അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ വിദ്യാലയം

നമ്മുടെ നാടിൻ സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് ആരംഭിച്ച്, ചേരാനല്ലൂർ പഞ്ചായത്തിലേയും സമീപ പഞ്ചായത്തുകളിലേയും ഒട്ടനവധി പ്രഗത്ഭർക്ക് അറിവിന്റെ വെളിച്ചം പകർന്നു കൊടുത്ത വിദ്യാഭ്യാസ സ്ഥാപനമാണ് അൽഫറൂഖ്യ ഹയർ സെക്കന്ററി സ്കൂൾ .ഹയർ സെക്കന്ററി അടുത്ത കാലത്താണ് വന്നതെങ്കിലും ഹൈസ്കൂൾ എന്ന നിലയിൽ ആരംഭം കുറിച്ച സ്‌കൂൾ ഇന്ന് ജില്ലയിലെ പ്രധാനപ്പെട്ട 10 സ്‌കൂളുകളിൽ ഒന്നായി മാറി .സംസ്ഥാനത്തെ 100 വിദ്യാലയങ്ങളിൽ ഒന്നായി മാറാനും നമ്മുടെ സ്‌കൂളിന് സാധിച്ചു. പണ്ടു കാലത്തെ പാവങ്ങളുടെ അറിവിന്റെ വളർച്ചക്ക് കാരണമായി തിളങ്ങി നിന്ന നമ്മുടെ സ്‌കൂൾ ഇന്ന് നമ്മുടെ പഞ്ചായത്തിന്റെ അഭിമാനനക്ഷത്രമായി തിളങ്ങിനിൽക്കുന്നു. കാലഘട്ടത്തിന്റെ അപചയങ്ങൾക്കിടയിലും ഉയർത്തെഴുന്നേൽക്കാൻ നമ്മുടെ സ്കൂ‌ളിന് സാധിച്ചു. ഒരു ഘട്ടത്തിൽ കുട്ടികൾക്ക് അടിസ്ഥാനസൗകര്യം പോലും ഇല്ലാതിരുന്ന ,ഇരിക്കാൻ നല്ല ബഞ്ചുകളോ ഡെസ്ക്കുകളോ എന്തിന്, നല്ല ബാത്ത്റൂം സൗകര്യം പോലും ഇല്ലാതിരുന്ന കാലഘട്ടത്തിൽ നിന്ന് ഇന്ന് സ്വന്തമായി കുട്ടികൾക്ക് നീന്തൽ പരിശീലനം നടത്താൻ കഴിയുന്ന തരത്തിൽ നീന്തൽകുളമുളള ജില്ലയിലെ പ്രധാന സ്‌കൂളായി നമ്മുടെ സ്‌കൂൾ മാറി

വിദ്യാഭ്യാസ മേഖലയിലെ അക്കാദമിക് ആയാലും, അൺ അക്കാദമിക് ആയാലും ഏത് മത്സരവിഭാഗത്തിലും നമ്മുടെ സ്‌കൂളിന്റെ തനതായ മികവ് നമുക്ക് കാണിക്കാൻ കഴിയുന്നു എന്നത് നമ്മുടെ സ്കൂ‌ളിലെ അദ്ധ്യാപകരുടെയും, അനദ്ധ്യാപകരുടെയും പി ടി എ യുടെയും എല്ലാ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് .സ്‌കൂളിലെ അദ്ധ്യാപക രക്ഷാകർത്താ സൗഹൃദം എന്നു പറയുന്നത് തന്നെയാണ് നമ്മുടെ സ്‌കൂളിന്റെ വളർച്ചക്ക് പ്രധാന കാരണം. ആ പഴയ സ്‌കൂൾ ഗ്രൗണ്ടിലെ വാകമരവും, സ്‌കൂളിന്റെ മുമ്പിലെ ബോസ് ചേട്ടന്റെ മിഠായി കടയും, വിദ്യാർത്ഥി സമരങ്ങളും, എല്ലാം സ്‌കൂളിന്റെ ചരിത്രത്തിന്റെ ഭാഗമായി എല്ലാ പൂർവ്വവിദ്യാർത്ഥികളുടെയും മനസ്സിൽ മായാതെ മറയാതെ നിൽക്കുന്നു എന്നതും നമ്മുടെ സ്‌കൂളിന്റെ പ്രത്യേകതയാണ്. നമ്മുടെ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് ചിറ്റൂർ ചേരാനല്ലൂർ പ്രധാനറോഡിന്റെ കിഴക്കുവശത്തായി സ്ഥിതിചെയ്യുന്ന നമ്മുടെ സ്‌കൂളിന്റെ മുൻപിലൂടെ കടന്നുപോകുന്ന ഓരോ മനുഷ്യനും സ്കൂളിനെ നോക്കി ഒന്നു നെടുവീർപ്പ് ഇടുന്നത് പതിവുകാഴ്‌ചയാണ്. ഞാൻ പഠിച്ച, എനിക്ക് അറിവ് പകർന്നു തന്ന നല്ലതും ചീത്തയുമായ ഒരുപാട് അനുഭവങ്ങൾ സമ്മാനിച്ച എന്റെ കുട്ടിക്കാലവും, കൗമാരവും എല്ലാം ചിലവഴിച്ച എന്നെ ഞാനാക്കി മാറ്റിയ അറിവിന്റെ വെളിച്ചം പകർന്നുനൽകിയ എന്റെ സ്‌കൂൾ ഇന്ന് തലയെടുപ്പോടെ നീണ്ടുനിവർന്ന് നിൽക്കുന്നത് കാണു മ്പോൾ മനസ്സിൽ നിറയുന്ന കുളിർമയേറിയ സന്തോഷത്തിൽ ആത്മാർത്ഥതയോടെ നെഞ്ചത്ത് കൈവച്ച് ഓരോരുത്തരും പറയും .ഇതെന്റെ സ്‌കൂൾ ,ഞാൻ പഠിച്ച എന്റെ മക്കൾ പഠിച്ച എന്റെ സ്‌കൂൾ അതാണ് നമ്മുടെ സ്‌കൂളിന്റെ മറ്റൊരു പ്രത്യേകത. ഈ സ്‌കൂളിൽ പഠിച്ച ഏത് വിദ്യാർത്ഥിക്കും അവന്റെ ജീവിതത്തിൽ ഒരിക്കലും മാറ്റി നിർത്താൻ പറ്റാത്ത ഒരു ഏടായിനമ്മുടെ സ്‌കൂൾ മാറുന്നു. ഇന്ന് നമ്മുടെ നിയാസ് ചോല സാറിന്റെ പഞ്ചഭാഷ അസംബ്ലി കാണുമ്പോൾ തീർച്ചയായും നമ്മുടെ ആ പഴയ അസംബ്ലി മറക്കാൻ കഴിയാത്തതായി മാറുന്നു .കയ്യ ടീച്ചറും, ശാന്തകുമാരി ടീച്ചർ, മേരി ടീച്ചർ, സുധ ടീച്ചർ, ജിജി ടീച്ചർ, ആബിത ടീച്ചർ, ജോസ് സാർ. ജോർജ് സാർ, ഹൈദർ സാറ്, ഖാലിദ് സാർ മനോഹരൻ സാർ ,ബാലകൃഷ്ണൻ സാർ, ഹേമലത ടീച്ചർ, സതി ടീച്ചർ അങ്ങനെ മാറിമാറി വന്ന നിരവധി ടീച്ചർമാർ നമുക്ക് വേണ്ടി എന്തുമാത്രം കഷ്‌ടപ്പാടും ബുദ്ധിമുട്ടും അനുഭവിച്ചു എന്ന് ഇപ്പോഴാണ് ശരിക്കും എനിക്ക് മനസ്സിലാക്കാൻ ഇടയായത്. എന്നെപോലെ മറ്റു പല പൂർവ്വ വിദ്യാർത്ഥികളും അത് മനസ്സിലാക്കി കാണാനാണ് സാധ്യത. എഴുതിയാലും പറഞ്ഞാലും തീരാത്ത ചരിത്രവും, പ്രാധാന്യവും കഥകളും നിറഞ്ഞ നമ്മുടെ സ്‌കൂൾ ഇന്ന് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിന്റെ ഒരു ചെറിയ ഭാഗമായി കണ്ട്, ഇനിയും സ്‌കൂളിന്റെ വളർച്ചയ്ക്കുവേണ്ടി ചെയ്യാവുന്ന സഹായങ്ങൾ ചെയ്യാൻ എല്ലാവരുടെയും പിന്തുണ ഉണ്ടാകണമെന്ന് മാത്രം പറഞ്ഞുകൊണ്ട് അന്നത്തെ സ്‌കൂളിലെ അസംബ്ലിയിലെ രണ്ടുവരി പ്രാർത്ഥനവരി കൂടി പറഞ്ഞുകൊണ്ട് നിറുത്തട്ടെ...

പരിപാഹി ദൈവമേ

കൈതൊഴുന്നിതാ ജയമെന്നും

ഞങ്ങൾക്കേകണേ ഈശ്വരാ

ഭവ വിദ്യാർത്ഥികളാം ഞങ്ങളെ

വിക്‌ഞരാക്കണേ വിദ്യാർത്ഥികളാം

ഞങ്ങളെ വിക്‌ഞരാക്കണേ

സർവ്വജരാജരനായകാ ഈശ്വര്

ഭവ സർവ്വജരാജരനായകാ

ഈശ്വര് ഭവ പരിപാഹി ദൈവമേ

കൈതൊഴുന്നിതാ ജയമെന്നും

ഞങ്ങൾക്കേകണേ ഈശ്വരാ ഭവ


കെ എസ് ഷാലു

പി ടി എ പ്രസിഡന്റ്