കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

ഓർമ്മിക്കുന്നു:സന്തോഷത്തോടെ അഭിമാനത്തോടെ......

ഫാത്തിമ റഹ്മാൻ (റിട്ടയേർഡ് ഡിസ്ട്രിക് ജഡ്ജ്,എറണാകുളം )

1958-59 കാലത്ത് ഏതാണ്ട് ഒരു വർഷം പ്രിൻസിപ്പൽ മുൻസിഫായി ഞാൻ കോഴിക്കോട് കോടതിയിൽ ജോലി ചെയ്‌തിരുന്നു.

അന്ന് എൻ്റെ ഇളയ സഹോദരൻ പി.കെ.അബ്‌ദുൽഗഫൂർ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്‌ടറായിരുന്നു. അക്കാരണത്താൽ എൻ്റെ താമസം മിക്കവാറും ഗഫൂറിൻ്റെ വീട്ടിലായിരുന്നു. ഗഫൂറിൻ്റെ വീട്ടിലെ സന്ദർശകരായ കോഴിക്കോട്ടെ ചില സാമൂഹ്യ പ്രവർത്തകരെയും പൗരപ്ര മുഖരെയും രാഷ്ട്രീയ നേതാക്കളെയും പരിചയപ്പെടാൻ അങ്ങനെ എനിക്ക് അവസരമുണ്ടായി.

പിന്നീട് ജില്ലാ ജഡ്‌ജിയായി എറണാകുളത്തേക്ക് പോയെങ്കിലും ഉമ്മ ഗഫൂറിന്റെ കൂടെയായിരുന്നതിനാൽ ഒഴിവ് ദിവസങ്ങളിൽ ഞാൻ കോഴിക്കോട്ടെത്തിയിരുന്നു.

അക്കാലത്ത് കോഴിക്കോട് നഗരത്തിലെ തീരദേശത്തെ മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ഒരു സ്‌കൂൾ ആരംഭിക്കുന്ന വിവരം എനിയ്ക്കറിയാൻ കഴിഞ്ഞിരുന്നു. ആ സ്‌കൂളിൻ്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാൻ ഡോ. ഗഫൂർ മുഖേന ഭാരവാഹികൾ എന്നെ ക്ഷണിക്കുകയുണ്ടായി. സ്‌കൂളിൻ്റെ ഭാരവാഹികളിൽ ചിലരെ നേരത്തെ എനിക്കു പരിചയമുണ്ടായിരുന്നു.

അരനൂറ്റാണ്ട് കഴിഞ്ഞു. എനിക്ക് പ്രായവും ഏറെയായി.പലതും ഓർമ്മയിലില്ല. എങ്കിലും ഉദ്ഘാടനചടങ്ങിലെ രസകരമായ ചില അനുഭവങ്ങൾ എന്റെ മനസ്സിലിപ്പോഴുമുണ്ട്.

സ്കൂളിന്റെ സ്ഥാപകനും സംഘാടകനുമായ സി.പി.കുഞ്ഞഹമ്മദ് സാഹിബിന്റെ വിട്ടിലായിരുന്നു ഉച്ചയൂണ്. കൊട്ടാരം പോലെയുള്ള ഒരു വലിയ വീട്.ക്ഷണിക്ക പ്പെട്ടവരായി കുറച്ചു സത്രീകളും പുരുഷൻമാരും ഉണ്ട്. വീട്ടിനുള്ളിൽ തറയിൽ പായ വിരിച്ചാണ് സ്ത്രീകൾക്ക് ഊണ് വിളമ്പിയിരുന്നത്.

സുപ്രയിൽ ഒരു വലിയ 'ദുലങ്കി (വളരെ വട്ടമുള്ള ഒരു തളിക)യിൽ ചോറ് വിളമ്പിയിട്ടുണ്ട്. പതിനഞ്ചോളം സ്ത്രീകൾ സുപ്രക്ക് ചുറ്റും ഇരുന്ന് ഈ തളികയിലെ ചോറിൽ കറി ഒഴിച്ച് ഓരോരുത്തരും പ്രത്യേക പ്ലേറ്റ് ഇല്ലാതെ തിന്നാൻ തുടങ്ങി. അവരുടെ തൊട്ടടുത്ത് അതിഥിയായ എന്നേയും കൂടെ വന്ന ഗഫൂറിന്റെ ഭാര്യ ഫാത്തിമയേയും ഇരുത്തി. ഞങ്ങൾക്ക് മാത്രം പ്രത്യേക പ്ലെയ്റ്റിൽ വിളമ്പി.അതിഥികളായ ഞങ്ങൾ തനിച്ചും ആതിഥേയർ കൂട്ടായും ഭക്ഷണം കഴിച്ചു. അതെനിക്ക് പുതുമയുള്ള കാഴ്ചചയും അനുഭവവും ആയിരുന്നു. ഇത്തരമൊരു ഭക്ഷണരീതി കോഴിക്കോട്ടല്ലാതെ വേറെ എവിടെയും ഞാൻ കണ്ടിരുന്നില്ല.

ഊണു കഴിഞ്ഞ് അല്പം വിശ്രമിച്ച ശേഷം ഞങ്ങൾ സ്‌കൂൾ അങ്കണത്തിലേക്ക് പോയി സി.പി കുഞ്ഞഹമ്മദ് സാഹിബിൻ്റെ വീട്ടിനടുത്തുതന്നെയായിരുന്നു ഈ സ്‌കൂൾ.

ഉദ്ഘാടന ചടങ്ങാണ് എന്നെ ആശ്ചര്യപ്പെടുത്തിയ മറ്റൊരു അനുഭവം. ചടങ്ങിൽ കുറച്ച് അധികം സ്ത്രീകൾ പങ്കെടുത്തിരുന്നു. സംഘാടകർ വളരെ പ്രയാസപ്പെട്ടാണ് അവരെ അവിടെ എത്തിച്ചത് എന്നറിയാൻ കഴിഞ്ഞു. പൊതുചടങ്ങുകളിലൊന്നും ഇവിടുത്തെ മുസ്‌ലിം സ്ത്രീകൾ അന്ന് പങ്കെടുക്കാറുണ്ടായിരുന്നില്ല.

പുതുതായി നിർമ്മിച്ച സ്‌കൂൾ കെട്ടിടത്തിലാണ് പരിപാടി. ഹാളിന്റെ പകുതി ഭാഗം സ്ക്രീൻ വെച്ച് മറച്ചിട്ടുണ്ട്.മറക്കപ്പുറം സ്ത്രീകളും ഇപ്പുറം പുരുഷൻമാരും. അവർ പരസ്‌പരം കാണുന്നില്ല. എൻ്റെ പ്രതീക്ഷക്ക് വിപരീതമായ ഒരു പ്രസംഗവേദിയിലാണ് ഞാൻ എത്തിച്ചേർന്നത്.

എൻ്റെ സ്ഥാനം സ്ത്രീകളുടെ മറക്കുള്ളിലായിരുന്നു. ഞാൻ അവിടെയിരുന്നാണ് പ്രസംഗിച്ചത്. എന്റെ സംസാരം പുരുഷൻമാർ മറുഭാഗത്തിരുന്ന് മൈക്കിലൂടെ എന്നെ കാണാതെ കേൾക്കുന്നുണ്ടായിരുന്നു.

എന്റെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം സി.എച്ച് മുഹമ്മദ്കോയയും പി.പി ഉമ്മർകോയയും പ്രസംഗിച്ചതായിട്ടാണ് എൻ്റെ ഓർമ്മ.മറുഭാഗത്തെ ആണുങ്ങളെ അഭിമുഖീകരിച്ചായിരുന്നു ആ നേതാക്കളുടെ പ്രസംഗം. സി.എച്ചി നെയും ഉമ്മർകോയയെയും കാണാതെ സ്ത്രീകളോടൊപ്പം ഇരുന്നാണ് മൈക്കിലൂടെ ഞാന വരുടെ പ്രസംഗം കേട്ടത്.

സി.എച്ചിന്റെ പ്രസംഗത്തിലെ ഒരു വാചകം ഇപ്പോഴും ഓർമ്മയിലുണ്ട്.

"കോഴിക്കോട് മെഡിക്കൽ കോളേജിൽ അന്ന് പഠിക്കുന്ന കൊടുങ്ങല്ലൂർകാരിയായ റാബിയ എന്ന പെൺകുട്ടി, (പിൽക്കാലത്ത് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറായിരുന്നു ) ഡോക്‌ടർ റാബിയായെപ്പോലെയും. ഉദ്ഘാടകയെപ്പോലെ ജഡ്‌ജിയാവാനും കോഴിക്കോട്ടെ മുസ്‌ലിം പെൺകൂട്ടികൾക്കും കഴിയണം. അതിനാണ് ഈ സ്‌കൂൾ.അദ്ദേഹത്തിൻ്റെ പ്രസംഗം സദസ്സിനെ ആവേശം കൊള്ളിക്കു ന്നതായിരുന്നു.

ചടങ്ങിനെത്തിയവരിൽ കോഴിക്കോട്ടെ പൗരപ്രമുഖരും സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്നവരും ഉണ്ടായിരുന്നു. പരീക്കുട്ടിഹാജിയെപ്പോലുള്ള ചിലരെ ഓർക്കുന്നുണ്ട്.

അന്നാരംഭിച്ച ഈ പെൺപള്ളിക്കൂടം ഒരുപാട് വർഷം പിന്നിടുമ്പോൾ മറ്റാരെക്കാളും സന്തോഷവും അഭിമാനവും എനിക്കനുഭവപ്പെടുന്നു. കൂടുതൽ ഉയരങ്ങളി ലെത്താൻ ഈ മഹൽസ്ഥാപനത്തിനു കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.