എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

തൊടുപുഴ

കീഴ്മലനാട് രാജ്യത്തിന്റെ  ഭാഗമായിരുന്നു  തൊടുപുഴ ഉൾപ്പെടുന്ന പ്രദേശങ്ങൾ. രാജ ഭരണകാലത്ത് കാരിക്കോട് ആയിരുന്നു ആസ്ഥാനം. ഇന്നത്തെ മൂവാറ്റുപുഴ, തൊടുപുഴ താലൂക്കുകൾ ഉൾപ്പെട്ടിരുന്ന കാരിക്കോട് തലസ്ഥാനമായി ഉണ്ടായിരുന്ന കീഴ്മലനാട് പിന്നീട് വടക്കുംകൂറിൽ ലയിച്ചു. തൊടുപുഴ നഗരത്തിൽ ഇന്ന് കാണുന്നപുരോഗമനം കഴിഞ്ഞ കുറച്ചു ദശകങ്ങൾക്കുള്ളിൽ സംഭവിച്ചതാണ്. വിവിധ പ്രദേശങ്ങളിൽ നിന്നും കുടിയേറിപ്പാർത്ത ഒരുപാട് ജനങ്ങളെ ഇപ്പോൾ ഇവിടെ കാണുവാൻ സാധിക്കും. നാനാജാതിമതസ്ഥരായ ആളുകൾ പരസ്പര സ്നേഹത്തിലും, ഐക്യത്തിലും, മത സൗഹാർദത്തോടെ ജീവിക്കുന്ന പ്രദേശമാണ് തൊടുപുഴ. ഈ ദേശത്തു  കണ്ടുവരുന്ന ചില ആചാരാനുഷ്ഠാനങ്ങളും, പുരാതന ക്ഷേത്രങ്ങളെയും കുറിച്ചാണ് നാടോടി വിജ്ഞാനകോശത്തിൽ പ്രതിപാദിക്കുന്നത്.

അഞ്ചേകാലും കോപ്പും

തൊടുപുഴ  തെനംകുന്നിലെ വിശുദ്ധ മിഖായേൽ മാലാഖയുടെ നാമധേയത്തിലുള്ള പള്ളിയിലെ ഒരു സവിശേഷ ചടങ്ങാണ് അഞ്ചേകാലും കോപ്പും നൽകൽ. ദേവാലയം സ്ഥാപിക്കുന്നതിന് സന്മനസ്സോടെ ഭൂമി വിട്ടു നൽകിയ മുണ്ടക്കൽ നായർ തറവാട്ടുകാരെ ആദരിക്കുന്ന ചടങ്ങാണ് അഞ്ചേകാലും കോപ്പും നൽകൽ. തിരുനാൾ ദിവസം തറവാട്ടിലെ മുതിർന്നയാളെയാണ് 'അഞ്ചേകാലും കോപ്പും' നൽകി ആദരിച്ചുവരുന്നത്. അഞ്ചേകാൽ ഇടങ്ങഴി അരി, ഏത്തക്കുല, നാളികേരം, ചേന, മത്തങ്ങ, വെള്ളരി, പപ്പടം എന്നിവയടങ്ങിയതാണ് അഞ്ചേകാലും കോപ്പും.

പുള്ളും പ്രാവും വഴിപാട്

തൊടുപുഴ ശ്രീകൃഷ്ണ സ്വാമി കക്ഷേത്രത്തിൽ കണ്ടു വരുന്ന വിശേഷപ്പെട്ട വഴിപാടാണിത്. ക്ഷേത്രത്തിന്റെ ഉത്ഭവം പുരാതന കാലഘട്ടത്തിലെ പല ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരിക്കൽ വിവിധ ക്ഷേത്രങ്ങളിൽ തീർത്ഥാടനത്തിനായി അലഞ്ഞുതിരിയുന്ന ഒരു ബ്രാഹ്മണൻ ഇവിടെ എത്തുകയും ഭഗവാൻ കൃഷ്ണന്റെ ദിവ്യ ദർശനം നേടുകയും ചെയ്തു എന്നാണ് പ്രചാരത്തിലുള്ള ഐതിഹ്യങ്ങൾ. കൃഷ്ണന്റെ ദർശനം ലഭിച്ച ശേഷം, അടുത്തുള്ള നദിയിൽ (തൊടുപുഴയാർ) ദേഹശുദ്ധി വരുത്തി, വിളക്ക് കത്തിച്ച് ദേവന് നിവേദ്യം സമർപ്പിച്ചു. മലയാളമാസമായ മീനത്തിലെ ചോതി നാളിലായിരുന്നു ഇത്. ഈ സംഭവമാണ് ക്ഷേത്രത്തിന്റെ ഉത്ഭവത്തിന് പ്രധാന കാരണം എന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു.

പിന്നീട് കീഴ്മലനാട്ടിലെ രാജാവ് ദേവിക്ക് ഒരു ശ്രീകോവിൽ നിർമ്മിച്ചു. ഒരു വിഗ്രഹം പ്രതിഷ്ഠിക്കുകയും ചെയ്തു. നിലവിൽ, ഇവിടെയെത്തുന്ന തീർത്ഥാടകർക്ക് സൗജന്യ ഭക്ഷണം നൽകുന്ന പ്രസിദ്ധമായ ചോതിഊട്ട് വിരുന്നാണ് ക്ഷേത്രത്തിൽ നടക്കുന്നത്.

കംസഭൃത്യനായ ബകാസുരൻ വലിയൊരു ഗൃദ്ധൃ രൂപത്തിൽ(പുള്ളിന്റെ രൂപത്തിൽ)കൃഷ്ണനും കൂട്ടുകാർക്കും അടുത്തു വരവെ അവരെ കൊല്ലുന്നതിനായി പിടിച്ച് വിഴുങ്ങിയെങ്കിലും ആയിരം സൂര്യനെ വിഴുങ്ങിയാലെന്ന പോലെ ഉള്ളു പൊള്ളി പെട്ടെന്ന് താഴോട്ടിട്ടുകളയവെ, ആ ദുരാത്മാവിന്റെ മേൽച്ചുണ്ടിലും കീഴ്ചുണ്ടിലും പിടിച്ച് രണ്ടായി കീറി സംഹരിച്ചു. ബകൻ വിരോധഭാവത്തിലാണെങ്കിലും ഭഗവത് സായൂജ്യം തന്നെയാണ് പൂകിയത്. ഭിന്ന പ്രകൃതികളായ പറവകളോടും ജീവജാലങ്ങളോടും ഭഗവാൻ യഥായോഗ്യം ഇടപെട്ട് നിഗ്രഹാനുഗ്രഹ ലീലകളെ അനുവർത്തിച്ചു. ദേവൻ ഉപകൃത ഭാവത്തിലും അപകൃത ഭാവത്തിലും വിഭിന്നമായി നടിച്ച് ഭക്തരെ അനുഗ്രഹിക്കുന്നു.

കുട്ടികൾക്ക് ഉണ്ടാകുന്ന രാപ്പനി, ദുഃസ്വപ്നം കണ്ട് പേടിച്ച് കരച്ചിൽ, വിട്ടുമാറാത്ത ബാലരോഗങ്ങൾ തുടങ്ങിയ ബാലപീഡകൾ മാറുന്നതിനു വേണ്ടി പുള്ളും പ്രാവും സമർപ്പിക്കുന്നത് ഇവിടെ മാത്രം കണ്ടു വരുന്ന വിശേഷപ്പെട്ട വഴിപാടാണ്. പക്ഷി പീഡ നിമിത്തം കുട്ടികൾക്കുണ്ടാകുന്ന അസുഖങ്ങളെ ഈ ദേവൻ അത്ഭുതകരമായി ശമിപ്പിക്കുന്നു. വെള്ളി കൊണ്ട് പുള്ളും പ്രാവും(അല്ലെങ്കിൽ പുള്ളും മുട്ടയും)ഉണ്ടാക്കി നടയ്ക്കൽ വച്ച് പ്രാർഥിച്ച് പ്രസാദം വാങ്ങി കുട്ടികൾക്ക് കൊടുത്താൽ പിന്നീടൊരിക്കലും ആ അസുഖം ഉണ്ടാകാറില്ല. ഭഗവാന് ചാർത്തിയ മാല വാങ്ങി ഗൃഹത്തിൽ പൂജാമുറിയിൽ സൂക്ഷിച്ചാൽ അദൃശ്യശക്തികൾ മൂലമുണ്ടാകുന്ന ബാല ദുരിതങ്ങൾക്ക് ശമനമുണ്ടാകും.

അമരം കാവ്

മാറ്റത്തിന്റെ ചൂളം വിളിയിൽ പഴമയുടെ മുഖം നഷ്ടപ്പെട്ട തൊടുപുഴ നഗരത്തിന്റെ  ഒരു അരികിൽ ഇന്നും മാറാതെ നിൽക്കുന്ന ഒരു കാവുണ്ട്. നൂറുകണക്കിന് സസ്യജന്തുജാലങ്ങൾക്കു ആവാസവ്യവസ്ഥയൊരുക്കി നഗര ജീവിതത്തെ ഇന്നും അകറ്റി നിർത്തുന്ന കോലാനിയിലെ തൊടുപുഴയുടെ സ്വന്തം അമരം കാവ്. ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ കാവാണ് അമരംകാവ്. തിരുനാവായ ആഴ്‌വാഞ്ചേരി തമ്പ്രാക്കളുടെ അധീനതയിലാണ് അമരംകാവ് . 3 ഏക്കറിനടുത്ത് വിസ്തൃതിയുള്ള അമരംകാവ് തൊടുപുഴ കോലാനിയിലാണ് സ്ഥിതിചെയ്യുന്നത്. വനദുർഗ പ്രതിഷ്ഠയായിട്ടുള്ള അമരംകാവ് ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമാണ്. വിവിധയിനം പക്ഷികളും അപൂർവ്വമായി കാണപ്പെടുന്ന ഔഷധ സസ്യ ഇനങ്ങളും ഇവിടെയുണ്ട്. അമരം കാവിൽ നടത്തിയ സർവ്വേ പ്രകാരം 85 ഇനം പക്ഷികൾ 60 ഇനം ചിത്രശലഭങ്ങൾ 30 നം തുമ്പികൾ എന്നിവയെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. നിത്യഹരിതവനങ്ങളിൽ മാത്രം കാണപ്പെടുന്ന കടൽ മാണിക്യം കമ്പകം, പാലിമിയ തുടങ്ങിയ അപൂർവ്വ ഇനം മരങ്ങളേയും സസ്യങ്ങളേയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. പ്രകൃതിയും, ശാസ്ത്രവും, ദൈവിക സങ്കൽപ്പങ്ങളും ഇടകലർന്നതാണ് അമരം കാവ്. കേന്ദ്ര സർക്കാരിന്റെ  കേരളത്തിലെ പൈതൃക പട്ടികയിൽ അമരം കാവുണ്ട്.

മലയാള പഴനി

തൊടുപുഴ ഒളമറ്റത്ത് സ്ഥിതി ചെയ്യുന്ന മലയാള പഴനി എന്നറിയപ്പെടുന്ന ക്ഷേത്രമാണ് ഉറവപ്പാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. തൈപ്പൂയ പൊങ്കലാണ് ഇവിടുത്തെ പ്രധാന ഉത്സവം. ഇവിടത്തെ പ്രധാന പ്രതിഷ്ഠ ബാലസുബ്രഹ്മണ്യൻ. ഈ ക്ഷേത്രം പഴനിയെ അനുസ്മരിപ്പിക്കും വിധം തറ നിരപ്പൽ നിന്ന് അഞ്ഞൂറ് അടി ഉയരത്തിൽ വലിയ ഒരു പാറയുടെ മുകളിൽ സ്ഥിതി ചെയ്യുന്നു. വനവാസകാലത്ത് പാണ്ഡവർ ഇവിടെ വരികയും, പർണ്ണശാല കെട്ടി താമസിക്കുകയും ഇവിടെ പ്രാർഥനയ്ക്ക് വേണ്ടി രാത്രി ഒരു ക്ഷേത്രം നിർമ്മിക്കുകയും ഉണ്ടായി എന്നാണ് ഐതിഹ്യം. പുലരും മുൻപ് പോകേണ്ടതിനാൽ വാതിൽ ഇല്ലാത്ത രീതിയിൽ കരിങ്കൽ പാളികൾ കൊണ്ട് ചുവരുകൾ നിർമിച്ച് പ്രതിഷ്ഠ നടത്തി. ദ്വാപരയുഗം യുധിഷ്ഠിരൻ ശിവാരാധന നടത്തിയിട്ടുണ്ടെന്ന് പറയപ്പെടുന്ന ശ്രീകോവിലിനുള്ളിലെ പ്രതിഷ്ഠ സ്വയംഭൂ സങ്കൽപ്പത്തിലുള്ള ബാലസുബ്രഹ്മണ്യ ചൈതന്യ മാണെന്ന് പറയപ്പെടുന്നു. പാഞ്ചാലി പാണ്ഡവർക്ക് വേണ്ടി ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിച്ച അടുപ്പ് എന്ന് പറയപ്പെടുന്ന വലിയ മൂന്ന് പാറക്കല്ലുകൾ ക്ഷേത്രത്തിനു പിന്നിൽ സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തിനു പുറകിലായി ഭീമസേനൻ കാലു കൊണ്ട് നിർമ്മിച്ച തീർത്ഥം സ്ഥിതിചെയ്യുന്നു.

അണ്ണാമലനാഥർ ക്ഷേത്രം

പൂർണ്ണമായും കരിങ്കല്ലിൽ തീർത്തിരിക്കുന്ന കാരിക്കോട് അണ്ണാമലനാഥർ ക്ഷേത്രത്തിലെ കൊത്തുപണികൾ ചോള കാലഘട്ടത്തിലേക്ക് വിരല്ചൂണ്ടുന്നവയാണ്. ചോള ഭരണകാലത്ത് വടക്കുംകൂർ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു കാരിക്കോട് .ഇന്ത്യയിൽ മുഴുവനായി അവർ സ്ഥാപിച്ച 74 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. പതിറ്റാണ്ടുകൾ കാട് കയറി കിടന്ന അണ്ണാമലനാഥർ ക്ഷേത്രം കുറച്ചു വർഷങ്ങൾക്കു മുൻപാണ് നവീകരിച്ചത്.കേരളാ പുരാവസ്തു വകുപ്പിന്റെ കീഴിൽ ഉള്ള ക്ഷേത്ര പരിസരത്തു പഴയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കാണാനാവും.ക്ഷേത്രത്തിലെ പുരാതനമായ വിഗ്രഹങ്ങൾ കായംകുളം മ്യുസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.ദീര്ഘചതുരാകൃതിയിൽ ഉള്ള ക്ഷേത്രനിര്മിതി പൂർണമായും തമിഴ് സംസ്‌കാരത്തിൽ ഉള്ളതാണ്. ഏകാശിലാപീഠത്തിൽ ശിവനും പാർവതിയും സുബ്രഹ്മണ്യ ഗണപതി സമേതരായി ദർശനം നൽകുന്നു.പഞ്ചലോഹനിര്മിതമായ വിഗ്രഹരൂപങ്ങൾ ആണ് പ്രതിഷ്ഠ.മറ്റു ശിവക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി പൂർണപ്രദക്ഷിണം ചെയ്യാവുന്നതും,തെക്കോട്ട് ദർശനവും വടക്കോട്ട് ഓവും, താമരകുളവും എല്ലാം ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകൾ ആണ്.എല്ലാ പ്രദോഷവും പൗർണമിയും സമുചിതമായി ആഘോഷിക്കുന്നു.

കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം

തൊടുപുഴയാറിന്റെ കിഴക്കേക്കരയിൽ കാഞ്ഞിരമറ്റം ദേശത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം . 1500 വർഷത്തെ പഴമയുടെ കഥകൾ പറയാനുള്ള ഈ മലയോര ശിവക്ഷേത്രത്തിൽ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയതെന്നു വിശ്വസിക്കുന്നു. രണ്ടാം ചേര സാമ്രാജ്യത്തിനുശേഷം ചെറു നാട്ടുരാജ്യങ്ങളായി രൂപംകൊണ്ട വടക്കുംകൂർ രാജവംശത്തിന്റെ സുവർണ്ണ കാലഘട്ടങ്ങളിലാണ് ക്ഷേത്ര നിർമ്മാണം നടന്നത് എന്നു കരുതുന്നു. മുൻപ് കാടുപിടിച്ചു കിടന്ന ഈ പ്രദേശം കൃഷിക്കായി വെട്ടിതെളിക്കുകയും തുടർന്ന് ശിവലിംഗം കാണാനിടയാവുകയും ചെയ്തു. അന്നത്തെ വടക്കുംക്കൂർ രാജാവാണ് ഇന്ന് ക്ഷേത്രം നിൽക്കുന്നിടത്ത് ആദ്യമായി നിർമ്മാണം നടത്തിയത്. അതിനുശേഷം പല അവസരങ്ങളിലും പുനരുദ്ധാരണ പ്രവർത്തനങ്ങൾ ക്ഷേത്രത്തിൽ നടത്തുകയുണ്ടായിട്ടുണ്ട്. വിശാലമായ ക്ഷേത്ര മതിലകത്ത് കേരളത്തനിമ വിളിച്ചോതുന്ന ക്ഷേത്ര നിർമ്മാണ ശൈലിയാണ് ഇവിടെ കാണാൻ കഴിയുന്നത്. ക്ഷേത്ര നിർമ്മാണത്തിനും വർഷങ്ങൾക്കു ശേഷമാണ് തൊടുപുഴയാർ ക്ഷേത്രത്തിനരികിലൂടെ ഒഴുകി തുടങ്ങിയതത്രെ.

കാരിക്കോട് ഭഗവതി ക്ഷേത്രം

കാരിക്കോട് സ്ഥിതി ചെയ്യുന്ന ഭഗവതി ക്ഷേത്രമാണ് കാരിക്കോട് ഭഗവതി ക്ഷേത്രം.പ്രധാന പ്രതിഷ്ഠ ഭദ്രകാളിയായ കാരിക്കോട്ടമ്മ.കീഴ്മലൈ നാടിന്റെ ആസ്ഥാനം കാരിക്കോട് ആയിരുന്നു.വടക്കുംകൂറിന്റെ ഭാഗമായ കീഴ്മലൈ രാജാവിന്റെ കൊട്ടാരത്തിലെ ഉപാസന മൂർത്തിആയ ഭഗവതിക്കും മഹാദേവനും രണ്ടു ക്ഷേത്രങ്ങൾ നിർമ്മിക്കുക എന്ന ഉദ്ദേശത്തോടുകൂടെ രാജാവ് കാരിക്കോട് മഹാദേവനും,അല്പം മാറി തൊടുപുഴയാറിന് സമീപം ഭഗവതിക്കും രണ്ട് ക്ഷേത്രങ്ങൾ നിര്മിക്കുകയുണ്ടായി.ക്ഷേത്രനിർമ്മാണം പൂർത്തിയായ സമയത്തു മഹാദേവൻ രാജാവിന് സ്വപ്നദര്ശനം നൽകുകയും പരശുരാമനാൽ പ്രതിഷ്ഠിതമായ ഒരു ശിവലിംഗം കാഞ്ഞിരമറ്റത്തിന്‌ സമീപം കിടക്കുന്നതായി അരുൾ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശിവലിംഗം ലഭിക്കുകയും കാഞ്ഞിരമറ്റത്ത് ഭഗവതിക്ക് നിർമിച്ച ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയുണ്ടായി.അങ്ങനെ കാരിക്കോട് ഭഗവതി ക്ഷേത്രം പ്രതിഷ്ഠിതമായി. ഈ ചരിത്രത്തിനു ഉപോല്ബലകമായി ചില ദൃഷ്ടാന്തങ്ങൾ ഇപ്പോഴും കാണാവുന്നതാണ്.കാരിക്കോട് ഭഗവതി ക്ഷേത്രത്തിനു മുൻപിൽ സ്ഥിതി ചെയ്യുന്ന നന്ദി വിഗ്രഹവും,നൂറ്റെട്ടു ശിവാലയങ്ങളുടെ പട്ടികയിൽ കാരിക്കോട് മഹാദേവൻ എന്ന പ്രയോഗവും ഇതിനു തെളിവാണ്.കുംഭമാസത്തിലെ ഭരണി ക്ഷേത്രത്തിൽ ഉത്സവമായി കൊണ്ടാടി വരുന്നു.ചുറ്റമ്പലത്തോട് കൂടിയ ക്ഷേത്രത്തിനു പുറകിൽ കുളം സ്ഥിതി ചെയ്യുന്നു.ആറടിയോളം ഉയരമുള്ള ദാരു വിഗ്രഹത്തിൽ ഭദ്രകാളി ഭാവത്തിൽ കാരിക്കോട്ടമ്മ സ്ഥിതി ചെയ്യുന്നു.ശിവൻ,ഘണ്ടാകർണൻ,ഗണപതി, ദുർഗാ എന്നിവർ ഉപദേവതമാരാണ്.

കാർഷിക മേള & പുഷ്പ മേള

ശ്രീ പി ജെ ജോസഫ് എം എൽ എ യുടെ നേതൃത്വത്തിൽ തൊടുപുഴയിൽ വർഷങ്ങളായി നടന്നുവരുന്ന  കാർഷിക മേളയും പുഷ്പമേളയും അയൽ  ഗ്രാമങ്ങളിൽ നിന്നുപോലും അനേകായിരങ്ങളെ തൊടുപുഴയിലേക്ക് ആകർഷിക്കുന്നു. രണ്ടാഴ്ചയോളം നീണ്ടുനിൽക്കുന്ന കാർഷിക മേളയിൽ   കർഷകർ  അവരുടെ കൃഷിയിടങ്ങളിൽ ഉണ്ടായ ഏറ്റവും വലിയ  ചക്കയും, ചേനയും, മാങ്ങയും, കൂടുതൽ  തേങ്ങയുള്ള തേങ്ങാക്കുലയും,  നീളംകൂടിയ പടവലങ്ങയും, മറ്റു കാർഷിക ഉൽപന്നങ്ങളുമെല്ലാം പ്രദർശനത്തിനായി ആയി ഒരുക്കിയിട്ടുണ്ടാവും. വിത്തുകളും തൈകളും മറ്റു നടീൽ വസ്തുക്കളും എല്ലാം കാർഷികമേളയിൽ ലഭ്യമാണ്.  വൈകുന്നേരങ്ങളിലെ   പൊതുസമ്മേളനങ്ങളും കലാപരിപാടികളും മറ്റുമായി  ഈ രണ്ടാഴ്ചക്കാലം തൊടുപുഴയ്ക്ക് ഉത്സവമേളം ആണ് . മനസ്സിനെ കോൾമയിർ കൊള്ളിക്കുന്ന  പുഷ്പമേളയാണ്  തൊടുപുഴയുടെ മറ്റൊരു ആകർഷണം. പല തരത്തിലും വർണ്ണങ്ങളിലുള്ള പൂക്കൾ കാണുവാനും ആസ്വദിക്കുവാനും  അവ സ്വന്തമാക്കാനുള്ള അവസരമാണ് പുഷ്പമേള. ചെടികൾ കൊണ്ടു വളരെ മനോഹരമായി അലങ്കരിച്ച പ്രദർശന ഗ്രൗണ്ടും നാനാവർണങ്ങളിലുള്ള പൂക്കളും ആളുകളെ പുഷ്പമേളയിലേക്കു ആകർഷിക്കുന്നു.

ഗജമേള

വർഷങ്ങൾക്കു മുമ്പ് തൊടുപുഴയുടെ കാർണിവൽ ദിനങ്ങളെ  വർണാഭമാക്കിയ പ്രധാന ഇനം  ഗജമേളകളായിരുന്നു. സെന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ഗ്രൗണ്ടിൽ അണിനിരക്കുന്ന ആനകൾ തൊടുപുഴയുടെ രാജ വീഥികളിലൂടെ മന്ദം മന്ദം ന്യൂമാൻ കോളേജ് ഗ്രൗണ്ടിലേക്കു നടന്നു നീങ്ങുന്ന ഘോഷയാത്ര  മനം കുളിർക്കുന്ന  കാഴ്ച്ചകളായിരുന്നു. . 101 ആനകളെ  പങ്കെടുപ്പിച്ചുകൊണ്ടു  നടന്ന ഗജമേള തൊടുപുഴ നഗരത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു. ആനയോട്ടവും, കുതിരയോട്ടവുമെല്ലാം കാർണിവൽ ദിനങ്ങളുടെ അവർണ്ണനീയമായ കാഴ്ചകളായിരുന്നു.