ഗവ. വി എച്ച് എസ് എസ് വാകേരി/നാടോടി വിജ്ഞാനകോശം
വാകേരി സ്കൂൾ വിദ്യാർത്ഥികളുടെ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ശേഖരിച്ച വിവിധ നാടോടിവിജ്ഞാനശകലങ്ങൾ
കുറിച്യ പദകോശം
വയനാട്ടിലെ പ്രമുഖമായ ആദിവാസി വിഭാഗമാണ് കുറിച്യർ. ഇവർ അധികവും മാനന്തവാടി താലൂക്കിലാണ് അധിവസിക്കുന്നത്. സാമ്പത്തികമായും സാമൂഹികമായും സാസ്കാരികതലത്തിലും ഇതര ആദിവാസി വിഭാഗങ്ങളേക്കാൾ മുന്നിൽ നിൽക്കുന്നു. പഴശ്ശി രാജാവിന്റെ പടയാളികളായിരുന്നു ഇവരുടെ പൂർവ്വികർ. പന്ത്രണ്ടാം നൂറ്റാണ്ടിൽ വേടവംശത്തെ ആക്രമിച്ച കോട്ടയം- കുമ്പള രാജാക്കൻമാരുടെ പടയാളികളായി വയനാട്ടിൽ എത്തിച്ചേർന്നു എന്നാണു ചരിത്രപരമായി കരുതുന്നത്. മലയാളത്തോട് വളരെ അടുപ്പമുള്ളതാണ് ഇവരുടെ ഭാഷ. ഇവരി ൽ ഏറെ ആളുകളും സ്വന്തം ഭാഷ മറന്നിരിക്കുന്നു എന്നു പറയാം. സ്വന്തം ഭാഷ മറന്ന ഈ സമൂഹം ഇന്ന് പ്രതിനിധാനം ചെയ്യുന്നത് സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലുണ്ടായ പരിണതിയുടെ ഫലമാണ് . പഴയ വ്യവഹാര ലോകത്തിന്റെ അടയാളങ്ങളായ പദാവലികൾ കാണുക വാകേരി സ്കൂളിലെ ഐടി ക്ലബ്ബിന്റെ പ്രവർത്തനത്തിന്റെ ഭാഗമയി തയ്യാറാക്കിയ അരിക്കല്ല് എന്ന ഗോത്ര പദാവലിയിലെ ഒരു ഭാഗമാണിത്.
അക്ക - ഏട്ടത്തി
അങ്ങ് - അവിടെ
അങ്ങ് ദീരത്ത് - വളരെ ദൂരത്ത്
അടക്കകിരി - അടയ്ക്കാപക്ഷി
അണ്ണക്കൊട്ടൻ - അണ്ണാൻ
അത്തായം - അത്താഴം
അന്നം - മൈന
അയ് ന് - അത്
അരിക്കത്തി - അരിവാൾ
അരിക്കല്ല് - ആലിപ്പഴം
അരിക്കുമ്മായം - ഉപ്പുകൂണ്
അറിമ്പാറ – അമ്മിക്കല്ല്
ആപ്പൻ - ഇളയച്ചൻ
ആല – തൊഴുത്ത്
ഇങ്ങോട്ട് വാ - ഇവിടെ വരിക
ഇല്ലട്ടക്കരി- മച്ചിൽ പുക പറ്റിപ്പിടിച്ചുണ്ടാകുന്ന കരി
ഇവന്ത് - അവന്റെ
ഇവളത് - അവളുടെ
ഈങ്ങക്കായ് - ഇഞ്ചക്കായ്
ഈയ്യാംപാറ്റ – ഈയൽ
ഉണ്ണിക്കാമ്പ് - വാഴപ്പിണ്ടി
ഉപ്പേരിക്കറി - തോരൻകറി
ഉമ്മാള് ദിവസം കഴിഞ്ഞിട്ട് - ദിവസങ്ങൾക്ക് ശേഷം
ഉമ്മാള്- ദിവസങ്ങൾക്ക് മുമ്പ്
ഉമ്മിയുറുമ്പ് - നെയ്യുറുമ്പ്
ഉറായെ - എട്ടുകാലി
ഉറുമാങ്കായ് - പേരയ്ക്ക
ഊടെ -ഇവിട
ഊടെത്തന്നെ - അടുത്ത്
എന്താകുന്നു - എന്തു ചെയ്യുന്നു?
എരക്കോട് - നെല്ലുകുത്തുന്ന പുര
എറപ്പ – കന്നുകാലികളുടെ കഴുത്തിൽ കെട്ടുന്ന ഒരു മര ഉപകരണം
എറ്ക്ക് - ഉറുമ്പ്
എല – ഇല
എലക്ക - ഉലക്ക
എലുമ്പ – കഴുകുക
ഏക്ക് - എനിക്ക്
ഏച്ച് ല് - വെട്ടിമരം
ഏണിക്ക് - എഴുന്നേൽക്കുക
ഏരുകെട്ട് - നിലമുഴൽ
ഏര് - കാള
ഒണങ്ങിയെല – ചപ്പുചവറുകൾ (വേസ്റ്റ്)
ഒയ് ക്കു്ക – വെള്ളം ഒഴിക്കുക
ഒറക്കം -ഉറക്കം
ഓടെ - എവിടെ
കങ്ങ്മ്പാള – കവുങ്ങിൻപാള
കടച്ചക്ക – പൈനാപ്പിൾ
കടച്ചൽ – കടച്ചിൽ, വേദന
കടച്ചല് – വേദന
കണ്ടം - വയൽ
കണ്ടച്ചക്ക – ഇടിച്ചക്ക (ചെറുചക്ക)
കണ്ണഞ്ചേരി - ബുൾബുൾ പക്ഷി
കൻമെൻ - കല്ലേമുട്ടി (ഒരിനം മീൻ)
കപ്പിലാണ്ടി - കശുമാങ്ങ
കയ്പ – പാവയ്ക്ക
കയ്പ്പക്ക - പാവക്ക
കരള് - നെഞ്ച്
കറപ്പ - കറുവ (എടന)
കറുമൂസ് - പപ്പായ
കല്യാണചെക്കൻ - വരൻ
കല്യാണത്തി - വധു
കളളി - ഇല്ലിക്കൂമ്പ്
കള് വ് - കഴുക്കോൽ
കാട്ടി - കാട്ടുപോത്ത്
കായൽ - മുള
കാരക്കുണ്ട് - ഉണ്ണിയപ്പം
കാറ്റ് - വായു
കാലിചോള - കവളംകാളി(ഒരുപക്ഷി)
കിരി - തൂക്കനാം കുരുവി, ആറ്റക്കിളി
കിര് - കുരു, വിത്ത്
കുടുക്ക – മൺകലം
കുടുക്കചുള്ള – പച്ചനിറമുള്ള വലിയ കൊക്കുള്ള പക്ഷി
കുട്ടി - തീരെ ചെറിയ കുട്ടി
കുട്ടിപ്പാർപ്പ – കടുമുടുങ്ങ, കാക്കച്ചപ്പ്
കുമ്മായം - കൂണ്
കൂമൻ - മൂങ്ങ
കൂളി - പ്രേതം
കെച്ച – കൊക്ക് (കൊക്കു പക്ഷി)
കെനിയാണം - കല്യാണം
കെരയ് - കരച്ചിൽ
കെരള് - കഴുത്ത്
കേര – മീൻ കോരാൻ ഉപയോഗിക്കുന്ന ഉപകരണം
കൈയില് - തവി
കൈയ്യെലുമ്പ - കൈകഴുകുക
കൊടല് - കുടൽ
കൊട്ട – കുട്ട
കൊമ്പൻ - മുയൽ
കൊമ്മ – സദ്യയ്ക്കും മറ്റും അരികഴുകാൻ ഉപയോഗിക്കുന്ന കുട്ട
കൊവ് - കഴുകൻ
കോയി - കോഴി
ക്ലാസ് - ഗ്ലാസ്
ചക്കക്കിര് - ചക്കക്കുരു
ചടയ്ക്കുംബട്ടി - മരവാഴ
ചളി – ചെളി
ചിമ്മിണി - മണ്ണെണ്ണ
ചിരി - ചുണ്ട്
ചീക്ക് - ചീപ്പ്
ചീരപറിങ്കി - കാന്താരിമുളക്
ചീരാപ്പ് – ജലദോഷം
ചീല് - ചൂല്
ചെക്കൻ - ചെറുപ്പക്കാർ
ചെപ്പടം - ചെമ്പുകുടം
ചെറവ - ചെരവ
ചേട്ടൻ -അണ്ണൻ
ചേര – ചോര
ചേറപ്പാമ്പ് - ചേരപ്പാമ്പ്
ചേല് – തോൾ
ചൊടി വരത് - ദേഷ്യം വരുന്നു
ചൊമര് - ഭിത്തി
ഞറമ്പ് - ഞരമ്പ്
ഞെണ്ട് - ഞണ്ട്
ഞേഞ്ഞല് - കലപ്പ
ഞൗരി - ഞൗരിപ്പലക (വയൽ നിരപ്പാക്കാൻ ഉപയോഗിക്കുന്നു)
തക്കുക – അടിക്കുക
തടിയൻമീന് - വലിയമീൻ
തമ്മന്തി - ചമ്മന്തി
തല ഈര– തലചീകുക
തലകെട്ടുക – മുടികെട്ടുക
തലനാറ് - തലമുടി
താക്കോൽ - താഴ്
താള് - ചേമ്പ്
തിന്ന് – തിന്നുക
തുമ്പ – നെല്ലു സൂക്ഷിക്കാൻ മുള കൊണ്ടു നിർമ്മിക്കുന്ന വലിയ കൂട
തുള്ളിക്കുത്തിരിക്ക്യ – ഇരിക്കുക, കുന്തംകാലിൽ ഇരിക്കുക
തൂമ്പ - കൈക്കോട്ട്
തെരിക – ചുമ്മാട് (പുല്ലു കൊണ്ട് നിർമ്മിക്കുന്നത്)
തെരിക –കലംവെക്കാനായി മുളകൊണ്ട്നിർമ്മിക്കുന്ന ഉപകരണം
തോടൻ - വട്ടോൻ(ഒരിനം മത്സ്യം)
തോല് - തോൽ, ത്വക്ക്
തോള - കക്ഷം
ദായിക്ക്ന്നത - ദാഹം
ദീരത്ത്- ദൂരത്ത്
ധായിലെ - രാവിലെ
ധാവ് - രാത്രി, അന്തി
നങ്ങള് – ഞങ്ങൾക
നാരങ്ങ – ഓറഞ്ച്
നാവ് - നാക്ക്
നൂറക്കേങ്ങ് - നൂറക്കിഴങ്ങ് (ഭക്ഷിക്കാൻ ഉപയോഗിക്കുന്നു)
നെനയ്ക്കുക – തുണി അലക്കുക
നെരി - കടുവ
നൊകം - നുകം
നോക്ക് - നോക്കുക
പച്ചക്കാപ്പി - മധുരമില്ലാത്ത കാപ്പി
പച്ചബെള്ള – പച്ചവെള്ളം
പടഞ്ചക്ക - കൂഴച്ചക്ക
പടോലം - പടവലം
പരള് - ചെറിയ ഒരിനം മീൻ
പറങ്കി - മുളക്
പാപ്പൻ - ഇളയച്ചൻ
പായ്ക – ഓടുക
പാറ്റ - പൂമ്പാറ്റ
പാൽചൊരം - പാദസരം
പിട്ട് - പുട്ട്
പിയ്ക്ക് - പുഴുക്ക്
പിറ്റ് - പുറ്റ്
പിറ്റ് കൂണ് -പെരുങ്കൂണ്
പിലാവ് - പ്ലാവ്
പില്ല് - വൈക്കോൽ
പീച്ചത്തി - പിശ്ശാത്തി
പീടിയ - അങ്ങാടി, കട
പുള്ള് - പക്ഷി
പുവുത്തടക്ക – പഴുത്ത അടക്ക
പൂള – കപ്പ
പൂളപെയയ്ക്ക് - കപ്പപ്പുഴുക്ക്
പെടച്ചി - പിടക്കോഴി
പെരപൊതയ്ക്ക്യ – പുരമേയുക
പേയ – പുഴ
പേറ് - പയർ
പൈക്കുട്ടി - പശുക്കുട്ടി
പൈയ്യ് - പശു
പൊകല – പുകയില
പൊത്ത് - മാളം
പോക്കാളെ - കാട്ടുപൂച്ച
പോന്ന് - പോകുക
പൗത്ത്കൊല – വാഴപ്പഴം
പ്രാക് - പ്രാവ്
ബന്ന് - വന്നു
ബരിക്ക ചക്ക – വരിക്ക ചക്ക
ബാക്കത്തി - വെട്ടുകത്തി
ബെരള് - വിരൽ
ബൈതിനി - വഴുതന
ബൊള്ളം - വെള്ളം
മച്ചിച്ചി - നാത്തൂൻ
മച്ചുനൻ - അളിയൻ, സഹോദരി ഭർത്താവ്
മച്ചുനൻ - ഭർത്താവിന്റെ അനിയൻ
മട്ടില് - മടൽ
മതില് - മുറ്റത്തിനു ചുറ്റും നിരമ്മിക്കുന്ന മൺതിട്ട
മധുരകേങ്ങ് - മധുരകിഴങ്ങ്
മറത്തൈ - തൈ
മാമൻ - അമ്മാവൻ
മാളെ - പെൺക്കുട്ടി
മിരിക്ക് - മുരിക്കുമരം
മിറ്റം - മുറ്റം
മിറ്റം - വീട്
മിറ്റം - വീട്
മിളി - വയൽ വരമ്പ്
മിഷി - മുഷി (ഒരിനം മത്സ്യം)
മീട് - മുഖം
മീൻകൊത്തി - പൊൻമാൻ
മുട്ടില് - ഇത്തിൾകണ്ണി
മുട്ടില് - വാൽമാക്രി
മെത്തി - ഞെട്ട്
മെളഞ്ഞി- മുളഞ്ഞിൽ
മെളഞ്ഞിക്കോൽ - പശക്കോൽ
മെവ്ക- മെഴുകുക
മേല് - ശരീരം
മോണി - വാഴച്ചുണ്ട്
മോനെ – ആൺക്കുട്ടി
വട്ടി - വയർ
വർത്താനം - വർത്തമാനം
വളം - ചാണകം
വാതലു - വാതിൽ
വായക്കണ്ട – വാഴക്കുലയുടെ ഞെട്ട് (കാളാമുണ്ടൻ)
വില്ല്യച്ഛൻ - മുത്തച്ഛൻ
വില്ല്യമ്മ – മുത്തശ്ശി
വെണ്ണി - ചാരം
വെള്ളറമ്പ് - പുളിയുറുമ്പ്
വൈനേരം - വൈകുന്നേരം
വൊള്ളക്കറി - സാംമ്പാർ
സ്വാസം വിടുന്നോ - ശ്വസിക്കുക
മുള്ളക്കുറുമരുടെ കഥകളി
Author: കെ. കെ. ബിജു .
വൈവിധ്യമാർന്ന സാഹിത്യസമ്പത്തിനുടമകളാണ് മുള്ളക്കുറുമർ. ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന കലകളുടെ പാട്ടുകളാണിവ. കോൽക്കളി, വട്ടക്കളി, കഥകളി എന്നിവയാണ് പ്രധാനകലകൾ. ഈ കലകൾക്കുവേണ്ടിയാണ് പാട്ടുകൾ രചിച്ചിട്ടുള്ളത്. മുഖ്യധാരാകഥകളിയിൽ നിന്നു തുലോം വ്യത്യസ്തമാണ് ഇവരുടെ കഥകളി. മഹാഭാരതത്തിലെ കിരാതപർവ്വത്തിന്റെ അപനിർമ്മിതിയാണ് വേടയുദ്ധം കഥകളിയുടെ പാട്ട്. ഈ അപനിർമ്മിതിയാണ് പ്രബന്ധത്തിൽ ചർച്ച ചെയ്യുന്നത്. വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിലും അതിനടുത്ത പ്രദേശങ്ങളിലും മാത്രമാണ് മുള്ളക്കുറുമർ അധിവസിക്കുന്നത്. മറ്റ് ആദിവാസി വിഭാഗത്തിൽ നിന്ന് വ്യത്യസ്തമായ ജീവിതനിലവാരം പുലർത്തുന്നവരാണ് ഇവർ. തനതായ ആചാരാനുഷ്ഠാനങ്ങളും സവിശേഷമായ ജീവിതസംസ്‌ക്കാരവും ഇവർക്കുണ്ട്.1
മറ്റ് ആദിവാസിഗോത്രജനതയിൽ നിന്ന് വ്യത്യസ്തമായ പല പ്രത്യേകതകളും മുള്ളക്കുറുമർക്കുണ്ട്.2 ഹൈന്ദവപുരാണങ്ങളും ഇതിഹാസങ്ങളുമായി. ഇവരുടെ നിരവധി പുരാവൃത്തങ്ങൾക്ക് ബന്ധമുണ്ട്. അനുഷ്ഠാനങ്ങളുടെയും ആഘോഷങ്ങളുടെയും ഭാഗമായി കോൽക്കളി, വട്ടക്കളി, കഥകളി (കഥയും ചൊല്ലും) എന്നിവ നടത്താറുണ്ട്. ഇവയുടെ പാട്ടുകൾ പുരാണകൃതികളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടിട്ടുള്ളതാണ്.
മുള്ളക്കുറുമരുടെ ഭാഷ മലയാളത്തിന്റെ ഒരു ഭേദമാണ്. അതേസമയം തങ്ങളുടേതുമാത്രമായ പദാവലി ഇവർക്കുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പെ ഇവർ വരമൊഴി വശമാക്കിയിരുന്നു. മണലെഴുത്താണ് പാരമ്പര്യമായി പിന്തുടർന്നു പോന്ന പഠനരീതി. പാട്ടുകളും ചികിത്സാരീതികളും മന്ത്രങ്ങളും ഓലകളിൽ എഴുതി സൂക്ഷിച്ചിരുന്നു. ചുരുക്കത്തിൽ മലയാളഭാഷയുമായി വാമൊഴി വരമൊഴി ബന്ധമുള്ളവരാണ് മുള്ളക്കുറുമർ.
മുള്ളക്കുറുമരുടെ ഭാഷാപരമായ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയായി തോന്നുന്നത് വരമൊഴിയാണ്. കേരളത്തിലെ മറ്റ് ആദിവാസിഭാഷകൾക്കൊന്നും തന്നെ വരമൊഴി കണ്ടെത്തിയിട്ടില്ല. എന്നാൽ മുള്ളക്കുറുമർക്ക് ലിഖിത സാഹിത്യവും പാട്ടുകളും ഉണ്ട്. മലയാളലിപിയിലാണ് ഇവ ഓലകളിൽ എഴുതി സൂക്ഷിച്ചിരിക്കുന്നത്. നൂറ്റാണ്ടോളം പഴക്കമുള്ള ഓലക്കെട്ടുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. അവ വട്ടക്കളി, കഥകളി (കഥയും ചൊല്ലും) അഞ്ചടി (നരിക്കുത്തുപാട്ട്) എന്നീ തനതുകലകളുടെ പാട്ടുകളാണ്. ഇവ കൂടാതെ ഭാവിപ്രവചനത്തിനുപയോഗിക്കുന്ന വാല്മീകിശാസ്ത്രം, ചികിത്സാവിധികളും മന്ത്രങ്ങളുമടങ്ങുന്ന ഓലകളും സീതാദു:ഖം എന്ന കൃതിയുടെ ഓലകളും മുള്ളക്കുറുരരിൽ പലരും ഇന്നും സൂക്ഷിച്ചുപോരുന്നുണ്ട്.
മുൻകാലങ്ങളിൽ ധാരാളം ഗ്രന്ഥക്കെട്ടുകൾ തങ്ങളുടെ കുടികളിൽ ഉണ്ടായിരുന്നതായി ആവേദകർ സൂചിപ്പിച്ചിട്ടുണ്ട്. അവ കാലാന്തരത്തിൽ നഷ്ടപ്പെട്ടു. ഒരാൾ മരിക്കുമ്പോൾ പരേതന്റെ ഭൗതിക വസ്തുക്കളെല്ലാം കുഴിയിൽ നിക്ഷേപിക്കുന്നു. ഇങ്ങനെയാണ് ധാരാളം ഗ്രന്ഥക്കെട്ടുകൾ നഷ്ടപ്പെട്ടത്. പഴയ വീടുകൾ പൊളിച്ച് പുതിയവീടു പണിയുമ്പോൾ താളിയോലകൾ കളഞ്ഞതായും ആവേദകർ സൂചിപ്പിച്ചിട്ടുണ്ട്.
മുള്ളക്കുറുമരുടെ കളിപ്പാട്ടുകളധികവും രാമായണം, മഹാഭാരതം, ഭാഗവതം തുടങ്ങിയ ഇതിഹാസപുരാണങ്ങളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ടിട്ടുള്ളവയാണ്. വേടയുദ്ധം കഥകളിലൂടെ പാട്ട് മുള്ളക്കുറുമരുടെ ഉത്പത്തി പുരാവൃത്തവുമായി ബന്ധമുള്ളതാണ്. ഈ പാട്ടുകളുടെ രചനയെക്കുറിച്ച് ആവേദകർ ഇങ്ങനെ പറയുന്നു. രാമൻ (65) : പാട്ടുകളൊക്കെ ഈ പണ്ട് അവിടുത്തെ ആൾക്കാര്...കാർന്നോന്മാര്, അച്ഛനും ഒക്കെ കെട്ടുന്നതാണ്. പണ്ട്. ഇപ്പ കെട്ടലും കൂട്ടലും ഒന്നുമില്ല. പാട്ട് ഓലകളിൽ എഴുതി സൂക്ഷിക്കും. അച്ഛൻ ചാവുന്നതിനുമുമ്പെ പറയും...ഞങ്ങളെ വീട്ടില് ഒരാൾക്കെടുക്കാൻ പാകത്തിനുണ്ടായിരുന്നു. ഇന്ന് മക്ക സ്‌ക്കൂളിൽ പോണകൊണ്ട് പഠിക്കാറില്ല. നീ സൂക്ഷിക്കെന്നു പറഞ്ഞു കൊടുത്തതൊക്കെ പോയി. എഴുത്ത് മണലെഴുതാണ്. അമ്പത്തൊന്നക്ഷരം പഠിച്ചാ.. വെറും അമ്പത്തൊന്നക്ഷരം പഠിച്ചിട്ടേ ഉള്ളൂ ഏത് രാമായണം, മഹാഭാരതം ഒക്കെ വായിക്കും. ഇതേപോലെ തന്നെ എഴുത്തും വ്യത്യാസം ഇല്ല. ചൂച്ചൻ (85) : പാട്ടുകൾക്കുവേണ്ടി പുരാണം ഖണ്ഡിക്കുകയാണ് പഴേ കാർന്നോന്മാര്. ഭാരതം കൊണ്ടും രാമായണം, ഭാഗവതം കൊണ്ടും പുരാണം ഖണ്ഡിക്കും. അപ്പ അറിവുള്ളവര് അത് വെട്ടിക്കുറയ്ക്കും. പത്രത്തിലൊക്കെ ഉള്ളപോലെ. പുരാണകൃതികളെ അവലംബമാക്കി പാട്ടുകൾ രചിച്ച് തങ്ങളുടെ താളബോധത്തിലേക്ക് ഇണക്കിയെടുക്കുകയാണ് പൊതുവെ മുള്ളക്കുറുമർ ചെയ്തിട്ടുള്ളതെന്ന് കരുതാം. എന്നാൽ ഈ പാട്ടുകൾ പുരാണ കഥാസന്ദർഭങ്ങളുടെ തനിയാവർത്തനം അല്ല. പുരാണ കഥാസന്ദർഭങ്ങളെ അപനിർമ്മിക്കുക കൂടി ചെയ്തിട്ടുണ്ട് ഈ പാട്ടുകളിൽ. മഹാഭാരതകഥാസന്ദർഭത്തെ അപനിർമ്മിച്ച് കെട്ടിയിട്ടുള്ള ഒന്നാണ് വേടയുദ്ധം കഥകളിയുടെ പാട്ട്.
മടൂരിലെ ഗോവിന്ദനാണ് വേടയുദ്ധം കഥകളിയുടെ പാട്ടുകൾ ഉൾപ്പെടെയുള്ള കഥകളിപ്പാട്ടുകളുടെ താളിയോല സൂക്ഷിച്ചുപോരുന്നത്. വേടയുദ്ധം കഥകളി, പെരിണ്ടൻ കഥ, ഗോപാലനാടകം കഥകളി, മഹാഭാരതം കഥ തുടങ്ങിയ കഥകളിപ്പാട്ടുകളാണ് ഈ താളിയോലയിൽ ഉള്ളത്. നൂറ്റിയഞ്ച് ഓലകളാണുള്ളത്. 17.6 സെന്റീമീറ്റർ നീളവും 43.8 സെന്റീമീറ്റർ വീതിയും ഉണ്ട്. രണ്ട് ദ്വാരങ്ങൾ വീതം ഓലകൾക്കുണ്ട്. പലകപ്പാളികൾ ഇരുവശത്തും വെച്ച് നൂലിൽ കോർത്ത് കെട്ടിയാണ് സൂക്ഷിച്ചുപോരുന്നത്. ഓരോ ഓലയും പേജ് നമ്പറിട്ട് സൂക്ഷിച്ചിരിക്കുന്നു. മലയാളഅക്കങ്ങളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഇതിനു പുറമെ പാട്ടുകളിൽ ഓരോ ഖണ്ഡം കഴിയുമ്പോൾ നമ്പരിനായി തമിഴ് അക്ഷരങ്ങൾ ഉപയോഗിച്ചിരിക്കുന്നു. ഓലകളുടെ സംരക്ഷണത്തിലും പാട്ടുകളുടെ വിന്യാസക്രമത്തിലുമെല്ലാം വളരെ സൂക്ഷ്മത പുലർത്തിയിട്ടുണ്ടെന്ന് കാണാം. ഓരോ ഓലയിലും ഏഴ് വരികൾ വീതമുണ്ട്. ഗദ്യം എഴുതുന്ന രീതിയിലാണ് എഴുത്ത്. മുള്ളക്കുറുമർ വിവാഹത്തോടനുബന്ധിച്ച് നടത്തുന്നതാണ് കഥകളി. ഇവരുടെ വിവാഹങ്ങൾ ആഘോഷസമ്പന്നമാണ്. വിവാഹത്തിന്റെ തലേന്ന് രാത്രി നടത്തുന്ന വട്ടക്കളിയ്ക്ക് ശേഷം പുലർച്ചെ മൂന്നുമണി മുതലാണ് കഥകളി അവതരിപ്പിക്കുന്നത്. കഥയും ചൊല്ലും എന്നുകൂടി ഈ കളിയ്ക്കു പേരുണ്ട്. കഥകളിയെക്കുറിച്ച് ആവേദകർ ഇത്തരത്തിലാണ് പറഞ്ഞുതന്നത്. ചെറുമൻ (43): കഥകളി, കഥ പറഞ്ഞിട്ട് ആ ഭാഗത്തിന്റെ പാട്ട് പാടും പുരാണങ്ങളാണ്. ചൂച്ചൻ (80): കഥകളീന്ന് പറഞ്ഞാ ഒരുവാക്ക് പറഞ്ഞ് ചുറ്റിനും ഇങ്ങനെ പറഞ്ഞ് നടക്കും. കുടികളിലെ ദൈവപ്പുരയ്ക്ക് മുമ്പിലുള്ള മുറ്റത്താണ് കളികൾ അവതരിപ്പിക്കുന്നത്. മുറ്റത്ത് വാഴത്തട കുത്തി നിർത്തി അതിനുമുകളിൽ കൽവിളക്ക് വയ്ക്കും. ഈ വിളക്കിനും ചുറ്റുമാണ് കളിക്കുന്നത്. പുരാണേതിഹാസ കഥാസന്ദർഭങ്ങളാണ് കളിക്കുപയോഗിക്കുന്നത്. ഒരാൾ കഥാസന്ദർഭം വിവരിച്ചുകൊണ്ട് വിളക്കിനുചുറ്റും നടക്കുന്നു. മറ്റ് കളിക്കാർ കഥയോട് ക്രിയാത്മകമായി പ്രതികരിച്ചുകൊണ്ട് പിന്നാലെ നടക്കുന്നു. കഥത്തീരുന്നതുവരെ ഇങ്ങനെ തുടരുന്നു. കഥ പറഞ്ഞു കഴിയുമ്പോൾ പാട്ടുപാടി ചുവടുകൾ വച്ച് കളിക്കുന്നു. ഒരാൾ പാടുകയും മറ്റുള്ള കളിക്കാർ ഏറ്റുപാടുകയും ചെയ്യുന്നു. വളരെ താളാത്മകമായാണ് ചുവടുകൾ വയ്ക്കുന്നത്. ഒരു കഥയും പാട്ടും കഴിയുമ്പോൾ അടുത്ത കഥയും പാട്ടും എന്ന ക്രമത്തിൽ പ്രഭാതം വരെ കഥകളി അവതരിപ്പിക്കുന്നു. കഥകളി ആരംഭിക്കുന്നത് ഗണപതി സ്തുതിയോടുകൂടിയാണ്. പ്രാദേശിക ദൈവങ്ങൾക്കും സ്തുതിയുണ്ട്. പിന്നീടാണ് കഥ. പ്രഭാതത്തിൽ കളിയവസാനിപ്പിക്കുന്നത് ഉദയസൂര്യനെ സ്തുതിച്ചുകൊണ്ടാണ്. ഒരു ദിവസം തന്നെ പല കഥകൾ കളിക്കുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ട കഥകൾ ഇവയൊക്കെയാണ്. വേഡ(ട)യുദ്ധം കഥകളി, ഗോപാലനാടകം കഥകളി, പെരിണ്ടൻ കഥ, മഹാഭാരതകഥ, കുറവാരിക്കഥ തുടങ്ങിയവയാണ്. ഇവയെല്ലാം മഹാഭാരത കഥാസന്ദർഭങ്ങളെ അവലംബമാക്കുന്നവയാണെങ്കിലും മൂലകഥയിൽ നിന്നും വളരെ വ്യത്യാസം പുലർത്തുന്നു. വേടയുദ്ധം കഥകളിക്ക് മുള്ളക്കുറുമരുടെ നായാട്ടുജീവിതത്തോട് അടുത്ത ബന്ധം കാണാം.
കാട്ടുനായ്ക്കരുടെ പദകോശം
കാട്ടുനായ്ക്കർ വയനാട്ടിലെ മറ്റൊരു പ്രധാന ആദിവാസി വിഭാഗമാണ് കാട്ടുനായ്ക്കർ. ഇവർ തേൻ കുറുമരെ ന്നും ജേനു കുറുമരെന്നും ഷോള നായ്ക്കരെന്നുമൊക്കെ അറിയപ്പെടുന്നു. കാട്ടിലെ നായകന്മാർ എന്ന അർഥത്തിലാണ് കാട്ടുനായ്ക്കനെന്ന പേര് അവർക്കുണ്ടായത്. തേൻ ശേഖരിക്കൽ ഇവരുടെ തൊഴിലായതുകൊണ്ടാണ് തേൻ കുറുമരെന്നും വിളിക്കുന്നത്. എല്ലാ ദ്രാവിഡ ഭാഷകളിലെയും പദങ്ങൾ ഇവരുടെ ഭാഷയിൽ കാണാം. മലയാളപദങ്ങൾ കൂടുതലുണ്ടെന്നു മാത്രം.
അക്ക - ഏടത്തി
അക്കനഗണ്ട -ചേച്ചിയുടെ ഭർത്താവ്
അഗ്ഗ – കയർ
അങ്കാഡി -പിടിക
അടെ - അപ്പം
അട്ക് -പുഴുക്ക്
അണ്ണനാദ് - അണ്ണന്റെ
അണ്ണെ -ഏട്ടൻ
അമ – അവൻ
അളദ് - കരച്ചിൽ
അളസക്കായ് - ചക്ക
അളെ - തലമുടി
അവ്വ- അമ്മ
ആമെ - ആമ
ആല - തൊഴുത്ത്
ആലെ -തൊഴുത്ത്
ആള് -ജനം
ആൾകൂടത് - ആളുകൂടൽ
ആവൂ - പാമ്പ്
ഉഗുറു-നഖം
ഉച്ചയദ് - മൂത്രം
ഉടു - ഉടുമ്പ്
ഉതക്ക - കരി
ഉപ്പു - ഉപ്പ്
ഉരുവിളിക്കക്കായ് - ഉറുവിളിക്ക
ഉളുവ് -പുളുവ്
എത്തത് - പെററു
എത്തിബറദ് -കൊണ്ടുവരൽ
എൻതി - പന്നി
എരഡ് - രണ്ടു
എരു ഗെട്ടദ് - ഉഴുക
എറു - ഉറുമ്പ്
എല തിനാദ് - മുറുക്കുക
എലെ -വെറ്റില
എല്ലിറത് - എവിടെ
എല്ലെ - എവിടെ
എശറു - പേര്
ഏകെ -നാത്ത
ഏനു - പേൻ
ഏള് - ഏഴ്
ഒത്തരെ-രാവിലെ
ഒന്തു - ഒന്നു
ഒപ്പര - ഒപ്പം
ഒറള് - ഉരൽ
ഓടാത് - ഓടുക
ഓയ്തു് - അഞ്ച്
ഓര്ൾ- ഉലക്ക
ഓലെ - കമ്മൽ
കച്ചദ്- കടിക്കുക
കടൽ - കട്ടിൽ
കട്ടെ - മുള
കണ്ട – ഭർത്താവ്
കണ്ണ് - മിഴി
കദ്യ് തിന്നദ് - കട്ടു തിന്നുക
കപ്പലാണ്ടി - കശുമാങ്ങ
കപ്പെ - തവള
കമ്മൾ - കമ്മൽ
കയി - കയ്യ്
കറട്ട - ചിരട്ട
കറുതി - കരടി
കൽക്ക് - കല്ല്
കാടു– കാടു്
കാളെ - കാള
കിമി - ചെവി
കിമി – കടുക്കൻ
കിര്നൊരികയ് - ഉള്ളിനാരങ്ങ
കിവി - ചെകിട്
കീപ്പക്ക് - തൊക്ക്, തൊലി
കീരെ - വീട്
കുങ്കയ് - മത്തങ്ങ
കുടിയത് -കുടിക്കുക
കുടുക - അരിവാൾ
കുന്നി - തേനീച്ച
കുപ്പായ - കുപ്പായം
കുമപാളെ - കമുങ്ങിൻ പാള
കുമ്പളക്കായ് - മത്തങ്ങ
കുയ് വത് - തല്ലുക
കുറ്റിഹിട്ട് - പുട്ട്
കുളച്ചക്ക - പളച്ചക്ക
കുളിപ്പത് - ഇരിക്കുക
കുള്തിനലെഇറമടക്കെ - ചോറുകഴിക്കാനുള്ള മൺപാത്രം
കുസു -കുട്ടി
കൂകാത് -കൂവുക
കൂള് – ചോറ്
കെത്തുട്ക്ക് - കിളയ്ക്കുക
കെമ്മൾ - ജലദോഷം
കെള്ളി - കള്ളി
കേളത് - കേൾക്കുക
കേളി - പശക്കോൽ
കൊച്ചെ – കൊക്ക്
കൊടദ് - കൊടുക്കൽ
കൊടുവൻ - വേഴാമ്പൽ
കൊടെ - കുട
കോളി - കോഴി
ക് ത്ത് - കഴുത്ത്
ക് രി - കരി
ക് രിമന്ത് - കരിമരുത് (ഒരു മരം)
ക് ല്ല് - കല്ല്
ഗഞ്ചി- കഞ്ഞി
ഗണ്ട് - ആൺ
ഗണ്ട്മക – ആൺകുട്ടി
ഗണ്ട്മാങ്ങ - ചെറുപ്പക്കാർ
ഗദ്ദെ - വയൽ
ഗാളി വീശദ് - കാറ്റ് വീശുന്നു
ഗാസ് - കിഴങ്ങ്
ഗിണ്ടി -കിണ്ടി
ഗുളി -കുളി
ഗൂന്തലി - തൂമ്പ
ഗൂമെ - മൂങ്ങ
ഗെഞ്ചി - കഞ്ഞി
ഗെദ്ദെ കിയ്യാദ് - കൊയ്യുക
ഗെസല് - ചിതൽ
ഗൊദമ്മ - വാൽമാക്രി
ചടെ - കോർത്ത (മീൻ പിടിക്കാനുള്ള കൂട)
ചാടത് -തുള്ളുക
ചികപ്പൻ - ഇളയച്ഛൻ
ചിണ്ണക്കൊട - ചെറിയകുടം
ചിന്ന മിൻ - ഒരിനംചെറിയ മീൻ
ചീക്കെ - വിറക്
ചീക്കെ ഹ്ട്പ് ല് ആക്കത് –വിറക് അടുപ്പിൽവെക്കുക
ചൂര്യെ- പിശ്ശാത്തി
ചെറ്പ്പ് - ചെരുപ്പ്
ചേബു - ചേമ്പിൻ താള്
ചേല - തുണി
ചേല്ല - ചേല
ജഗളാടാത് - ചിത്തപറയുക
ജന - ആളുകൾ
ജീർമക്കെ -ചീരമുളക് (കാന്താരി)
ജേനു് - തേൻ
തകപാല് - മുളഞ്ഞിൽ
തട്ട് - മച്ച്
തിനദ് - തിന്നുക
തുപ്പദ് - തൂപ്പല്, ഉമിനീരു്
തുമ്മദ് - തുമ്മുക
തുർസാദ് – ചൊറിയുക
തൂശി- സൂചി
തെങ്കെ-പെണ്ണുങ്ങൾ
തെങ്ങിനക്കായ് - തേങ്ങ
തെറ്ത്തത് - മുറിഞ്ഞു
തൊപ്പ് - തണല്
തൊളെയാത് - കഴുകുക
തോത്തയ് - തോത്തക്ക
തോൾപ്പ്ഗ് -തോർത്ത്
ദണ്ടെ - അടുത്ത്
ദന – പശു
ദന മർക്ക - പശുക്കുട്ടി
ദാരി - റോഡ്, വഴി
ദാവുഹത്തദ് -ദാഹം, ദാഹിക്കുക
ദീരെ - ധൈര്യം
ദൊഠ മീന് - വലിയമീൻ
ദൊഠക്കത്തി - വെട്ടുകത്തി
ദൊഠ്പ്പ – മൂത്തപ്പൻ
ദോശെ - ദോശ
ധന - കന്നുകാലി
നഗിവദ് - ചിരി
നങ്ക മനെ- എന്റെ വീടു്
നടിപത് - നടക്കുക
നന്ന്ക് - എനിക്ക്
നായ് - പട്ടി
നാറ് നടത് - ഞാറുനടുക
നിങ്ക - നിങ്ങൾ
നിറ – നിറം
നില്ലി - ഇവിടെ
നീന്നാക് – നിനക്ക്
നീര് - വെള്ളം
നീര് മിയത് -കുളി
നീർമിയാത് - കുളിക്കുക
നെടയാത് - നടക്കുക
നെട് - തോൾ
നെരി - കടുവ
നോടത്-നോക്കുക
നോവ് - വേദന
പർലെ -പരള് (ഒരിനം മീൻ)
പുളി - നാരങ്ങ
പൂജെ - പൂജ
പൂമ്പാറ്റെ - പൂമ്പാറ്റ
പൂളെ - പൂള, മരച്ചീനി
പേദെ -കുറുവ
പേയി - പ്രേതം
പൊത്ത് - മാളം
പോകത് - പോകുക
പോക്കെ - തവള
പോത്തു - പോത്ത്
ഫൂ - പൂവ്
ബങ്കായ – ഉള്ളി
ബട്ട – മല
ബണക്ക് - വിളക്ക്
ബതെണെക്കായ – വഴുതിനിങ്ങ
ബത്ത – നെല്ല്
ബത്ത ഹുല്ല്ല്ല് -വൈക്കോൽ
ബത്തക്കുത്താത് – നെല്ല് കുത്തുക
ബപ്പക്കായ് - പപ്പായ
ബപ്പട – പപ്പടം
ബർല് - ചൂൽ
ബറാത് – വരുക
ബറ്റടെ - ചപ്പുചവർ (വേസ്റ്റ്)
ബറ്ള് - കുറുന്തോട്ടി ചൂല്
ബള - ചാണകം
ബളി - വെളിച്ചം
ബളെ - വള
ബാക്കാദ് – ഒഴിക്കുക
ബാല് - വാല്
ബാളക്കായ് - വാഴക്ക
ബാൾ മോന്തെ- വാഴചുണ്ട്
ബിക്കിബെട്ടി - തീപ്പെട്ടി
ബിജ്ജ് - പരുന്ത്
ബിര്ന്ത് - വിരുന്ന്
ബില്ലു - വില്ല്
ബൂതി - ചാരം
ബൂതിക്കായ് -കുമ്പളങ്ങ
ബെണ്ടി - വണ്ടി
ബെന്ന് - ശരീരം
ബെല്ല – ശർക്കര
മക്ക - മക്കൾ
മഞ്ഞ ഹ്ക്കി - ഒരുതരം മഞ്ഞനിറത്തിലുള്ള പക്ഷി
മടക്കെ - കലം
മണസ്, മണസക്കായ് - മുളക്
മണ്ണെണ്ണെ - മണ്ണെണ്ണ
മത്താടത്-മിണ്ടുക
മദറ - മധുരം
മധുരഗൾസ് - മധുരക്കിഴങ്ങ്
മന – വീട്
മനെ - വീട്
മന്താരി -പായ്
മന്തേന– ഉച്ച
മന്ത് - മരുന്ന്
മറ - മരം
മളെ - മഴ
മാനി ബർല് - മാനിച്ചൂല്
മാമ - അമ്മാവൻ
മാമി - അമ്മായി
മാമ്പളക്കായ് - പേരക്ക
മാലെ-മാല
മാവുക്കായ് - മാങ്ങ
മാവുമറ - മാവ്
മീന് - മീൻ
മീൻഹിടിപ്പത് - മീൻപിടുത്തം
മുകുബട്ടു - മൂക്കുത്തി
മുണ്ട് ഉടാത് – മുണ്ടുടുക്കുക
മുദന്മാർ – വയസൻ
മുന്താക്ക് - ഇറച്ച
മുള്ളു - മുള്ള്
മൂട്ടെ - മൂട്ട
മൂറു - മൂന്ന്
മൃഗത്ത്ർമക്ക് - മൃഗങ്ങളുടെ കുട്ടി
മെദെഗണ്ട് - വരൻ
മെരി - മൃഗങ്ങളുടെ കുട്ടി
മൊക്ക - മുഖം
മൊട്ടെ - മുട്ട
മൊദുക്കത്തി - വയസ്സത്തി
മൊറ – മുറം
മോതറെ - മോതിരം
മ്ദെണ് - വധു
രസ – സ്വാദ്
റാഗി - മുത്താറി
വട്ടവൻ - വട്ടോൻ, (ഒരിനം മീൻ)
വറത് - വരുക
വായ്സദ് - വായിക്കുക
വെസർപ്പ് - വിയർപ്പ്
വ്ള്ളി - വള്ളി
ശികപ്പ - അച്ഛന്റെ അനുജൻ
ശിക്കവെ - അമ്മായി
ശീത്ത -കുളിര്
ശൂളെമക - തേവിടിശ്ശി
സണ്ണതു - ചെറുത്
സണ്ണമക്ക - ചെറിയ മക്കൾ
സണ്ണവൻ - ചെറിയവൻ
സന്തെ - രാത്രി
സന്തെ - വൈകുന്നേരം
സന്ധെ – രാത്രി
സപ്പെ കാപ്പി - മധുരമില്ലാത്ത കാപ്പി
സറയ - കള്ള്
സാക്ക് - ചാക്ക്
സാർസാദ് - മെഴുകുക
സിടിൽ - ഇടിമിന്നൽ
സൂക്കേട് -അസുഖം
സെട്ടുക - തവി
സെർക്ക-പുളിയുറുമ്പ്
സേളി - ചെളി
സേള് - തേള്
സൊമർ - ചുമര്, ഭിത്തി
സൊളളെ - കൊതുക്
സൊവുദെ ഒടയദ് - വിറക് വെട്ടുക
സ്വല്പ – ശകലം, അല്പം
ഹകല് - പകല്
ഹണ - പണം
ഹാങ്ക്ക്കായ് – കയ്പ്പക്ക
ഹാങ്ക്ലക്കായ് - പാവയ്ക്ക.
ഹാറ – മരപ്പട്ടി
ഹാറത് - ചാടുക
ഹാളെ - ഇല
ഹ്ക്കി - അരി
ഹ്ക്കി - പക്കി, പക്ഷി
ഹ്ച്ചി - മുത്തശ്ശി
ഹ്ട്ടി - മുറ്റം
ഹ്ൺമക - പെൺ കുട്ടി
ഹ്ളെമക്ക -പേരമക്കൾ
ഹ്ൾസ്മറ - പ്ലാവ്
ഹ്ശി - വിശപ്പ്
ഊരാളിക്കുറുമരുടെടെ പദകോശം
അടിയരുടെ പദകോശം
മുള്ളക്കുറുമരുടെ പദകോശം
പണിയരുടെ പദകോശം
ഗോത്രവിദ്യാർത്ഥികളും മലയാള ഭാഷാപഠനവും (ലേഖനം)
Author: കെ. കെ. ബിജു .