മഴയെന്റെ ജീവനാണെങ്കിലുമിന്നലെ- പെയ്തൊരാമഴയിലെൻ സ്വപ്നമൊലിച്ചുപോയ്..! രാവിൽ, ചെളിയും ചരലും കരിങ്കല്ലും ആരവം തീർത്തെൻ പുരയിടിച്ചീടവേ..! എന്നെയെടുത്തച്ഛനാർത്തനാദത്തൊടേ, എങ്ങോ യിരുട്ടത്തു പാഞ്ഞതോർക്കുന്നു ഞാൻ പിന്നെയേതോമരച്ചോട്ടിൽ കഴിഞ്ഞതും നിദ്രയില്ലാരാത്രിയെണ്ണിക്കഴിച്ചതും, പിന്നെ വെളുപ്പിലെൻ വീടിനെ നോക്കി ഞാൻ ഒന്നുമേ കണ്ടതില്ലാകെ മണൽക്കുഴി ! പുസ്തകങ്ങൾ നോട്ടുബുക്കുകൾ യൂണിഫോം ഓക്കെയും നഷ്ടമായ് ഉള്ളുപിടഞ്ഞുപോയ്! നഷ്ടക്കണക്കുകളോർത്തുവിലപിക്കു- മച്ഛനെയെങ്ങനെ സാന്ത്വനിപ്പിക്കും ഞാൻ? രാത്രികൾ പകലുകളെത്ര കഴിഞ്ഞുപോയ് യാത്രചെയ്തീടുന്നു ഞാനുമെന്നച്ഛനും……. യാത്രയാണൊന്നിളവേൽക്കനിടം തേടി യാത്രയാ,ണച്ഛന്റെയൊപ്പമുണ്ടെന്നും ഞാൻ…!
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത