പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

"മണ്ണന്തല വേലായുധൻ നായർ സാർ; മഹാനായ ഗുരു ശ്രേഷ്ഠൻ."

(അഡ്വ ജോൺസൺ എബ്രഹാം-മാവേലിക്കര അഡീ.ജില്ലാ കോടതി അഭിഭാഷകൻ)


നവതിയിലെത്തി നിൽക്കുന്ന പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിന്റെ, ഞങ്ങളുടെ പ്രിയപ്പെട്ട, ഹെഡ്മാസ്റ്ററായിരുന്നു മണ്ണന്തല പി.വേലായുധൻ നായർ സാർ. മികച്ച വിദ്യാഭ്യാസ നിലവാരം പുലർത്തിയതോടൊപ്പം, വിദ്യാർത്ഥികളിൽ രാഷ്ട്രീയ ബോധവും, സാമൂഹിക പ്രതിബദ്ധതയും,ദേശ സ്നേഹവും, കാരുണ്യ പ്രവൃത്തികളും ജനിപ്പിക്കാൻ അദ്ദേഹത്തിന്റെ പ്രവൃത്തികൾക്ക് കഴിഞ്ഞു.

1971, ഞാൻ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധം നടക്കുന്നത്. ബംഗ്ലാദേശ് എന്ന രാഷ്ട്രത്തിന്റെ പിറവി. രാജ്യ സ്നേഹം പ്രകടിപ്പിച്ചുകൊണ്ട് ഞങ്ങൾ ആയിരത്തിൽ പരം വിദ്യാർത്ഥികൾ നിരത്തിലൂടെ, കെ.പി.റോഡിൽ പ്രകടനമായി നീങ്ങി.

അന്ന് മണ്ണന്തല സാർ കാറിൽ കെട്ടിയ മൈക്കിലൂടെ വിളിച്ചു തന്ന മുദ്രാവാക്യം ഇന്നും ഓർക്കുന്നു. 'പാറ്റൺ ടാങ്കും,സാംബർ ജെറ്റും, ചീറിപ്പായും നേരത്ത്, ഭാരത നാടിൻ,അതിർത്തി കാക്കും, ധീരജവാന്മാർക്കഭിവാദ്യങ്ങൾ' ആദ്യമായിട്ടാണ് ഞാൻ മുഷ്ടി ചുരുട്ടി ആവേശപൂർവ്വം മുദ്രാവാക്യം വിളിക്കുന്നത്.

കോയിക്കൽ ചന്ത പഞ്ചായത്ത് ഓഫീസ് പടിക്കൽ നിന്നും പ്രകടനം തിരിച്ചു വന്നപ്പോൾ, മുദ്രാവാക്യം വിളിച്ചു കൊടുക്കാൻ ഞാനും കൂട്ടത്തിൽ ആവേശപൂർവ്വം ചേർന്നു.

പാക്കിസ്ഥാൻ പട്ടാള മേധാവി യാഹ്യാ ഖാന്റെ കോലം കത്തിക്കുന്നതിന് മുമ്പായി ഞങ്ങളെല്ലാവരും തുണിയും, വൈക്കോലും കൊണ്ടുണ്ടാക്കിയ കോലത്തിൽ വടി കൊണ്ടടിച്ച് ആർത്തുവിളിച്ചു. ദേശീയ ബോധവു, രാജ്യസ്നേഹവും നിറഞ്ഞൊഴുകിയ അവസരമായിരുന്നു അത്.

സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക പ്രതിഭകളെയും,നേതാക്കളെയും നേരിൽ കാണുവാനും, യൂത്ത് ഫെസ്റ്റിവൽ, സ്കൂൾ ആനിവേഴ്സറി തുടങ്ങി വിവിധ സമ്മേളനങ്ങൾ വഴി സാധിച്ചു.

ആർച്ച് ബിഷപ്പ് ബനഡിക്ട് മാർ.ഗ്രിഗോറിയോസ്, പാറപ്പുറത്ത്, തോപ്പിൽ ഭാസി, പൂർവ്വ വിദ്യാർത്ഥികളായ കാർട്ടൂണിസ്റ്റ് യേശുദാസൻ, ഡോ.പുതുശ്ശേരി രാമചന്ദ്രൻ, വേളൂർ കൃഷ്ണൻകുട്ടി. വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ആർ.രാമചന്ദ്രൻ നായർ തുടങ്ങിയ പ്രതിഭകളും,മുൻ മന്ത്രിമാരായ ടി.കെ.ദിവാകരൻ, ആർ.ബാലകൃഷ്ണപിള്ള ഡെപ്യൂട്ടി സ്പീക്കർമാരായിരുന്ന പൂർവ്വ വിദ്യാർത്ഥി നഫീസത്ത് ബീവി, കെ.ഓ.അയിഷാഭായി തുടങ്ങിയവരും വിവിധ സമ്മേളനങ്ങളിൽ പങ്കെടുത്തിരുന്നു.

കൃഷ്ണപുരം കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെയും,കായംകുളം നെല്ലു ഗവേഷണ കേന്ദ്രത്തിലെയും സയന്റിസ്റ്റുകളുടെ പ്രഭാഷണം കേൾക്കാൻ അവസരം ലഭിച്ചു.

ഉച്ചസമയത്ത് വിദ്യാർത്ഥികൾക്ക് നൽകിവന്ന പൊതിച്ചോർ ഭക്ഷണം വലിയ കാരുണ്യ പ്രവൃത്തിയായിരുന്നു. ക്ഷീണിച്ചു വാടിയ മുഖവുമായി എത്തുന്ന വിദ്യാർത്ഥികളുടെ പ്രയാസങ്ങൾ മനസിലാക്കാൻ മണ്ണന്തല സാറിന് കഴിഞ്ഞു. ഇന്ന് സർക്കാരിന്റെ ഉച്ച ഭക്ഷണ പദ്ധതി ആരംഭിക്കുന്നതിന് വളരെ മുമ്പായി വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണപ്പൊതി ആദ്യമായി ഏർപ്പെടുത്തിയത് ഹെഡ്മാസ്റ്ററായ അദ്ദേഹമായിരുന്നു. 5 മുതൽ 10 വരെ ക്ലാസുകളിലെ ഇരുന്നൂറോളം വിദ്യാർത്ഥികൾക്ക് ദിവസവും ഭക്ഷണപ്പൊതി നൽകി. വിദ്യാർത്ഥികളോടൊപ്പമിരുന്ന് ഹെഡ്മാസ്റ്ററും ഉച്ച ഭക്ഷണം കഴിച്ചു. മിക്കവരും രാവിലെ പ്രഭാത ഭക്ഷണം പോലും കഴിക്കാതെ വരുന്നവരായിരുന്നു.

വിദ്യാർത്ഥികളും ,അധ്യാപകരുമൊത്ത് 4 ബസുകളിലായി ( നെൽസൺ, എസ്.പി.എം.എസ് ബസുകൾ) തിരുവനന്തപുരം, കോവളം ഏകദിന ടൂർ പോയത് ഹൃദ്യമായ അനുഭവമായിരുന്നു. രാവിലെ 4 മണിക്ക് സ്കൂളിൽ നിന്ന് യാത്ര പുറപ്പെട്ടു. പ്രഭാത ഭക്ഷണം മണ്ണന്തല സാറിന്റെ വീട്ടിൽ നിന്നായിരുന്നു. സ്വാദിഷ്ടവുമായ ഇഡലിയും,സാമ്പാറും, പഴവും ചായയും വിഭവങ്ങൾ.

പാഠ്യ വിഷയങ്ങളിലും,കലാകായിക മേഖലയിലും വിദ്യാർത്ഥികൾക്ക് മികച്ച പരിശീലനം ലഭിച്ചു. സ്കൂൾ അസംബ്ലിയിൽ, അതാതു ദിവസത്തെ പ്രധാന വാർത്തകൾ വിശകലനം ചെയ്യുമായിരുന്നു.

അധ്യാപകർ അവധിയെടുക്കുന്ന ക്ലാസുകളിൽ ഹെഡ്മാസ്റ്ററെത്തി പഠിപ്പിക്കുമായിരുന്നു. കണക്കധ്യാപകനായ അദ്ദേഹം ഞങ്ങളുടെ മലയാളം ക്ലാസിൽ, മയൂര സന്ദേശം പഠിപ്പിച്ചത് ഓർമ്മിക്കുന്നു.

മികച്ച അധ്യാപകനുള്ള സംസ്ഥാന, ദേശീയ അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചപ്പോൾ നാടു മുഴുവൻ ആദരവ് അർപ്പിക്കാൻ ഒത്തുകൂടി.

നിരവധി അധ്യാപക ശ്രേഷ്ഠരെ ഓർമിക്കുന്നു. വർത്തമാന പത്രങ്ങളിലെ വാർത്തകൾ എഴുതികൊണ്ടുവരാൻ പ്രേരിപ്പിക്കുകയും ഉറക്കെ വായിപ്പിക്കുകയും,ചെയ്ത അന്നമ്മ. കെ.ജോൺ ടീച്ചർ, ഭാഷാ ശുദ്ധിയും,പൊതു വിജ്ഞാനവും കൈവരിക്കാൻ പ്രോൽസാഹനം നൽകി. 10.ബി യിലെ ക്ലാസ് ടീച്ചറായിരുന്ന റവ.ഫാ.അംബ്രോസ് (അംബ്രോസ് അച്ചൻ) സ്നേഹനിധിയായ അധ്യാപകനായിരുന്നു. ഫാ.അംബ്രോസിന്റെ നേതൃത്വത്തിലാണ് സ്കൂളിന് തിലകക്കുറിയായി കറ്റാനം ബോർഡിംഗ് സ്കൂളും ആരംഭിച്ചത്.

വി.ഡി.ചാക്കോ സാർ,ഡാനിയേൽ സാർ, ജോണി സാർ, മോളി ടീച്ചർ,എലിസബത്ത് ടീച്ചർ,പി.ഒ ഏലിയാമ്മ ടീച്ചർ, ടൈറ്റസ് സാർ,എം.ജി.ജോർജ്ജ് സാർ തുടങ്ങിയ ഗുരു ശ്രേഷ്ഠരെ സ്നേഹാദരപൂർവ്വം ഓർമ്മിക്കുന്നു.

10. ബി യിലെ എന്റെ സഹപാഠികൾ, മാമ്മൻ ജോർജ്ജ്, കെ.എൻ.ഹരിലാൽ, ഡാനിയേൽ ജോർജ്ജ്, സുനിൽ (പള്ളിക്കൽ സുനിൽ), ആർ.പ്രവീൺ,ജോസ് മാത്യു, ജയിംസ് ചെറിയാൻ, സന്തോഷ് സാമുവേൽ,അലക്സാണ്ടർ. പി.ഉമ്മൻ, സജി ഫിലിപ്പ്,ശശി തുടങ്ങി സുഹൃത്തുക്കളുടെ നിര അവസാനിക്കുന്നില്ല. ഇവരെപ്പറ്റിയുള്ള നിത്യ ഹരിത ഓർമ്മകൾ ഒഴുകിയെത്തുന്നു.

സ്കൂളിന്റെ പുരോഗതിയിലും, വളർച്ചയിലും പ്രവർത്തിക്കാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്.

കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന ശ്രീ. എ.കെ.ആന്റണിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ഉപയോഗിച്ച് സയൻസ് ലാബ് ആൻഡ് സെമിനാർ ഹാൾ,രാജ്യ സഭാ ഡെപ്യൂട്ടി ചെയർമാനായിരുന്ന പ്രൊഫ.പി.ജെ കുര്യന്റെ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ഉപയോഗിച്ച് ലൈബ്രറി ആൻഡ് റീഡിംഗ് ഹാൾ, ഗാന്ധി പ്രതിമാ നിർമാണത്തിൽ കെപിസിസി ഫണ്ടിൽ നിന്നും നൽകിയ സഹായം തുടങ്ങിയവയായിരുന്നു പ്രസ്തുത പ്രവർത്തനങ്ങൾ.

തിരുവനന്തപുരത്തു നിന്നും നാലാഞ്ചിറ, മണ്ണന്തല, കേരളാദിത്യപുരം വഴി യാത്ര ചെയ്തപ്പോൾ വേലായുധൻ നായർ സാറിന്റെ വീടിനു മുന്നിൽ എത്തി. സാറിന്റെ വീട്ടിൽ കയറി ഗുരുപത്നിയുടെ കാലിൽ തൊട്ട് നമസ്‌കരിച്ചു. ഗുരുഭക്തി പ്രകടിപ്പിച്ചു.

ഇന്നും ദേശീയ ഗാനം ആലപിക്കുമ്പോഴും, കേൾക്കുമ്പോഴും പോപ്പ് പയസ് ഹൈസ്‌കൂൾ അസംബ്ലിയിൽ വിദ്യാർത്ഥി കൂട്ടായ്മയോടൊപ്പം ജനഗണമന ആലപിക്കുന്ന മധുര സ്മരണകൾ ഓടിയെത്താറുണ്ട്.

ഓണാട്ടുകരയുടെ വിദ്യാഭ്യാസ, സാംസ്കാരിക വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയ സരസ്വതീ ക്ഷേത്രമാണ് കറ്റാനം പോപ്പ് പയസ് ഹയർസെക്കൻഡറി സ്‌കൂൾ.

ജീവാമൃത വിദ്യാഭ്യാസം

(അഡ്വ. തോമസ് എം മാത്തുണ്ണി . കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം.)

വിദ്യാഭ്യാസ കാലഘട്ടം ജീവാമൃതമാണ്. പ്രത്യേകിച്ച് സ്കൂൾ വിദ്യാഭ്യാസം. 90 വർഷം പൂർത്തിയാക്കുന്ന മധ്യ തിരുവിതാംകൂറിലെ പ്രശസ്തമായ വിദ്യാലയം നിരവധി പ്രതിഭകൾക്ക് ജന്മം നൽകിയിട്ടുണ്ട്. സംസ്ഥാനത്തും രാജ്യത്തിന്റെ വിവിധ ഉന്നത മേഖലകളിലും സേവനം അനുഷ്ഠിച്ചിട്ടുള്ള, അനുഷ്ഠിക്കുന്ന വ്യക്തിത്വങ്ങൾ ഈ സ്കൂളിന്റെ ഉന്നതിക്കും ഖ്യാതിക്കും നൽകിയിട്ടുള്ള സംഭാവനകൾ അമൂല്യമാണ്.

അക്ഷര വെളിച്ചം പകർന്നുതന്ന ഗുരുക്കന്മാരെ ഈ അവസരത്തിൽ സ്മരിക്കാതിരിക്കുവാൻ സാധിക്കുകയില്ല. എന്റെ സ്കൂൾ ജീവിതത്തിൽ അവിസ്മരണീയമായ ഒരു മുഹൂർത്തം ഞാൻ ക്യാപ്റ്റൻ ആയിരുന്ന ജൂനിയർ ഫുട്ബോൾ ടീം കരസ്ഥമാക്കിയ ട്രോഫിയാണ്. സ്പോർട്സ് രംഗത്ത് ആദ്യമായി പോപ്പ് പയസിൽ ലഭിച്ച അംഗീകാരത്തിന് പിന്നിൽ ഒരു കഥയുണ്ട്. 11 പേരടങ്ങുന്നതാണല്ലോ ഫുട്ബോൾ ടീം. സ്കൂൾ തലത്തിലുള്ള മത്സരത്തിൽ ഫൈനലിൽ എത്തിയ ഞങ്ങൾ എതിരിടേണ്ടത് മെഴുവേലി ഹൈസ്കൂളിനെ ആയിരുന്നു. 1964 ലാണ് ഈ മത്സരം. മത്സരത്തിന് ഞങ്ങൾ 11 പേരും സ്കൂൾ ഗ്രൗണ്ടിൽ യൂണിഫോം ഇട്ട് ഫീൽഡ് ചെയ്തു. കളി വീക്ഷിക്കുവാൻ ധാരാളം കുട്ടികളും നാട്ടുകാരും ഞങ്ങളെ അനുധാവനം ചെയ്തു. സ്പോർട്സിന്റെ ചുമതലയുള്ള ശ്രീ വി എം വർഗീസ് സാർ, മറ്റ് അധ്യാപകരായ ചാണ്ടപിള്ള സാർ , എംജി ജോർജ് സാർ , പി  ജോർജ് സാർ , ജോൺ വർഗീസ് സാർ തുടങ്ങിയ നിരവധി അധ്യാപകർ ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്നു. ഗ്രൗണ്ടിൽ ഞങ്ങൾ ഇറങ്ങിയപ്പോൾ ചില ടീം അംഗങ്ങളുടെ പ്രായത്തിൽ എതിർ ടീം എതിർപ്പ് പ്രകടിപ്പിക്കുകയും ഞങ്ങളുടെ ടീമിൽ നിന്ന് നാല് പേരെ പുറത്താക്കുകയും ചെയ്തു. വിട്ടുകൊടുക്കുവാൻ ഞങ്ങൾ തയ്യാറായില്ല. അധ്യാപകർ പലരും കളിക്കേണ്ട എന്ന് പറഞ്ഞു പിന്മാറുവാൻ ആവശ്യപ്പെട്ടെങ്കിലും കളിക്കുവാൻ ഞങ്ങൾ തീരുമാനിച്ചു. ഏഴു പേരുമായി 11 പേരെ നേരിട്ട് ഒരു ഗോളിന് ജയിച്ച് ഞങ്ങളുടെ ടീം ട്രോഫി കരസ്ഥമാക്കി. അന്ന് സ്കൂളിലെ പ്രധാന അധ്യാപകൻ അന്തരിച്ച ബ്രദർ അലോഷ്യസ്  OIC ആയിരുന്നു. പിറ്റേദിവസം സ്കൂളിൽ ഞങ്ങൾക്ക് ലഭിച്ച സ്വീകരണം ഓർമ്മയിൽ മായാതെ നിൽക്കുന്നു.

1960 കാലഘട്ടം പരിമിതികളുടെ കാലമായിരുന്നു. ഇന്നത്തെ പോലെ കുട്ടികൾക്ക് സ്വതന്ത്രമായി പ്രവർത്തിക്കുവാനും അവസരത്തിനൊത്ത് ഉയരുവാനോ കഴിഞ്ഞിരുന്നില്ല. ഈ കാലത്തെപ്പോലെ സയൻസ് ക്ലബ്ബുകളോ സാഹിത്യ പരിശീലനങ്ങളോ, വായിക്കുവാൻ നല്ല പുസ്തകശാലകളോ, കായികരംഗത്തും കലാരംഗത്തും പ്രവർത്തിക്കുവാനുള്ള കളരികളോ ഒന്നുമില്ലാത്ത കാലഘട്ടം. എന്നാലും പരിമിതികൾക്കുള്ളിൽ നിന്ന് വന്ദ്യ ഗുരുക്കന്മാർ പകർന്നു തന്ന വെളിച്ചം ഭാവിയിൽ മറ്റുള്ളവരിലേക്കും പകർന്നു കൊടുക്കുവാൻ കഴിഞ്ഞു എന്നുള്ള ചാരിതാർത്ഥ്യം എന്നും മനസ്സിന് മദിക്കുന്നു. ഏറ്റവും സന്തോഷകരമായ സുദിനങ്ങൾ സ്കൂൾ ജീവിതം തന്നെയെന്ന് നിസംശയം പറയാം. പോപ്പ് പയസ് സ്കൂളിന്റെ മണൽത്തരികൾക്ക് പോലും എൻ്റെ പ്രണാമം.

എന്റെ സ്കൂൾ സ്മരണ

( അഡ്വ. എൻ.എം.നസിർ; PTA പ്രസിഡന്റ്)

     കറ്റാനം പോപ്പ് പയസ് എന്റെ  മാതൃവിദ്യാലയമാണ്. അഞ്ചാം തരം മുതൽ പത്താം ക്ലാസ് വരെ ഞാൻ പഠിച്ച വിദ്യാലയം. അന്ന് എല്ലാ ക്ലാസ് മുറികളും ഓടിട്ടകെട്ടിടങ്ങൾ. ഏതാണ്ട് എല്ലാ കെട്ടിടങ്ങളും കോണ്ഗ്രീറ്റ് കെട്ടിടങ്ങൾക്കായി ഇപ്പോൾ വഴിമാറി. സ്കൂൾ കാലഘട്ടത്തെകുറിച്ച് ഓർക്കുമ്പോൾ ഏറെ സ്മരണകൾ കടന്നുവരും. ധാരാളം കൂട്ടുകാർ വിവിധ മതവിഭഗങ്ങളിൽപെട്ട, തികച്ചും സെക്കുലറായ വിദ്യാർത്ഥികളും അവരുടെ കുടുംബങ്ങളും. സ്കൂൾ പരിസരത്തുള്ള ധാരാളം വീടുകളിലെ സ്നേഹമുഷ്മളമായാ ഗൃഹനാഥന്മാർ, അവരിൽ നിന്നും ലഭിച്ച പഠനപിന്തുണകൾ, ഓർമ്മകൾ, കരുതലുകൾ..... സ്നേഹസമ്പന്നന്മാരായ അധ്യാപകർ.....
    
      എന്നെ സ്വാധീനിച്ച രണ്ട് അധ്യാപകരെ എപ്പോഴും ഞാൻ ഓർക്കാറുണ്ട്. യു.പി. വിഭഗത്തിൽ എന്റെ ക്ലാസ് ടീച്ചർ ശ്രീ. പി.ഓ ജോർജ്, എച്. എസ്. വിഭഗത്തിൽ Fr. Ambrose OIC എന്നിവർ. ഞാൻ നേടിയ "അച്ചടക്കം" ജീവിതത്തിൽ എനിക്ക് ജീവിതവിജയം നേടിത്തന്നു. discipline പഠിപ്പിച്ച അധ്യാപകനായിരുന്നു ജോർജ് സർ. അതെ പോലെ ജീവകാരുണ്യ പ്രവർത്തനം ഞാൻ പഠിച്ചത് ഈ സ്കൂൾ ജീവിതത്തിൽ നിന്നായിരുന്നു.  ഫാദർ ആംബ്രോസ് എന്റെ ക്ലാസ് ടീച്ചർ ആയിരിക്കെ നടപ്പിലാക്കിയ പദ്ധതിയായിരുന്നു. മാസത്തിൽ കഴിവുള്ളവർ ഒരു "ഭക്ഷണപ്പൊതി" അധികമായി കൊണ്ടുവരണമെന്നത്. പാവപെട്ട വിദ്യാർത്ഥികൾക്ക് ഉച്ചയുണിനായിരുന്നു അത്. നാം അറിയാതെ ഒരു സാധുകുട്ടിയുടെ കൈയിൽ ഈ പൊതി പ്രധാനാധ്യപകൻ നൽകും. 1975 -80 കാലഘട്ടത്തിൽ മറ്റൊരു സ്കൂളിലും ഏർപ്പെടുത്താത്ത ഈ ജീവകാരുണ്യ പദ്ധതി തികച്ചും മാതൃകാപരവും ശ്രേഷ്ടവുമാണ്‌. സഹജീവികളെ സ്നേഹിക്കാനും, ചേർത്തുപിടിക്കാനുമുള്ള പ്രചോദനം എനിക്ക് പൊതുജീവിതത്തിൽ ഉൾപ്പടെ പകർന്നുനൽകിയ ഈ ഗുരുനാഥന്മാർക്ക് എന്റെ ഗുരുദക്ഷിണയായി ഞാൻ ഈ സ്മരണകൾ സമർപ്പിക്കുന്നു.