കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ലോക്ഡൗൺ - ഒന്നാം ദിവസം
ലോക്ഡൗൺ - ഒന്നാം ദിവസം
കോളിങ് ബെൽ ശബ്ദിക്കുന്നത് കേട്ടാണ് ഞാനുണർന്നത്. നേരം പുലർന്ന് ആറരയായി കഴിഞ്ഞിരിക്കുന്നു. വാതിൽ തുറന്നപ്പോൾ പൊന്നമ്മച്ചേച്ചി മുറ്റത്ത് നില്കുന്നു. അവർ പാചകത്തിനും മറ്റ് വീട്ടാവശ്യങ്ങൾക്കും പകൽ സമയത്ത് വന്നു പോകും. എന്നാൽ ഇനിയുള്ള കുറച്ചു ദിവസം ചേച്ചി ഇവിടെയാണ് താമസം. ഇന്നു മുതൽ 21 ദിവസത്തേയ്ക്ക് ലോക് ഡൗണല്ലേ! “ഹായ് പൊന്നൂസ്സേ! മോളു ഇവിടെ ഉണ്ടായിരുന്നോ? എപ്പഴെത്തി?” എന്നെ കണ്ട പാടെ പൊന്നമ്മച്ചേച്ചി ചോദിച്ചു. ഒരു ഹാൻഡ് സാനിറ്റൈസറും 3 മാസ്കുകളുമായിരുന്നു അതിൽ. “കുപ്പിയിലെന്താ തേനാണോ?” ചേച്ചി ചോദിച്ചു. “അല്ല ചേച്ചി ഇതു കൈ അണുവിമുക്തമാക്കാനുള്ളതാണ്”. ഞാൻ കുപ്പി മേടിച്ചു രണ്ടു മുന്നു തുള്ളി അവരുടെ കൈകളിലേയ്ക്ക് ഒഴിച്ചു കൊടുത്തു. “ഇതു നല്ലപോലെ കൈകളിൽ പുരട്ടിയ ശേഷം അകത്തേയ്ക്ക് വരൂ”. ഇപ്പോൾ കൊറോണ വൈറസ് പടർന്നു പിടിക്കയല്ലേ! അത് തടയാനാ ഇത്. പിന്നെ ഈ മാസ്ക് അച്ഛമ്മയുടെ അടുത്തു പോകുന്പോൾ ഉപയോഗിക്കാനാണ്”. എല്ലാം തലകുലുക്കി കേട്ട ശേഷം പൊന്നമ്മ ചേച്ചി അടുക്കളയിലേയ്ക്ക് പോയി. അച്ഛമ്മ ഉണർന്നിരിക്കുന്നു. ഇത് അച്ഛമ്മയുടെ വീടാണ്. തിരുവനന്തപുരത്ത് ശാസ്തമംഗലത്തുള്ള “ടാഗോർ ഗാർഡൻസ്” അപ്പാർട്ട്മെൻറിലെ 108-ാം നന്പർ ഫ്ളാറ്റിലാണ് അച്ഛനും അമ്മയും ഞാനും ഇപ്പോൾ താമസിക്കുന്നത്. അവധി ദിവസങ്ങളിൽ ഞങ്ങൾ അച്ഛമ്മയുടെ വീടായ പുന്നയൂരിൽ വരും. അച്ഛമ്മയ്ക്ക് എൺപത് വയസ്സായി. പേര് ലക്ഷ്മിക്കുട്ടി. നടക്കാൻ ചെറിയ ബുദ്ധിമുട്ടുണ്ടെങ്കിലും കേൾവിയ്ക്കും കാഴ്ചയ്ക്കും തകരാറൊന്നുമില്ല. പ്രത്യേകിച്ച് രോഗമൊന്നുമില്ല. അച്ഛമ്മയുടെ ഏക മകനാണ് എൻറെ അച്ഛൻ. എൻറെ കുട്ടിക്കാലം അച്ഛമ്മയോടൊപ്പമായിരുന്നു. എന്നെ അച്ഛമ്മ താലോലിച്ചായിരുന്ന വളർത്തിയത്. അച്ഛമ്മ ഞങ്ങളുടെ ഏറ്റവും വിലപിടിച്ച സ്വത്താണ്. പുന്നയൂരിൽ എത്തിയാൽ എല്ലായിപ്പോഴും ഞാൻ അച്ഛമ്മയുടെ ഒപ്പമാണ്. ശുചിമുറിയിൽ നിന്ന് വന്നപ്പോഴേയ്ക്കും പൊന്നമ്മചേച്ചി ഞങ്ങൾക്കുള്ള ചായയുമായി എത്തി. ചായകുടിയും പത്രവായനയും കഴിഞ്ഞപ്പോഴേയ്ക്കും സമയം ഒൻപതിനോടടുത്തു. പ്രാതലിനു ശേഷം ഞാൻ അച്ഛമ്മയേയും കൂട്ടി പറന്പിലേയ്ക്കിറങ്ങി. നാട്ടിൻപുറമായതിനാൽ പട്ടണത്തിലെ ഫ്ളാറ്റു ജീവിതത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണിവിടം. വിശാലമായ പറന്പിനൊത്ത നടുവിൽ ധാരാളം മുറികളുള്ള ഒരു വലിയ വീട്. പറന്പിൽ വലുതും ചെറുതുമായ ഫലവൃക്ഷങ്ങളും ചെടികളും ഔഷധ സസ്യങ്ങളും വളർന്നു നിൽക്കുന്നു. പറന്പിൻറെ വടക്കുകിഴക്കേ മൂലയിലുള്ള തെളിനീർകുളത്തിൽ ചെറുമീനുകൾ നീന്തി തുടിക്കുന്നു. പറന്പിലൂടെ നടക്കുന്നതിനിടയിൽ അച്ഛമ്മയുടെ ജീവിതത്തിലെ നല്ല നല്ല അനുഭവങ്ങൾ എന്നോട് പറയുന്നുണ്ടായിരുന്നു. കഥകൾ കേട്ടുകൊണ്ടു അച്ഛമ്മയോടൊപ്പം നടന്നാൽ സമയം പോകുന്നതറിയില്ല. ഒരു മാസത്തേയ്ക്ക് വേണ്ട അവശ്യസാധനങ്ങളുമായി രാമൻകുട്ടിയേട്ടൻ കവലയിൽ നിന്നും വന്നു. രാമൻകുട്ടിയേട്ടൻ ഞങ്ങളുടെ ഒരകന്ന ബന്ധത്തിലുള്ളതാ. ആറേഴ് വർഷമായി അച്ഛമ്മയുടെ സഹായിയായി അയാൾ ഈ വീട്ടിലുണ്ട്. സമയം ഒരു മണിയോട് അടുത്തിരിക്കുന്നു. പറന്പിൽ നിന്നും കയറി വന്ന് അച്ഛമ്മയും ഞാനും കൈകൾ നന്നായി സോപ്പിട്ടു കഴുകിയ ശേഷം ഊണു കഴിച്ടു. ഊണിനു ശേഷമുള്ള വിശ്രമവേളയിൽ ഞങ്ങളെല്ലാവരും ചേർന്ന് നർമ്മ സംഭാഷണം പതിവുണ്ടായിരുന്നു. ഇന്ന് ഞാൻ സംസാരിക്കാൻ ആഗ്രഹിച്ചത് കൊറോണ രോഗത്തെപ്പറ്റിയായിരുന്നു. കൊറോണ മഹാമാരിയെപറ്റി പൊന്നമ്മചേച്ചിയ്ക്ക് ബോധവത്ക്കരണം അത്യാവശ്യമായിരുന്നു. അച്ഛമ്മയും രാമൻകുട്ടിയേട്ടനും സ്ഥിരമായി പത്രം വായിക്കുകയും ടി. വി. പരിപാടികൾ കാണുകയും ചെയ്യുന്നതുകൊണ്ട് അവർക്ക് രണ്ടാൾക്കും ഈ വിഷയത്തിൽ നല്ല ധാരണയുണ്ടായിരുന്നു. എന്നാൽ പൊന്നമ്മചേച്ചി ഇത്തരം കാര്യങ്ങളിൽ വലിയ ബോധംമുള്ളയാളല്ല. ഇത്തിരിയില്ലാത്ത ഒരു വൈറസിനു മുന്നിൽ ലോകം നിശ്ചലമായിരിക്കുന്നു. ഞാൻ പറഞ്ഞു തുടങ്ങി. നമ്മളോരോത്തരും വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അച്ഛമ്മയും രാമൻകുട്ടിചേട്ടനും ഞാൻ പറഞ്ഞതിനോട് യോജിച്ചു. പരസ്പരം ഒരു മീറ്റർ അകലം പാലിച്ചു കൊണ്ടാണ് ഞങ്ങൾ ഇരുന്നത്. വീട്ടിലിരിക്കുക, സമൂഹവുമായി അകലം പാലിക്കുക, അതിലൂടെ നാടിനൊപ്പം ചേരുക, ഈ പകർച്ചവ്യാധിയെ തടുക്കാൻ ഇതല്ലാതെ വേറൊരു വഴിയില്ല. ഭൂമിയിൽ ജനവാസമുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ഈ രോഗമെത്തിക്കഴിഞ്ഞു. ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത ഒരിനം വൈറസാണ് കോവിഡ്-19 രോഗമുണ്ടാക്കുന്നത്. ഇതിനെ ചെറുക്കാൻ വഴിയറിയാതെ വീടുകളിൽ അടച്ചിരിക്കുകയാണ്. ലോകമെങ്ങുമുള്ളയാളുകൾ നൂറ്റിതൊണ്ണൂറിലധികം രാജ്യങ്ങളിലുള്ള ദശലക്ഷകണക്കിനാളുകൾക്ക് രോഗം പകർന്നു കിട്ടി. മരണ സംഖ്യ ലക്ഷങ്ങൾ പിന്നിട്ടു. ഈ രോഗത്തിന് മരുന്നോ പ്രതിരോധ വാക്സിനോ കണ്ടെത്തിയിട്ടില്ല എന്നതാണ് ഏറ്റവും വലിയ ഭീഷണി. മനുഷ്യരിൽ നിന്നും മനുഷ്യരിലേയ്ക്ക് ഈ രോഗം വളരെ വേഗം പകരുന്നു. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയവയാണ് ആദ്യ ലക്ഷണം. ഞങ്ങൾ രോഗം ഗുരുതരമായാൽ ന്യൂമോണിയ, കടുത്ത ശ്വാസതടസ്സം തുടങ്ങിയവ അനുഭവപ്പെടും. രോഗി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുന്പോൾ പുറന്തള്ളുന്ന കണങ്ങൾ മറ്റൊരാളിലേയ്ക്ക് പ്രവേശിച്ചാൽ രോഗം ബാധിക്കും. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ മരുന്നോ പ്രതിരോധമോ ഇല്ലാത്തതിനാൽ രോഗിയാകുക എന്നുള്ളതു മാത്രമേ വഴിയുള്ളൂ. വൈറസ് ഉള്ളിൽ പ്രവേശിച്ചതിനു ശേഷം രോഗ ലക്ഷണം പ്രകടമാകാൻ രണ്ടു മുതൽ പതിനാലു ദിവസം വരെയെടുക്കാം. രോഗ സാധ്യതയുള്ളവർ ഈ കാലയളവിൽ ഒറ്റപ്പെട്ട് കഴിയുക എന്നതാണ് പ്രതിവിധി. വീടിനുള്ളിൽ ഒറ്റപ്പെട്ട് കഴിയുന്നതിന് ക്വാറൻറൈൻ എന്നാണ് പറയുന്നത്. കടുത്ത രോഗ സാധ്യതയുള്ളവർ ഇരുപത്തിയെട്ട് ദിവസം വരെ ക്വാറൻറൈനിൽ നിൽക്കുന്നത് ഏറ്റവും സുരക്ഷിതമാണ്. രോഗി ചുമയ്ക്കുന്പോഴോ തുമ്മുന്പോഴോ പുറത്തു വരുന്ന സ്രവങ്ങളുടെ കണികകൾ അന്തരീക്ഷത്തിൽ മൂന്നു മണിക്കുറോളം തങ്ങി നിൽക്കാം. പ്ലാസ്റ്റിക്, ഗ്ലാസ് മുതലായ പ്രതലങ്ങളിൽ മൂന്ന് ദിവത്തോളം ഈ വൈറസ് നിലനിൽക്കുമത്രെ. രോഗത്തിന് കൃത്യമായ മരുന്നില്ലാത്തതിനാൽ പ്രകടമാകുന്ന ലക്ഷണങ്ങൾക്ക് ചികിത്സയും ശരിയായ പരിചരണവും നൽകിയാണ് രോഗികളെ രക്ഷിക്കുന്നത്. ശരീരത്തിൻറെ പ്രതിരോധ ശേഷികൂട്ടുന്നതും രോഗ ബാധയെ ഒരു പരിധിവരെ തടയും. നിലവിൽ മറ്റെന്തെങ്കിലും രോഗമുള്ളവർക്കും പ്രായമായവർക്കും കുഞ്ഞുങ്ങൾക്കുമാണ് ഈ രോഗം വൻ ഭീഷണിയാകുന്നത്. ഈ വൈറസിന് നമ്മിൽ നിന്നും അകറ്റി നിർത്താനായി ശുചിത്വം പാലിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സോപ്പുപയോഗിച്ച് ഇരുപത് സെക്കൻഡിൽ കുറയാതെ കൈകൾ ഉരച്ചു ഇടയ്ക്കിടയ്ക്ക് ന്നായി കഴുകുക. അനാവശ്യമായി കൈകൾ മുഖത്തു തൊടരുത്. വ്യക്തികളുമായി അകലം പാലിക്കണം. മറ്റുള്ളവരോട് സംസാരിക്കുന്പോഴും ചുമയ്കുന്പോഴുമെല്ലാം മാസ്ക് ധരിക്കണം. ഇതെല്ലാം നമ്മൾ സമൂഹത്തിനോട് ചെയ്യേണ്ട ഉത്തരവാദിത്വമാണ്. “ഞാൻ ഇതിത്ര ഗുരുതരമാണ് എന്ന് കരുതിയില്ല! എനിക്ക് പേടിയാകുന്നു”. ഞാൻ പറഞ്ഞതെല്ലാം കേട്ടിട്ട് പൊന്നമ്മചേച്ചി പറഞ്ഞു. “ഭയമല്ല വേണ്ടത്! ജാഗ്രതയാണ്!” അച്ഛമ്മ പൊന്നമ്മചേച്ചിയെ ആശ്വസിപ്പിച്ചു. സർക്കാർ തലത്തിൽ പ്രതിരോധത്തിന് വേണ്ടതെല്ലാം ഇതിനോടകം ചെയ്തു കഴിഞ്ഞു. ഈ ലോക്ഡൗൺ അതിൻറെ ഭാഗമായുള്ളതാണ്. “ഓ! സമയം മൂന്നായല്ലോ! മോളു ആ ടി. വി. ഒന്ന് ഓൺ ചെയ്തേ മൂന്നു മണിയ്ക്കുള്ള വാർത്ത കേൾക്കാം. നാട്ടിലെ ഇന്നത്തെ വിശേഷങ്ങൾ അറിയാമല്ലോ!” അച്ഛമ്മ എന്നോടായി പറഞ്ഞു. ഞങ്ങൾ കുറച്ചു നേരം ടി. വി. കണ്ടിരുന്നപ്പോഴേയ്ക്കും പൊന്നമ്മചേച്ചി ചെറുതായി ചൂടാക്കിയ “സഹചരാദി തൈലം” കൊണ്ടു വന്നു. കുളിക്കുന്നതിന് അര മണിക്കൂർ നേരം കാൽമുട്ടുകളിലും സന്ധികളിലുമെല്ലാം ഈ തൈലം പുരട്ടിയിരിക്കുന്നത് അച്ഛമ്മയ്ക്ക് പതിവുള്ളതാണ്. ഞാൻ തൈലമൊഴിച്ച കിണ്ണം പൊന്നമ്മചേച്ചിയിൽ നിന്ന് വാങ്ങിച്ച് അച്ഛമ്മയുടെ കാൽമുട്ടുളിലും മറ്റും മെല്ലെ പുരട്ടി കൊടുത്തു. അരമണിക്കുറിനു ശേഷം ഞങ്ങൾ രണ്ടാളും കുളിക്കാനായി പോയി. കുളികഴിഞ്ഞ് വന്നപ്പോഴേയ്ക്കും ചൂടു ചായയും കായ വറുത്തതുമായി പൊന്നമ്മചേച്ചി വന്നു. സന്ധ്യയ്ക്ക് കൊളുത്തി വച്ച നിലവിളക്കിനു മുന്നിൽ ഇരുന്നു കൊണ്ട് ഏതാണ്ട് അര മണിക്കൂർ നേരം ഞാൻ അച്ഛമ്മയെ ഭഗവത്ഗീത വായിച്ചു കേൾപ്പിച്ചു. പിന്നീട് ഞങ്ങൾ കുറെ നേരം ടി. വി. യിലെ പരിപാടികൾ കണ്ടിരുന്നു. അതിനിടയിൽ വീട്ടിൽ നിന്നും അച്ഛൻ വിളിച്ചു. അവശ്യ സർവ്വീസിൽ ജോലിയായതിനാൽ ഈ സമയത്ത് അച്ഛനും അമ്മയ്ക്കും ഞങ്ങളോടൊപ്പം ഇവിടെ വന്നു നിൽക്കാൻ കഴിയുമായിരുന്നില്ല. അച്ഛൻ ഫോണിലൂടെ അച്ഛമ്മയോടും എന്നോടും വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. അത്താഴം കഴിച്ചതിനു ശേഷം ഞാൻ അച്ഛമ്മയോടൊപ്പം ഉറങ്ങാൻ കിടന്നു. “എന്തുകൊണ്ടാണ് അച്ഛമ്മേ നൂറ്റാണ്ടിൽ വല്ലപ്പോഴുമൊക്കെ പ്ലേഗ്, വസൂരി, ക്ഷയം ഇപ്പോഴിതാ കോവിഡ്-19 ഇങ്ങനെയുള്ള മഹാമാരികൾ മനുഷ്യകുലത്തെ കടന്നാക്രമിക്കുന്നത്?” ഞാൻ ചോദിച്ചു. “കുട്ടി.... എല്ലാം ഭഗവാൻറെ ലീലാവിലാസങ്ങളാണ്. പ്രകൃതിയുടെ കണക്കുപുസ്തകത്തിൽ മനുഷ്യരുടെ എണ്ണമിത്ര, കിളികളുടെ എണ്ണമിത്ര എന്ന് ഈശ്വരൻ കൃത്യമായി എഴുതി വച്ചിട്ടുണ്ട്. വലിയവൻ എന്ന് മനുഷ്യൻ സ്വയം അഹങ്കരിച്ച് പ്രകൃതിയെ കടന്നാക്രമിച്ച് ഈശ്വരൻറെ ആ കണക്കുകൾ തെറ്റിക്കുന്നു. അങ്ങനെ ഇവിടെ മനുഷ്യരുടെ എണ്ണം വല്ലാതെ കൂടുകയും മറ്റുള്ളവ കുറയുകയും ചെയ്യുന്നു. അപ്പോൾ ദൈവം പ്രകൃതിക്ഷോഭത്തിലൂടെ യും പകർച്ചവ്യാധികളിലൂടെയും മനുഷ്യരുടെ എണ്ണം കുറച്ച് പ്രകൃതിയുടെ പുസ്തകത്തിലെ കണക്കുകൾ ശരിയാക്കാൻ നോക്കുന്നതായിരിക്കുാം എല്ലാത്തിനും കാരണം...........” അച്ഛമ്മ പറഞ്ഞതിനെപ്പറ്റിയാലോചിച്ചുകൊണ്ട് ഞാൻ കിടന്നു. പിന്നെപ്പോഴോ ഞാനുറങ്ങി പോയി.
|