എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/സ്കൗട്ട്&ഗൈഡ്സ്-17
ഭാരത് സ്കൗട്ട് & ഗൈഡ്
സ്കൗട്ട് മാസ്റ്റർ : ശ്രീ. പ്രകാശ് ജോർജ് കുര്യൻ (യു.പി.എസ്.എ.)
ഗൈഡ് ക്യാപ്റ്റൻ : ശ്രീമതി സുജാകുമാരി ബി. (എച്ച് എസ്. എ. ഗണിതശാസ്ത്രം)
ആമുഖം
1909ലാണ് ഇന്ത്യയിൽ സ്കൌട്ട് പ്രസ്ഥാനം തുടങ്ങിയത്. ക്യാപ്ടൻ ടി.എച്ച്. ബേക്കർ ബാംഗ്ലൂരിൽ രാജ്യത്തെ ആദ്യ സ്കൌട്ട് ട്രൂപ് ഉണ്ടാക്കി. പിന്നീട് പൂണെ, മദ്രാസ്, ബോംബെ, ജബൽപൂർ തുടങ്ങിയ സ്ഥലങ്ങളിലും സ്കൌട്ട് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇവയെല്ലാംതന്നെ ബ്രിട്ടീഷുകാരുടെ കുട്ടികൾക്കും ആംഗ്ലോ-ഇന്ത്യൻ കുട്ടികൾക്കും വേണ്ടി മാത്രമുള്ളതായിരുന്നു. 1911ൽ ജബൽപൂരിൽ ആദ്യത്തെ ഗൈഡ് കമ്പനി ഉണ്ടാക്കി.
ലക്ഷ്യം
യുവാക്കളുടെ മാനസികവും ശാരീരികവും ഭൌതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാൻ സഹായിക്കുന്നു.
ഭാരത് സ്കൗട്ട് & ഗൈഡ് കൂത്താട്ടുകുളം ഹൈസ്ക്കൂളിൽ
1970 കളിൽത്തന്നെ ജീവശാസ്ത്രാദ്ധ്യാപകനായിരുന്ന ശ്രീ ബാലൻ സാറിന്റെ നേതൃത്വത്തിൽ കൂത്താട്ടുകുളം ഹൈസ്ക്കൂളിൽ ഭാരത് സ്കൗട്ടിന്റെ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ അദ്ദേഹം മറ്റൊരു സ്ക്കൂളിലേയ്ക്ക് പോയതോടുകൂടി നേതൃത്വം നൽകാൻ ആളില്ലാതെ സ്കൗട്ട് യൂണിറ്റ് പ്രവർത്തനം നിലച്ചു. പിന്നീട് 1991 ൽ ശ്രീ പ്രകാശ് ജോർജ് കുര്യൻ (യു. പി. എസ്. എ.)ഈ സ്ക്കൂളിൽ ജോലിയിൽ പ്രവേശിച്ചതോടെ സ്കൗട്ട് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ആ വർഷം ആരംഭിച്ച ആദ്യബാച്ചിൽ നിന്നും നാല് വിദ്യാർത്ഥികൾ രാഷ്ടുപതി സ്കൗട്ട് അവാർഡ് നേടി. സുധീഷ് കുമാർ, രഞ്ജിത് വി. ദിവാകരൻ, സുമേഷ് ശങ്കർ, ബെന്നി ജോൺ എന്നിവരായിരുന്നു ആദ്യ നാല് രാഷ്ട്രപതി സ്കൗട്ടുകൾ.
1995ൽ ശ്രീമതി സുജാകുമാരി (എച്ച്. എസ്. എ. ഗണിതശാസ്ത്രം) ഈ സ്ക്കൂളിൽ ജോലിയിൽ പ്രവേശിച്ചതോടെ ഗൈഡ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ആ വർഷം ആരംഭിച്ച ആദ്യയൂണിറ്റിൽ നിന്ന് 9 പെൺകുട്ടികൾ രാജ്യപുരസ്കാർ അവാർഡുനേടി. രാഷ്ട്രപതി അവാർഡു നേടിയ ആദ്യ ഗൈഡായി ആ ബാച്ചിലെ റോണിയ എം. ബേബി. തുടർന്ന് എല്ലാവർഷങ്ങളിലും നിരവധി വിദ്യാർത്ഥികൾ സ്കൗട്ട് & ഗൈഡ് യൂണിറ്റുകളിൽ ചേരുകയും മികച്ച പ്രവർത്തനം നടത്തുകയും ചെയ്യുന്നുണ്ട്.
സ്കൗട്ട് മാസ്റ്ററും ഗൈഡ് ക്യാപ്റ്റനും
സ്കൗട്ട് മാസ്റ്ററായി ശ്രീ പ്രകാശ് ജോർജ് കുര്യനും ഗൈഡ് ക്യാപ്റ്റനായി ശ്രീമതി ബി. സുജാകുമാരിയും സേവനമനുഷ്ടിച്ചുവരുന്നു. സ്കൗട്ട് മാസ്റ്റർ ശ്രീ പ്രകാശ് ജോർജ് കുര്യൻ 1991 ൽ ബേസിക് പരീക്ഷ ജയിച്ചു. തുടർന്ന് 1992 ൽ അഡ്വാൻസ്ഡും 1993 ൽ വുഡ് ബാഡ്ജും നേടി. ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ബി. സുജാകുമാരി 1995 ൽ ബേസിക് പരീക്ഷയും 2015 ൽ അഡ്വാൻസ്ഡ് പരീക്ഷയും ജയിച്ചു. രണ്ടു പേരും ദീർഘകാലമായി സ്തുത്യർഹമായ സേവനം അനുഷ്ടിച്ചുവരുന്നു,
പ്രവർത്തനരീതി
സ്കൗട്ട് മാസ്റ്റർ ശ്രീ പ്രകാശ് ജോർജ് കുര്യന്റെയും ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ബി. സുജാകുമാരിയുടെയും നേതൃത്വത്തിൽ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രസ്ഥാനത്തിന്റെ ഒരു യൂണിറ്റ് നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. രാജ്യപുരസ്കാർ, രാഷ്ട്രപതി മെഡലുകൾക്ക് എല്ലാ വർഷവും ധാരാളം കുട്ടികൾ അർഹത നേടുന്നുണ്ട്. പ്രകൃതി പഠനയാത്രകൾ, പ്രകൃതിസംരക്ഷണം, രോഗപ്രതിരോധ മാർഗ്ഗങ്ങൾ ലക്ഷ്യമാക്കിയുള്ള പൊതു ജനസമ്പർക്ക പരിപാടികൾ, എന്നിവ നടത്തിവരുന്നു. ആരോഗ്യപരിപാലനത്തിന് ഉതകുന്ന പ്രഥമ ശുശ്രൂഷ കുട്ടികൾ പരിശീലിക്കുന്നുണ്ട്. ആകസ്മികമായുണ്ടാകുന്ന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഡിസാസ്റ്റർ മാനേജ്മെന്റ്, ഫയർ ആന്റ് സേഫ്റ്റി എന്നീ വിഷയങ്ങളിൽ പ്രാവീണ്യം നേടുന്നുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും വൈകുന്നേരങ്ങളിൽ സ്കൗട്ട്സ് & ഗൈഡ്സിന് പരിശീലനം നൽകിവരുന്നു.
പരീക്ഷകൾ
സ്കൗട്ട് & ഗൈഡ് യൂണിറ്റുകളിൽ ചേരുന്ന വിദ്യാർത്ഥികൾ അവരുടെ കഴിവ് തെളിയിക്കുന്നതിനായി ആറു പരീക്ഷകളിലൂടെ കടന്നുപോകുന്നുണ്ട്. പ്രവേശ്, പ്രഥമസോപാൻ, ദ്വിതീയസോപാൻ ത്രിതീയസോപാൻ, രാജ്യപുരസ്കാർ, രാഷ്ട്രപതി എന്നിവയാണ് ആ പരീക്ഷകൾ. ഈ പരീക്ഷകളിൽ ഉന്നത വിജയം നേടുന്നതിനാവശ്യമായ പരിശീലനമാണ് സ്ക്കൂളിൽ സ്കൗട്ട് മാസ്റ്റർ ശ്രീ പ്രകാശ് ജോർജ് കുര്യനും ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ബി. സുജാകുമാരിയും നൽകുന്നത്. ഈ പരിശീലനത്തിലൂടെ കടന്നുവരുന്ന വിദ്യാർത്ഥികൾ സാമൂഹ്യപ്രതിബദ്ധതയും ത്യാഗമനോഭാവവും, നേതൃത്വഗുണവും രാജ്യസ്നേഹവുമുള്ള ഉത്തമപൗരന്മാരായി വളർന്നുവരുന്നു. ജീവിതത്തിന്റെ വിവിധ മേഖലകളിൽ വിജയം കൈവരിച്ച ഞങ്ങളുടെ പൂർവ്വവിദ്യാർതഥികൾ ഇതിന് തെളിവാണ്.
ക്യാമ്പിംഗ്
വിവിധ തലങ്ങളിൽ സ്കൗട്ട് & ഗൈഡുകൾക്കായി നടത്തുന്ന ക്യാമ്പുകളിൽ ഈ സ്ക്കൂളിലെ യുണിറ്റ് അംഗങ്ങൾ കൃത്യമായി പങ്കെടുക്കുന്നുണ്ട്. മികച്ച പാർട്ടിസിപ്പേഷനുള്ള സമ്മാനങ്ങൾ എല്ലാ വർഷവും നമ്മുടെ സ്ക്കൂളിലെ സ്കൗട്ട് & ഗൈഡുകൾക്ക് ലഭിച്ചുവരുന്നു.
ട്രക്കിംഗ് & ഹൈക്ക്
നമ്മുടെ സ്ക്കൂളിലെ സ്കൗട്ട് & ഗൈഡുകളിൽ സാഹസികതയും ധൈര്യവും കായികശേഷിയും വർദ്ധിപ്പിക്കുന്നതിനായി യൂണിറ്റുതലത്തിൽതന്നെ എല്ലാ വർഷവും ട്രക്കിംഗും ഹൈക്കും നടത്തുന്നുണ്ട്.