എച്ച് എസ്സ്.കൂത്താട്ടുകുളം/സ്ഥലനാമചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കൂത്താട്ടുകുളം സ്ഥലനാമചരിത്രം

കേരളത്തിലെ പഴയ സ്ഥലനാമങ്ങള്‍ക്കെല്ലാം ആ പേരിന്റെ ഉദ്ഭവവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യം നിലനില്‍ക്കുന്നുണ്ട്. സത്യവും സങ്കല്പവും ഇടകലര്‍ന്നുകിടക്കുന്ന ഇത്തരം ഐതിഹ്യങ്ങള്‍ പലതും ഏറെ രസാവഹങ്ങളാണ്. അത്തരം ഒരൈതിഹ്യം 'കൂത്താട്ടുകുളം' എന്ന പേരിനു പിന്നിലുമുണ്ട്.

കൂത്താട്ടുകുളം പട്ടണത്തോട് അടുത്ത് അര്‍ജ്ജുനന്‍മല എന്ന പേരില്‍ ഒരു മല സ്ഥിതിചെയ്യുന്നുണ്ട്. ഈ മലയുമായി ബന്ധപ്പെട്ടതാണ് കൂത്താട്ടുകുളത്തിന്റെ സ്ഥലനാമചരിത്രം പ്രചാരത്തിലുള്ളത്. തറനിരപ്പില്‍ നിന്നും ഏകദേശം അഞ്ഞുറ് മീറ്റര്‍ ഉയരമുള്ള ഒരു കുന്നാണ് അര്‍ജ്ജുനന്‍മല. ഉള്ളാട സമുദായത്തില്‍പ്പെട്ടവരായിരുന്നു ഈ മലയിലെ ആദിമനിവാസികളധികവും. മലമുകളില്‍ അവരുടെ പ്രാചീനമായ ഒരു ശിവക്ഷേത്രമുണ്ട്. മധ്യമപാണ്ഡവനായ അര്‍ജ്ജുനന്‍ പാശുപതാസ്ത്രം നേടുന്നതിനായി തപസ്സനുഷ്ഠിച്ചത് ഇവിടെയാണെന്നാണ് വിശ്വസിച്ചുപോരുന്നത്. അര്‍ജ്ജുനന്‍ തപസ്സിരുന്ന സ്ഥലമായതിനാലാണത്രേ അര്‍ജ്ജുനന്‍മല എന്ന പേരുവന്നത്.

കുറെ കാലത്തിനുശേഷം ഒരു ആദിവാസിസ്ത്രീ കിഴങ്ങും കായ്കനികളും തേടി ഈ കുന്നില്‍മുകളിലെത്തി. അവര്‍ കയ്യിലിരുന്ന പാരക്കോലുകൊണ്ട് ഒരു വൃക്ഷച്ചുവട്ടില്‍ കുത്തി നോക്കിയപ്പോള്‍ കണ്ടത് കിഴങ്ങിനുപകരം രക്തമായിരുന്നുവത്രേ! അവിടെ പുതഞ്ഞുകിടന്നിരുന്ന ശിവലിംഗത്തിലായിരുന്നു ആ പാര കൊണ്ടത്. ശിവലിംഗത്തില്‍ നിന്നുള്ള നിലയ്ക്കാത്ത രക്തപ്രവാഹം കണ്ട ആ സ്ത്രീ കുന്നിറങ്ങിയോടി. ഒരു ഉന്മാദിനിയെപ്പോലെ അവര്‍ താഴ്വരയിലൂടെ കൂത്താടി നടന്നു. അങ്ങനെ ആ സ്ത്രീ കൂത്താടി നടന്ന സ്ഥലമാണ് കൂത്താട്ടുകളവും പിന്നീട് കൂത്താട്ടുകുളവുമായി മാറിയത് എന്നാണ് ഐതിഹ്യം.