കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്/പ്രവർത്തനങ്ങൾ/2025-26
ലിറ്റിൽ കൈറ്റ്സ് പുരസ്‌കാരം: വിദ്യാലയങ്ങളിൽ പരിശോധനയും വിലയിരുത്തലും ഊർജ്ജിതം
<img src="KGD dist page LK award evaluation.jpg" alt="Little Kites Award Evaluation Process" style="max-width: 100%; height: auto; border: 4px solid #fff; outline: 1px solid #ccc; box-shadow: 0 5px 15px rgba(0,0,0,0.15);">
ചിത്രം: കൈറ്റ് മാസ്റ്റർ ട്രൈനർമാർ വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വിലയിരുത്തുന്നു
കാഞ്ഞങ്ങാട് (2026 ജനുവരി 21): സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഹൈടെക് മുന്നേറ്റത്തിന് കരുത്തേകുന്ന ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബുകളുടെ പ്രവർത്തന മികവിനുള്ള അവാർഡ് നിർണ്ണയത്തിന്റെ ഭാഗമായുള്ള പരിശോധന വിദ്യാലയങ്ങളിൽ നടന്നു. അവാർഡിനായി അപേക്ഷ നല്കിയ യൂനിറ്റുകളിൽ നിന്നും സമർപ്പിച്ച വിശദാംശങ്ങൾ നേരിട്ട് പരിശോധിക്കുന്നതിനായി കൈറ്റ് മാസ്റ്റർ ട്രൈനർമാരുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമാണ് ജില്ലയിലെ ലിറ്റിൽ കൈറ്റ്സ് യൂനിറ്റുകൾ സന്ദർശിച്ചത്.
യൂനിറ്റുകൾ ഈ അധ്യയന വർഷം നടത്തിയ തനത് പ്രവർത്തനങ്ങൾ, വിവിധ മേഖലകളിലെ മികവുകൾ, ദൈനം ദിന പ്രവർത്തനങ്ങൾ എന്നിവ സംഘം വിശദമായി വിലയിരുത്തി. വിദ്യാർത്ഥികൾ തയ്യാറാക്കിയ അനിമേഷൻ ചിത്രങ്ങൾ, ഗെയിമുകൾ, ഇലക്ട്രോണിക്സ് പ്രോജക്റ്റുകൾ, വിദ്യാലയത്തിലെ ഹാർഡ്‌വെയർ തകരാറുകൾ പരിഹരിക്കുന്നതിനായി നടത്തിയ ക്യാമ്പുകൾ എന്നിവയുടെ രേഖകളും വിലയിരുത്തലിന്റെ ഭാഗമായി പരിശോധിച്ചു.
വിദ്യാലയങ്ങളിലെ കൈറ്റ് മെന്റർമാർ, പ്രഥമാധ്യാപകർ, പി.ടി.എ അംഗങ്ങൾ, മറ്റ് അധ്യാപകർ എന്നിവരുമായി ആശയ വിനിമയം നടത്തി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന പിന്തുണയും സംഘം ഉറപ്പുവരുത്തി. പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഡിജിറ്റൽ രജിസ്റ്ററുകൾ, അനുബന്ധ രേഖകൾ എന്നിവയും പരിശോധിച്ച് പ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തിയാണ് സംഘം മടങ്ങിയത്.
തീയതി: 17/01/2026
റോബോട്ടിക്സ് പരിശീലന പദ്ധതി (കാസർകോട്)
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (കൈറ്റ്) നടപ്പിലാക്കുന്ന 2026-ലെ ഒരു വിദ്യാഭ്യാസ പദ്ധതിയാണ് റോബോട്ടിക്സ് പരിശീലന പദ്ധതി. കാസർകോട് ജില്ലയിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായിട്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പത്താംതരത്തിലെ പുതുക്കിയ ഐ.ടി പാഠപുസ്തകത്തിലെ റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തയ്യാറെടുക്കാനും കുട്ടികളെ സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
അവലോകനം
വിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് (Little KITEs) ഐ.ടി ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. റോബോട്ടിക്സ് ആശയങ്ങൾ നേരിട്ട് ചെയ്ത് പഠിക്കുന്നതിലൂടെ കുട്ടികൾക്ക് ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനും പരീക്ഷയ്ക്ക് അധിക പിന്തുണ നൽകുന്നതിനുമാണ് ഈ പദ്ധതി ഊന്നൽ നൽകുന്നത്.
പരിശീലന ഘടന
രണ്ട് പ്രധാന സെഷനുകളിലായാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്:
സെഷൻ 1: തിയറിയും ഹാർഡ്‌വെയറും
- ആശയങ്ങൾ: റോബോട്ടിക്സിന്റെ പ്രാധാന്യം, വിവിധ മേഖലകളിലെ ഉപയോഗം എന്നിവയും റോബോട്ടിക് സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളായ ഇൻപുട്ട് (സെൻസറുകൾ), പ്രോസസർ (മൈക്രോകൺട്രോളറുകൾ), ഔട്ട്പുട്ട് (ആക്ച്വേറ്ററുകൾ) എന്നിവയെക്കുറിച്ചും അവബോധം നൽകുന്നു.
- ഹാർഡ്‌വെയർ പരിചയപ്പെടൽ: കൈറ്റ് സ്കൂളുകൾക്ക് നൽകിയിട്ടുള്ള റോബോട്ടിക് കിറ്റിലെ പ്രധാന ഘടകങ്ങളായ ആർഡ്യുനോ ബോർഡ് (Arduino Board), ബ്രെഡ്ബോർഡ്, എൽ.ഇ.ഡി തുടങ്ങിയവ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു.
സെഷൻ 2: പ്രായോഗിക പരിശീലനം
- സോഫ്റ്റ്‌വെയർ: പിക്റ്റോബ്ലോക്സ് (PictoBlox) എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് പരിശീലനം.
- പ്രവർത്തനങ്ങൾ: ബ്ലോക്ക് കോഡിങ്ങിലൂടെ എൽ.ഇ.ഡി ബ്ലിങ്ക് ചെയ്യിക്കുക, ബസർ (Buzzer) പ്രവർത്തിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ കുട്ടികൾ നേരിട്ട് ചെയ്ത് പഠിക്കുന്നു.
അന്തിമ പ്രോജക്റ്റ്
പരിശീലനത്തിന്റെ അവസാന ഘട്ടത്തിൽ കുട്ടികൾ സ്വന്തമായി ഒരു റോബോട്ടിക് ഉപകരണം നിർമ്മിക്കുന്നു. ഐ.ആർ സെൻസറുകളും (IR Sensors) സെർവോ മോട്ടോറും (Servo Motor) ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ ആണ് ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത്.
നിർവ്വഹണവും ക്രമീകരണങ്ങളും
- സമയക്രമം: 2026 ജനുവരി 15-നകം പ്രാഥമിക പരിശീലനം പൂർത്തിയാക്കാനാണ് തീരുമാനം.
- മെന്ററിംഗ്: ഓരോ സ്കൂളിലെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെയും മെന്റർമാരുടെയും നേതൃത്വത്തിലാണ് ക്ലാസുകൾ നടക്കുന്നത്.
- അനുപാതം: നാലോ അഞ്ചോ കുട്ടികൾ അടങ്ങുന്ന ഗ്രൂപ്പുകൾക്ക് ഒരു റോബോട്ടിക് കിറ്റ് എന്ന രീതിയിലാണ് പരിശീലനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
- സഹായ സംവിധാനം: ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ ഇല്ലാത്ത വിദ്യാലയങ്ങളിൽ, തൊട്ടടുത്ത യൂണിറ്റുകളുടെ സഹായത്തോടെ ക്യാമ്പുകൾ സംഘടിപ്പിക്കാൻ കൈറ്റ് നിർദ്ദേശം നൽകിയിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷന്റെ പ്രാഥമിക പട്ടികയിൽ സംസ്ഥാന തലത്തിൽ ഇടംപിടിച്ച 85 വിദ്യാലയങ്ങളിൽ 6എണ്ണം കാസറഗോഡ് ജില്ലയിൽ നിന്നുള്ളവ. ഗവ. എച്ച്. എസ്. തച്ചങ്ങാട്,, ജി.എച്ച്. എസ്.എസ്.ചായ്യോത്ത്, പി ടി എം എ യു പി സ്‌ക്കൂൾ ബദിര, ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്, ജി.യു.പി.എസ്. പുല്ലൂർ, ജിഎൽപിഎസ് നീലേശ്വരം എന്നി വിദ്യാലയങ്ങളാണ് ജില്ലയിൽ നിന്ന്. തെരഞ്ഞെടുക്കപ്പെട്ടത്. സ്കൂളുകൾ നടത്തുന്ന ക്രിയാത്മകവും മാതൃകാപരവുമായ പ്രവർത്തനങ്ങളെ അംഗീകരിക്കുകയും അത് മറ്റു വിദ്യാലയങ്ങൾക്ക് കൂടി പങ്കുവെച്ച് പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുകയുമാണ് വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ പ്രധാന ലക്ഷ്യം. ഈ പരിപാടിയുടെ ഫ്ലോർ ഷൂട്ട് തിരുവനന്തപുരത്തുള്ള കൈറ്റ് സ്റ്റുഡിയോയിൽ ഡിസംബർ 26 മുതൽ ആരംഭിക്കും. കൈറ്റ് വിക്ടേഴ്സിൽ ഷോയുടെ സംപ്രേഷണം 2026 ജനുവരി ആദ്യം മുതൽ ആരംഭിക്കും. അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന പത്ത് സ്കൂളുകൾക്കും വിജയികൾക്കും ഫെബ്രുവരിയിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയിൽ പ്രത്യേക അവാർഡുകൾ സമ്മാനിക്കും. ഓൺലൈനായി സംഘടിപ്പിക്കപ്പെട്ട മീറ്റിംഗിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളമായി കൈറ്റ് സി ഇ ഒ കെ. അൻവർസാദത്ത് ആശയവിനിമയം നടത്തി. ഫ്ലോർ ഷൂട്ടിന് മുമ്പായി വിദ്യാലയങ്ങൾ ചെയ്തു വരേണ്ട കാര്യങ്ങളെ സംബന്ധിച്ചും 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ പ്രത്യേകതകളെ സംബന്ധിച്ചും വിശദീകരണം നൽകി. പൊതുവിദ്യാഭ്യാസ മേഖലയിൽ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കിയ സമഗ്ര മുന്നേറ്റങ്ങൾ ഈ വിദ്യാഭ്യാസ റിയാലിറ്റി ഷോയിലൂടെ ചർച്ച ചെയ്യപ്പെടും. സുസജ്ജമായ ഭൗതീക സൗകര്യങ്ങളും മികച്ച അക്കാദമിക പിന്തുണയും എ.ഐ., റോബോട്ടിക്സ് ഉൾപ്പെടെയുള്ള സാങ്കേതിക പഠനവും ലഭ്യമാക്കുന്ന കേരളത്തിലെ സ്കൂളുകൾക്ക് ഈ വേദി ഒരു അംഗീകാരമാകും. 2010, 2017, 2022 വർഷങ്ങളിലെ റിയാലിറ്റി ഷോയുടെ തുടർച്ചയാണിത് ഈ നാലാമത് എഡിഷൻ.