കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/മദം പൊട്ടുന്ന കേരളം - ലേഖനം - ആർ.പ്രസന്നകുമാർ.


മദം പൊട്ടുന്ന കേരളം
- ലേഖനം - ആര്‍.പ്രസന്നകുമാര്‍. 07/03/2010
പത്തനംതിട്ട മലയാലപ്പുഴ നിവാസികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഭീതിയിലാഴ്ന്ന രണ്ടു ദിനങ്ങളിലൂടെയാണ് ഈയിടെ കടന്നു പോയത്. അതായത് കൃത്യമായി പറഞ്ഞാല്‍ മാര്‍ച്ച് മാസം ഒന്നും രണ്ടും നാളുകള്‍. ആകാശത്തു നിന്നും ഉല്‍ക്കാപതനമുണ്ടായതല്ല, ഭൂചലനമല്ല, പിന്നെ മനുഷ്യനിര്‍മിതമായ കാരണങ്ങള്‍. കൂടെ കുംഭമാസത്തിലെ കൊടും ചൂടും.
അമ്പലങ്ങളും ആനയും കേരളത്തിന്റെ അവിഭാജ്യഘടകങ്ങളാണ്. ആല്‍ത്തറയും ചുറ്റുവിളക്കുകളും അമ്പലക്കുളവും ഒക്കെ നമ്മുടെ സാംസ്കാരിക പ്രതീകങ്ങളാണ്. ഉത്സവങ്ങളും ആനയെഴുന്നള്ളിപ്പും ഇല്ലാതെ മലയാളിക്ക് ഉത്സവം സങ്കല്പിക്കാനാവുകില്ല.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഒരു പ്രമുഖക്ഷേത്രമാണ് മലയാലപ്പുഴ ദേവീക്ഷേത്രം. ശബരിമല കഴിഞ്ഞാല്‍ വരുമാനത്തില്‍ രണ്ടാം സ്ഥാനത്ത് വിളിപ്പുറത്തമ്മയായ മലയാലപ്പുഴ ദേവീ വാഴുന്നു.അവിടെ ഉത്സവം നടക്കവെ രണ്ട് ആനകളാണ് അടുത്തടുത്ത ദിവസങ്ങളിലായി കലി തുള്ളിയത്, സംഹാര താണ്ഡവമാടിയത്. കൂടെ തട്ടും മുട്ടും കിട്ടിയ മറ്റാനകളും. ജനം പരിഭ്രാന്തിയില്‍ തലങ്ങനെയും വിലങ്ങനെയും ഓടി മാറി പ്രാണാഹൂതി ഒഴിവാക്കി. സാഹസികര്‍ തങ്ങി നിന്ന് ആനയെ വിറളി പിടിപ്പിച്ചു. പാപ്പാന്മാര്‍ ജീവന്‍ പണയം വെച്ച് ആനയെ തളയ്കുവാന്‍ ശ്രമം നടത്തി. ഒടുവില്‍ മയക്കു വെടി വെച്ചും ജനസഹായത്തോടെയും ആനകളെ വരുതിയിലാക്കി.
ഉത്സവം കെങ്കേമമായി. ആളിനും ആനയ്കും ഒരു കുഴപ്പവുമുണ്ടായില്ല. വസ്തു വകകള്‍ക്ക് നാശനഷ്ടമുണ്ടായി. കുറെ നിമിഷങ്ങള്‍ ഭീതിദമാക്കിയ ഈ സംഭവത്തിന്റെ വിവരണമല്ല ലേഖകന്റെ ലക്ഷ്യം, ലേഖനത്തിന്റെയും....! പിന്നെന്താണ്...?
ആനകള്‍ മദമിളകി കലി തുള്ളുന്നതെന്തു കൊണ്ട്....? ഇതിന് പരിഹാരമെന്താണ്....? ജീവനും സ്വത്തിനും സംരക്ഷണം ആവശ്യമില്ലേ....?
ഡിസംബര്‍ - ജനുവരി മാസങ്ങളിലെ കടുത്ത തണുപ്പ് സൃഷ്ടിക്കുന്ന കഫക്കെട്ടാണ് മദജലം. അത് പൊട്ടിയൊഴുകി ആന പരീക്ഷിണിതനാവുമ്പോള്‍ അതിനെ ക്രൂരമായി കൂടുതല്‍ കഷ്ടപ്പെടുത്തുന്നതാണ് ഒരു പ്രശ്നം. മറ്റൊന്നാണ് വേനല്‍ച്ചൂട്.
കറുത്തതും പരുപരുത്തതുമായ പ്രതലങ്ങള്‍ താപത്തെ നന്നായി ആഗിരണം ചെയ്യും. ശാസ്ത്രമതമതാണ്. ആനയെ സംബന്ധിച്ചിടത്തോളം ഈ രണ്ടു ഘടകങ്ങളും വേണ്ടുവോളമുണ്ട്. കറുത്ത കട്ടിത്തൊലി, പാറപ്പുറം പോലെ പരുക്കന്‍ പ്രതലം, പിന്നെ എഴുന്നെള്ളത്തിന്റെ പേരില്‍ മണിക്കൂറോളം അനങ്ങാതെയുള്ള നില്പ്, ചിലപ്പോള്‍ ചെവി പോലും ആട്ടാന്‍ സാധിക്കാതെ നെറ്റിപ്പട്ടവും മുതുകില്‍ ആളുകളെയും പേറിയുള്ള പീഢനം, സംഗതി ടാറിട്ട നിരത്തിലാണെങ്കില്‍ പറയാനുമില്ല..... എന്താ ആനയുടെ സ്ഥാനത്ത് നാമാണെന്ന് കരുതുക , കാരണം കൃത്യമായി പിടികിട്ടും.
ഭൂമുഖത്തെ ഏറ്റവും വലിയ സാധുമൃഗത്തെ വല്ലാതെ കൊല്ലുന്ന വൃത്തികെട്ട മൃഗമാണ് മനുഷ്യന്‍....!
എന്തുമാത്രം ആനക്കഥകളാണ് ആ സസ്യഭുക്കായ സഹ്യന്റെ പുത്രന്റെ തലയില്‍ കെട്ടി വെച്ചിരിക്കുന്നത്....? ആനപ്പകയുടെ കഥ കേട്ടു കേട്ടു മടുത്തു. ആനയെ കല്ലെറിഞ്ഞാല്‍ ആന ആ കല്ലെടുത്ത് വായക്കുള്ളില്‍ ഒളിച്ചു വെക്കുമത്രെ, എത്ര വര്‍ഷം കഴിഞ്ഞാലും ആന സംഭവം മറക്കാതെ സൂക്ഷിച്ച് പിന്നീടെന്നെങ്കിലും എറിഞ്ഞ ആളെ കണ്ടാല്‍ തിരിച്ചെറിയുമത്രെ. ഇതൊരു സാമ്പിള്‍ കഥ മാത്രം. ആന ഉപകാരം ചെയ്ത കഥകള്‍ ഇതിനേക്കാള്‍ അര്‍ത്ഥശൂന്യമാണ്. വിസ്തരഭയം കൊണ്ട് അതൊഴിവാക്കുന്നു.
തീവ്രമായ സൂര്യതാപം മൂലം ശരീരത്തിലെ ജലാശം വന്‍തോതില്‍ നഷ്ടപ്പെട്ട് ആന അസഹ്യതയുടെ പാരമ്യതയിലെത്തുന്നു. ആനയുടെ കാലില്‍ ഒരു വടി ചാരി വെക്കുന്നത് കണ്ടിട്ടില്ലേ.... ആനയെ ചിട്ടയില്‍ തന്നെ അനങ്ങാതെ നിര്‍ത്താനാണ്. അതൊന്ന് താഴെ വീണാല്‍ പിന്നീട് കിട്ടാവുന്ന കൊടിയ മര്‍ദ്ദനമുറകള്‍ ആനയ്കറിയാം. ആനയുടെ കുഞ്ഞുമനസ്സില്‍ ചട്ടം പഠിച്ചിരുന്ന കാലത്തെ പീഢനപര്‍വങ്ങള്‍ ഒന്നൊന്നൊയി ഓര്‍മ്മ വരും. അതിനാല്‍ എത്ര അസഹ്യമാണെങ്കിലും ഒരു വലിയ പരിധിവരെ ആന കഷ്ടപ്പാടുകള്‍ സഹിക്കും. ശരീരം വലുതായി ചലിപ്പിക്കാതെ, ചെവിയനക്കാതെ, കര്‍ണ്ണകഠോരമായ മേളങ്ങള്‍ കേട്ട് അങ്ങനെ മണിക്കൂറോളം നില്കും. ഏതിനും ഒരു പരിധി ഉണ്ട്. അതിനപ്പുറമാകുമ്പോള്‍ ആന ചെറുതായി ഒന്നു പ്രതികരിക്കും. അതാണ് ഈ ചെറിയ മനുഷ്യന് വലുതായി തോന്നുന്നത്, അനുഭവപ്പെടുന്നത്.
എന്താ... നമുക്ക് ഇങ്ങനെ പിടിച്ചു നില്‍ക്കാന്‍ കഴിയുമോ....?ശരീരമിളക്കാതെ, കൈ കാലുകള്‍ അനക്കാതെ , കര്‍ണ്ണകഠോരമായ നാദങ്ങള്‍ കേട്ട് ഒരു മൂന്നു മണിക്കൂര്‍.... മൂന്നേ മൂന്നു മണിക്കൂര്‍ മാത്രം.... അതും പൊരി വെയിലില്‍ വെള്ളം കുടിക്കാതെ, ഭക്ഷണം കഴിക്കാതെ.....പോകട്ടെ വെറും ഒരു മണിക്കൂര്‍.....?
ആനയെ പണ്ട് കിലോമീറ്ററോളം നടത്തിച്ചാണ് ഒരു ഉത്സവ സ്ഥലത്തു നിന്നും മറ്റൊരിടത്തേക്ക് കൊണ്ടു പോയിരുന്നത്. അതായത് ഒരമ്പലത്തില്‍ നിന്നും മറ്റൊരമ്പലത്തിലേക്ക്. ഈ നടത്തക്ക് ഒരു സുഖമുണ്ട്, വഴിയരികില്‍ ഇടയ്കിടെ വിശ്രമിച്ച്, ആനപ്രേമികളും നാട്ടാരും തരുന്ന വിഭവങ്ങള്‍ യഥേഷ്ടം നുകര്‍ന്ന്, ഏതെങ്കിലും പറമ്പിലൊന്ന് വിശ്രമിച്ച്, ഏതെങ്കിലും പുഴയില്‍ നീരാടിത്തിമര്‍ത്ത്... അതേ അതൊരു ആരോഗ്യപരമായ വഴക്കമായിരുന്നു. അവിടെയാണ് മനുഷ്യന്റെ ദുര ദംഷ്ടകള്‍ നീട്ടി ലോറിയുടെ രൂപത്തില്‍ കടന്നു വന്നത്. ലോറിയിലാണെങ്കില്‍ വളരെ വേഗം ലക്ഷ്യത്തിലെത്താം, കൂടുതല്‍ എഴുന്നെള്ളത്തില്‍ പങ്കെടുക്കാം, പണം കൊയ്യാം. പാവം ആനയെന്ന സാധുവിനെ ആരോര്‍ക്കുന്നു. ദുര്‍ബലമായി കെട്ടിയ ചട്ടക്കൂട്ടിന്നുള്ളില്‍ ലോറിയുടെ ദൃതചലനം സമ്മാനിക്കുന്ന കുലുക്കത്തില്‍ സ്ഥിരത കിട്ടാതെ ആ പാവം ഉള്ളാലെ അലറിവിളിക്കുന്നുണ്ടാവാം.... നിശബ്ദമായി. അങ്ങനെ താളം തെറ്റിയ മനസ്സുമായി ഏതെങ്കിലും ഉത്സവപ്പറമ്പില്‍ ആന നില്കെ അവന് ചിലപ്പോള്‍ സഹിക്കവയ്യാതെ കലിയിളകിപ്പോകും. കുറ്റമാണോ...?
ഉത്സവമേളത്തിനിടയില്‍ ആനയുടെ ജീവിത ശൈലിയില്‍ തന്നെ മാറ്റം ഉണ്ടാകുന്നു. സമയത്ത് ആഹാരം നിഷേധിക്കപ്പെടുന്നു, ഉറക്കം തീരെ കിട്ടാതെ പോകുന്നു. കടുത്ത ചൂട്, വലിയ ഒച്ച, ആള്‍ക്കൂട്ടം, മറ്റാനകളുടെ ചൂര്, ചിലതിന്റെ പ്രകോപനപരമായ പെരുമാറ്റം, ചിലപ്പോള്‍ മനുഷ്യജന്യമായ കുസൃതികള്‍...ക്രൂരതകള്‍ ഒക്കെ ആനയുടെ സ്വതസിദ്ധമായ സ്വഭാവത്തെ വല്ലാതെ സ്വാധീനിക്കുന്നു. നിശ്ചലമായ തടാകത്തില്‍ കല്ലുവീണാലുണ്ടാകുന്ന ഓളങ്ങള്‍ അടങ്ങുവാന്‍ സമയമെടുക്കുന്നതുപോലെ ആനയുടെ ഉള്ളം ശാന്തമാകുവാന്‍ നേരമെടുക്കുന്നു. അതുവരെ.... അതുവരെ മാത്രം ചില ദുശാഠ്യങ്ങള്‍... ചില നേരംമ്പോക്കുകള്‍... ഇതാണ് പൊതുവെ ആനയുടെ മനശാസ്ത്രം.

പരിഹാരങ്ങള്‍ :-
ആനയെ അടുത്തറിയുക. അവര്‍ മാത്രം അതിനോട് ഇടപെടുക.
ശരീരം കൂടെക്കൂടെ തണുപ്പിക്കുക. ആനയുടെ ശരീരത്തില്‍ ഹോസ് ഉപയോഗിച്ച് ജലം ചീറ്റുക. അതുമൂലം ചവിട്ടുന്ന പ്രതലവും തണുക്കുന്നു. ഏതാണ്ട് 150 ലിറ്റര്‍ ജലം ആന ഒരു ദിവസം മോന്തും. വേനല്‍ക്കാലത്ത് ഇതിലധികം വേണം.
വേനല്‍ച്ചൂട് ഒട്ടും സഹിക്കാന്‍ പറ്റാത്ത ജീവിയാണ് ആന. നമ്മേപ്പോലെ ആനയും അത്യുഷ്ണത്തില്‍ വിയര്‍ക്കുന്നുണ്ട്. പക്ഷേ സ്വേദഗ്രന്ഥികളില്ലാത്തതിനാല്‍ തുമ്പികൈ വായക്കുള്ളില്‍ കടത്തി ഉള്ളില്‍ നിന്ന് വിയര്‍പെടുത്ത് പുറത്തേക്ക് ഊതിയാണ് വിയര്‍പ്പാറ്റുന്നത്. ഇങ്ങനെ കഷ്ടപ്പെടുന്ന വലിയ ശരീരമുള്ള ആനയെയാണ് സുഖലോലുപനായ ചെറിയ മനുഷ്യന്‍ വെയിലത്ത് മണിക്കൂറോളം നിര്‍ത്തി പീഢിപ്പിക്കുന്നത്.
ഭക്ഷണത്തില്‍ അകം തണുപ്പിക്കുന്ന ഇനങ്ങള്‍ ഉള്‍പെടുത്തണം. ഉദാഹരണമായി കൈതച്ചക്ക , തിളപ്പിച്ചാറ്റിയ പാല്‍ ( പത്തു ലിറ്റര്‍ വരെ) , ശീതീകരിച്ച ശുദ്ധജലം എന്നിവ നല്കാം.
ആനയെ ആസ്വദിക്കാന്‍ മാത്രം ഉപയോഗിച്ചാല്‍ പോര, അതിനെ സ്നേഹിക്കുകയും വേണം.