Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണാപ്രതിരോധം
ചൈനയിൽ ഹ്യൂബൈ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണ് ഇപ്പോഴത്തെ കൊറോണ വൈറസ് ബാധയുടെ ഉദ്ഭവം. ആദ്യഘട്ടത്തിൽ 'നോവൽ കൊറോണ വൈറസ് ' എന്നറിയപ്പെട്ടിരുന്ന ഈ രോഗത്തിന് കോവിഡ് 19(COVID-19) എന്ന പേര് കഴിഞ്ഞ ഫെബ്രുവരിയിലാണ് നൽകിയത്.
കോവിഡ്19 ഒരിനം പകർച്ചപ്പനി
സാധാരണ പകർച്ചപ്പനി പോലെയുള്ള രോഗം തന്നെയാണ് കോവിഡ്19.പനി,ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് രോഗത്തിന്റെ പൊതുലക്ഷണങ്ങൾ. രോഗം ഗുരുതരമായാൽ ന്യുമോണിയ, കടുത്ത ശ്വാസതടസ്സം തുടങ്ങിയവ മനുഷ്യരിലും മൃഗങ്ങളിലും ഒരുപോലെ കഴിയാൻ ശേഷിയുള്ള കുടുംബമാണ് കൊറോണ വൈറസിന്റേത്. ഇക്കൂട്ടത്തിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഒരിനം വൈറസാണ് കോവിഡ് 19നു കാരണം. ഈ രോഗത്തിനു മരുന്നോ പ്രതിരോധ വാക്സിനോ കണ്ടെത്തിയിട്ടില്ല എന്നതാണ് ഇന്ന് ലോകത്തിന് മുന്നിലുള്ള ഏറ്റവും വലിയ ഭീഷണി.
പകരാനുള്ള സാധ്യതകൾ
രോഗം ബാധിച്ച ആളുമായോ, പക്ഷിമൃഗാദികളുമായോ അടുത്ത സമ്പർക്കം പുലർത്തുന്നവർക്ക് രോഗം പിടിപെടാൻ സാധ്യത ഏറെയാണ്. രോഗി തുമ്മുമ്പോഴോ, ചുമയ്ക്കുമ്പോഴോ ചിതറിത്തെറിക്കുന്ന ഉമിനീർകണങ്ങൾ വഴിയോ സ്രവങ്ങൾ വഴിയോ രോഗം പകരാം. രോഗാണു ശരീരത്തിൽ എത്തി രോഗലക്ഷണം കണ്ട് തുടങ്ങാൻ ഏതാണ്ട് ആറ് മുതൽ 10 ദിവസങ്ങൾ വരെ എടുക്കാം.
വൈറസ് എന്ന ഭീകരൻ
കണ്ണുകൊണ്ട് കാണാനാവില്ല. പക്ഷേ,ഏതൊരു ജീവിയേയും തകർക്കാൻ ശേഷിയുള്ള ഭീകരൻ! അതാണ് വൈറസ്. സ്വന്തമായി ശരീരമില്ലാത്ത ജീവികളാണിവ. ശ്വസിക്കുകയോ ഭക്ഷണം കഴിക്കുകയോ വേണ്ടാത്ത സൂക്ഷ്മജീവി. ജീവകോശങ്ങളിലാണ് ഇവ പെറ്റുപെരുകുക. എല്ലാ ജീവികളുടേയും കോശങ്ങളിലെ ക്രോമോസോമുകളിൽ കാണുന്ന ജനിതകഭാഗമാണ് DNA(Deoxy ribonucleic acid). ഒരു ജീവിയുടെ ജനിതകരഹസ്യം സൂക്ഷിക്കുന്ന ചെപ്പാണിത്. കോശങ്ങളിലെ ന്യൂക്ലിയസിനു പുറത്ത് RNA(Ribonucleic acid) എന്നൊരു ഭാഗമുണ്ട്. വൈറസ് എന്നത് പ്രോട്ടീൻ പാളികൊണ്ട് പൊതിഞ്ഞ ഒരു ഡിഎൻഎ അല്ലെങ്കിൽ ഒരു ആർഎൻഎ മാത്രമാണ്.
പകരാൻ പലവഴികൾ
പകരുന്ന രീതി അടിസ്ഥാനമാക്കിയും വൈറസുകളെ പലതായി തിരിക്കാം.
ശ്വസനവ്യവസ്ഥയിലൂടെ പകരുന്നവ (ഉദാ:എച്ച്1എൻ1)
ജീവികൾ കടിക്കുമ്പോൾ പകരുന്നവ (ഉദാ:റാബീസ്)
രക്തമാറ്റത്തിലൂടെ പകരുന്നവ (ഉദാ:എച്ച്ഐവി)
വിസർജ്യങ്ങളിലൂടെ പകരുന്നവ (ഉദാ:റോട്ടാവൈറസ്) എന്നിങ്ങനെ അവ പലതരമുണ്ട്.
എന്താണ് കൊറോണ വൈറസ്...?
കൊറോണ ഒരു ആർഎൻഎ വൈറസാണ്. പ്രധാനമായും പക്ഷിമൃഗാദികളിൽ രോഗങ്ങളുണ്ടാക്കുന്ന കൊറോണ വൈറസ് ഇവയുമായി സഹവസിക്കുകയും അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന മനുഷ്യരിലും രോഗകാരിയാകാറുണ്ട്. സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യൂമോണിയയും ശ്വസനത്തകരാറും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു. നവജാത ശിശുക്കളിലും ഒരു വയസിൽ താഴെയുള്ള കുഞ്ഞുങ്ങളിലും ഉദരസംബന്ധമായ അണുബാധയും മെനിഞ്ചൈറ്റിസിനും കാരണമാകാറുണ്ട് ഈ വൈറസ്.
രോഗ ലക്ഷണങ്ങൾ
1. പനി
2. ജലദോഷം
3. ചുമ
4. തൊണ്ടവേദന
5. ശ്വാസതടസം
രോഗം കണ്ടുപിടിക്കുന്നതെങ്ങനെ...?
രോഗലക്ഷണങ്ങളുള്ളവരുടെ തൊണ്ടയിൽ നിന്നുള്ള സ്രവം, മൂത്രം, കഫം, രക്തം എന്നിവ ലബോറട്ടറി പരിശോധനകൾക്ക് വിധേയമാക്കിയാണ് രോഗ നിർണയം ഉറപ്പ് വരുത്തുന്നത്. PCR,NAAT എന്നിവയാണ് നിലവിൽ ലഭ്യമായിട്ടുള്ള ടെസ്റ്റുകൾ. ഏഴുതരം കൊറോണ വൈറസുകളാണ് മനുഷ്യനിൽ നിലവിൽരോഗമുണ്ടാക്കുന്നവയായി കണ്ടെത്തിയിട്ടുള്ളത്. കൊറോണ പുതിയ ഇനം വൈറസായതുകൊണ്ട്തന്നെ അതിന്റെ ജനിതക ഘടനയടക്കം നിരവധി കാര്യങ്ങൾ പഠന വിധേയമാക്കേണ്ടതുണ്ട്. പരീക്ഷണ നിരീക്ഷണങ്ങൾക്ക് ശേഷം കാര്യക്ഷമമായ വാക്സിൻ ലഭ്യമാക്കാൻ ഏതാനം മാസങ്ങളോ, വർഷങ്ങളോ വേണ്ടി വരാം. കൊറോണ വൈറസിനെതിരെ ഫലപ്രദമായ ആന്റി വൈറൽ മരുന്നുകൾ നിലവിൽ ലഭ്യമല്ല. എന്നാൽ രോഗ ലക്ഷണങ്ങൾ അനുസരിച്ച് രോഗ തീവ്രത കുറയ്ക്കുന്നതിനും മരണ നിരക്ക് കുറയ്ക്കുന്നതിനുമുള്ള ചികിത്സാ രീതികളാണ് അവലംബിച്ചു വരുന്നത്. ശ്വസന പ്രക്രിയയിൽ ഗുരുതരമായ തകരാറുള്ളവർക്ക് വെന്റിലേറ്റർ ചികിത്സയും വേണ്ടി വരും.
മുൻകരുതലുകൾ
☛ രോഗബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കുക എന്നതാണ് പ്രതിരോധത്തിനായി ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം.
☛ കൂടാതെ നിങ്ങൾ കുറച്ചുനാളത്തേക്ക് പുറം സമ്പർക്കങ്ങൾ ഒഴിവാക്കുക.
☛ എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ ഡോക്ടറെ കണ്ട് ഇതിന് ആവശ്യമായ മരുന്നുകൾ കഴിക്കുക. ലക്ഷണങ്ങൾ ഉള്ളവർ ആശുപത്രിയിലേക്ക് പോകുമ്പോൾ മാസ്ക് ധരിക്കാൻ ഓർമ്മിക്കുക.
☛ വ്യക്തിശുചിത്വത്തിന് പ്രാധാന്യം നൽകുക
☛ വൃത്തിഹീനമായ കൈകൾ ഉപയോഗിച്ചുകൊണ്ട് മൂക്ക് കണ്ണ് എന്നീ ഭാഗങ്ങളിൽ സ്പർശിക്കാതിരിക്കുക
☛ കൈകൾ ഏറ്റവും നന്നായി കഴുകി കൊണ്ട് അണുവിമുക്തമാക്കാനായി ആൽക്കഹോൾ അടങ്ങിയിട്ടുള്ള ഒരു സാനിറ്റൈസർ ഉപയോഗിക്കുക.
☛ കൂടാതെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്ന ശീലം ദിവസത്തിൽ കൂടുതൽ തവണ പരിശീലിക്കുക.
☛ തുടർച്ചയായി ഉപയോഗിക്കുന്ന വസ്തുക്കളെല്ലാം പതിവായി അണുവിമുക്തമായി സൂക്ഷിക്കുക.
☛ കയ്യിൽ എല്ലായ്പ്പോഴും ഒരു ഹാൻഡ് ടിഷ്യു പേപ്പർ സൂക്ഷിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമെല്ലാം അണുക്കൾ പകരാതിരിക്കാനായി മൂക്കും വായയും ഇത് ഉപയോഗിച്ച് മറച്ചു പിടിക്കാം. ഉപയോഗിച്ചവ വീണ്ടും ഉപയോഗിക്കേണ്ടതില്ല.
☛ മാംസ ഭക്ഷണങ്ങൾ ഈ നാളുകളിൽ കഴിവതും ഒഴിവാക്കാൻ ശ്രമിക്കുക. ഉപയോഗിക്കുകയാണെങ്കിൽ തന്നെ അത് ഏറ്റവും നന്നായി പാകം ചെയ്ത ശേഷമാണ് എന്ന് ഉറപ്പുവരുത്തുക.
☛ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളും പഴവർഗങ്ങളും കൂടുതൽ കഴിക്കുക
☛ രോഗബാധ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലേക്കുള്ള സന്ദർശനം പൂർണമായും ഒഴിവാക്കുക.
☛ യാത്ര ചെയ്യാനായി കഴിവതും സ്വകാര്യവാഹനങ്ങൾ ഉപയോഗിക്കുക. രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ ആശുപത്രിയിലേക്ക് പോകാനായി ഒരു കാരണവശാലും പൊതു വാഹനങ്ങൾ ഉപയോഗിക്കരുത്.
☛ രോഗി തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ ഉണ്ടാകുന്ന സ്രവങ്ങളിൽ നിന്നും കൊറോണ വൈറസ് എളുപ്പത്തിൽ പകരാനുള്ള സാധ്യത ഉടലെടുക്കുന്നു. അതുകൊണ്ടു തന്നെ തിരക്കേറിയ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കുക.
സാമൂഹിക ഒരുമ ഒന്നിച്ച് ഒറ്റക്കെട്ടായി ജാഗ്രതയോടെ പ്രതിരോധിക്കാം. ആശങ്ക വേണ്ട ജാഗ്രത മതി
|