എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2019-20 ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം



ജൂൺ 6 പ്രവേശനോൽസവം

കായിക പരിശീലനം

ഈശ്വരപ്രാർത്ഥനയോടുകൂടി 2019 അധ്യായന വർഷത്തിലെ പ്രവേശനോൽസവത്തോടനുബന്ധിച്ചുള്ള യോഗം പി.ടി.എ പ്രസിഡൻറ് ശ്രീ ഷാജു അവർകളുടെ അധ്യക്ഷതയിൽ ആരംഭിച്ച ബഹു. അടാട്ട് പ‍‍ഞ്ചായത്ത് പ്രസിഡണ്ട് ടി ആർ ജയചന്ദ്രൻ അവർകൾ ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്തു. .വിദ്യാഭ്യാസ വകുപ്പിൻെറ സന്ദേശം ഹെഡ്‌മിസ്‌ട്രസ് സുമ ടീച്ചർ വായിച്ചു. പ്രവേശനോൽസവഗാനം വിദ്യാർഥികൾ ആലപിച്ചു.. U S S സ്കോളർഷിപ്പ് നേടിയ 10 വിദ്യാർത്ഥിനികളെ അനുമോദിച്ചു. രാജ്യ പുരസ്കാർ നേടിയ വിദ്യാർത്ഥിനികളേയും അനുമോദിച്ചു. അധ്യാപന രംഗത്തെ(മലയാളം) സമഗ്ര സംഭാവനകൾക്ക് മലയാളി സാംസ്ക്കാരികത്തിന്റെ "മലയാളി മുദ്ര" ലഭിച്ച വി പി ഓമനകുമാരിയെ ആദരിച്ചു. നവാഗതർക്ക് പേന, പെൻസിൽ, റബ്ബർ അടങ്ങിയ സമ്മാനപ്പൊതി വിതരണം ചെയ്തു. എല്ലാ വിദ്യാർത്ഥികൾക്കും മധുരം വിതരണം ചെയ്തു. പി. ടി. എ വൈസ് പ്രസി‍ണ്ട് വാസുദേവൻ, അടാട്ട് ഗ്രാമ പ‍‍ഞ്ചായത്ത് മെമ്പർ ശ്രീമതി ഷൈലജ ശ്രീനിവാസൻ എന്നിവർ ആശംസകളർപ്പിച്ചു. പ്രിൻസിപ്പാൾ സുനന്ദടീച്ചർ സ്വാഗതവും, ഗീത ടീച്ചർ നന്ദിയും പ്രകാശിപ്പിച്ചു. നിള എം എം കവിത ആലപിച്ചു. ആരോഗ്യ വകുപ്പിന്റെ നിർദേശാനുസാരം പ്ലാസ്റ്റി്ക്ക് ബോട്ടിലിന്റെ ഉപയോഗം നിരുപാധികം ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ഇവിടത്തെ സ്റ്റാഫ് അംഗങ്ങൾ 30 സ്റ്റീൽ ബോട്ടിലുകൾ വാങ്ങി കുട്ടികൾക്കു നൽകി. . ഉച്ചഭക്ഷണ ഉൽഘാടനം പ്രവേശനോൽസവ ദിനത്തിൽ നിർവഹിച്ചു.

ഉദ്ഘാടനം

ജൂൺ 19 വായന ദിനം

ജൂൺ-19 വായന ദിനമായി ആചരിച്ചു. ഹയർ സെക്കന്ററി വിഭാഗം മലയാളം അധ്യാപിക പി സുധ ടീച്ചർ വായന ദിനം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കവിതാലാപനവും വായനക്കുറിപ്പ് അവതരണവുമുണ്ടായി. ജൂൺ-19 മുതൽ ജൂലൈ-7 വരെ വായന പക്ഷമായി ആചരിച്ചു. അതിന്റെ ഭാഗമായി അസംബ്ലിയിലെന്നും കുട്ടികൾ വായനക്കുറിപ്പ് അവതരിപ്പിക്കുകയും കവിതകളാലപിക്കുകയും ചെയ്തു. വായനാ മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി. ജൂലൈ-5 ന് ബഷീർ ചരമ ദിനത്തോടനുബന്ധിച്ച് പ്രശ്നോത്തരി മത്സരം നടത്തി. ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ച സമയത്ത് ലൈബ്രറി പുസ്തകങ്ങൾ ​എടുക്കുവാനും വായിക്കാനുമുള്ള സാകര്യങ്ങൾ ഒരുക്കുകയുണ്ടായി. ക്ലാസ്സ് ലൈബ്രറി ​എന്ന ആശയം നടപ്പിലാക്കി. കുട്ടികൾ ജന്മദിനത്തിനും മറ്റും കൊണ്ടു വരുന്ന പുസ്തകങ്ങൾ ക്ലാസ്സ് ലൈബ്രറിയിലേയ്ക്കായി ഉപയോഗിക്കുന്നു.

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം

പഠനപ്രവർത്തനങ്ങൾക്കൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്ന ശ്രീ ശാരദയിൽ ഈ വർഷവും അന്താരാഷ്ട്ര യോഗ ദിനം സമുചിതമായി ആഘോഷിച്ചു. പി ടി എ അംഗം ശ്രീമതി ഷിജിയുടെ നേതൃത്വത്തിൽ ​എല്ലാ കുട്ടികളും രാവിലെ ഒരു മണിക്കുർ യോഗ പരിശീലനത്തിലേർപ്പെട്ടു. കുട്ടികൾക്ക് നിത്യേന ചെയ്യാൻ സാധിക്കുന്ന ലഘു ആസനങ്ങൾ വിശദീകരിച്ചു കൊടുത്തു. താല്പര്യമുള്ള കുട്ടികൾക്ക് ആഴ്ചയിലൊരു ദിവസം പരിശീലനം നൽകുകയും ചെയ്തു വരുന്നു.
യോഗ ദിനത്തോടൊപ്പം ജൂൺ 21 ലോകസംഗീത ദിനവുമായും ആചരിച്ചു. സംഗീതാധ്യാപിക ജീജ ടീച്ചർ കീർത്തനം ആലപിച്ചു. ആർട്സ് ക്ലബ്ബിന്റെ ഉദ്ഘാടനവും അന്നേ ദിവസം നടക്കുകയുണ്ടായി.

ജൂൺ-28 അദ്ധ്യാപക രക്ഷാകർത്തൃ പൊതുയോഗം

ജൂൺ -28 അദ്ധ്യാപക രക്ഷാകർത്തൃപൊതുയോഗം പി. ടി. എ പ്രസി‍ഡണ്ട് ഷാജുവിൻെറ നേതൃത്വത്തിൽ നടന്നു. സ്വാഗതം - സിന്ധു ടീച്ചർ, ഉദ്ഘാടനവും അനുഗ്രഹപ്രഭാഷണവും പ്രവ്രാജിക വിമല പ്രാണാ മാതാജി, പി.ടി.എ. വൈസ് പ്രസിഡണ്ട് വാസുദേവൻ, എം.പി.ടി.എ. പ്രസിഡണ്ട് ബിജി ജെയിംസ് എന്നിവർ ആശംസകളർപ്പിച്ചു. ഹയർ സെക്കന്ററി പ്രിൻസിപ്പാൾ സുനന്ദ ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. ,വരവ്-ചെലവ് കണക്ക് - ബഡ്ജറ്റ് അവതരണം - സുമ ടീച്ചർ. എസ്എസ്എൽസി പരീക്ഷയിലും പ്ലസ്‌ടു പരീക്ഷയിലും ഫുൾ എപ്ലസ് കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു.
തുടർന്ന് പുതിയ കമ്മറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പും നടന്നു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും സഹകരിക്കുന്ന അധ്യാപക രക്ഷകർതൃ സംഘടനയാണ് ശ്രീശാരദയുടേത്. ഈ അധ്യയന വർഷത്തെ പ്രസിഡണ്ടായി ശ്രീ ഷാജുവിനേയും വൈസ് പ്രസിഡണ്ടായി ശ്രീ ബാലനേയും തെരഞ്ഞടുത്തു.

ജൂലൈ 11 ലോക ജനസംഖ്യാദിനം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക ജനസംഖ്യാദിനം ആചരിച്ചു. ജനസംഖ്യാദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പത്താം ക്ലാസ്സിലെ രാധിക ഉദയ്‌കുമാർ നായർ, എട്ടാം ക്ലാസ്സിലെ ആർദ്ര വി ജയരാജ് എന്നിവർ അസംബ്ലിയിൽ സംസാരിച്ചു. 1987 ജൂലൈ 11 നാണ് ലോക ജനസംഖ്യ അഞ്ഞൂറു കോടിയിലെത്തിയത്. അടുത്ത അമ്പത് വർഷം കൊണ്ട് ജനസംഖ്യ ആയിരത്തി ഒരുനൂറ് കോടി കവിയും. ദാരിദ്ര്യവും പട്ടിണിയും വർദ്ധിക്കും. ജനസംഖ്യാവർദ്ധനവിന്റെ ദോഷ വശങ്ങളെ കുറിച്ചും തടയേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ബോധവത്ക്കരണക്ലാസ്സ് നടത്തി.

ബോധവത്ക്കരണ ക്ലാസ്സ് - അഗ്നി ശമന രക്ഷാസേന

വീടുകളിലും മറ്റും നാം നിരന്തരം പലതരം അപകടങ്ങൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നു. ഇത്തരം അപകടങ്ങളെ ധൈര്യപൂർവ്വം നേരിടാനും തരണം ചെയ്യാനും സഹായകമാകുന്ന രീതിയിലുള്ള ഒരു ബോധവത്ക്കരണ ക്ലാസ്സായിരുന്നു തൃശ്ശൂർ അഗ്നി ശമന രക്ഷാസേനയുടേത്. അബദ്ധവശാൽ പാചക വാതക സിലിണ്ടറിനോ മണ്ണെണ്ണയ്ക്കോ തീ പിടിച്ചാൽ സ്വീകരിക്കേണ്ട മാർഗങ്ങൾ വിശദമാക്കുകയും കുട്ടികളെക്കൊണ്ട് ചെയ്യിപ്പിക്കുകയുമുണ്ടായി. കിണറിലകപ്പെട്ടു പോയവരെ രക്ഷപ്പടുത്താനായി ഉപയോഗിക്കുന്ന കയറിൽ ചെയർനോട്ടിടുന്നതെങ്ങനെയെന്നും വിശദീകരിച്ചു. ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന പരിപാടിയായിരുന്നു. കുട്ടികൾക്ക് വളരെയേറെ ഉപകാരപ്രദവുമായിരുന്നു.

നാടകം - അക്ഷര ജ്വാല

പി എൻ പണിക്കർ ഫൗണ്ടേഷനും ജനമൈത്രി പോലീസും സംയുക്തമായി നിർമ്മിച്ച നാടകം അക്ഷര ജ്വാല ഞങ്ങളുടെ സ്കൂളിൽ അവതരിപ്പിക്കുകയുണ്ടായി. വായനയും ടെക്നോളജിയും പരിസ്ഥിതിയും കോർത്തിണക്കിയ ഒരു ബോധവത്ക്കരണ നാടകമാണ് അക്ഷര ജ്വാല. വായനയുടെ പ്രാധാന്യം കുട്ടികളിലെത്തിക്കുകയെന്നതിനൊപ്പം ആധുനിക സാങ്കേതിക വിദ്യയുടെ ഗുണദോഷവശങ്ങൾ , പരിസ്ഥിതി സൗഹാർദ്ദപരമായ ജീവിത രീതി എന്നിവയെകുറിച്ചുള്ള അവബോധം സൃഷ്ടിക്കാനും ഉതകുന്നതായിരുന്നു. ഗഹനമായ ആശയങ്ങൾ ലളിതമായും സരസമായും കുട്ടികളിലെത്തിക്കാൻ ഈ അവതരണം കൊണ്ട് സാധിച്ചു. പി എൻ പണിക്കർ ഫൗണ്ടേഷന്റെ വൈസ് ചെയർമാൻ ബാലഗോപാലിന്റെ ആശയത്തിന് തിരക്കഥ രചിച്ചത് അടൂർ ഡി വൈ എസ് പി ജവഹർ ജനാർദ്ദനനാണ്. തിരക്കഥ അനിൽ കാരേറ്റ്.

രാമായണ മാസാചരണം

ജൂലൈ 17 മുതൽ രാമായണമാസമായി ആചരിച്ചു. സംഗീതാധ്യാപിക ജീജ ജി കൃഷ്ണന്റെ നേതൃത്വത്തിൽ അസംബ്ലിയിൽ ഏകദേശം ഒരു മാസത്തോളം രാമായണപാരായണം നടത്തി. ദേവിക ആർ മേനോൻ, അനഘ സന്തോഷ് എന്നിവരാണ് തുഞ്ചത്തെഴുത്തച്ഛന്റെ അധ്യാത്മ രാമായണം കിളിപ്പാട്ട് വായിക്കാറുള്ളത്. ഭാരതത്തിലെ ഇതിഹാസങ്ങളിലൊന്നായ രാമായണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും അതേക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും കുട്ടികൾക്ക് സാധിച്ചു. സർവ്വോപരി അത് കേട്ടുനിൽക്കാനുള്ള ക്ഷമ കുട്ടികളിൽ ഉളവായി

ശാസ്ത്രമേള

ആഗസ്റ്റ് 13 ന് സ്കൂൾ‍ തല ശാസ്ത്രമേള നടത്തുകയുണ്ടായി. വിജയികൾക്ക് സർട്ടിഫിക്കറ്റ് നൽകി. ഒന്നാം സ്ഥാനം നേടിയവർക്ക് ഉപജില്ലാ തലത്തിലേക്കുള്ള പരിശീലനം ആരംഭിച്ചു.
പ്രവൃത്തി പരിചയമേള - ഉപജില്ലാ പ്രവൃത്തി പരിചയമേളയിൽ ഇനങ്ങളിൽ മത്സരിച്ച് വിവിധ സമ്മാനങ്ങൾ നേടി .തുടർന്ന് ജില്ലാതല മത്സരങ്ങളിൽ വിജയിച്ച കൃഷ്ണപ്രിയ കെ വി, ആരതി ശർമ്മ, ചി‍ഞ്ചിന എ ആർ എന്നിവർ സംസ്ഥാനതലത്തിൽ മത്സരിച്ച് വിജയികളായി. സമൂഹ നന്മയ്ക്ക് എന്ന ആശയം മുൻനിർത്തി സാമൂഹ്യപ്രാധാന്യമുള്ള ഉത്പ്പന്നങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ഒരു പ്രോജക്റ്റ് തയ്യാറാക്കി ഡി പി ഐക്ക് സമർപ്പിച്ചു. തുണിസഞ്ചി, കുട, സോപ്പ് എന്നീ നിത്യോപയോഗ സാധനങ്ങളാണ് ഇതിലൂടെ നിർമ്മിക്കാൻ ലക്ഷ്യമിടുന്നത്
ശാസ്ത്രമേള - ഉപജില്ലാ തലത്തിൽ പ്രശ്നോത്തരി മത്സരത്തിൽ സ്നേഹ എൻ പി, 9-ാം ക്ലാസ്സ്, ഹൈസ്കൂൾ വിഭാഗത്തിലും അക്ഷര കെ ആർ, 7-ാം ക്ലാസ്സ്, യു പി വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി. സയൻസ് മാഗസിന് ഒന്നാം സ്ഥാനം ലഭിച്ചു. ടാലന്റ് സെർച്ച് പരീക്ഷയിൽ അനുശ്രീ കെ ​എസ്, 10-ാം ക്ലാസ്സ്, മൂന്നാം സ്ഥാനം നേടി. .
ഐടി മേള - ഉപജില്ലാ തല ഐടി മേളയിൽ ഹയർ സെക്കന്ററി വിഭാഗം പ്രശ്നോത്തരി മത്സരത്തിൽ പ്രിയങ്ക കെ പി ഒന്നാംസ്ഥാനാർഹയായീ. ഹൈസ്കൂൾ വിഭാഗത്തിൽ സ്ക്രാച്ച് - ഐശ്വര്യ കെ പി - ഒന്നാം സ്ഥാനം, വെബ് പേജ് നിർമ്മാണം - അനുശ്രീ കെ എസ് - ഒന്നാം സ്ഥാനം, ആനിമേഷൻ - അനഘ കെ ആർ‍ - മൂന്നാം സ്ഥാനം, രചനയും അവതരണവും - ശിവാനി കെ എസ് - മൂന്നാം സ്ഥാനം, ഡിജിറ്റൽ പെയിന്റിങ് - നിരഞ്ജന പികെ ബി ഗ്രേഡ് എന്നിവ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിന് ഒന്നാം സ്ഥാനവും ലഭിച്ചു.


കലോൽസവം

ഈ വർഷത്തെ സ്കൂൾ കലോൽസവം സെപ്റ്റംബർ ൽ നടത്തി. വിജയികളെ ഉപജില്ലാ തലത്തിൽ പങ്കെടപ്പിച്ചു. ഉപജില്വിഭലാ കലോൽസവത്തിൽ സംസ്കൃതോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ അഗ്രിഗേറ്റ് ഒന്നാം സ്ഥാനവും കലോൽസവം ഹയർസെക്കന്ററി വിഭാഗത്തിൽ അഗ്രിഗേറ്റ് രണ്ടാം സ്ഥാനവും ലഭിച്ചു. വ്യക്തിഗത ഇനങ്ങളിൽ എ ഗ്രേഡ് നേടിയ 19 കുട്ടികളും ഗ്രൂപ്പ് ഇനങ്ങളിൽ എ ഗ്രേഡ് നേടിയ 21 കുട്ടികളും റവന്യൂ ജില്ലാ മത്സരങ്ങളിൽ പങ്കെടുത്തു. ദേവിക ആ‍ർ മേനോൻ മോണോ ആക്ടിലും പാർവതി പി ആർ, പ്രയാഗ ജി ജെ, മാളവിക പി എ, അനഘ സന്തോഷ്, ദേവിക സുരേഷ്, വിഷ്ണുപ്രിയ, നന്ദ സി ടി എന്നിവർ സംസ്കൃത സംഘഗാനത്തിലും സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടി.

സ്പോർട്‍സ് & ഗെയിംസ്

കായിക മേഖലയിൽ ശ്രീ ശാരദ വിദ്യാർത്ഥിനികൾ മികച്ച നിലവാരം പുലർത്തിവരുന്നു. ഉപജില്ലാ ഖോ ഖോ, കബടി മത്സരങ്ങളിൽ ജൂനിയർ സീനിയർ ടീമുകൾക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ജില്ലാ ഖോ ഖോ, കബടി മത്സരങ്ങളിൽ യഥാക്രമം അഞ്ചും പതിനൊന്നും പേർക്ക് സെലക്ഷൻ ലഭിച്ചു. ഏയ്ഞ്ചൽ മേരി, ശ്രീവിദ്യ വിശ്വനാഥൻ,അഷിത എൻ വി, ബ്രിട്ടീന റോസ്, അർച്ചന എൻ വി എന്നിവർ സംസ്ഥാന തലത്തിൽ പങ്കെടുത്ത് സമ്മാനാർഹരായി. അത്‍ലറ്റിക്സിലും ഇവിടത്തെ കുട്ടികൾ മികച്ച നിലവാരം പുലർത്തുന്നു.
ഉപജില്ലാ കരാട്ടെ മത്സരത്തിൽ മൂന്നു കുട്ടികൾ വിജയിച്ചു. അമൃത സുരേഷ് ജില്ലാതലത്തിൽ രണ്ടാം സ്ഥാനം നേടി. ഉപജില്ലാ തായ്ഖൊൺഡൊ മത്സരത്തിൽ 23 പേർ വിജയിച്ചു. ഏയ്ഞ്ചൽ മേരി, പാർവണേശ്വരി എം എസ്, ജിസ്ന ജോർജ്ജ്, ആയിഷ ഇ എസ് എന്നിവർ സംസ്ഥാന തലത്തിൽ വിജയികളായി. അമെച്ച്വർ തായ്ഖൊൺഡോ മത്സരത്തിൽ ഏയ്ഞ്ചൽ മേരി, ആയിഷ ഇ എസ്, ശലഭ സി എ എന്നിവർ സ്വർണ്ണമെഡലും അമൃത പി എ വെങ്കലവും കരസ്ഥമാക്കി. ഹൈദരാബാദിൽ നടന്ന ഇന്റർനാഷണൽ തായ്ഖൊൺഡോ മത്സരത്തിൽ നമ്മുടെ വിദ്യാർത്ഥികൾ പങ്കെടുത്തു.

സ്വാതന്ത്ര്യ ദിനാഘോഷം

ഭാരതത്തിന്റെ 73ാം സ്വാതന്ത്ര്യ ദിനം പൂർവ്വാധികം ഭംഗിയായി ആഘോഷിച്ചു. സ്കൂൾ മാനേജർ, പ്രിൻസിപ്പാൾ, ഹെഡ്‌മിസ്ട്രസ്സ്, എന്നിവരുടെ നേതൃത്വത്തിൽ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി. കുട്ടികൾ വന്ദേമാതരം ആലപിച്ചു. ദേശഭക്തി ഗാനാലാപനവും ഉണ്ടായിരുന്നു. പ്രിൻസിപ്പാൾ, ഹെഡ്‌മിസ്ട്രസ്സ്, പി ടി എ പ്രസിഡന്റ് എന്നിവർ യോഗത്തിൽ സംസാരിച്ചു.. മധുര വിതരണവും നടത്തി.

കുട്ടികളെ അറിയാം

  • ആഗസറ്റ് 19ന് ബി ആർ സി ട്രെയ്നർ സീമ മാഡത്തിന്റെ നേതൃത്വത്തിൽ അധ്യാപകർക്കായി ഒരു ക്ലാസ്സ് നടക്കുകയുണ്ടായി. കുട്ടികളുടെ ഓരോരുത്തരുടെയും പഠന നിലവാരം അളക്കുന്നതെങ്ങനെയെന്നറിയുന്നതിനായുള്ള ക്ലാസ്സ് ആയിരുന്നു. പഠനവൈകല്യമുള്ള കുട്ടികളെ കണ്ടെത്താനും പഠനപ്രക്രിയയിൽ മാറ്റം വരുത്താനും ഈ ക്ലാസ്സ് അധ്യാപകർക്ക് സഹായകമായി.
  • ശുചിത്വം, പകർച്ചവ്യാധികൾ എന്ന വിഷയങ്ങളെ ആസ്പദമാക്കി ഹെൽത്ത് ഇൻസ്പെക്ടർ ബോധവൽക്കരണക്ലാസ്സ് നടത്തി.
  • രാമവർമ്മപുരം ജില്ലാ ആയുർവേദ ഹോസ്‌പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ.വിനയ്‌ശങ്കർ പത്താം ക്ലാസ്സ് വിദ്യാർത്ഥിനികൾക്ക് പരീക്ഷാപ്പേടി അകറ്റാൻ എന്ന വിഷയത്തിൽ ക്ലാസ്സ് നടത്തി.
  • സുരക്ഷിത ആഹാരം ആരോഗ്യത്തിനാധാരം എന്ന വിഷയത്തെ കുറിച്ച് വടക്കാഞ്ചേരി നിയോജക മണ്ഡലം ഭക്ഷ്യസുരക്ഷ കമ്മീഷന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ബോധവത്ക്കരണക്ലാസ്സ് നടത്തുകയുണ്ടായി.
  • പോക്സോ ബോധവത്ക്കരണക്ലാസ്സ് പേരാമംഗലം സ്റ്റേഷനിലെ സബ്ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തി. ഫിറോസ്, അനീഷ് എന്നിവരാണ് ക്ലാസ്സെടുത്തത്

ഓണാഘോഷം

പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ വർഷത്തെ ഒണാഘോഷം പരിസിഥിതി സൗഹൃദപരമായും ലളിതമായും നടത്തി. പതിവുപോലെ അർഹരായ വിദ്യാർത്ഥികൾക്ക് ഓണക്കിറ്റ് വിതരണം നടത്തി. ഓണക്കളികൾ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പൂക്കള മത്സരം നടത്തുകയുണ്ടായി. ഹൈസ്കൂളിൽ നിന്നും ഹയർ സെക്കന്ററിയിൽ നിന്നും കുട്ടികൾ പങ്കെടുത്തു. കുട്ടികൾക്കിതൊരു പുതിയ അനുഭവമായിരുന്നു. പ്രളയക്കെടുതിയോടനുബന്ധിച്ച് ചിലവു ചുരുക്കലിന്റെ ഭാഗമായി പൂക്കള മത്സരം ഒഴിവാക്കിയിരുന്നു. മികച്ച മൂന്ന് ചിത്രങ്ങൾ സ്കൂൾവിക്കിയിൽ അപ്‍ലോഡ് ചെയ്തു.


വിവര സാങ്കേതിക വിദ്യ- ബോധവത്ക്കരണക്ലാസ്സ്

പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തോടനുബന്ധിച്ചും പൊതു വിദ്യാലയങ്ങൾ ഹൈടെക് ആയതിനോടനുബന്ധിച്ചും കുട്ടികൾ മാത്രമല്ല അമ്മമാർ കൂടി വിവരസാങ്കേതിക വിദ്യയെ കുറിച്ചറിഞ്ഞിരിക്കേണ്ടതുണ്ട്. ആയതിലേക്ക് ഹൈസ്കൂൾ അധ്യാപകർക്കും 9-ാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥികൾക്കും കൈറ്റിന്റെ ആഭിമുഖ്യത്തിൽ വീഡിയോ കോൺഫറൻസ് ക്ലാസ്സ് നടക്കുകയുണ്ടായി. സമേതം പോർട്ടൽ പരിചയപ്പെടൽ, വിക്ടേഴ്സ് ചാനൽ പതിവായി കാണേണ്ടതിന്റെ ആവശ്യകത, സമഗ്ര റിസോഴ്സുകളുടെ ഉപയോഗം ഫോണിൽ, സ്മാർട്ട് ഫോൺ ഉപയോഗിച്ച് പാഠപുസ്തകത്തിലെ ക്യു ആർ കോഡ് സ്കാൻ ചെയ്യുന്നതെങ്ങനെ, സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം എന്നിവയായിരുന്നു മുഖ്യ പ്രതിപാദ്യം. ക്ലാസ്സ് അധ്യാപകർ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ സഹായത്തോടെ രണ്ടു ദിവസങ്ങളിലായി അമ്മമാർക്ക് ക്ലാസ്സെടുത്തു. ആവശ്യക്കാർക്ക് സ്മാർട്ട് ഫോണിൽ ക്യു ആർ കോഡ് സ്കാനർ വിക്ടേഴ്സ് ചാനൽ എന്നിവ ഇൻസ്റ്റാൾ ചെയ്യാൻ സഹായിക്കുകയും ചെയ്തു.

സിസ്റ്റർ നിവേദിത ജന്മ വാർഷികം

സിസ്റ്റർ നിവേദിതയുടെ നൂറ്റമ്പത്തിരണ്ടാം ജന്മ വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഡോ. ലക്ഷ്മികുമാരി മുഖ്യ പ്രഭാഷണം നടത്തി. സ്വാമി വിവേകാനന്ദന്റെ ശിഷ്യയായിരുന്നു സിസ്റ്റർ നിവേദിത. നവംബർ 1898-ൽ നിവേദിതാ വിദ്യാലയം എന്ന പേരിൽ കൊൽക്കത്തയിൽ സമൂഹത്തിലെ എല്ലാ വിഭാഗത്തിൽ പെടുന്ന സ്ത്രീകൾക്കും വേണ്ടി ഒരു വിദ്യാലയം തുടങ്ങി. സ്ത്രീകളുടെ ഉന്നമനം സ്ത്രീ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ എന്ന് സ്വാമി വിവേകാനന്ദൻ അടിയുറച്ച് വിശ്വസിച്ചു. സ്വാമിജിയുടെ ഈ വിശ്വാസം സഫലമാക്കുന്നതിനായി സിസ്റ്റർ നിവേദിത അക്ഷീണം പ്രവർത്തിച്ചിരുന്നു.

ആകാശങ്ങൾക്കപ്പുറം

ഇന്ത്യയുടെ അഭിമാനമായ മുൻ രാഷ്ട്രപതി, ലോകം കണ്ട ഏറ്റവും മഹാനായ ശാസ്ത്രജ്ഞൻ, യശ്ശഃശരീരനായ ഡോ: എ പി ജെ അബ്ദുൾകലാമിന്റെ അനുഗ്രഹത്തോടെ, ബഹിരാകാശത്തെ കുറിച്ച് കുട്ടികൾക്ക് അറിവ് നൽകുക എന്നലക്ഷ്യത്തോടെ നിർമ്മിച്ച ആകാശങ്ങൾക്കപ്പുറം എന്ന സമ്പൂർണ്ണ എഡ്യുക്കേഷണൽ സിനിമ സ്റ്റുഡന്റ്സ് എഡ്യുക്കേഷണൽ ഫിലിം സൊസൈറ്റിയുടെ ഭാഗമായി സ്കൂളിൽ പ്രദർശിപ്പിക്കുകയുണ്ടായി. സർവ്വനാശത്തിനായി ഉപയോഗിക്കുന്ന ആറ്റംബോംബ്, മിസൈൽ എന്നിവ ഉപയോഗിച്ച് ഭൂകമ്പം, സുനാമി, പ്രളയം പോലുള്ള വൻദുരന്തങ്ങളെ പ്രതിരോധിക്കാൻ കഴിയും എന്ന ഡോ: എ പി ജെ അബ്ദുൾകലാമിന്റെ ആശയം പ്രാവർത്തികമാക്കാൻ ശ്രമിച്ച ഒരു യുവശാസ്ത്രജ്ഞന്റെ ഗവേഷണങ്ങളാണ് ഈ സിനിമയുടെ ഇതിവൃത്തം. കുട്ടികൾക്ക് വളരെയേറെ ഉപകാരപ്രദമായിരുന്നു ഈ സിനിമ.

വായനകളരി

സാങ്കേതിക വിദ്യ എത്ര വികസിച്ചാലും ദിനപത്രങ്ങൾക്കുള്ള പ്രാധാന്യം ഒട്ടും കുറയുന്നില്ല. ദിനപത്രങ്ങൾ അറിവ് വർധിപ്പിക്കുക മാത്രമല്ല, ഭാഷാനൈപുണ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. എൽ ഐ സി യും മലയാള മനോരമയും സംയുക്തമായി സംഘടിപ്പിച്ച വായനകളരിയിൽ പത്ത് ദിനപത്രങ്ങൾ സ്പോൺസർ ചെയ്തു. ചടങ്ങിൽ എൽ ഐ സി ഓഫീസർ ശ്രീമതി ശ്രീദേവി വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിക്കുകയും ചെയ്തു.

വിദ്യാലയം പ്രതിഭകൾക്കൊപ്പം

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാലയം പ്രതിഭകൾക്കൊപ്പം എന്ന പദ്ധതിയുടെ ഭാഗമായി നവംബർ 14ന് ശ്രീശാരദയിലെ വിദ്യാർത്ഥികളും അധ്യാപകരും പി ടി എ പ്രതിനിധികളും കവിയും കലാകാരനുമായ മുരളി പുറനാട്ടുകരയെ ആദരിച്ചു. ഗുരുവായൂർ ദേവസ്വം കലാനിലയം കൃഷ്ണനാട്ടം സൂപ്രണ്ടായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം ആദ്ധ്യാത്മിക പ്രഭാഷണ രംഗത്തും കവിതാലാപനത്തിലും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയാണ്. ശ്രുത്മധുരമായ ശബ്ദമാധുര്യം കൊണ്ട് ആദ്ധ്യാത്മിക രാമായണ പാരായണത്തിലൂടെ ഏവരുടെയും ഹൃദയം കവരാൻ കഴിഞ്ഞ വ്യക്തിയാണദ്ദേഹം. ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിടെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന അദ്ദേഹം തന്റെ ജീവിതാനുഭവങ്ങൾ കുട്ടികളുമായി പങ്കിട്ടു. ഒരു പ്രതിഭ രൂപപ്പെടുന്നത് സ്വയമല്ലെന്നും അതിനു പിന്നിൽ ഒരു പാട് വ്യക്തികളുടെ സ്വാധീനമു​ണ്ടെന്നും പറഞ്ഞു.തന്റെ ജീവിതത്തിന്റെ ഉയർച്ചയിൽ തന്നേടൊപ്പമുണ്ടായിരുന്ന ഗുരുഭൂതന്മാരെ അദ്ദേഹം ഈ അവസരത്തിൽ സ്മരിക്കുകയുണ്ടായി. കുട്ടികളിൽ ഒരു പുതിയ ഊർജ്ജവും ഇച്ഛാശക്തിയും ഉണ്ടാക്കാൻ അദ്ദേഹത്തിന്റെ വാക്കുകൾക്ക് കഴിഞ്ഞു.

ജൂനിയർ റെഡ് ക്രോസ്

കുട്ടികളിൽ കർത്തവ്യബോധവും സേവന സന്നദ്ധതയും വളർത്തിയെടുക്കുന്നതിന് വേണ്ടി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന ജെ ആർ സിയുടെ 20 കേഡറ്റുകളുടെ യൂണിറ്റ് സ്കൂളിൽ ഈ വർഷം(2019 - 2020) മുതൽ ആരംഭിച്ചു. അടാട്ട് ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ വിന്റ്സെന്റ് സർ കുട്ടികൾക്ക് യൂണിഫോം വിതരണം ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും ജെ ആർ സിയുടെ കേഡറ്റുകൾ സന്നദ്ധ സേവനം നൽകി വരുന്നു. കാര്യക്ഷമതയുള്ള ജീവിതവും ലക്ഷ്യബോധവും കുട്ടികളിൽ ഉറപ്പുവരുത്തി വളരുവാൻ ജെ ആർ സി സഹായിക്കുന്നു. കൗൺസിലറായി ശ്രീമതി മഞ്ജുള ടീച്ചർ പ്രവർത്തിച്ചു വരുന്നു. ജൂനിയർ റെഡ് ക്രോസ് അംഗങ്ങൾ ഫെബ്രുവരി 6 ന് അധ്യാപകരോടൊപ്പം അടാട്ട് മറിയം ത്രേസ്യ ഓൾഡ് ഏജ് ഹോം സന്ദർശിച്ചു. സേവനം, സൗഹൃദം, സാഹോദര്യം എന്ന ആപ്തവാക്യം മുൻ നിർത്തി പ്രവർത്തിക്കുന്ന ജെ ആർ സി കേഡറ്റുകൾക്ക് ഇതൊരു പുതിയ അനുഭവമായിരുന്നു. കുട്ടികളുടെ പാട്ടും കളിചിരികളും അവിടത്തെ വൃദ്ധജനങ്ങൾക്കും സന്തോഷം പകരുന്നതായിരുന്നു.


പഠന വിനോദ യാത്രകൾ

ഈ വർഷവും ശ്രീ ശാരദയിലെ വിദ്യാർത്ഥികൾ വിവിധ പഠന യാത്രകൾ നടത്തി. പത്താം ക്ലാസ്സിലെ കുട്ടികൾ മൈസൂർ, കൂർഗ് എന്നീ സ്ഥലങ്ങളാണ് സന്ദർശിച്ചത്. മൈസൂർ പാലസ്, ചാമുണ്ഡേശ്വരി ടെമ്പിൾ, സെന്റ് ഫിലോമിന ചർച്ച്, ശ്രീരംഗ പട്ടണം, വൃന്ദാവൻ ഗാർഡൻ, വാട്ടർ ജയിൽ, ബുദ്ധ ടെമ്പിൾ, നിസർഗധാമ പാർക്ക് എന്നിവ കുട്ടികൾക്ക് എത്ര കണ്ടാലും മതി വരാത്ത സ്ഥലങ്ങളാണ്. അഞ്ച്, ഒമ്പത് ക്ലാസ്സുകാർ പാലക്കാട് വരിക്കാശ്ശേരി മന ,പാലക്കാട് കോട്ട, മലമ്പുഴ എന്നിവ സന്ദർശിച്ചു. ആറ്, ഏഴ്, എട്ട് ക്ലാസ്സുകളിലെ കുട്ടികൾ വിവിധ വാട്ടർ തീം പാർക്കുകൾ സന്ദർശിച്ചു. എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥികൾ മണ്ണുത്തി കാർ‍ഷിക സർവ്വകലാശാലയിലേക്ക് പഠനയാത്ര നടത്തുകയുണ്ടായി. വിവിധ തരം കൃഷിരീതികൾ മനസ്സിലാക്കാൻ ഈ യാത്ര സഹായിച്ചു. ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ യാത്ര ഊട്ടിയിലേക്കായിരുന്നു. എട്ട്, ഒമ്പത് ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥിനികൾ ഐ എസ് ആർ ഒ യുടെ ആഭിമുഖ്യത്തിൽ വിദ്യ എഞ്ചിനീയറിംഗ് കോളേജിൽ നടത്തിയ എക്സിബിഷൻ സന്ദർശിച്ചു.

വിദ്യാർത്ഥികളുടെ സുരക്ഷ

സർക്കാർ നിർദ്ദേശ പ്രകാരം നവംബർ 29-ാം തിയ്യതി അടിയന്തിര പി ടി എ പൊതുയോഗം നടത്തി. സ്കൂളിലെ നിലവിലെ ഭൗതിക സാഹചര്യങ്ങൾ വിലയിരുത്തി. പി ടി എയുടെയും മാനേജ്മ്മെന്റിന്റെയും സഹായത്തോടെ അപാകതകൾ പരിഹരിച്ചു. സ്കൂൾ അങ്കണം പി ടി എ അംഗങ്ങളുടെ നേതൃത്വത്തിൽ വൃത്തിയാക്കി. പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിന്റെ ഭാഗമായി നിലവിൽ വിദ്യാലയത്തിൽ നടപ്പാക്കിയിട്ടുള്ളതും ഭാവിയിൽ നടപ്പാക്കാനുദ്ദേശിക്കുന്നതുമായ പദ്ധതികളെ കുറിച്ച് വിശദീകരണവും ചർച്ചയും നടത്തി. "പാമ്പുകടിയും പ്രഥമശുശ്രൂഷയും" എന്ന വിഷയത്തിൽ റിട്ടയേർഡ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ശ്രീ വിജയരാഘവൻ സർ ബോധവത്ക്കരണ ക്ലാസ്സ് നടത്തി. പാമ്പുകളെ കുറിച്ചുള്ള അബദ്ധധാരണകൾ ഒഴിവാക്കാൻ സഹായിക്കുന്നതായിരുന്നു ക്ലാസ്സ്.

ലഹരി വിരുദ്ധ വിദ്യാലയം

സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട് അടാട്ട് പ‍ഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കേരള സംസ്ഥാന എക്സൈസ് വകുപ്പും കേരള സംസ്ഥാന ലഹരി വർജ്ജ്യ മിഷനും സംയുക്തമായി വിമുക്തി എന്ന പ്രോഗ്രാം 17-01-2020 ന് നടത്തുകയുണ്ടായി. ലഹരി വിമുക്ത യുവത്വത്തിന് ഊന്നൽ കൊടുക്കുന്ന ക്ലാസ്സ് എടുത്തത് ശ്രീ അനീഷ് തോമസ് ആണ്. കുഴിയാന സിനിമാ പ്രദർശനവും ഉണ്ടായിരുന്നു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. സുരക്ഷിത വിദ്യാലയം ക്യാമ്പെയിൻ നടത്തപ്പെടുന്നതിന്റെ ഭാഗമായി 18-01-2020 ന് സ്പെഷ്യൽ പി ടി എ മീറ്റിംഗ് കൂടുകയും ലഹരി വിമുക്ത ബോധവത്ക്കരണ ക്ലാസ്സ് നടത്തുകയും ചെയിതു. തദവസരത്തിൽ ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി, പൊതു വിദ്യാഭ്യാസ സെക്രട്ടറി, പൊതു വിദ്യാഭ്യാസ ഡയറക്ടർ എന്നിവരുടെ വീഡിയോ സന്ദേശം പ്രദർശിപ്പിക്കുകയുണ്ടായി.

നൈതികം

ഭരണ ഘടന വാർഷികാഘോഷത്തിന്റെ ഭാഗമായി ഭരണ ഘടനയുടെ പ്രാധാന്യം കുട്ടികളിലേക്കെത്തക്കാൻ ആവിഷ്ക്കരിച്ച പദ്ധതിയീണ് നൈതികം. ഇതോടനുബന്ധിച്ച് ഭരണ ഘടന ദിനാഘോഷം, മനുഷ്യാവകാശ ദിനാചരണം എന്നിവയ്ക്കുള്ള ഒരുക്കങ്ങൾ നടത്തി. പ്രസംഗം, സ്കിറ്റ്, വീഡിയോ പ്രദർശനം സ്ലൈഡ് പ്രദർശനം എന്നിവയിലൂടെ ഭരണ ഘടനയുടെ പ്രാധാന്യം കുട്ടികളിലേക്കെത്തിച്ചു. ഈ പരിപാടിയുടെ ഭാഗമായി ഒമ്പതാം ക്ലാസ്സിലെ കുട്ടികൾ സ്കൂളിനൊരു ഭരണഘടന നിർമ്മിക്കുകയും സ്കൂൾ അസംബ്ലിയിൽ പ്രധാനാധ്യാപികക്ക് കൈമാറുകയും ചെയ്തു.