ഇന്നലെ വീടിനെ തൂത്തെടുത്ത ഇന്നിനെ നോവിനായ് കാത്തുവച്ച പ്രളയം കഴിഞ്ഞു... ഇനി ജീവിത- യാത്ര വീണ്ടും നമുക്കൊന്നാരംഭിക്കാം. അമ്മയാം മണ്ണിനോടുള്ള പ്രണയം, വറ്റിയ നാളിതു പ്രളയത്തിൻ നാന്ദി. ഇനി വീണ്ടും പ്രണയിക്കാം; അമ്മയെ, മണ്ണിനെ പ്രളയത്തിൻ പാഠമതുൾകൊണ്ടീടാം. അയൽക്കാരനോടൊന്നു പകവീട്ടീടാൻ ഉയർത്തിയ കരിങ്കല്ലിൻ പുത്തൻമതിലുകൾ; തകർത്തു പ്രളയം ഇനി വീണ്ടും പണിയാം തിളങ്ങുന്ന വിളങ്ങുന്ന സ്നേഹമതിൽ. കുന്നും കാടും വയലും തകർത്ത് മാനവനുയർത്തിയ കോൺക്രീറ്റുകാടുകൾ തന്നൊരു സമ്മാനം ഈ പ്രളയം; മണ്ണിനെ അറിയാമിനി ജീവിക്കാം, പ്രളയപാഠങ്ങൾ ഏറ്റുവാങ്ങാം. അതിജീവന മന്ത്രമതോതുമ്പോൾ അതിയായ് സ്നേഹിക്കാൻ പഠിക്കുക നാം; എന്നാലേ ഇനിയൊരു പ്രളയം നമുക്ക് പാഠപുസ്തകമായ് വരാതിരിക്കൂ......