ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/പരിസരശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
20:13, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vgragvtlps (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= പരിസരശുചിത്വം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസരശുചിത്വം


ആരോഗ്യമുള്ള ജനതയാണ് ഒരു നാടിൻ്റെ സമ്പത്ത്.ഒരു നാട്ടിലെ ജനങ്ങളുടെ ആരോഗ്യം ആ നാട്ടിലെ പൊതു സ്ഥലങ്ങളുടെയും ,ജലാശയങ്ങളുടെയും വ്യത്തിയെ ആശ്രയിച്ചിരിക്കുന്നു. നമ്മൾ മലയാളികൾ വ്യക്തി ശുചിത്വം പാലിക്കുന്ന കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തുന്നവരാണ്. എന്നാൽ പരിസര ശുചിത്വത്തിൻ്റെ കാര്യത്തിലോ .......? സ്വന്തം വീട്ടിലെ മാലിന്യങ്ങൾ പൊതിഞ്ഞ് കവറുകളിലാക്കി അന്യൻ്റെ പറമ്പിലേക്കോ, നിരത്തു വക്കിലേക്കോ വലിച്ചെറിയാൻ നമുക്കൊരു മടിയുമില്ല. ഇത്തരം പ്രവൃത്തികളുടെ ഫലങ്ങൾ നാം തന്നെ അനുഭവിക്കേണ്ടി വരുന്നു. വഴിയരികിലും ബസ് സ്റ്റാൻ്റുകളിലും കുമിഞ്ഞുകൂടുന്ന മാലിന്യങ്ങളും മലിനമാക്കപ്പെട്ട ജലസ്രോതസുകളും നമുക്ക് സമ്മാനിക്കുന്നത് എണ്ണിയാലൊടുങ്ങാത്ത രോഗങ്ങളാണ്.

          നിങ്ങൾ ക്യാമറ നിരീക്ഷണത്തിലാണ് എന്ന് റോഡരുകിൽ എഴുതി വച്ചതുകൊണ്ട് വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങൾ കുറയുന്നില്ല. മാലിന്യങ്ങളെ ഫലപ്രദമായി പരിപാലിക്കാനുള്ള ശാസ്ത്രീയമാർഗങ്ങൾ കണ്ടെത്തുകയാണ് വേണ്ടത്. ഗ്രാമങ്ങളേക്കാൾ നഗരപ്രദേശങ്ങളിലാണ് മാലിന്യ സംസ്ക്കരണത്തിന് കൂടുതൽ പ്രാധാന്യം നൽകേണ്ടത്.വീടുകളിൽ നിന്നും ,വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമുള്ള മാലിന്യങ്ങൾ തരം തിരിച്ച് ശേഖരിക്കുകയും, പൈപ്പ് കമ്പോസ്റ്റിങ്ങോ, മണ്ണിര കമ്പോസ്റ്റിങ്ങോ വഴി ജൈവവളമാക്കി മാറ്റുകയും ചെയ്യാം. ബയോഗ്യാസ് പ്ലാൻ്റുകൾ നിർമിച്ച് അതിലൂടെ പാചകത്തിനുള്ള ഗ്യാസും നിർമിക്കാം .
         അജൈവ മാലിന്യങ്ങളിൽ പ്രധാനപ്പെട്ട പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറയ്ക്കുക. പ്ലാസ്റ്റിക്ക് കവറുകൾക്ക് പകരം തുണി സഞ്ചികൾ ഉപയോഗിക്കാൻ നാം ശീലിക്കണം. അതോടൊപ്പം കൊതുകു നശീകരണ പ്രവർത്തനങ്ങളും നാം കൃത്യമായി നടത്തണം. ഓടകളുടെ ശുചികരണം കൊതുകു നശീകരണത്തിന് ഏറെ ഫലപ്രദമാണ്.
         പരിസര ശുചീകരണം എന്നത് ഒരു ഗാന്ധിജയന്തി ദിനത്തിൽ മാത്രം ഒതുക്കി നിർത്താതെ ഒരു ദിനചര്യയായി മാറണം വീടുമാത്രമല്ല, സ്കൂളും, പൊതുസ്ഥലങ്ങളും വൃത്തിയുള്ളതായി സൂക്ഷിക്കാൻ നാം ശീലിക്കണം. അങ്ങനെ ഓരോ ഗ്രാമ നഗരങ്ങളും ശുചിത്വമുള്ളതായിത്തീരട്ടെ. പേരറിയാത്ത രോഗങ്ങൾ ഇനിയും കടന്നു വരാതിരിക്കട്ടെ.


എൽജമറിയ മാത്യൂസ്
3D ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം