സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/പ്രകൃതിയുടെ സംരക്ഷകർ നമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:10, 30 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreekumarkottayam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയുടെ സംരക്ഷകർ നമ്മൾ

മനുഷ്യനും പ്രകൃതിയുംതമ്മിൽ ആദിമുതൽ ഉണ്ടായിരുന്ന ഊഷ്മളമായ ഒരു ബന്ധം സ്വന്തം ദുഷ് പ്രവർത്തികൾ മൂലം നഷ്ടപ്പെടുത്തിയ മാനവകുലം സ്വന്തം നാശത്തിന്റെ വക്കിൽ എത്തി നിൽക്കുന്നു എന്ന് പറയേണ്ടിവരും. സൃഷ്ടാവിന്റെ വരദാനമായി മനുഷ്യനുലഭിച്ച പ്രകൃതിയെ അവളുടെ ദീനരോദനങ്ങൾ കണക്കിലെടുക്കാതെ മനുഷ്യർ ചൂഷണം ചെയ്തതിന്റെ ഫലമായി പരിസ്ഥിതിയിൽ ഉണ്ടായ മാറ്റങ്ങൾ വൻ ദുരന്തങ്ങൾ ഇന്ന് മനുഷ്യകുലത്തിന് സമ്മാനിക്കുന്നു.

സ്വന്തം കീശ വീർപ്പിക്കുവാൻ വേണ്ടി മനുഷ്യർ പ്രകൃതിയെ തച്ചുതകർക്കുമ്പോൾ തങ്ങളുടെ ഈ ദുഷ് പ്രവർത്തിമൂലം സഹജീവികൾക്കും തങ്ങൾക്കുതന്നെയും മരണക്കെണിയാണൊരുക്കുന്നതെന്ന് പലരും വിസ്മരിക്കുന്നു. പ്രകൃതിയുടെ മനോഹാരിത വർദ്ധിപ്പിച്ചിരുന്ന പല മലനിരകളും കുന്നിൻപുറങ്ങളും നിലനിന്നിരുന്ന സ്ഥലത്ത് ഇന്ന് അനേകം മണിമന്ദിരങ്ങൾ നിറഞ്ഞുനിൽക്കുന്നു. ധനമോഹത്താൽ വനദേശങ്ങളെ മരുഭൂമികളാക്കിയ മർത്യൻ, കാലംതെറ്റിയ കാലാവസ്ഥയുടെ കലിതുള്ളലിൽ ഭയചകിതനായി വിറങ്ങലിച്ചുനിന്നുപോകുന്നു.

വികസനത്തിന്റെ പേരിൽ നദികളിലെ മണൽ അശാസ്ത്രീയമായി ഊറ്റിയെടുത്തപ്പോൾ അതിൽനിന്നും ലഭിച്ച നക്കാപ്പിച്ച സാമ്പത്തികലാഭം കൊയ്തവർതന്നെ ഇന്ന് നമ്മുടെ നദികളേയും ജലസ്രോതസ്സുകളേയും സംരക്ഷിക്കുവാൻ മുന്നിട്ടിറങ്ങുന്നതുകാണുമ്പോൾ ഇവരെല്ലാം ഈ സമൂഹത്തിന്റെ ഭാഗമാണെന്നോർത്തുലജ്ജിക്കുവാനേ നമുക്ക് കഴിയൂ.

ഒരിക്കൽ അനുഗ്രഹമായി മനുഷ്യൻ ഉപയോഗിച്ചിരുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നമ്മുടെ പരിസ്ഥിതിയുടെ അന്തകനാണെന്ന് മനസ്സിലാക്കിയപ്പോഴേയ്ക്കും സമൂഹത്തിൽ അതിന്റെ ഉപയോഗം മൂലമുണ്ടായ പ്രത്യാഘാതങ്ങൾ വളരെ വലുതായിരുന്നു എന്നു നമുക്കറിയാം. ക്യാൻസർ പോലുള്ള മാരകരോഗങ്ങൾ പ്ലാസ്റ്റികിന്റെ ഉപയോഗം മൂലം സമൂഹത്തിൽ ശാപമായി പടരുവാൻ കാരണമായി.

മണ്ണും മലയും പുഴകളും തുടങ്ങി പ്രകൃതിയുടെ പ്രതീകങ്ങളെല്ലാം സ്വാർത്ഥമായ ലാഭേച്ഛയ്ക്കുവേണ്ടി നശിപ്പിച്ചുകൊണ്ടാണ് മനുഷ്യൻ ആധുനികത ആഘോഷിച്ചത്. എന്നാൽ പ്രകൃതിയോട് അവൻ ചെയ്ത ക്രൂരതകളോട് അതേനാണയത്തിൽ പ്രകൃതിയും തിരിച്ചടിക്കാൻ തുടങ്ങിയപ്പോൾ പരിസ്ഥിതിയുടെ സംരക്ഷണം എത്ര പ്രധാനമാണെന്ന് അവൻ മനസ്സിലാക്കുവാൻ തുടങ്ങിയിരിക്കുന്നു. നമുക്കും പ്രകൃതിയുടെ സംരക്ഷകരായി മാറാം.

അമല സെബാസ്റ്റ്യൻ
4 സി എസ് എൽ ടി എൽ.പി.സ്കൂൾ ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreekumarkottayam തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം