നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ24-25
വ്യത്യസ്തമാക്കി ഇക്കുറിയും പ്രവേശനോത്സവം
2024-25 അദ്ധ്യയന വർഷം പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോത്സവം വ്യത്യസ്ത പരിപാടികളോടെ ജൂൺ 1 ന് നടന്നു. എഐ -വി ആർ ലാബിലെ കൗതുകക്കാഴ്ചകൾ ഒരുക്കി നവാഗതരെ സ്വീകരിച്ചു. ചന്ദ്രനിലേക്കുള്ള സഞ്ചാരമടക്കം ആറ് വ്യത്യസ്ത ലോകങ്ങളാണ് കുട്ടികളെ പരിചയപ്പെടുത്തിയത്. ചായ കൊണ്ടുക്കൊടുക്കുന്ന റോബോട്ടും, വീട് പ്രിന്റ് ചെയ്യുന്ന ത്രീഡി പ്രിന്ററും, നൃത്തം ചെയ്യുന്ന കുഞ്ഞൻ റോബോട്ടും കുട്ടികളിൽ കൗതുകമുണർത്തി. എ ഐ ഗയിം സോണും പ്രത്യേകം സജ്ജീകരിച്ചു. അദ്ധ്യാപികമാർ പാകം ചെയ്ത ഉണ്ണിയപ്പം കൂടി ആയപ്പോൾ സ്കൂൾ പ്രവേശനം കുട്ടികൾക്ക് മധുരതരമായി. യോഗത്തിൽ പി ടി എ പ്രസിഡന്റ് ഫാ: ജിജി തോമസ് അദ്ധ്യക്ഷത വഹിച്ചു. റാങ്ക് ജേതാക്കളായ നേതാജിയിലെ പൂർവ്വ വിദ്യാർത്ഥികൾ ശ്രീനിധി ആർ , പൂജാ ലക്ഷ്മി, ഭാവന ബിജു പിള്ള എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം ശ്രീമതി ലിജ ശിവപ്രകാശ്, ഹെഡ്മിസ്ട്രസ് ശ്രീമതി സി ശ്രീലത, പ്രിൻസിപ്പൽ ഇൻ ചാർജ്ജ് പി.കെ അശ്വതി ,എൻ എസ് അജൻ പിള്ള എന്നിവർ പ്രസംഗിച്ചു. സ്കൂൾ അദ്ധ്യാപകനായ ഫാദർ ജേക്കബ് ഡാനിയൽ രക്ഷിതാക്കൾക്ക് ബോധവത്ക്കരണ ക്ലാസ് നടത്തി.
പച്ചപ്പട്ടണിഞ്ഞ് പരിസ്ഥിതി ദിനത്തിൽ
ജൂൺ 5. ലോക പരിസ്ഥിതി ദിനം. 51 വർഷങ്ങൾക്ക് മുമ്പാണ് ഈ ദിനം ആദ്യമായി ആചരിക്കപ്പെടുന്നത്.
2023 ജൂൺ 5 ന് നേതാജി സ്കൂളിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രകൃതിയുടെ പച്ചപ്പ് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി കുട്ടികളെ ബോധവാന്മാരാക്കി. പരിസ്ഥിതി ദിനത്തിന്റെ സന്ദേശം പച്ച ഉടുപ്പിലൂടെയും പച്ചക്കമ്മലിലൂടെയും പച്ച വളയിലൂടെയും പച്ച മാലയിലൂടെയും പ്രതീകാത്മകമായി എല്ലാ കുട്ടികളിലേക്കും എത്തിക്കുകയായിരുന്നു പ്രമാടം നേതാജി സ്കൂളിലെ യു പി വിഭാഗം. കുട്ടികളോപ്പം യു പി വിഭാഗം അദ്ധ്യാപകരും പച്ചയണിഞ്ഞ് ഗ്രീൻ അസംബ്ലി സംഘടിപ്പിച്ചു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട പോസ്റ്റർ, കൊളാഷ് എന്നിവയുടെ പ്രദർശനവും പരിസ്ഥിതി ഗീതാവതരണവും നടന്നു. കുട്ടികൾപരിസ്ഥിതി പ്രതിജ്ഞ എടുത്തു. എൻ എസ് അജൻ പിള്ള , ദീപ കെ.കെ ബിജു എസ് എന്നിവർ നേതൃത്വം നൽകി. കൂടാതെ സ്കൂളിലെ സ്കൗട്ട് ഗൈഡ് കുട്ടികൾ വൃക്ഷത്തൈകൾ നട്ടു. എൻ സി സി കുട്ടികൾ പരിസ്ഥിതിദിന പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിച്ചു.കൈ കോർക്കാം പരിസ്ഥിതി സംരക്ഷണത്തിനായ്....
വായന ദിനാചരണവും വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും
മലയാളി മനസിൽ ഇടം നേടിയ ദിനം. ദേശീയ വായന ദിനം. കേരള ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകനായ പി എൻ പണിക്കരുടെ ചരമദിനമാണ് വായന ദിനമായി ആചരിക്കുന്നത്. വായനയുടെ ലോകം എത്ര വിശാലമാണ്. മൊബൈലിൽ, കംപ്യൂട്ടറിൽ, ലാപിൽ, ടാബിൽ ഒക്കെ നാം വായിച്ചുകൊണ്ടിരിക്കുന്നു. നവമാധ്യമങ്ങളുടെ കാലത്ത് പുതിയ തലമുറ വളർന്നുവരുന്നത് ഒരു ദൃശ്യസംസ്കാരത്തിലാണ്. അവർ കണ്ടുംകേട്ടും കാര്യങ്ങൾ മനസിലാക്കുന്നു. എന്നാൽ പുസ്തക വായന നമ്മുടെ ചിന്തകളുടെയും സങ്കൽപ്പങ്ങളുടെയും ലോകം കൂടുതൽ വിശാലമാക്കുന്നു. തൊട്ടാൽ മറിയുന്ന പുസ്‌തകത്താളുകൾക്ക് പകരാനാകുന്നതിൽപ്പരം ആനന്ദമൊന്നിനുമുണ്ടാകില്ല.
വിജ്ഞാനത്തിനും വിനോദത്തിനും ഉള്ള മുഖ്യ സ്രോതസ് ഒരു കാലത്ത് പുസ്തകവായനയായിരുന്നു. കാലം മാറിയപ്പോൾ വായനയുടെ രീതിയിലും മാറ്റം വന്നു. വായനയ്ക്കു പുതിയ മുഖങ്ങൾ വരികയും പുസ്തകങ്ങൾക്ക് പകരക്കാർ വരികയും ചെയ്തെങ്കിലും വായനയ്ക്കോ വായന ദിനത്തിനോ ഉള്ള പ്രാധാന്യം കുറഞ്ഞിട്ടില്ല
2024 -25 അദ്ധ്യയന വർഷം നേതാജി സ്കൂളിൽ പൂർവ്വാധികം ഭംഗിയായി വായന ദിനം ആചരിച്ചു. മലയാളം ക്ലബ്ബിന്റെ യും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ആഭിമുഖ്യത്തിൽ നടന്ന സമ്മേളനത്തിന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കൺവീനറായ ശ്രീ മനോജ് സുനി നേതൃത്വം നൽകി. യോഗത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ചെയർ പേഴ്സൺ അഭിഷേക് പി നായർ സ്വാഗതം പറഞ്ഞു. സാഹിത്യനിരൂപകയായ ശ്രീമതി ബിനു ജി തമ്പി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഈ വർഷത്തെ ഉദ്ഘാടനം നിർവ്വഹിക്കുകയും കുട്ടികളുമായി സാഹിത്യ സംവാദം നടത്തുകയും ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ അംഗങ്ങളായ കുഞ്ഞുങ്ങൾക്ക് വായന ദിന സന്ദേശവും ആശംസയും നൽകി. അദ്ധ്യാപികയായ ശ്രീമതി ധന്യ എം ആർ ആശംസ അറിയിച്ചു.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ വൈസ് ചെയർ പേഴ്സൺ എയ്ഞ്ചൽ തോമസ് നന്ദി അറിയിച്ചു. വായന ദിന പ്രതിജ്ഞ എടുത്തു. കവിത, കഥ, ചിത്രരചന, സംഗീതം, അഭിനയം, സാഹിത്യ വായന തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ താല്പര്യമുള്ള കുട്ടികളാണ് വിദ്യാരംഗം കലാ സാഹിത്യ വേദിയിൽ അംഗങ്ങളായിട്ടുള്ളത്. തുടർന്നുള്ള ദിവസങ്ങളിൽ വായന ദിനവുമായി ബന്ധപ്പെട്ട് ക്വിസ് , വായന കുറിപ്പ്, ആസ്വാദനക്കുറിപ്പ് തുടങ്ങിയ ഇനങ്ങളിൽ മത്സരം ഉണ്ടായിരിക്കും. കുട്ടികളിലെസർഗ്ഗ വാസന പരിപോഷിപ്പിക്കുകയാണ് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ലക്ഷ്യം.
ഇടമുറിയാതെ വരിതെറ്റാതെ മാരത്തൺ വായന
വായന വാരാചരണത്തോടനുബന്ധിച്ച് വായന എങ്ങനെയായിരിക്കണമെന്ന് കുട്ടികളെ ബോദ്ധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടു കൂടി വിദ്യാരംഗം കലാസാഹിത്യവേദിയും മലയാളം യുപി വിഭാഗവും ചേർന്ന് അഞ്ചു മണിക്കൂർ നീണ്ടു നിന്ന വായന ചങ്ങല സംഘടിപ്പിച്ചു. ആദ്യ പുസ്തകം വായിച്ച് സമീപ പ്രദേശങ്ങളിലെ സ്കൂളുകളിലെ പ്രഥമാദ്ധ്യാപകരായ ഫിലിപ്പ് ജോർജ് , ജി.സുമാദേവി ,ഷൈനി എബ്രഹാം, എസ്. ശ്രീജ, പി.ആർ ശശികല എന്നിവർ പുസ്തക റാക്കിൽ നിന്ന് ഇഷ്ടമുള്ള പുസ്തകങ്ങൾ വായിച്ച് വായനച്ചങ്ങല ഉദ്ഘാടനം ചെയ്തു.
രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണി വരെയാണ് വായനച്ചങ്ങല നടന്നത്. യു പി വിഭാഗത്തിലെ 15 ഡിവിഷനുകൾ 15 ബാലസാഹിത്യകൃതികളാണ് ഇടമുറിയാതെ വരികൾ തെറ്റാതെ വായിച്ചു തീർത്തത്. കഥയ്ക്ക് അനുയോജ്യമായ പശ്ചാത്തല സംഗീതവും ഒരുക്കിയിരുന്നു. മികച്ച വായനക്കാരായ 50 കുട്ടികളെ തിരഞ്ഞെടുത്ത് പരിശീലനം നൽകിയ ശേഷമാണ് മാരത്തൺ വായനയിൽ പങ്കെടുപ്പിച്ചത്. സ്കൂൾ വായനശാലയിൽ നിന്ന് ഇഷ്ടമുള്ള പുസ്തകങ്ങൾ തിരഞ്ഞെടുത്തതും കുട്ടികൾ തന്നെ. അരങ്ങിലും സദസിലും കുട്ടികളെ കൃത്യമായി വിന്യസിപ്പിച്ചതിനാൽ ഇടവേളകളിലും വായന മുറിഞ്ഞില്ല.
സ്കൂൾ അദ്ധ്യാപകനും വായനക്കാരനുമായ ശ്രീ മനോജ് സുനി വായനാനുഭവത്തെ നാടകാനുഭവമാക്കിയപ്പോൾ കുട്ടികൾക്ക് വ്യത്യസ്ത അനുഭവമായി. മികച്ച വായനക്കാരായി സാരംഗിയെയും അക്ഷിത ബിജുവിനെയും തിരഞ്ഞെടുത്തു.പ്രഥമാധ്യാപിക ശ്രീമതി സി ശ്രീലത, അദ്ധ്യാപകരായ എൻ എസ് അജൻ പിള്ള , ബിജു എസ് എന്നിവർ പ്രസംഗിച്ചു.
നാഷണൽ ഗ്രീൻ ആർമി പ്രോജക്ട് ഉദ്ഘാടനം
പ്രകൃതിയുടെ ഭാഗമായ മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ക്രൂരത മൂലം പ്രകൃതിക്ഷോഭങ്ങൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങി പല പ്രശ്നങ്ങളും അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന് ഒരു മോചനം ലഭിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും June 5 പരിസ്ഥിതി ദിനം ആഘോഷിക്കുന്നു. അതിന്റെ ഭാഗമായി പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂൾ സോഷ്യോ ഇക്കോളജിക്കൽ സ്റ്റഡി സെന്ററും ഐ.എ.പി (ഇന്ത്യർ അക്കാദമി ഓഫ് പീഡിയാട്രിക്സ് ) പത്തനംതിട്ടയും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ ഐ എ.പിയുടെ നാഷണൽ ഗ്രീൻ ആർമി പ്രോജക്ട് ഉദ്ഘാടനം നടന്നു.
ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശത്തെ ഉൾക്കൊണ്ട് ഭൂമിയെ പുനസ്ഥാപിക്കാനും, വരൾച്ച - മരുഭൂവത്ക്കരണ പ്രതിരോധത്തിനും വിദ്യാർത്ഥികൾ മുൻകൈ എടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അനിതാകുമാരി എൽ അഭിപ്രായപ്പെട്ടു. പ്രോജക്ടിൻ്റെ ഭാഗമായി തിരഞ്ഞെടുത്ത പത്ത് കുട്ടികൾക്കും അവരുടെ ക്യാപ്റ്റനായ അധ്യാപികയ്ക്കും ക്ലാസ്സുകൾ കൊടുക്കുകയും അവരിലൂടെ മറ്റു കുട്ടികളിൽ പരിസ്ഥിതി സംബന്ധമായ വിഷയങ്ങൾ അവതരിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.
സ്കൂൾ മാനേജർ ബി.രവീന്ദ്രൻ പിള്ള അധ്യക്ഷനായ യോഗത്തിൽ നാഷണൽ ഹെൽത്ത് മിഷൻ ഡി പി എം ഡോ. ശ്രീകുമാർ എസ് മുഖ്യപ്രഭാഷണം നടത്തി . ഐ എ പി പത്തനംതിട്ട ജില്ലാ പ്രസിഡൻറ് ഡോ. റെനി ഗീവർഗീസ്,
ജില്ലാ സെക്രട്ടറി ഡോ. വിപിൻ സാജൻ ,ഗ്രീൻ ആർമിയുടെ നാഷണൽ അഡ്വൈസറും പത്തനംതിട്ട ജനറൽ ആശുപത്രിയുടെ സീനിയർ കൺസൾട്ടൻറും ആയ ഡോ.ഡി.ബാലചന്ദർ, ഐ എ പി സൗത്ത് സോൺ കോ-ഓർഡിനേറ്റർ ഡോ. എം. ഒ. ലക്ഷ്മി രേഖ, നേതാജി ഹയർ സെക്കൻ്ററി സ്കൂൾ എസ്. ഇ. എസ് .സി. ഡയറക്ടർ ഡോ. ആർ. സുനിൽ കുമാർ, നേതാജി ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൽ അശ്വതി പി.കെ., പ്രധാന അധ്യാപിക ശ്രീലത സി, അജി ഡാനിയൽ എന്നിവർ സംസാരിച്ചു. സ്കൂൾ പരിസരത്ത് ഫല വൃക്ഷത്തൈകളും നട്ടു.
തനിക്കും സമൂഹത്തിനും വേണ്ടിയുള്ള യോഗ
"സ്വയം സമൂഹത്തിനും സമൂഹത്തിനും വേണ്ടിയുള്ള യോഗ" എന്ന പ്രമേയവുമായി 2024 ജൂൺ 21 പത്താം അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നു. യോഗ, ഒരു പരിവർത്തന പരിശീലനമാണ്. മനസ്സിൻ്റെയും ശരീരത്തിൻ്റെയും ഐക്യം, ചിന്തയും പ്രവർത്തനവും തമ്മിലുള്ള സന്തുലിതാവസ്ഥ, സംയമനത്തിൻ്റെയും പൂർത്തീകരണത്തിൻ്റെയും ഐക്യം എന്നിവയെ പ്രതിനിധീകരിക്കുന്നു അത് നമ്മുടെ തിരക്കേറിയ ജീവിതത്തിന് സമാധാനം നൽകുന്നു. "ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾ നടത്തുകയും നല്ല ആരോഗ്യം വളർത്തുന്ന ജീവിതശൈലി പിന്തുടരുകയും ചെയ്യുന്ന വ്യക്തികളുടെയും ജനസംഖ്യയുടെയും പ്രാധാന്യം" പ്രമേയം കുറിക്കുന്നു 2024 അദ്ധ്യയന വർഷം ജൂൺ 21 ന് നേതാജി ഹയർ സെക്കന്ററി സ്കൂളിലും യോഗ ദിനം ആചരിച്ചു. സ്കൂൾ അദ്ധ്യാപകരായ കെ.ബി ലാൽ , സുധീഷ് എസ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ യോഗ പരിശീലനത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന കുട്ടികൾക്കും എൻ സി സി, സ്കൗട്ട്&ഗൈഡ്സ് , ജെ ആർ സി വിഭാഗത്തിൽ പെട്ട കുട്ടികൾക്കും ആർട്ട് ഓഫ് ലിവിങ് യോഗാചാര്യ ശ്രീമതി കെ കെ ബിന്ദു യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസും തുടർന്ന് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള പരിശീലനവും നൽകി.
ജീവിതത്തോടുള്ള മത്സരമാകട്ടെ നമ്മുടെ ലഹരി
ലഹരിക്കെതിരായ അവബോധം ഏറെ പ്രാധാന്യമർഹിക്കുന്ന കാലഘട്ടമാണിത്. പിഞ്ചുകുഞ്ഞുങ്ങളെ മുതൽ മുതിർന്നവരെ വരെ ഒരേരീതിയിൽ തന്റെ വലയിലാക്കാനായി അവൻ ചുറ്റിലും പതുങ്ങിയിരിപ്പാണ്. ലോകത്താകമാനമുള്ള മനുഷ്യരെ പിടിച്ചുലക്കുന്ന ഒരു വിപത്താണ് ലഹരി. ഈ വിഷയത്തിൽ അവബോധം സൃഷ്ടിക്കാനും മുഴുവൻ ജനങ്ങളെയും ലഹരിക്കെതിരായുള്ള പ്രവർത്തനത്തിൽ അണിനിരത്താനുമാണ് ഐക്യരാഷ്ട്ര സഭ ജുൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി (International Day against drug abuse and illicit trafficking) ആചരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള, വിയന്ന ആസ്ഥാനമായുള്ള UNODC (United Nations Office On Drug and Crime) എന്ന സംഘടനയാണ് ദിനാചരണങ്ങളെ ഏകോപിക്കുന്നത്. ഇത്തവണ ലഹരി വിരുദ്ധ ദിന ക്യാമ്പയിൻ കൊണ്ടാടുന്നത് 'The evidence is clear: Invest in prevention' (കാര്യങ്ങൾ വ്യക്തം; പ്രതിരോധത്തിൽ ഊന്നുക) എന്ന ആശയത്തിലാണ്.
ലഹരിയുടെ ഉപയോഗം മുതിർന്നവരിലും കുട്ടികളിലും ഒരേ രീതിയിൽ കണ്ടുവരുന്ന കാലമാണിത്. ഓരോ ചുവടുവെപ്പിലും ജാഗ്രതരായിരിക്കേണ്ട സാഹചര്യം. സ്‌കൂൾ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം അവരെ പിടികൂടാൻ പതുങ്ങിയിരിക്കുന്ന ലഹരികൈകളാണ് ചുറ്റും. അവരുടെ ഓരോ ചുവടിലും അത് അവരെ പിന്തുടരുന്നു. മയക്കു മരുന്നുകൾ അവരെ തുറിച്ചുനോക്കുന്നു. വ്യത്യസ്ത തരത്തിലുള്ള ലഹരിവിൽപനക്കാരാൽ ചെറുപ്രായത്തിൽ തന്നെ കുട്ടികൾ ലഹരിക്ക് കീഴ്പെട്ടുപോകുന്നു എന്ന യാഥാർഥ്യം നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. ഇത് അവരുടെ പഠനത്തോടും ജീവിതത്തോടുമുള്ള താൽപര്യത്തെ പാടെ ഇല്ലാതാക്കും
2024 ജൂൺ 26 ന് നേതാജി ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് HM ഇൻ ചാർജ് ശ്രീമതി ഗീത പി യുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി വിളിച്ചു കൂട്ടി ലഹരി ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് പറഞ്ഞ് കുട്ടികളെ ബോധ്യപ്പെടുത്തി. ലഹരി വിരുദ്ധ ക്ലബ് കോ- ഓർഡിനേറ്റർ ശ്രീ സുധീഷ് എസ് സംസാരിച്ചു. അദ്ധ്യാപകനായ ഫാദർ ജേക്കബ് ഡാനിയേൽ ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. സ്കൂൾ ജെ ആർ സി യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ആശയങ്ങൾ ക്ലാസുകൾ തോറും പ്രചരിപ്പിച്ചു.
ഫുഡ്ബോൾ കുട്ടികൾക്ക് ജേഴ്സി വിതരണം
പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിലെ ഫുഡ്ബോൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫുഡ്ബോൾ കുട്ടികൾക്കുള്ള ജേഴ്സി വിതരണം ജൂൺ 26 ന് HM ഇൻ ചാർജ് ശ്രീമതി ഗീത പി നിർവ്വഹിച്ചു. സ്പോട്സ് അദ്ധ്യാപകൻ ശ്രീ ദേവനാരായണനും മറ്റ് അദ്ധ്യാപകരായ മനോജ് സുനി, ഫാദർ ജേക്കബ് ഡാനിയേൽ , ബിജു എസ്, അജി ഡാനിയേൽ , അജൻ പിള്ള എൻ എസ് എന്നിവരും സന്നിഹിതരായിരുന്നു.
ക്ലാസ് റൂം ലൈബ്രറി ഉദ്ഘാടനം
ഒഴിവു സമയങ്ങളിലുംവായന ശീലമാക്കുക എന്ന ലക്ഷ്യത്തോടെ പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾക്കായി വായന ദിനത്തിൽ ക്ലാസിൽ തന്നെ കുട്ടികൾക്ക് ലൈബ്രറി ഒരുക്കിയിരിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും അതിനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. കുട്ടികൾക്കും പുസ്തകം കൊണ്ടുവന്ന് വെക്കാനുള്ള സൗകര്യവുമുണ്ട്.
ബോധവത്ക്കരണ ക്ലാസ്
കൗമാര കാലഘട്ടത്തിൽ പെൺകുട്ടികളിലുണ്ടാകുന്ന ശാരീരിക പ്രക്രിയയാണ് ആർത്തവം . അതിനെപ്പറ്റി കുട്ടികളെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ നേതാജി ഹയർ സെക്കന്ററി സ്കൂളിലെ ഹെൽത്ത് ക്ലബും സരോജ് ദേവി ഫൗണ്ടേഷനും (NGO)ചേർന്ന് ഒരു ബോധവത്ക്കരണ ക്ലാസ് ജൂൺ 19 ന് നടത്തി.
8,9ക്ലാസ്സിലെ പെൺകുട്ടികൾ പങ്കാളികളായി.ഈ സംഘടനയിലെ ട്രെയിനറായ ശ്രീമതി ശ്രീലത മാഡം ക്ലാസ്സ് നയിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി ശ്രീലത സി സ്വാഗതം ആശംസിച്ചു. കുട്ടികൾ ആർത്തവ സമയങ്ങളിൽ പാലിക്കേണ്ട ശുചിത്വം, ആഹാരരീതികൾ, ഇതിന്റെ പ്രാധാന്യം, കാലങ്ങളായി നിലനിൽക്കുന്ന തെറ്റിദ്ധാരണകൾ, ഈ സമയങ്ങളിൽ ഉണ്ടാകാനിടയുള്ള അപകടങ്ങൾ എന്നിവ കുട്ടികൾ മനസ്സിലാക്കി. സ്കൂളിലെ അദ്ധ്യാപികയായ ശ്രീമതി അനിതകുമാരി റ്റി എം നന്ദി അറിയിച്ചു.
നെല്ലുകൊണ്ട് കേരള ചിത്രമൊരുക്കി കൊല്ലവർഷത്തെ വരവേറ്റു നേതാജിയിലെ കുഞ്ഞുങ്ങൾ
കേരളത്തിന്റെ നെൽകൃഷി പാരമ്പര്യം ഓർമ്മപ്പെടുത്തുന്നതിന് നെൽ വിത്തു കൊണ്ട് കേരള ചിത്രം നിർമ്മിച്ചു നേതാജിയിലെ വിദ്യാർത്ഥികൾ . കേരളത്തിന്റെ കാർഷികസംസ്കൃതി അടയാളപ്പെടുത്താൻ നെല്ലുകൊണ്ട് 15 അടി വലിപ്പമുള്ള കേരള ചിത്രം വരച്ചാണ് കൊല്ലവർഷം 1200 നെ എതിരേറ്റത്. പഴയ കാല കേരളീയ കാർഷിക സംസ്ക്കാരത്തെ കുട്ടികളിലെത്തിക്കാൻ കാർഷിക മിനി ഗ്യാലറി ഒരുക്കി കേരളീയം പരിപാടി സംഘടിപ്പിച്ചു. സ്കൂളിലെ മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ ആണ് പരിപാടി നടന്നത്. കാർഷികോപകരണങ്ങളും വൈക്കോൽ തുറുവും നെൽ ശില്പവും കുട്ടികൾക്ക് ആകർഷകമായി. കുട്ടികൾ അതിഥികളെ വഞ്ചിപ്പാട്ട് പാടിയാണ് സ്വീകരിച്ചത്. കേരള ഗാന അവതരണവും നടന്നു. മിനി ഗ്യാലറി പ്രദർശനത്തിൽ എല്ലാ കുട്ടികളും പങ്കാളികളായി. സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി സി ശ്രീലതയുടെ അധ്യക്ഷതയിൽ നടന്ന കേരളീയം സംഗമം വള്ളിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. മോഹനൻ നായർ , കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, അനി സാബു , പ്രമാടം പഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ നവനീത് എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. നെൽ കർഷക പി.കെ തങ്കയെ ആദരിച്ചു. മാതൃസംഗമം പ്രസിഡന്റ് യമുനാ സുഭാഷ്, മാനേജ്മെന്റ് പ്രതിനിധി അംഗങ്ങളായ ഡോ.എസ് സുനിൽകുമാർ ,ടി.ആർ.സുരേഷ്, മലയാളം ക്ലബ് കോ-ഓർഡിനേറ്റർ നാടകക്കാരൻ മനോജ് സുനി, സ്റ്റാഫ് സെക്രട്ടറി കെ ബി ലാൽ, മലയാളം ക്ലബ് ജോയിന്റ് കൺവീനർ എസ്. ബിജു എന്നിവർ പ്രസംഗിച്ചു.
അക്ഷരമുറ്റം ക്ലബിന്റെ ജില്ലാ തല ഉദ്ഘാടനം നേതാജിയിൽ
ലഹരിമുക്ത ക്യാമ്പസിനും മാലിന്യമുക്ത നവ കേരളത്തിനും പ്രത്യേക ഊന്നൽ നൽകി
സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ആരംഭിക്കുന്ന ദേശാഭിമാനിയുടെ അക്ഷരമുറ്റം ക്ലബ്ബിന് പത്തനംതിട്ട ജില്ലയിലും തുടക്കമായി. പ്രമാടം നേതാജി ഹയർസെക്കൻഡറി സ്കൂളിൽ മുൻ ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് അക്ഷരമുറ്റം ക്ലബ്ബിൻ്റെ ജില്ലാ ഉദ്ഘാടനം നിർവഹിച്ചു. അക്ഷരമറ്റം ക്വിസ്മത്സരത്തിന്റെ ഭാഗമായി സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലാണ് ആദ്യ ഘട്ടത്തിൽ ക്ലബ്ബുകൾ രൂപീകരിക്കുന്നത്.
ക്ലാസ്സ് മുറികളിലെ പഠനത്തോടൊപ്പം അനുബന്ധ പ്രവർത്തനങ്ങൾക്ക് സഹായകമാകുന്ന സംവിധാനങ്ങൾ ഇന്ന് എല്ലാ വിദ്യാലയങ്ങളിലും ലഭ്യമാണ് ഓരോ വിദ്യാർഥിയും തങ്ങളുടെ അഭിരുചിക്ക് അനുസരിച്ച് ഇത്തരം പരിപാടികളിൽ പങ്കാളികളായി സാമൂഹിക അവബോധം വളർത്തി മാതൃകയാക്കണം എന്ന് മുൻ ധനമന്ത്രി ഡോക്ടർ ടി എം തോമസ് ഐസക്ക് കുട്ടികർക്ക് ഉപദേശം നൽകി. സബ്ജില്ലാ ക്വിസ് മത്സരത്തിൽ കോന്നി സബ്ജില്ലയിൽ എച്ച് എസ് എസ് വിഭാഗത്തിൽ നേതാജി സ്കൂളിലെ വിദ്യാർത്ഥി സച്ചു സതിയാണ് ഒന്നാം സ്ഥാനം നേടിയത് . സ്കൂളിന് ദേശാഭിമാനിയുടെ പ്രത്യേക ഉപഹാരം ഡോക്ടർ തോമസ് ഐസക്ക് സമ്മാനിച്ചു .യോഗത്തിൽ പ്രമാടം പഞ്ചായത്ത് പ്രസിഡൻ്റ് എൻ നവനീത് അധ്യക്ഷനായി. കെ എസ് റ്റി എ ജില്ലാ പ്രസിഡൻ്റ് എ കെ പ്രകാശ് ക്ലബ്ബിൻ്റെ പ്രവർത്തനം വിശദീകരിച്ചു. സ്കൂൾ മാനേജർ ബി രവീന്ദ്രൻ പിള്ള ,പഞ്ചായത്ത് അംഗം കെ എം മോഹനൻ നായർ , പിറ്റിഎ പ്രസിഡൻ്റ് ഫ:ജിജി തോമസ് , സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് പി കെ അശ്വതി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക സി ശ്രീലത സ്വാഗതവും അക്ഷരമുറ്റം ജില്ലാ കോർഡിനേറ്റർ ആർ രമേശ് നന്ദിയും പറഞ്ഞു.
പ്രമാടം നേതാജിൽ ലോകഭക്ഷ്യദിനാഘോഷം
ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിലെ ഭൂമിത്രസേന ക്ലബ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഭക്ഷണത്തിന്റെ മഹത്വം ഓർമ്മപ്പെടുത്തി ക്ലബ്ബ് അംഗം അമൃത ചന്ദ്രൻ 'ഭക്ഷണരീതി നിത്യജീവിതത്തിൽ ' എന്ന വിഷയത്തിൽ വിദ്യാർത്ഥികളോട് സംവദിച്ചു. ഭക്ഷണം എല്ലാ ചരാചരങ്ങളുടെയും അവകാശമാണ് എന്ന തിരിച്ചറിവിൽ ക്ലബ് അംഗങ്ങൾ സഹജീവികൾക്ക് ഭക്ഷണം വിളമ്പി. വാഴയിലയിൽ അരിപ്പൊടിയും തേങ്ങയും ശർക്കരയും വിളമ്പി ചെറുപ്രാണികൾക്കും ഉറുമ്പുകൾക്കും കഴിക്കാനായി ഒരുക്കി വെച്ചു. അരിമണികളും ഗോതമ്പ് മണികളും പക്ഷികൾക്ക് വേണ്ടി വിളമ്പി സ്കൂളിനോടു ചേർന്നുള്ള മിയാ വാക്കി വനത്തിന് സമീപത്തായി ക്രമീകരിച്ചു.
ക്ലബ് അംഗം ശ്രീലക്ഷ്മിപി എസ് പാചക ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് പി.കെ അശ്വതി ഉദ്ഘാടനം ചെയ്തു. ക്ലബ് കോ - ഓർഡിനേറ്റർ ടി ആർ ഗീതു സംസാരിച്ചു.
കോന്നി ഉപജില്ലാ ശാസ്ത്ര മേളയിൽ പ്രമാടം നേതാജി ഹൈസ്കൂളിന് ഓവറോൾ
കോന്നി ഉപജില്ലാ ശാസ്ത്ര മേളയിൽ പ്രമാടം നേതാജി ഹൈ സ്കൂൾ യുപി, എച്ച് എസ് വിഭാഗങ്ങളിൽ ഫസ്റ്റ് ഓവറോൾ നിലനിർത്തി.ഗണിത ശാസ്ത്ര മേള യു പി, എച്ച് എസ് വിഭാഗം, സാമൂഹ്യ ശാസ്ത്ര മേള യു പി , എച്ച് എസ് വിഭാഗം, ഐ ടി മേള യു പി, എച്ച് എസ് വിഭാഗം, വർക്ക് എക്സ്പീരിയൻസ് യു പി , എച്ച് എസ് വിഭാഗങ്ങളിൽ മികച്ച വിജയം കൈവരിക്കാൻ സാധിച്ചു.
കോന്നി ഉപജില്ലാ ശാസ്ത്ര നാടക മത്സരത്തിൽ നേതാജിക്ക്
കോന്നി ഉപ ജില്ലാ ശാസ്ത്ര നാടക മത്സരത്തിൽ പ്രമാടം നേതാജി സ്കൂളിലെ കുട്ടികളുടെ നാടകമായ 'റിയാൻ സ്റ്റാൻഡേർഡ് വൺ ' എന്ന നാടകമാണ് ഫസ്റ്റ് ഉം എ ഗ്രേഡും നേടി അടുത്ത തലത്തിലേക്ക് സെലക്‌ഷൻ നേടിയത്. മികച്ച നടനായി ഏബൽ സാമുവലിനെയും മികച്ച നടിയായി അക്സ അമൃതകുമാറിനെയും തെരഞ്ഞെടുത്തു.
സ്വദേശി മെഗാ ക്വിസിൽ
കെ പി എസ് റ്റി എ കോന്നി ഉപജില്ലാ കമ്മറ്റി നടത്തിയ സ്വദേശി മെഗാ ക്വിസിൽ എച്ച് എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും എച്ച് എസ് എസ് വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനവും പ്രമാടം നേതാജി സ്കൂൾ കരസ്ഥമാക്കി.
വയനാടിനെ ചേർത്തുപിടിച്ച് ഓണം ഒരുങ്ങി പ്രമാടം നേതാജി
ഇക്കുറിയും പതിവുപോലെ ഓണം ആഘോഷിച്ചപ്പോഴും പ്രമാടം നേതാജി സ്കൂളിലെ വിദ്യാർത്ഥികൾ ദുരന്ത ബാധിത പ്രദേശമായ വയനാടിനെ മറന്നില്ല. ഓണപ്പൂക്കളത്തോടൊപ്പം കുട്ടികൾ സമാഹരിച്ച പത്ത് രൂപ നാണയങ്ങളുടെ തുട്ടുകൾ കൊണ്ട് സ്കൂളിന്റെ പൂമുഖത്ത് ഓണത്തിന് പതിവായി ഇടാറുള്ള പൂക്കളത്തിന് പകരം നാണയപ്പൂക്കളമിട്ടു. വയനാട്ടിലെ വെള്ളാർ മല സ്കൂളിലെ കൂട്ടുകാരുടെ കണ്ണീരൊപ്പാൻ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും കരുതലോണം യജ്ഞത്തിൽ പങ്കെടുത്തു. വെള്ളാർ മല സ്കൂളിലെ കുട്ടികൾക്ക് ആവശ്യമായ ലൈബ്രറി പുസ്തകം വാങ്ങിക്കാനാണ് ഈ കരുതൽ പണം ഉപയോഗിക്കുക. ഇതിന്റെ ഉദ്ഘാടനം ചലച്ചിത്ര നടൻ കോബ്രാ രാജേഷ് നിർവഹിച്ചു. പി.റ്റി.എ പ്രസിഡന്റ് ഫാ. ജിജി തോമസ് അധ്യക്ഷത വഹിച്ചു. അത്തപ്പൂക്കള മത്സരത്തിൽ 33 ക്ലാസ് ഡിവിഷനിലെ കുട്ടികളും പങ്കെടുത്തു. വിവിധ കലാമത്സരങ്ങൾ നടന്നു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും വിഭവ സമ്യദ്ധമായ സദ്യ വിളമ്പി.
പുതുമയേറിയ അനുഭവമായി പ്രമാടം നേതാജിയിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ
പ്രിസൈഡിങ്ങ് ഓഫീസർ , പോളിങ്ങ് ഓഫീസർമാർ തുടങ്ങി ഒരു യഥാർത്ഥ ഇലക്ഷനുള്ള എല്ലാ അധികാരികളുടെയും ചുമതലകൾ പൂർണ്ണമായും കുട്ടികൾ തന്നെ വഹിച്ചു കൊണ്ട് സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടന്നു.ഓരോ ക്ലാസിലെയും വിദ്യാർത്ഥികളുടെ പേരുകൾ ഉൾപ്പെടുത്തിയ വോട്ടർ പട്ടിക തയ്യാറാക്കിയിരുന്നു.
ഓഡിറ്റോറിയത്തിൽ ക്രമീകരിച്ച 6 ബൂത്തുകളിലായാണ് വിദ്യാർത്ഥികൾ അവരുടെ സമ്മതിദാനം നിർവഹിച്ചത്. പ്രത്യേകം തയ്യാറാക്കിയ കൗണ്ടറിൽ പോളിംഗ് ഓഫീസർമാർ ബൂത്ത് ക്രമീകരിക്കുകയും ചെയ്തു.
വോട്ടർ പട്ടികയിലെ പേര് വായിച്ച് വോട്ടർ കൊണ്ടുവരുന്ന സ്ലിപ്പ് പരിശോധിച്ച് രേഖപ്പെടുത്തി, കയ്യിൽ മഷി പുരട്ടിയതിനു ശേഷം വോട്ടിംഗ് കമ്പാർട്ട്മെന്റിൽ സ്ഥാപിച്ചിരിക്കുന്ന ഇലക്ഷൻ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത കമ്പ്യൂട്ടറിലാണ് വോട്ട് രേഖപ്പെടുത്തിയത്. വോട്ടെടുപ്പ് പൂർത്തിയായതിനുശേഷം കൗണ്ടിംഗ് ഏജന്റ്,സ്ഥാനാർത്ഥികൾ, ക്ലാസ്സ് ടീച്ചർ എന്നിവരുടെ സാന്നിധ്യത്തിൽ ഫല പ്രഖ്യാപനം നടത്തി.തുടർന്ന് ശ്രീ പ്രവീൺ സി യുടെ സാന്നിധ്യത്തിൽ സ്കൂൾ പാർലമെൻറ് കൂടുകയും സ്കൂൾ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
മുഖ്യ ഭരണാധികാരി ശ്രീ സുധീഷ് എസ്, ഔപചാരികമായി സ്കൂൾ പാർലമെന്റ് ഇലക്ഷൻ ഫലം പ്രഖ്യാപിച്ചു.
യഥാർത്ഥ രീതിയിലുള്ള ഇലക്ഷനും ഇലക്ട്രോണിക്ക് വോട്ടിങ്ങ് മെഷീന്റെ പ്രവർത്തനവും കുട്ടികൾക്ക് ഇതുവഴി അറിയാൻ സാധിച്ചു.ജനാധിപത്യരീതിയിൽ വോട്ടെടുപ്പിന്റെ പ്രാധാന്യം മനസ്സിലാക്കാനും ഈ തെരഞ്ഞെടുപ്പ് സഹായകമായി .സ്കൂളിലെ NCC കേഡറ്റുകൾ ഇലക്ഷന് വേണ്ടി വിവിധ മേഖലകളിൽ വ്യാപൃതരായിരുന്നു.
സെമിനാർ ഹാളിന്റെ ഉദ്ഘാടനം
പ്രമാടം നേതാജി സ്കൂളിൽ പുതുതായി നിർമ്മിച്ച സെമിനാർ ഹാളിന്റെ ഉദ്ഘാടനം ആദരണീയനായ സ്കൂൾ മാനേജർ ബി രവീന്ദ്രൻ പിള്ള നിർവ്വഹിക്കുന്നു.
കുട്ടികളുടെ ഫോൺ അഡിക്ഷൻ - നേതാജിയിലെ രക്ഷിതാക്കൾക്ക് ബോധവത്ക്കരണം.
കുട്ടികളുടെ അമിതമായ ഫോണിന്റെ ഉപയോഗം അവരിൽ ഉണ്ടാക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ വളരെ വലുതാണ്. ഫോണുകൾ കുട്ടികൾക്ക് എങ്ങനെ ഉപയോഗിക്കാൻ നൽകണം, സമഗ്ര എന്ന വിദ്യാഭ്യാസ വകുപ്പിന്റെ റിസോഴ്സ് പോർട്ടലിൽ നിന്ന് കുട്ടികൾക്ക് എന്തെല്ലാം പഠന സാമഗ്രികൾ ലഭിക്കും, അതെടുക്കുന്ന വിധം ഇതെല്ലാം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് രക്ഷിതാക്കളെ വീഡിയോയിലൂടെ ക്ലാസ് എടുത്തു കാണിച്ച് മനസിലാക്കി.
ഗ്രീൻ ആർമി പ്രോജക്ട് മായി ബന്ധപ്പെട്ട ഓൺലൈൻ ക്ലാസ്
നേതാജി ഹയർ സെക്കന്ററി സ്കൂളിൽ ഇന്ത്യൻ പീഡിയാട്രിക് അസോസിയേഷൻ്റെ നേതൃത്വത്തിലുള്ള ഗ്രീൻ ആർമി പത്തനംതിട്ട ബ്രാഞ്ചും നേതാജി സോഷിയോ ഇക്കോളജിക്കൽ സ്റ്റഡിസെൻ്റും ചേർന്നുള്ള പ്രവർത്തനങ്ങൾക്ക് 2024 ജൂണിൽ തുടക്കംകുറിച്ചു.
ഗ്രീൻ ആർമിയുടെ ആദ്യത്തെ ഓൺ ലൈൻ ക്ലാസ്സ് ഇന്ന് തുടങ്ങുന്നു…സമയം 8.00 PM..രണ്ട് ശിശുരോഗ വിദഗ്ധരുടെ വ്യത്യസ്തമായ ക്ലാസ്സുകൾ ഇന്ന് നടക്കുന്നു.. IAP ഗ്രീൻ ആർമി വടകര ബ്രാഞ്ചിൻ്റെ നേതൃത്വത്തിലാണ് നടക്കുന്നതെങ്കിലും നമ്മുടെ സ്കൂളിലെ രക്ഷിതാക്കൾക്കും അധ്യാപകർക്കും പത്തനംതിട്ട ബ്രാഞ്ച് ഗ്രീൻ ആർമിയുടെ ക്ലാസ് കേൾക്കാൻ അവസരം ലഭിച്ചു.
ആവേശം ചോരാതെ സ്കൂൾ കലോത്സവം
പഠനത്തിനുമപ്പുറം കലയുടെ ലോകമുണ്ടെന്ന് കുട്ടികളെ മനസിലാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഒന്നാണ് സ്കൂൾ കലോത്സവം
കേരളത്തിന്റെ സാംസ്‌കാരിക സമ്പന്നതക്ക് തിളക്കം കൂട്ടാൻ വലിയൊരു പങ്കുവഹിച്ചിട്ടുള്ള ഒരു പ്രസ്ഥാനം കൂടിയാണിത്. കൗമാരപ്രതിഭകളുടെ കലാവൈഭവങ്ങൾ പ്രകടമാകുന്ന ഉജ്ജ്വലവേദി എന്നതിനപ്പുറം, നാടിന്റെ തനതായ പല കലാരൂപങ്ങളും കാലഹരണപ്പെട്ടുപോകാതെ പുതിയ തലമുറകളിലേക്ക് പകർന്നു കൊടുക്കുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ട്.
നേതാജി ഹയർ സെക്കന്ററി സ്കൂളിലെ 2024 - 25 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം ഒക്ടോബർ 8,18 തീയതികളിൽ നടന്നു. 8-ാം തീയതി രചനാ മത്സരങ്ങളും 18 ന് കലാപരിപാടികളും നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി സി ശ്രീലത ഉദ്ഘാടനം ചെയ്തു. ഓരോ മേഖലയിലും പുറത്തു നിന്നുള്ള വിദഗ്ദ്ധരായ വ്യക്തിത്വങ്ങൾ വിധി നിർണ്ണയം നടത്തി. ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ച കുട്ടികൾ സബ് ജില്ലാ തലത്തിൽ പങ്കെടുക്കുന്നതിന് അർഹരായി.
നേതാജി ഹയർ സെക്കന്ററി സ്കൂളിൽ ഹൃദയാരോഗ്യദിനം ആചരിച്ച് സയൻസ് ക്ലബ്
നേതാജി ഹയർ സെക്കന്ററി സ്കൂളിൽ ലോക ഹൃദയദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയുടെ ഉദ്ഘാടനം പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ.ജോൺ എം.സി നിർവ്വഹിച്ചു. സ്കൂൾ മാനേജർ ബി.രവീന്ദ്രൻ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീലത സി, പ്രിൻസിപ്പൽ ഇൻ ചാർജ് അശ്വതി പി കെ , പി റ്റി എ പ്രസിഡന്റ് ഫാ. ജിജി തോമസ്, മാനേജ്മെന്റ് അംഗം ഡോ.സുനിൽകുമാർ, അധ്യാപകൻ സി. പ്രവീൺ കുമാർ എന്നിവർ പ്രസംഗിച്ചു. സയൻസ് ക്ലബിലെ കുട്ടികൾ സെമിനാർ പ്രസന്റേഷൻ ,സ്കിറ്റ്, ക്വിസ് മത്സരം എന്നിവ നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ കുട്ടികളുടെ പോസ്റ്റർ പ്രദർശനം സംഘടിപ്പിച്ചു. വിജയി കൾക്ക് സമ്മാനം നൽകി.
ജൈവ വൈവിധ്യ ക്ലബ് സെമിനാർ
'ഓണക്കാലത്തെ ജൈവ സാംസ്ക്കാരിക വൈവിധ്യ കാഴ്ചകളും നാട്ടറിവുകളും' എന്ന വിഷയത്തിൽ സ്കൂളില ജൈവ വൈവിധ്യ ക്ലബ് സെമിനാർ സംഘടിപ്പിച്ചു. കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ പത്തനംതിട്ട ജില്ലാ ടെക്നിക്കൽ ബോർഡ് സപ്പോർട്ട് ഗ്രൂപ്പ് മെമ്പറും ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ.ആർ അഭിലാഷാണ് സെമിനാർ നയിച്ചത്.
ഓണക്കാലത്ത് നാട്ടിൻപുറങ്ങളിൽ പുഷ്പ സമൃദ്ധിയുണ്ടാക്കുന്ന പൂക്കളുടെ പ്രത്യേകതകളെക്കുറിച്ചും , ഓണത്തുമ്പികളെക്കുറിച്ചും , പണ്ട് കാലത്ത് ഊഞ്ഞാൽ ഇടാൻ ഉപയോഗിച്ചിരുന്ന അതുമ്പ് എന്ന സസ്യത്തിന്റെ വള്ളികളുടെ പ്രത്യേകതകളെക്കുറിച്ചും കുട്ടികൾക്ക് കൂടുതൽ മനസിലാക്കാൻ സാധിച്ചു. കണ്ണൂർ ജില്ലയിലെ 'മായാടിപ്പാറ' എന്ന സ്ഥലത്ത് ഓണക്കാലത്ത് കാഴ്ചയുടെ നറുവസന്തം സൃഷ്ടിക്കുന്ന കാക്കപ്പൂക്കളെ പരിചയപ്പെടുത്തി.
സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഈ പരിപാടിയിൽ പ്രിൻസിപ്പൽ പി.കെ അശ്വതി, ക്ലബ് കോ-ഓർഡിനേറ്റർ ടി ആർ ഗീതു, അധ്യാപകരായ കെ ജെ എബ്രഹാം, റ്റാലിൻ എലിസബത്ത് ജോർജ് എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട റവന്യൂജില്ലാ ശാസ്ത്ര നാടക മത്സരം പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂൾ ഒന്നാമത്.
ജില്ലാ ശാസ്ത്ര നാടക മത്സരത്തിൽ തുടർച്ചയായ 22-ാം തവണയും പ്രമാടം നേതാജി ഹയർ സെക്കന്ററി സ്കൂളിന്റെ നാടകമായ 'റിയാൻ സ്റ്റാൻഡേർഡ് വൺ ' എന്ന നാടകമാണ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. തീയറ്റർ ആർട്ടിസ്റ്റും നേതാജിയിലെ അധ്യാപകനുമായ നാടകക്കാരൻ മനോജ് സുനിയാണ് രചനയും സംവിധാനവും നിർവ്വഹിച്ചത്. ദേശവും രാഷ്ട്രീയവും മറന്ന് ജലം പങ്കു വയ്ക്കേണ്ടതാണെന്ന സന്ദേശമാണ് നാടകം മുന്നോട്ട് വയ്ക്കുന്ന പാരിസ്ഥിതിക നിലപാട്. മനോജ് സുനിയെ മികച്ച രചയിതാവായും സംവിധായകനായും ഏബൽ സാമുവലിനെ മികച്ച നടനായും തെരഞ്ഞെടുത്തു. ദയ എലീന കോശി, അക്സ അമൃത കുമാർ ,എസ് സഫ്ന, എയ്ഞ്ചൽ മറിയം സജി, എ.അദീൻ, എം. സിദ്ധാർത്ഥ് എന്നിവർ അഭിനേതാക്കളായി. ഏബൽ റെനിശബ്ദ സംവിധാനം നിർവ്വഹിച്ചു. തൃശൂർ റീജനൽ തീയേറ്ററിൽ നടക്കുന്ന സംസ്ഥാന തല നാടക മത്സരത്തിലേക്ക് സെലക്ഷൻ ലഭിച്ചു.