ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂർ/പ്രവർത്തനങ്ങൾ/2025-26



പ്രവേശനോത്സവം 2025
നാടിൻ്റെ നന്മയോടൊപ്പം വളർന്ന് 106 വർഷം പിന്നിടുന്ന ചരിത്രത്താളിൽ സുവർണ്ണലിപികളാൽ അടയാളപ്പെടുത്തിയ കുഴിപ്പുറം ഇരിങ്ങല്ലൂർ ജി.എം.എൽ.പി സ്കൂളിന്റെ 2025-2026 അധ്യയന വർഷത്തിന് ഗംഭീരമായി തുടക്കം കുറിച്ചു. മുതിർന്ന ക്ലാസിലെ കുട്ടികൾ ഇരുവശങ്ങളിലും നിന്ന് ഒരുക്കിയ പാതയിലൂടെ പുതിയതായി രക്ഷിതാക്കളുടെ കൈപിടിച്ചെത്തിയ കുരുന്നുകളെ അധ്യാപകർ തയാറാക്കിയ വർണ്ണതൊപ്പി അണിയിച്ചും, വർണ്ണബലൂണുകൾ കയ്യിലേന്തിയും ചരിത്രത്തിലാദ്യമായി ഭദ്ര ഹരി എന്ന ഹൈസ്കൂൾ വിദ്യാർത്ഥിയെഴുതിയ പ്രവേശനോത്സവ ഗാനത്തിൻ്റെ അകമ്പടിയോടെ പ്രത്യേകം തയ്യാറാക്കിയ പ്രവേശനോത്സവ വേദിയിലേക്ക് ആനയിച്ചു.
തുടർന്ന് വേദിയിൽ പ്രധാന അധ്യാപികയായ ബീന ടീച്ചർ ഏവരേയും ഹൃദ്യമായി സ്വാഗതം ചെയ്ത് സംസാരിച്ചു.മുഖ്യാതിഥി റഹീം കുഴിപ്പുറം പാട്ടും കഥയും പറഞ്ഞ് കുട്ടികളെ കയ്യിലെടുത്തു. നാട്ടിലെ പ്രമുഖ ക്ലബ്ബുകളായ AFC,SASC എന്നിവരുടെ ഭാരവാഹികളെത്തി വിവിധതരം ഗിഫ്റ്റുകൾ നൽകി ആശീർവദിച്ചു. പി.ടി.എ. ഭാരവാഹികളായ ഫഹദ് AK, നിസാർ T എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി മിൻഷു PK നന്ദിയർപ്പിച്ചു. മധുര പലഹാരവും, പായസ വിതരണവും പ്രവേശനോത്സവ പരിപാടി അതിഗംഭീരമാക്കി.
പരിസ്ഥിതി ദിനം
പരിസ്ഥിതിയുടെ പങ്ക് തിരിച്ചറിയുക, പ്രകൃതിയുമായി ഇണങ്ങി ജീവിക്കുക എന്നീ ഓർമ്മപ്പെടുത്തലുമായാണ് ഓരോ പരിസ്ഥിതിദിനവും കടന്ന് പോകുന്നത്. ഇത്തവണത്തെ ലോക പരിസ്ഥിതിദിനമാചരിക്കാൻ പതിവുപോലെ വിപുലമായ പരിപാടികളുമായി ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂരും ഒപ്പം നിന്നു." ആഗോളതലത്തിൽ പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്നതാണ് ഇത്തവണത്തെ ലോക പരിസ്ഥിതിദിന പ്രമേയം ".അത് ഉൾക്കൊണ്ടു കൊണ്ടു തന്നെ സ്കൂളിൽ പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തു. പ്രധാന അധ്യാപിക ബീന ടീച്ചർ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കുട്ടികളോട് സംവദിച്ചു. അതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണവും നടത്തി പ്രതിജ്ഞയെടുത്തു. കുട്ടികൾ പരിസ്ഥിതിഗാനങ്ങൾ ആലപിച്ചു. കുട്ടികൾ കൊണ്ടു വന്ന വിവിധ തരം തൈകൾ 'കൂട്ടുകാർക്കൊരു തൈ' എന്ന പരിപാടിയോടെ കൈമാറി, കുട്ടികൾ തന്നെ തയ്യാറാക്കി കൊണ്ടുവന്ന വിവിധതരം പരിസ്ഥിതി സംരക്ഷണ സന്ദേശ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.തുടർന്ന് മുറ്റത്ത് ഒരു മുറം പച്ചക്കറിക്ക് തുടക്കം കുറിച്ച് കുട്ടികളുടെയും അധ്യാപകരുടേയും സാന്നിധ്യത്തിൽ പ്രധാന അധ്യാപിക ബീന ടീച്ചർ ഒരു തൈ വെച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. പിന്നീട് ക്ലാസുകളിൽ പരിസ്ഥിതി ക്വിസ് മത്സരങ്ങൾ നടത്തി ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം ഗംഭീരമാക്കി.
വായന മാസാചരണം
വായന ദിനം ആചരിച്ചു
നാടിൻ്റെ നന്മ, സാഹോദര്യം, മുന്നേറ്റം, പുരോഗമനം തുടങ്ങി എവിടെയും മാനവരാശിക്ക് കരുത്തു പകരുന്നതാണ് വായന. സാമൂഹ്യ പരിഷ്ക്കർത്താക്കളുടെ ശ്രമങ്ങൾ വായനയുടെ വളർച്ചയ്ക്ക് വഴിയൊരുക്കി പാഠശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥാപിക്കപ്പെട്ടു.ശ്രീ നാരായണ ഗുരു മുന്നോട്ടുവച്ച 'പഠിച്ച് വലുതാവുക, സംഘടിച്ച് ശക്തരാവുക' എന്ന മുദ്രാവാക്യം ഇവിടങ്ങളിലേക്ക് വിദ്യാർത്ഥികളുടെ കടന്നുവരവിന് കാരണമായി. തനിക്ക് നഷ്ടപ്പെട്ട അറിവിൻ്റെ ഖനികൾ തൻ്റെ വരും തലമുറയ്ക്ക് ലഭിക്കണമെന്ന ആശയ ദാർഢ്യമാണ് അയ്യൻകാളിയെ പോരാളിയാക്കിയത്. ഏതു പുസ്തകത്തിൽ നിന്നും എന്തെങ്കിലുമൊന്ന് കിട്ടാനുണ്ടാകും ജീവിതത്തെ നിലനിർത്തുന്ന ഒന്നാണ് വായന പുസ്തകം വായിച്ചാൽ അത്ഭുതകരമായിട്ട് നമ്മൾ കരുതുന്ന പലതും കിട്ടിയെന്നുവന്നേക്കാം. വായനക്കാരൻ എന്ന പദവി ചെറിയ ഒന്നല്ല.
ഇങ്ങനെ സർവ്വതല വ്യാപിയായ വായനയുടെ പ്രസക്തി വിളിച്ചോതുന്ന വായനാമാസാചരണത്തിന് ജി.എം. എൽ.പി.സ്കൂൾ ഇരിങ്ങല്ലൂരും പ്രത്യേക അസംബ്ലി വിളിച്ചുചേർത്തുകൊണ്ട് തുടക്കം കുറിച്ചു. പ്രധാനധ്യാപിക ബീന ടീച്ചർ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംവദിച്ചു.കൂടെ വായനാദിന സത്യപ്രതിജ്ഞയെടുത്തു. കുട്ടികൾ കഥാവായനയും പാട്ടുമൊക്കെയായി വേദി പങ്കിട്ടു.
തുടർന്ന് വായനയുടെ പ്രസക്തി വിളിച്ചോതുന്ന തരത്തിൽ കുട്ടികൾ പ്രത്യേകം തയ്യാറാക്കി കൊണ്ടുവന്ന പ്ലക്കാർഡുകളും പോസ്റ്ററുകളും പ്രദർശിപ്പിച്ചു.കുട്ടികളെല്ലാം ചേർന്ന് അധ്യാപകരോടൊപ്പം അക്ഷരവൃക്ഷം വർണ്ണാഭമാക്കി. പിന്നീട് ക്ലാസുകളിൽ വായനാദിന ക്വിസ്മത്സരങ്ങൾ നടത്തി സ്കൂളിൽ വ്യത്യസ്തവും വിപുലവുമായ വായനാവാരാചരണ ആഘോഷങ്ങൾക്ക് ഗംഭീരമായി തുടക്കം കുറിച്ചു.
വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം ചെയ്തു
കുഴിപ്പുറം: കുട്ടികളിലെ കലാപരവും സാഹിത്യപരവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതോടൊപ്പം പഠന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന വിദ്യാരംഗം കലാ സാഹിത്യവേദിക്ക് ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂരിലും തുടക്കം കുറിച്ചു. പ്രധാന അധ്യാപികയായ ശ്രീമതി.ബീന കരുവള്ളി പാത്തിക്കൽ ഏവരേയും സ്വാഗതം ചെയ്തു കൊണ്ട് ആരംഭിച്ച പരിപാടി എഴുത്തുകാരനും വാഗ്മിയും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ശ്രീ.പി.വി.മോഹനൻ മണ്ണഴി ഉദ്ഘാടനം ചെയ്തു. ആശംസകളർപ്പിച്ചുകൊണ്ട് പി.ടി.എ.പ്രസിഡന്റ് ശ്രീ.ഫഹദ്, വൈ. പ്രസിഡൻ്റ് ശ്രീ.നിസാർ എന്നിവർ സംസാരിച്ചു. അനുബന്ധമായി പാട്ടും കഥയും ആക്ടിവിറ്റികളുമായി കുട്ടികളെ കയ്യിലെടുത്ത് ശ്രീ.പി.വി.മോഹനൻ മണ്ണഴി അതിഗംഭീരമായി കുട്ടികൾക്കുള്ള ശില്പശാല നയിച്ചു. തുടർന്ന് ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂരിലെ ജീവനക്കാരൻ കൂടിയായ ശ്രീ.വിജയൻ മണ്ണഴിയുടെ 'ഓറഞ്ച് പാടങ്ങൾ' എന്ന കവിതയുൾപ്പടെ ഷാജി തലോറ എഡിറ്റ് ചെയ്ത് കണ്ണൂർ ഇതൾ ബുക്സ് പുറത്തിറക്കിയ 'ഋതു ഭേദങ്ങളുടെ മർമ്മരം' എന്ന കവിതാസമാഹാരം ശ്രീ.പി.വി.മോഹനൻ മണ്ണഴി പ്രകാശനം ചെയ്ത് ഒരു പുസ്തകം വിപുലമായ സ്കൂൾ ലൈബ്രറിയിലേക്ക് പ്രധാന അധ്യാപികയായ ശ്രീമതി.ബീന കരുവള്ളി പാത്തിക്കലിനു കൈമാറി. പരിപാടി അതിഗംഭീരമാക്കാൻ ഒപ്പം നിന്ന എല്ലാ സഹ അധ്യാപകരെയും ജീവനക്കാരേയും പ്രത്യേകം പരാമർശിച്ചു കൊണ്ട് ശ്രീ.ഫൈസൽ മാഷ് കെ.വി.നന്ദി പ്രകാശിപ്പിച്ചു.
അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണം നടത്തി.
കുഴിപ്പുറം: സ്വപ്നങ്ങളിൽ കരിനിഴൽ വീഴ്ത്തുന്ന ലഹരിയെ അകറ്റിനിർത്താൻ യുവതലമുറയെ പ്രാപ്തമാക്കുക എന്ന ലക്ഷ്യവുമായി അറിവാണ് ലഹരി എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ട് അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണം ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂരും വിവിധ പരിപാടികളോടെ ആചരിച്ചു.
പ്രത്യേക അസംബ്ലി വിളിച്ചു ചേർത്തുകൊണ്ട് പ്രധാന അധ്യാപികയായ ബീന കരുവള്ളി പാത്തിക്കൽ മയക്കുമരുന്ന് ഉപയോഗം കൊണ്ടുണ്ടാക്കുന്ന ദുരന്തഫലങ്ങളെ കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നൽകി, വായന ലഹരി, രചനാ ലഹരി, സാഹിത്യ ലഹരി, സംഗീത ലഹരി, കലാകായിക ലഹരി തുടങ്ങി ഒരു നല്ല ജീവിതം തന്നെ മുഖ്യ ലക്ഷ്യമെന്ന ലഹിരിയിൽ നാം എപ്പോഴും മുഴുകുണമെന്ന് പ്രത്യേകം ഓർമ്മപ്പെടുത്തിക്കൊണ്ട് മയക്കുമരുന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
തുടർന്ന് കുട്ടികൾ പ്രത്യേകം തയ്യാറാക്കി കൊണ്ടുവന്ന വിവിധ തരം മയക്കുമരുന്ന് വിരുദ്ധസന്ദേശ പ്ലക്കാഡുകളേന്തി സ്കൂളങ്കണത്തിൽ റാലി നടത്തി.
ലഹരി വിരുദ്ധ ക്യാമ്പെയിന്റെ ഭാഗമായി സ്കൂൾതല കർമ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ തിരുവനന്തപുരം ജി.ജി.എച്ച്.എസ്.എസ്. കോട്ടൺഹില്ലിൽ വെച്ച് നിർവഹിക്കുന്നതിന്റെയും പ്രസ്തുത ചടങ്ങിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ സന്ദേശം ഉൾപ്പെടെ ലൈവായി കൈറ്റ് വിക്ടേഴ്സിന്റെ യുട്യൂബ് ചാനലിൽ സംപ്രേഷണം ചെയ്യുന്നത് കുട്ടികൾക്ക് കാണാൻ അവസരമൊരുക്കി.
കൂടാതെ വെങ്കാബോയ്സ് സംഗീത താളത്തിൽ അധ്യാപകരും കുട്ടികളും ചേർന്ന് സൂംബാ ഡാൻസ് അവതരിപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനാചരണം അതിവിപുലമാക്കി.
ബോധവത്കരണക്ലാസ്സ്
പേവിഷബാധ: ബോധവൽക്കരണവുമായി കുഴിപ്പുറം ഇരിങ്ങല്ലൂർ ജി.എം.എൽ.പി സ്കൂൾ
പേവിഷബാധയേറ്റ് ജീവൻ അപകടത്തിലാകുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ, കുഴിപ്പുറം ഇരിങ്ങല്ലൂർ ജി.എം.എൽ.പി സ്കൂളിൽ ഒരു പ്രത്യേക അസംബ്ലിയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ഇരിങ്ങല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജെ.എച്ച്.എൻ (Junior Health Nurse) ആണ് ക്ലാസിന് നേതൃത്വം നൽകിയത്. പേവിഷബാധയുടെ കാരണങ്ങൾ, ലക്ഷണങ്ങൾ, പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഈ ക്ലാസ്സിലൂടെ വ്യക്തമായ അവബോധം നൽകി. പേവിഷബാധക്കെതിരെയുള്ള മുൻകരുതലുകൾ എടുക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും, വളർത്തുമൃഗങ്ങളെ പരിപാലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വിശദീകരിക്കുകയും ചെയ്തു. ഇത്തരം ബോധവൽക്കരണ പരിപാടികൾ സമൂഹത്തിൽ പേവിഷബാധയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റാനും ശരിയായ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കാനും സഹായിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
ബഷീർ ദിനം
ബഷീർ ദിനാചരണം മികവോടെ കുഴിപ്പുറം ജി.എം.എൽ.പി സ്കൂളിൽ
കുഴിപ്പുറം: മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ച് കുഴിപ്പുറം ഇരിങ്ങല്ലൂർ ജി.എം.എൽ.പി. സ്കൂളിൽ വിപുലമായ ബഷീർ ദിനാചരണം സംഘടിപ്പിച്ചു. ബഷീറിന്റെ ജീവിതവും സാഹിത്യവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്ന നിരവധി പരിപാടികളാണ് ദിനാചരണത്തിന്റെ ഭാഗമായി നടന്നത്. സ്കൂൾ ഹെഡ്മിസ്ട്രസ് ബീന ടീച്ചർ കുട്ടികൾക്കായി ബഷീറിനെക്കുറിച്ചും അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളെക്കുറിച്ചും വിശദമായ ക്ലാസെടുത്തു. ഇത് കുട്ടികളിൽ ബഷീർ സാഹിത്യത്തോടുള്ള താൽപ്പര്യം വർദ്ധിപ്പിക്കാൻ സഹായിച്ചു. ബഷീർ കൃതികളുടെ പരിചയപ്പെടുത്തൽ, വിവിധ പഠന സാമഗ്രികളുടെ പ്രദർശനം എന്നിവ കുട്ടികൾക്ക് ബഷീറിന്റെ ലോകത്തേക്ക് ഒരു എത്തിനോട്ടം നൽകി. ബഷീർ കഥാപാത്രങ്ങളെ വിദ്യാർത്ഥികൾ അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായി. ബഷീർ ദിന ക്വിസ് കുട്ടികളുടെ ബഷീർ സാഹിത്യത്തെക്കുറിച്ചുള്ള അറിവ് അളന്നു. ബഷീർ സ്കിറ്റുകളും ഡോക്യുമെന്ററി പ്രദർശനവും ദിനാചരണത്തിന് മാറ്റുകൂട്ടി. വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മകൾക്ക് ദീപ്തസ്മരണ നൽകിയ ഈ ദിനാചരണം കുട്ടികളിൽ സാഹിത്യാഭിരുചി വളർത്താനും മലയാളത്തിന്റെ മഹാനായ എഴുത്തുകാരനെ അടുത്തറിയാനും അവസരമൊരുക്കി.