ജി.എൽ.പി.സ്കൂൾ കെ.പുരം/അക്ഷരവൃക്ഷം/സന്തോഷം കെടുത്തിയ കോവിഡ്

21:25, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സന്തോഷം കെടുത്തിയ കോവിഡ് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സന്തോഷം കെടുത്തിയ കോവിഡ്

മിനിക്കുട്ടി പതിവുപോലെ സ്കൂളിലേക്ക് പോയി. സ്കൂൾ വിടുന്ന സമയത്ത് ടീച്ചർ പറഞ്ഞു, "നാളെ മുതൽ സ്കൂളിന് അവധിയാണ്, പരീക്ഷയെല്ലാം മാറ്റി, നാളെ മുതൽ വീടിന്റെ ഉള്ളിൽ തന്നെ ഇരിക്കണം പുറത്തൊന്നും പോവരുത്."മിനിക്കുട്ടിക്ക് സന്തോഷമായി, എപ്പോഴും കളിക്കാമല്ലോ. പക്ഷേ ഒരു സങ്കടം മാത്രം... വീട്ടിൽ ഒറ്റക്കിരുന്നു കളിക്കണം. അടുത്ത വീട്ടിലെ അമ്മുന്റേം നീതുന്റേം കൂടെ കളിക്കാൻ പറ്റില്ലാലോ. അവൾ അമ്മയോട് കാര്യം പറഞ്ഞു. പക്ഷേ അമ്മയും പറഞ്ഞു പുറത്തൊന്നും പോകരുതെന്ന്. കൂടെ ഒരു സന്തോഷവാർത്തയും പറഞ്ഞു, അവളുടെ അച്ഛൻ നാളെ ഗൾഫിൽ നിന്നും വരുന്നുണ്ടെന്ന്.. മിനിക്കുട്ടിക്ക് ആശ്വാസമായി. അച്ഛൻ വന്നാൽ അച്ഛന്റെ കൂടെ കളിക്കാമല്ലോ... നേരം പുലർന്നു മിനിക്കുട്ടി സന്തോഷത്തോടെ എണീറ്റ് കുളിച്ചു ഒരുങ്ങി, അച്ഛനെ കാത്തിരുന്നു. അവളുടെ അച്ഛൻ വന്നു. പക്ഷേ അച്ഛൻ അവളെ ഉമ്മവെച്ചില്ല, എടുത്തില്ല, ഒന്ന് അടുത്തേക്ക് വന്നുപ്പോലും ഇല്ല. കളിക്കാനും വന്നില്ല. ഒരു റൂമിൽ അച്ഛൻ ഒറ്റക്കിരിക്കുന്നു. അവൾ ആകെ വിഷമത്തിലായി, അമ്മയോട് കാര്യം തിരക്കി. അമ്മ പറഞ്ഞു, "പതിനാലുദിവസം കഴിഞ്ഞാൽ അച്ഛൻ മോളുടെ കൂടെ കളിക്കും, ഉമ്മവെക്കും, എല്ലാത്തിനും കൂടെ വരും." "അതെന്താ അമ്മേ... ഇത്രയും ദിവസം കളിച്ചാൽ? " അമ്മ അവൾക്ക് കൊറോണയെ കുറിച്ച് എല്ലാം വിശദമായി പറഞ്ഞു കൊടുത്തു. പതിനാലുദിവസം കഴിഞ്ഞാലേ ഒരാളുടെ ശരീരത്തിൽ കൊറോണ വൈറസ് ഉണ്ടെന്ന് പരിശോധനയിൽ തെളിയുകയുള്ളൂ. അത്രയും ദിവസം മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടാൽ അവർക്കും വ്യാപിക്കും. വായിലൂടെയും, മൂക്കിലൂടെയും കണ്ണിലൂടെയുമൊക്കെയാണ് വൈറസ് വ്യാപിക്കുന്നത്. അതുകൊണ്ട് കൈ എപ്പോഴും സോപ്പ് ഉപയോഗിച്ച് കഴുകണം. വായും മൂക്കും തൂവാലകൊണ്ട് കെട്ടണം. തുമ്മുമ്പോഴും, ചുമക്കുമ്പോഴും വായും മൂക്കും തൂവാലകൊണ്ട് പൊത്തിപിടിക്കണം. മിനിക്കുട്ടിക്ക് എല്ലാം മനസിലായി. അവൾ പിന്നീട് കരുതലോടെ വീട്ടിൽ തന്നെയിരുന്ന് പ്രാർത്ഥിച്ചു. "ദൈവമേ... എന്റെ അച്ഛനെയും മറ്റ് എല്ലാവരേയും കൊറോണ വൈറസ് വരുത്താതെ കാക്കണേ...... "

ഷിഫ നസ്രിൻ. കെ
3C, ജി എൽ പി സ്കൂൾ കെ പുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം