂർ പട്ടണം ഒരു കാലത്ത് നാടുവാഴികളായ പറവൂർ തമ്പുരാക്കൻമാരുടെ ആസ്ഥാനമായിരുന്നു. 'പറവകളുടെ ഊര്' എന്നത് ' പറവൂർ ' ആയി എന്നാണ് ഐതിഹ്യം. സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ ഘടകം പറവൂരിൽ രൂപീകൃതമായത് 1938 ലാണ്.

മഹാത്മാഗാന്ധി പറവൂർ സന്ദർശിക്കുകയും പറവൂർ കച്ചേരി മൈതാനിയിൽ നടന്ന ഒരു വമ്പിച്ച സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയുമുണ്ടായി. എൻ ശിവൻപിളള ക്വിറ്റ് ഇന്ത്യ മുദ്രാവാക്യങ്ങൾ ദേഹത്ത് തൂക്കിയിട്ട് ആലുവായിൽ നിന്ന് തീവണ്ടിമാർഗ്ഗം തൃശ്ശൂരിലേക്ക് യാത്ര ചെയ്തു. സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രഥമ പറവൂർ താലൂക്ക് സമ്മേളനം 1945 ചൂണ്ടാണിക്കാവ് മൈതാനത്ത് നടന്നു. 1947 ജൂണിൽ സ്വതന്ത്ര തിരുവിതാംകൂർ വിരുദ്ധദിനാചരണം നടക്കുകയുണ്ടായി. ജാതി വിരുദ്ധ പ്രസ്ഥാനം യുക്തിവാദ പ്രസ്ഥാനം തുടങ്ങി സാമൂഹ്യവിപ്ലവത്തിന് തുടക്കമിട്ട പ്രസ്ഥാനങ്ങൾ ഇവിടെ ആരംഭിച്ചു. 113- ൽ ഉണ്ടായ നിവർത്തന പ്രസ്ഥാനം തിരുവിതാംകൂറിന്റെ രാഷ്ട്രീയ ചരിത്രത്തിലെ വഴിത്തിരിവായിരുന്നു.