അഴിയൂർ ഈസ്റ്റ് യു പി എസ്/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഞാൻ അറിയാതെപോയ എന്നിലെ നേതാവ്

          അറിവിന്റെ ആദ്യാക്ഷരങ്ങളുടെ ലോകം പരിചയപ്പെടുത്തുന്ന   അതുല്യ വ്യക്തി ത്വങ്ങളാണ് ഗുരുനാഥന്മാർ.   ഈ ഗുരുനാഥന്മാരാണ് ഒരു കുട്ടിയിൽ സ്ഥായിയായ,   സവിശേഷമായ സ്വഭാവഗുണങ്ങൾ രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നത് .ഉയർന്ന ക്ലാസ്സുകളിൽ എത്തുന്നതോടെ അധ്യാപകർ ഗൈഡ്ആയിമാറുകയാണ്.പ്രാഥമികവിദ്യാലയാന്തരീക്ഷത്തിൽ   ഏതൊരാൾക്കും അനുഭവങ്ങളുടെ  ഒരുകലവറതന്നെ അവകാശപ്പെടാനുണ്ടാകും.അഹങ്കാരമായി കൊണ്ടു നടക്കാൻ എനിക്കുമുണ്ട് അനുപമമായ അത്തരമൊരു പ്രാഥമിക വിദ്യാലയം. എന്നെ ഞാനാക്കിയ മഹാപാഠശാല. അനുസ്യൂതവും അഭംഗുരവുമായ മികവ് ഇന്നും കാത്തുസൂക്ഷിക്കുന്ന അഴിയൂർ ഈസ്റ്റ്‌. യു. പി. സ്കൂൾ ആണ് പ്രസ്തുത വിദ്യാലയം.

         1977-78 ൽ ഞാൻ ആ വിദ്യാല ലയത്തിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു. ശ്രീ. ലക്ഷ്മണൻ മാസ്റ്റർ ആയിരുന്നു എന്റെ ക്ലാസ് അദ്ധ്യാപകൻ. അക്ഷരാർത്ഥത്തിൽ ഒരു മാതൃകാധ്യാപകൻ ആയിരുന്നു അദ്ദേഹം. ശരാശരി വിദ്യാർഥിയായിരുന്ന ഞാൻ ഇംഗ്ലീഷ് പഠനത്തോട് വളരെയധികം ആഭിമുഖ്യം കാണിക്കാൻ കാരണം ലക്ഷ്മണൻ മാഷിന്റെ ഇംഗ്ലീഷ് പാടവം തന്നെയായിരുന്നു. ഇംഗ്ലീഷ് സ്പെല്ലിങ്ങ് പഠിപ്പിക്കാൻ അദ്ദേഹം അവലംബിച്ച രീതികൾ ശ്രദ്ധേയമായിരുന്നു. ഹാജർ എന്ന ഇംഗ്ലീഷ് വാക്കായ അറ്റന്റൻസിന്റെ സ്പെല്ലിങ്ങ് പഠനം ഒരു ഉദാഹരണം മാത്രം. എവിടെയും പത്തു മണിക്കാണ് പ്രവർത്തനം ആരംഭിക്കുകഎന്നും സമയത്തിനുമുമ്പിൽ അറ്റ് എന്ന പ്രീപൊസിഷൻ നിർബന്ധമായും വരണമെന്നും പ്രവർത്തനം ആരംഭിക്കൽ നൃത്തം ചെയ്യുന്നതിന് സമാനമാണെന്നും അതുകൊണ്ട് അറ്റന്റൻസിനെ അറ്റ് ടെൻ ഡാൻസ് എന്നാക്കി വിഭജിച്ച്‌ കുട്ടികളിൽ ഉറപ്പിച്ചു.

           ക്ലാസ് അദ്ധ്യാപകനായതിനാൽ ക്ലാസ് ലീഡറെ തെരഞ്ഞെടുക്കുന്നതിനായി രണ്ടു കുട്ടികളുടെ പേര് അദ്ദേഹം ക്ലാസ്സിൽ അവതരിപ്പിച്ചു. നല്ലവണ്ണം പഠിക്കുന്ന ജ്യോതിരാജ് ആയിരുന്നു ഒരാൾ. അദ്ദേഹം ഇന്ന് മാഹിയിലെ പ്രശസ്തനായ ഒരു അഭിഭാഷകനാണ്. അദ്ദേഹം മുന്നോട്ട് വെച്ച രണ്ടാമത്തെ പേര് എന്റേതായിരുന്നു.          അസ്വസ്തനായ ഞാൻ എന്നെ ഒഴിവാക്കിത്തരാൻ അദ്ദേഹത്തോട് കേണപേക്ഷിച്ചു. എന്റെ പേര് പിൻവലിക്കാൻ അദ്ദേഹം തയ്യാറായില്ല. ഒടുവിൽ വോട്ടെടുപ്പ് നടത്താൻ തീരുമാനമായി. ഓരോരുത്തരും രണ്ടിൽ ഒരാളുടെ പേര് എഴുതി കാണാത്തരീതിയിൽ സുരക്ഷിതമായി മടക്കി അദ്ദേഹത്തെ ഏല്പിക്കുക.അദ്ദേഹം അത് ഇതിനായി തയ്യാറാക്കിയ ഒഴിഞ്ഞ ചോക്ക് പെട്ടിയിൽ ഇടും. ഒടുവിൽ വോട്ടുകൾ എണ്ണി ഫലം പ്രഖ്യാപിച്ചു. എന്നെ ഞെട്ടിച്ച പ്രഖ്യാപനമായിരുന്നു അത്. കൂടുതൽ വോട്ടുകൾ നേടി ഞാൻ വിജയിച്ചിരിക്കുന്നു. എന്നെ അതിലും കൂടുതൽ ഞെട്ടിച്ച മറ്റൊരു പ്രഖ്യാപനം കൂടെയുണ്ടായി. എന്നെ തോല്പിക്കാൻ വേണ്ടി ഞാൻ തന്നെ എതിർ സ്ഥാനാർഥിക്കു വോട്ടു രേഖപ്പെടുത്തിയത് പെട്ടിയിൽ ഇടാതെ അദ്ദേഹം കയ്യിൽ സൂക്ഷിച്ചിരുന്നു. ക്രാന്തദർശിയായ അദ്ദേഹം അത് മുൻകൂട്ടികണ്ടിരുന്നു.എന്നിൽ വലിയൊരു ജാള്യതയുണ്ടാക്കിയ വെളിപ്പെടുത്തലായിരുന്നു അത്. അങ്ങിനെ ഏഴാം തരം ബി.യുടെ നായകത്വം ഞാൻ ഏറ്റെടുത്തു.

           മേലനുഭവം എന്റെ പഠനത്തിൽ അനുകരണീയമായ ഒരു പാഠം ചേർക്കപ്പെടുകയുണ്ടായി. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടിവരുമ്പോൾ ഓടിയൊ ളിക്കുന്നത് മാതൃകപരമല്ലെന്നും തന്റെ കഴിവുകൾ ഉപയോഗപ്പെടുത്തി അത് വിജയപ്രദമാക്കുമ്പോഴാണ് നമുക്ക് ലഭിച്ച വിദ്യാഭ്യാസത്തിന്റെ ഔന്നത്യം മറ്റുള്ളവർക്ക് ബോധ്യപ്പെടുത്താനാവുക. പ്രവർത്തന രംഗങ്ങളിൽ അസാധാരണമായ കഴിവുകൾ കാഴ്ചവെക്കുന്നവർ ഉണ്ടായേക്കാം. നമ്മൾ നമ്മളിലെ കഴിവുകൾ പ്രയോജപ്പെടുത്തുക. മഹാ കവി രവീന്ദ്രനാഥ ടാഗോറിന്റെ " ദ ലിറ്റിൽ ലാമ്പ് "എന്നകവിത ഇവിടെ വളരെ അനുയോജ്യമാണ്. നമുക്ക് ഒരു സൂര്യനോ, ചന്ദ്രനോ ആകാൻ പറ്റില്ലെങ്കിലും ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടമെങ്കിലും മറ്റുള്ളവർക്കായി പ്രദാനം ചെയ്യാൻ പറ്റും. അണ്ണാറകണ്ണനും തന്നാലായതു പോലെ .("We can not be a sun or moon, but we can be a little lamp ")

                      അഴിയൂർ ഈസ്റ്റ് യു പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുംകവിയും ബ്ലോക്ക് പഞ്ചായത്തിൽ നിന്നും റിട്ടയർ ചെയ്ത ഉദ്യോഗസ്ഥനും ആണ്   മേഘനാദൻ അഴിയൂർ.