ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ/എന്റെ ഗ്രാമം

കോട്ടയം ജില്ലയിലെ വൈക്കം താലുക്കിൽ പെടുന്ന പഞ്ചായത്താണ് തലയോലപ്പറമ്പ്. എറണാകുളം - കോട്ടയം പാതയിലായി തലയോലപ്പറമ്പ് സ്ഥിതിചെയ്യുന്നു.

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ കടുത്തുരുത്തി ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത്. 20.63 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ തെക്ക് തലയാഴം, കല്ലറ, കടുത്തുരുത്തി പഞ്ചായത്തുകൾ, വടക്ക് മുളക്കുളം, വെള്ളൂർ പഞ്ചായത്തുകൾ, കിഴക്ക് മുളക്കുളം, കടുത്തുരുത്തി പഞ്ചായത്തുകൾ, പടിഞ്ഞാറ് മറവൻതുരുത്ത്, വെള്ളൂർ, ഉദയനാപുരം പഞ്ചായത്തുകൾ എന്നിവയാണ് [1]. ഈ ഗ്രാമത്തിന്റെ സമൃദ്ധിക്ക് നിദാനം മൂവാറ്റുപുഴയാറാണ്. ഈ ഗ്രാമത്തിന്റെ ചരിത്രം സംഭവബഹുലമാണ്. തലയെടുപ്പുള്ള സാഹിത്യ സാംസ്കാരിക രാഷ്ട്രീയ നായകൻമാരുടെ ജന്മനാടെന്ന നിലയിലും തലയോലപ്പറമ്പ് ശ്രദ്ധ നേടി. പ്രസിദ്ധസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീർ, തിരുവിതാംകൂർ നിയമസഭാ സ്പീക്കർ, തിരു-കൊച്ചി മുഖ്യമന്ത്രി, മദ്രാസ് ഗവർണ്ണർ എന്നീ സ്ഥാനങ്ങൾ അലങ്കരിച്ച എ. ജെ. ജോൺ, ആനാപ്പറമ്പിൽ, നിയമസഭാ സാമാജികൻ, പഞ്ചായത്ത് പ്രസിഡന്റ്, സാമുദായിക നേതാവ് എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കെ.ആർ. നാരായണൻ എന്നിവർ ഈ നാട്ടുകാരായിരുന്നു.

തലയോലപ്പറമ്പ് ചന്തയുടെ സ്ഥാപകൻ തിരുവിതാംകൂറിൽ ദളവയായിരുന്ന വേലുത്തമ്പി ദളവയാണ്. ആഴ്ചയിൽ രണ്ടു വട്ടം, ചൊവ്വ, ശനി ദിവസങ്ങളിലാണ് ചന്ത പ്രവർത്തിക്കുന്നത്. വൈക്കം, കടുത്തുരുത്തി, കീഴൂർ, തുടങ്ങിയ സമീപ പ്രദേശങ്ങളിലെ ഉല്പാദകരും, ഉപഭോക്താക്കളും, ചെറുകിട കച്ചവടക്കാരും, വൻകിട വ്യാപാരികളും തങ്ങളുടെ ക്രയവിക്രയങ്ങൾക്ക് ഈ ചന്തയെ കാര്യമായി ആശ്രയിക്കുന്നു പഴയകാലത്ത്, കോട്ടയം ഡിവിഷനിൽപ്പെട്ട ഹൈറേഞ്ച് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ഉൽപ്പന്നങ്ങൾ തലയോലപ്പറമ്പ് മാർക്കറ്റ് വഴിയാണ് ആലപ്പുഴയിലേയും കൊച്ചിയിലേയും വാണിജ്യ കേന്ദ്രങ്ങളിൽ എത്തിച്ചിരുന്നത്. ഇവിടെയുള്ള പുണ്ഡരീകപുരംക്ഷേത്രം അജന്താ ചുവർചിത്രങ്ങളിൽ തുടരുന്ന ചിത്രകലാ പാരമ്പര്യത്തിന്റെ ഭാഗമാണ്. പച്ചിലച്ചാറുകൊണ്ട് രചിച്ചിട്ടുള്ള ഈ ചിത്രങ്ങൾ വിദേശികളായ സന്ദർശകരെപ്പോലും ആകർഷിക്കുന്നു. ഈ പഞ്ചായത്തിൽ പത്ത് ഹൈന്ദവ ക്ഷേത്രങ്ങളും, മൂന്ന് ക്രൈസ്തവ ഇടവകദേവാലയങ്ങളും, രണ്ട് മുസ്ളീം പള്ളികളുമുണ്ട്. പുരാതനവും ആധുനികവുമായ ശില്പകലാ മാതൃകകൾ ഇവിടെ ദർശിക്കാനാവും. ഏറെ സവിശേഷതകളുള്ള ഒരു ജലോത്സവവും ഇവിടെ നടക്കുന്നു. വടയാർ ഇളംകാവ് ക്ഷേത്രത്തിൽ വർഷം തോറും മീനമാസത്തിലെ അശ്വതിനാളിൽ നടത്തുന്ന ആറ്റു വേലയാണിത്.മൂവാറ്റുപുഴയാറിൽ വലിയ വഞ്ചികളിൽ മൂന്ന് നിലകളിലായി ആറ്റുവേല നിർമ്മിക്കുന്നു. ആറ്റുവേലക്ക് അകമ്പടി സേവിച്ച് തട്ടിലൊരുക്കിയ ഗരുഡൻ തൂക്കങ്ങളും, വഞ്ചികളിലൊരുക്കിയ വൈദ്യുത ദീപാലങ്കാരങ്ങളും ഉണ്ടാകും. വിദേശികളായ സന്ദർശകരും ആറ്റുവേല ദർശിക്കാനെത്താറുണ്ട്.