Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാലം
കൊറോണ നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
അന്തിക്കു മന്തി അടിച്ചോരെല്ലാം ചമ്മന്തിനുള്ളി നുണഞ്ഞീടുന്നു
കാറിലിരുന്നു പറന്നോരെല്ലാം കാവലിരിപ്പാണാ പൂമുഖത്ത്
മട്ടത്തിൽ വെട്ടിയൊതുക്കുവാനായ്
മുടിവെട്ടുകാരാരുമീ നാട്ടിലില്ല
കൂട്ടുകാർ അന്യോന്യം വെട്ടിടുന്നൂ
മൊട്ടത്തലകൾ നിറഞ്ഞീടുന്നൂ
ഊറ്റം പറഞ്ഞു നടന്നവനും
ചെറ്റക്കുടിലിൽ കഴിഞ്ഞവനും
മുറ്റത്തെ പ്ലാവിൽ വലിഞ്ഞു കേറി തീറ്റയ്ക്കു വല്ലതും കൊയ്തിടുന്നൂ
മക്കളപ്പോറ്റുന്ന പാടറിഞ്ഞു ചക്കക്കുരുവിൻ രുചിയറിഞ്ഞു
ചിക്കനും മട്ടനും പോത്തുമില്ലാ നാളുകൾ അങ്ങനെ നീങ്ങിടുന്നു മുഷ്ടി ചുരുട്ടിയ യൗവ്വനങ്ങൾ കത്തിക്കയറിയ ഭാഷണങ്ങൾ ശബ്ദകോലാഹലാഘോഷങ്ങൾ
എല്ലാം നിലച്ചു നിശബ്ദമായി
തോരണം തൂക്കിയ പന്തലില്ലാ
പളപള മിന്നും വെളിച്ചമില്ല
മങ്കമാർ താളത്തിൽ പാട്ടു പാടും മാമാങ്കക്കല്യാണം ഒന്നുമില്ല
തമ്മിലടിയും കലഹമില്ല
വണ്ടിയിടിച്ചു മരണമില്ല
തെണ്ടിനടന്നൊരാഭിക്ഷക്കാരും പോയതെങ്ങാണന്നറിയുകില്ല
മട്ടത്തിൽ കയ്യുകൾ സോപ്പിടേണം കൂട്ടത്തിൽ നിന്നങ്ങകന്നിടേണം
വെട്ടത്തിറങ്ങാതെ നോക്കിടേണം
വീട്ടിനകത്തു കഴിഞ്ഞിടേണം
|