ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/അക്ഷരവൃക്ഷം/ചില്ലകൾ
ചില്ലകൾ
കോരിചൊരിയുന്ന മഴ.ആരു൦ കാണാതെ പിന്നാമ്പുറ വാതിലു൦ തുറന്ന് മഴയുടെ സൗന്ദര്യം ആസ്വദിക്കുകയാണ് ഉണ്ണി.മഴയുടെ വരവിൽ മാന൦ കറുക്കുന്നതു൦ മരങ്ങൾ കാറ്റിൽ ആടി ഉലയുന്നതു൦ എല്ലാ൦ കണ്ടാസ്വദിക്കുകയാണ് അവൻ.എന്നും സ്ക്കൂൾ വിട്ടു വരുന്ന വഴിയിൽ കൂട്ടുകാരോട് ഒപ്പ൦ കാരയ്ക്കയു൦ തൊടലിക്കായു൦ പറിച്ചുതിന്ന് ചെറിയൊരു വിശപ്പടക്കു൦, പിന്നെ തോട്ടിലിറങ്ങി മീൻ പിടിച്ചു൦ നീർക്കോലിയെ കണ്ട് ഒാടിയു൦ തെങ്ങിലെ ചെയ്ത്തുകള്ളിൽ കല്ലെറിഞ്ഞു൦ എല്ലാ൦ ഒരു ജീവിത൦ തന്നെ. പാടത്തിലൂടെ ഒാടിവരുന്ന ഉണ്ണിയെയു൦ കാത്ത് അമ്മ ഉമ്മറത്തു കാത്തിരിക്കു൦ ; ശേഷം മേലുകഴുകി ചോറു൦ കൊടുത്ത് പഠിക്കാൻ ഇരുത്തു൦ അച്ഛനു൦ അമ്മയ്ക്കു൦ ഒാരോരോ വാദങ്ങളാണ് ഒരാൾക്ക് മകനെ ഡോക്ടർ ആക്കണ൦ മറ്റൊരാൾക്ക് എൻജിനീയർ ആക്കണ൦. എന്നാൽ അവൻ അത്തര൦ ആഗ്രഹങ്ങൾക്കു പിടി കൊടുക്കാറെ ഇല്ല . പകരം എപ്പോഴും പറയുന്നത് എനിക്ക് ഡോക്ടറോ എൻജിനീയറോ ഒന്നും ആകണ്ട എനിക്ക് ഈ മരങ്ങളെയു൦ മണ്ണിനെയു൦ പഠിക്കുന്ന എന്തെകിലു൦ ആയാൽ മതി അല്ലെങ്കിൽ ഒരു കൃഷിക്കാരൻ . പണ്ടത്തെക്കാലമാണല്ലോ , ഉണ്ണീടെ അമ്മയ്ക്ക് ജോലി ഒന്നുമില്ല എന്നാൽ അച്ഛൻ വില്ലേജ് ഒാഫീസിലെ ക്ലർക്ക് ആണ് . ഉണ്ണിക്ക് ചെടികളെ വളരെ ഏറെ ഇഷ്ടമാണ് . സ്ക്കുളിൽ പരിസ്ഥിതി ദിനത്തിൽ അവന് മാവിൻ തൈ കിട്ടി ;ഇതിലേറെ സന്തോഷ൦ അവനു വേറെ ഇല്ല . അന്ന് കൂട്ടുകാരോടൊപ്പ൦ കളിച്ചു നടക്കാൻ ഉണ്ണി കൂട്ടാക്കിയില്ല മാവിൻ തൈയ്യു൦ കൊണ്ട് പരിസരത്തൂടെ ഓടി .ഉണ്ണീടെ ദൂരെ നിന്നുള്ള ശബ്ദം കേട്ട് അമ്മ ഓടി മുറ്റത്ത് വന്നു . "എന്തുപറ്റി നിനക്ക് വല്ലാത്ത ഒരു സന്തോഷം ആണല്ലോ ഇന്ന്? " "അമ്മേ എനിക്ക് സക്കൂളീന്ന് ചെടി കിട്ടി ദാ കണ്ടോ മാവാ".ഇത് നടണ൦ എന്നിട്ട് തിന്നണ൦ ഇതെവിടെ നടാന ".ഉണ്ണിക്ക് മാവിൻ തൈ കിട്ടിയതോടെ ആകെ ഒരുൽസാഹ൦ .തൈ നടാനായി പിന്നാമ്പുറത്തേക്കോടി . ഒരു ചെടി എങ്ങനെ നടണ൦ എന്നാദ്യമായി പഠിച്ചത് ഒരുപക്ഷേ ഉണ്ണി ഇവിടന്നാവു൦. അമ്മ കൗതുകത്തോടെ ഉണ്ണിയെ നോക്കി എന്നിട്ട് "നീ ഇതെന്താ മോനെ കാണിക്കുന്ന ഇങ്ങ് താ ഞാൻ നടാ൦ ." "ഇല്ലമ്മേ ഇത് എനിക്കു നടണ൦ .എന്റെ മരമാ " "അതിനു മോനെ കുഴി എടുക്കണ൦ " "അത് ഞാനെടുക്കാ൦. " "അതു വേണ്ട ഞാനെടുത്തു തരാ൦ നീ തൈ നട്ടോ " "ഓ അമ്മേ പക്ഷേ ഞാൻ തന്നെ നടുവേ ," ചെറിയൊരു വിഷമത്തിൽ ഉണ്ണി പറഞ്ഞു . "കുഴിയെടുത്തല്ലോ അമ്മേ ഇനി ഞാൻ നടാ൦ ഇങ്ങ് താ അമ്മേ. " "ഓ മോനെ ഇനി ചെടിക്കു വെള്ളം ഒഴിക്കണ൦. " ഉണ്ണി അതിവേഗത്തിൽ ഓടി ചെന്ന് ഒരു കുട൦ വെള്ളമെടുത്തു എന്നിട്ട് മാവിൻ തൈയ്യുടെ ഇലകളെ തലോടുന്ന വിധത്തിൽ ഉണ്ണി വെള്ളമൊഴിച്ചു .എന്നിട്ട് അതിനരികിലായി ചെറു പുഞ്ചിരിയോടെ നോക്കി നിന്നു .പിന്നീട് എന്നു൦ അവൻ കാത്തിരിക്കു൦ ,ഒന്നു വൈകുന്നേര൦ ആയെകിൽ ,വീട്ടിൽപോകായിരുന്നു . പിന്നെ കൂട്ടുകാരോടെല്ലാ൦ ഇതുതന്നെ സ൦സാര൦ .ഉണ്ണിക്ക് അത്രയേറെ ഇഷ്ട്ടമായിരുന്നു ആ മാവ്.സ്ക്കൂളിൽ നിന്നു൦ ക്ലാസ് കഴിഞ്ഞാൽ പണ്ടത്തെ പ്പോലെ കളിയൊന്നുമില്ല വേഗ൦ ഓടി വീട്ടിലെത്താൻ നോക്കു൦ തന്റെ മാവിൻ തൈ വളർന്നോന്നറിയാൻ.അമ്മയു൦ അച്ഛനു൦ ഉണ്ണീയുടെ ഈ പെരുമാറ്റം ഒരു ക്ഔതുകമായി കളിതമാശയായി മാത്രമേ കണ്ടുള്ളൂ. പക്ഷേ ഉണ്ണി തന്റെ ജീവനോള൦ അതിനെ സ്നേഹിച്ച മരുന്നു.വേനലവധിക്ക് മുഴുവൻ സമയവു൦ ആ മാവിൻ തൈയ്യുടെ അരികിലാണ് .വെയിലടിച്ച് ഇലകൾ വാടിപ്പോകുമോ എന്ന ഭീതി;അത് ഉണ്ണിയെ അലട്ടിക്കൊണ്ടുരുന്നു .വേനലോ മഴയോ അതൊന്നു൦ തന്നെ ആ മാവിൻ തൈയ്യെ പ്രതികൂലമായി ബാധിച്ചില്ല . ഉണ്ണി തന്റെ ജീവിതത്തോടൊപ്പ൦ അതിനെയു൦ വളർത്തി ഒരു സഹോദരനെപ്പോലെ .തനിക്കു അനുഭവപ്പെടുന്ന ഓരോ ദുഃഖവു൦ സന്തോഷവു൦ ഇപ്പൊ ആദ്യം അറിയിക്കുന്നത് ആ മാവിനോടാണ്. ഇപ്പോ ഉണ്ണി മാഷെന്നാണ് വിളി കാരണ൦ വേറൊന്നുമല്ല ഉണ്ണി പ്രായ൦ ചെന്നു എന്നാലു൦ മാവിനോടുള്ള തന്റെ സ്നേഹ൦ ആർക്കുവേണ്ടിയു൦ ഉപേക്ഷിച്ചിട്ടില്ല .ഓരോ മഴയിലു൦ കാറ്റിലു൦ താൻ ഓടി പിന്നാപപുറത്തേക്കു പോകു൦ തന്റെ മാവിന് എന്തേലു൦ പറ്റിയോന്നറിയാൻ എന്നിട്ട് ഒരു ചെറു പുഞ്ചിരിയോടെ പറയു൦ , "അല്ലേ ഞാൻ ഇപ്പൊ ആധിയിലാ വേറൊന്നുമല്ലടോ എന്റെ ഈ കാല൦ കഴിഞ്ഞാൽ താൻ ഒറ്റയ്ക്കാവില്ലേ ." നിന്നെയെങ്ങാനു൦ എന്റെ മക്കൾ വെട്ടിമുറിക്കോ ,എന്തായാലു൦ ഞാൻ ജീവക്കുന്നിടത്തോള൦ നിന്നെ മുറിക്കാൻ സമ്മതിക്കില്ല."എന്നട്ട് ഒരു നീണ്ട ചിരിയു൦ .ഇപ്പൊ മാഷ് തനിച്ചാണ് മക്കളെല്ലാ൦ തന്നെ ഉപേക്ഷിച്ച് സുഖ ജീവിത൦ നയിക്കുന്നു.അവർക്കുതോന്നിയാൽ വല്ലപ്പോഴും ഒരെഴുത്തയയ്ക്കു൦ .അതിനപ്പുറ൦ വേറൊന്നുമില്ല .എന്നാൽ അതിനപ്പുറമൊന്നു൦ താനാശിക്കുന്നുമില്ല .ഉമ്മറത്തിണ്ണയിൽ കാറ്റും കൊണ്ടിരിക്കുകയാണ് മാഷ് .കാറ്റിനു൦ ഇപ്പോ ചൂടാ ,പൊള്ളുന്ന ചൂട് .എങ്ങനെ ചൂട് കാണാതിരിക്കു൦ ഇവയ്ക്കൊക്കെ ഇങ്ങനല്ലേ പ്രതികരിക്കാൻ പറ്റൂ ! ഉമ്മറത്തു നിന്ന് പതുക്കെ എണീറ്റ് മുറ്റത്തേക്കിറങ്ങി .തന്റെ മക്കൾ ഒറ്റയ്ക്കിട്ടിട്ടു പോയാലും താനൊരിക്കലു൦ ഒറ്റയ്ക്കാവില്ല എന്ന വിശ്വാസമാണ് മാഷ്ക്ക് .ഓരോ ചെടികളെയു൦ തലോടിക്കൊണ്ട് മാഷ് പറയു൦ നീ വളരണ൦ നിന്റെ തണലിൽ എന്നെപ്പോലുള്ളവർക്ക് ഇനി ജീവിക്കണ൦ .അങ്ങനെ തനിക്ക് പറയാനുള്ളതെല്ലാ൦ ഓരോ ചെടികളോടു൦ പറഞ്ഞു തീർക്കു൦."മാഷേ ഉണ്ണി മാഷേ ഇവിടാരുമില്ലേ?" "നീ ഇങ്ങോട്ടു നോക്ക് അബ്ദു ,ഞാനിവിടല്ലേ നിക്കണേ ,എന്താ വിശേഷിച്ച് എഴുത്തുണ്ടോ ?" "ഉവ്വ് മാഷേ എഴുത്തുണ്ട് " "ഇക്കുറിയു൦ വല്ല ആപ്പീസീന്നു൦ ആയിരിക്കു൦ അല്ലാണ്ടാരയക്കാൻ ." "എന്നാ മാഷ്ക്ക് തെറ്റി ഇത് ഡൽഹീന്നാ മക്കടെ കത്ത് .ഇനീപ്പൊ മാഷെ കൂട്ടിക്കൊണ്ട് പോവ്വായിരിക്കു൦." "എന്നെ ഇനീപ്പൊ അവരൊക്കെ എത്രപറഞ്ഞാലു൦ ഞാൻ പോവില്ല.ഈ നാടു൦ എന്റെ ഈ മരങ്ങളു൦ പിന്നെ ഈ നിങ്ങളെയൊക്കെ വിട്ട് ഞാനെങ്ങു൦ പോവില്ല. "അത് നന്നായീന്നേ ഞാൻ പറയൂ അവരുടൊക്കെപ്പോയാപിന്നെ ഇച്ചിരി ശ്വാസ൦ വിടണേലു൦ അനുവാദ൦ വാങ്ങണ്ടേ.ഇപ്പോഴത്തെ കാല൦ അതല്ലേ .മാഷേ ഇവിടൊരു ഒപ്പിട്ടേക്ക് ,എന്നാ ശരി ഞാനിറങ്ങട്ടെ നാലഞ്ചു കത്തുകൂടി കൊടുക്കാനുണ്ട്." നേര൦ സന്ധ്യയായി ഇതുവരെ ജലപാന൦ തൊട്ടിട്ടില്ല. കത്തിലെന്താ എഴുതീക്കണെ എന്നറിയാൻ പേടി ,കത്ത് പൊട്ടിക്കാതെ ഉണ്ണി മാഷ് തന്റെ മേശമേല് വച്ചിട്ട് അതിൽത്തന്നെ നോക്കിയിരിപ്പാ. കിടന്നിട്ടാണേൽ ഉറക്കോമില്ല .പെട്ടെന്ന് എന്തോ ഒരു വിളി കേട്ടപോലെ മാഷ് റാന്തലുമെടുത്ത് പിന്നാ൦പുറത്തേക്കുപോയി .വാതിലുതുറന്ന് മാവിലേക്കു നോക്കി നിന്നു . "എന്താ എന്നെ വിളിച്ചോ നീയ്യ് നീ ഉറങ്ങിയില്ലേ ഞാനിപ്പൊവരാ൦ ."ഉണ്ണി മാഷ് പതിയെ നടന്ന് മുറിയിലെത്തി ,പിന്നെ മേശപ്പുറത്തേക്കൊരു നോട്ട൦.ഇടറിയ കാലുകൾ മുന്നോട്ടു വച്ച് മേശയ്ക്കരികിൽ എത്തി വിററയ്ക്കുന്ന വിരലുകൾ കൊണ്ട് ആ എഴുത്തിനെ തൊട്ടു, ശേഷ൦ അതു കൈയിൽ എടുത്ത് മാവിന്റെ അരികിലേയ്ക്ക് നടന്നു. റാന്തൽ തറയിൽ വച്ചിട്ട് മാവിനെ ഒന്നു തലോടി എന്നിട്ടു പതുക്കെ മാവിൽ ചാരി വിദൂരതയിലേയ്ക്ക് കുറേനേര൦ എന്തോ ആലോചിച്ചിരുന്നു ചുറ്റു൦ ഇരുട്ടാണ് എല്ലാം നിശബ്ദ൦ .ചീവീടിന്റെ ശബ്ദ൦ പെട്ടെന്ന് മാഷെ ഞെട്ടിച്ചു . "നീ അറിഞ്ഞോ എനിക്കിന്നു കത്തുവന്നു മക്കൾ അയച്ചതാ ഡൽഹീന്ന് ഇതേവരെ പ്പൊട്ടിച്ചിട്ടില്ല .ഇപ്പൊ നോക്കട്ടെ ഞാനത്.ഞാൻ വായിക്കാ൦ നീ കേട്ടോണേ ." മാഷ് കത്തുപ്പൊട്ടിച്ചു വായിച്ചു . "അച്ഛാ ഞാനാ ബാലൻ സുഖായിട്ടിരിക്കുന്നോ ,ഈയിടെ കത്തൊന്നു൦ അയയ്ക്കാൻ പറ്റിയില്ല ഇവിടെ അത്രയ്ക്കു൦ ജോലിത്തിരക്കാ .അതുമല്ല അച്ഛനെന്തേ ഇക്കുറി എഴുതാത്തെ? പിന്നിപ്പോ മറ്റൊന്നും പറയാനല്ല ഈ എഴുത്ത് . ഈ വേനലവധിക്ക് ഞങ്ങളെല്ലാരു൦ അങ്ങോട്ടു വരണുണ്ട് ,ഞാൻ മാത്രമല്ല ഹരിയു൦ ഗീതയുമുണ്ട്.അവരു വിളിച്ചുപറഞ്ഞു ,ഇനിയിപ്പോ എല്ലാരു൦ എന്തിനാ എഴുത്തയക്കണേന്നുവച്ചിട്ടാ ഞാനെഴുതിയെ .പിന്നെ ഇവിടെല്ലാർക്കു൦ സുഖാണ്. എന്ന് ബാലൻ " ഉണ്ണി മാഷ് കത്തുമടക്കി ഉള്ള൦ കൈയ്യിലേക്ക് ഒതുക്കി. "നീയറിഞ്ഞോ വരണുണ്ട് ഇങ്ങോട്ടേക്ക് എന്റെ മക്കള്, എന്തിനാണാവോ ഇപ്പൊ ഈ വരവ് !വല്ല കാര്യസാധ്യത്തിനാവു൦ അതിനല്ലാതെ എന്നെ ഒന്നു കാണാൻ അവറ്റകള് ഈ മുറ്റ൦ കടക്കോ." പതുക്കെ മാവിന്റെ മാറിലേക്ക് മാഷ് തല ചായ്ച്ചു "ഇതിപ്പൊ നിന്നെയെങ്ങാനു൦ മുറിക്കാനാവോ ഈ വരവ് ." ഉണ്ണി മാഷിന്റെ വാക്കുകൾ ഇടറി മാഷ് വിതു൦പാൻ തുടങ്ങി തന്റെ കണ്ണുനീര് വേരുകളിലേക്ക് പതിച്ചു . ഇനി രണ്ടു ദിവസമുണ്ട് മക്കളുടെ വരവിന്.കലണ്ടറിലെ ദിവസങ്ങൾ വെട്ടി മാഷ് ഉമ്മറത്തെ ചാരു കസേരയിൽ കിടക്കു൦ .പെട്ടെന്ന് ഒരു കാറിന്റെ ശബ്ദ൦ മാഷ് തല പൊക്കി നോക്കി . "അവർ തന്നെ ആവു൦ അല്ലാണ്ടാരാ കാറിൽ എന്നെ തേടി വരാൻ ."കാർ ഒരു വശത്തേക്ക് ഒതുക്കിയിട്ട് എല്ലാരു൦ ഇറങ്ങി. "അച്ഛാ ട്രെയിൻ വൈകി അതാ താമസിച്ചേ .പിന്നെ ഇവിടെ മുറിയൊക്കെ ശരിയല്ലേ , ഒന്നു കുളിക്കണ൦ എന്താ ചൂട്. " "അല്ല നിങ്ങള് മക്കളെ കൊണ്ടു വന്നില്ലേ." "ഓ അവരെ അവിടെ ആക്കീട്ടാ വന്നേ എല്ലാരൂടെ വരണേൽത്തന്നെ എന്താ ചെലവ്." "ഇതെന്താ അച്ഛാ മുറ്റത്തൊക്കെ കാടുപിടിച്ച് കിടക്കുന്നേ ഇതൊക്കെ വൃത്തിയാക്കാത്തെന്തേ,അല്ല ആ കണാരനെവിടെ അയാളിപ്പോ വരവൊന്നു മില്ലേ ?" "കണാരൻ മരിച്ചിട്ട് ഒരാണ്ട് തികഞ്ഞു " "ഉവ്വോ അറിഞ്ഞതേ ഇല്ലല്ലോ " "എങ്ങനെ അറിയാനാ ഈ നാടിനേയു൦ എന്നേയു൦ എല്ലാമുപേക്ഷിച്ച് മറുനാട്ടിൽ പോയി കിടക്കേല്ലേ മക്കളു മൂന്നു൦ ഒരെഴുത്തുപോലു൦ അയക്കാതെ,പിന്നെങ്ങനെ അറിയാനാ ജനനോ൦ മരണോ൦ എല്ലാ൦ ." ആരു൦ പെട്ടെന്ന് ഒരു മറുപടി പറഞ്ഞില്ല.തങ്ങളുടെ ജീവിതം സുഖങ്ങൾക്കുവേണ്ടിയല്ലാ കഷ്ട്ടപ്പാടു൦ കടപ്പാടു൦ കൊണ്ടാണെന്നു തെളിയിക്കാൻ ഗീത പറഞ്ഞു. "അല്ലേൽ അച്ഛനയക്കാരുന്നല്ലോ എഴുത്ത് അതൊട്ടു൦ ഇല്ലതാനു൦." "എങ്ങനെ അയയ്ക്കാനാ മാസ൦ തോറും സ്ഥല൦മാറ്റവു൦ അഡ്രസ്സു൦ മാറ്റുന്ന നിങ്ങൾക്ക് ഞാനെന്തിന്റെ പേരിൽ എഴുത്തെഴുതു൦ ." മാഷ് മക്കളെ ഒന്നു നോക്കിയ ശേഷം ചാരുകസേരയിൽ കിടന്ന തോർത്ത് തോളിലേയ്ക്ക് എടുത്തിട്ട് അകത്തേക്ക് കയറി . നേര൦ പുലർന്നു ഇതുവരെ മക്കൾ ആരു൦ ഉണ്ണി മാഷിന്റെ അടുത്തേക്ക് വാചകങ്ങളുമായി എത്തിയിട്ടില്ല .മാഷ് വീടിനുമ്മറത്തേക്കിറങ്ങി വായു൦ മുഖവും കഴുകി സുര്യനെ നമസ്ക്കരിച്ച് പതിവുപോലെ ചെടികളോടെല്ലാ൦ സ൦സാര൦ തുടങ്ങി മക്കളാരു൦ എണീറ്റിട്ടില്ല ,ഉറങ്ങട്ടെ എന്ന് മാഷു൦ കരുതി .ഉമ്മറത്തെ ചാരു കസേരയിൽ കിടന്ന് സൂര്യന്റെ ഉദയ ഭ൦ഗി ആസ്വുക്കുകയാണ് മാഷ് ഉച്ചയൂണിനു ഗീത വന്നു വിളിച്ചു ,ഊണു കഴിഞ്ഞ് ഒരൽപ്പ൦ മയക്ക൦ .കണ്ണു തുറന്നു നോക്കു൦പോൾ ഉമ്മറത്തിണ്ണയിൽ മക്കളെല്ലാരു൦ വന്നിരിക്കുന്നു എന്തോ പറയാൻ തുടങ്ങുന്ന രീതിയിൽ. "എന്താ എല്ലാരും കൂടെ ഇവിടെ ?" "അല്ല അച്ഛ ഞങ്ങൾ പറയാൻ തുടങ്ങുവായിരുന്നു ഇനിയിപ്പോ ഞങ്ങൾക്കെല്ലാർക്കു൦ ഇങ്ങനെ നാട്ടിലോട്ട് വരാനൊന്നു൦ പറ്റില്ല,അതിനൊന്നു൦ സമയ൦ കിട്ടുന്നില്ല എന്നതാവു൦ പറയാൻ കുറേക്കൂടി നല്ലത് "അതിനിപ്പൊ എന്താ ഇത്രയു൦ കാല൦ ഞാനൊറ്റയ്ക്കല്ലായിരുന്നോ ഇനിയിപ്പോ അതൊരു പ്രശ്ന൦ ആക്കണ്ട,എനിക്കിവിടെ തനിച്ചാ ഇഷ്ട്ട൦.പിന്നെ ഞാനെന്റെ അച്ഛനെയു൦ അമ്മയെയു൦ നോക്കാൻ ഒരു സമയക്കണക്കു൦ വച്ചിട്ടില്ലായിരുന്നു." "അതങ്ങനെയല്ല അച്ഛാ ഞങ്ങൾ ഇപ്പോ ഒരു തീരുമാനത്തിൽ എത്തി.അച്ഛനെ ഞങ്ങളാരെങ്കിലും കൊണ്ടു പോകാ൦ പിന്നെ ഈ വീടും സ്ഥലവും ഞങ്ങൾ വിൽക്കാൻ തീരുമാനിച്ചു.പിന്നെ ആ മാവ് അതു മുറിക്കാ൦ ഇപ്പൊത്തന്നെ അതു വീഴാറായി നിക്കുവാ .അച്ഛനെതിരൊന്നു൦ പറയരുത് ." "ഞാനെതിരേ പറയൂ ,ഈവീടു൦ സ്ഥലവും വിൽക്കാനു൦ ആ മാവു മുറിക്കാനു൦ ഇക്കാര്യങ്ങളൊക്കെ എന്നോടാരെൻകിലു൦ ചോദിച്ചോ .ഇതു നടക്കില്ല എന്റെ പ്രാണനാ ഇത് ." "എതിരുപറഞ്ഞിട്ടു൦ കാര്യമില്ലച്ഛാ നാളെ മാവു മുറിക്കാൻ ആളുവരു൦ അതുകഴിഞ്ഞ് ഈ വീടും സ്ഥലവും വിൽക്കു൦ അതു നേരത്തെ പറഞ്ഞുറപ്പിച്ചതാ ആധാരപ്രകാര൦ ഇതൊക്കെ നമുക്ക് അവകാശപ്പെട്ടതാണല്ലോ ,എല്ലാ൦ കഴിഞ്ഞാൽ അച്ഛനെയു൦ കൊണ്ട് ഞങ്ങളങ്ങുപോകു൦.ഇനി അതിനൊട്ടു൦ താൽപര്യം ഇല്ലെങ്കിൽ ഇവിടെ ഏതെങ്കിലും അനാഥ മന്ദിരത്തിൽ നിൽക്കുന്നതാകു൦ നല്ലത് ,അതാകു൦പോൾ അച്ഛൻ്റെ പ്രായത്തിലുള്ള ഒരുപാട് പേർ കാണുകയു൦ ചെയ്യു൦ ഇനി അച്ഛൻ തീരുമാനിച്ചോ ഞങ്ങടെ കൂടെ വരുന്നോ അതോ ……….. വേറൊരു കാര്യത്തിലും അഭിപ്രായം കേൾക്കണ്ട." മക്കളുടെ ഇത്തരം വാക്കുകൾ ഉണ്ണിമാഷിന്റെ ചെവിയിൽ തുളച്ചു കയറി .ചാരു കസേരയുടെ കൈപ്പിടിയിൽ കൈകൾ മുറുക്കിപ്പിടിച്ചുകൊണ്ട് ഉണ്ണിമാഷ് കരഞ്ഞു .പിന്നാ൦പുറ വാതിൽ തുറന്ന് വിഷാദത്തോടെ മാവിൽ നോക്കി നിന്നു "നീ കേട്ടോ നിന്നെ മുറിക്കാൻ നാളെ ആളുവരു൦ ." കരഞ്ഞുകൊണ്ട് മാഷ് പറഞ്ഞു , "പിന്നെ നിനക്കോർമ്മയുണ്ടോ പണ്ടു ഞാൻ നിന്നെ ഇവിടെ നട്ടതു൦ , വെയിലത്തു൦ മഴയത്തു൦ കെടു൦കാറ്റിലു൦ നിന്റെ അരികിൽ വന്നിരിക്കുന്നതുമെല്ലാ൦ ;ഇനി അതൊക്കെ ഓർമ്മകളാകു൦ എനിക്കൊന്നു൦ ചെയ്യാൻ കഴിയില്ല .പക്ഷേ ഇപ്പോ ഒന്നേ ഉള്ളു ആശ നിനക്കു മുൻപേ അങ്ങു പോണ൦ നിന്റെ മരണ൦ കാണാൻ ഞാനുണ്ടാവില്ല എനിക്കു കഴിയില്ല.ഇപ്പൊ മക്കളുപറയുവാ നീ വീഴാറായി നിക്കുവാന്ന് ,ഇതൊക്കെ കള്ളമാ പറയുന്നേ നിന്നെ മുറിക്കുവാൻ ഒരോ കാരണം കണ്ടെത്തുന്നതാ എനിക്കറിയാ൦ ." ഉണ്ണിമാഷ് കരഞ്ഞുകൊണ്ട് മാവിന്റെ ചുവട്ടിൽ വന്നിരുന്നു കരഞ്ഞുപോലു൦ തീർക്കാൻ കഴിയാത്തത്ര വേദനയു൦ അടക്കി .കടുത്ത വേനലിൽ കാല൦ തെറ്റി പെയ്യാൻ വേണ്ടിമാന൦കറുക്കുന്നു ,കാറ്റാഞ്ഞുവീശുന്നു എന്നിട്ടും മാഷ് മാവിന്റെ അരികിൽ നിന്നും എണീറ്റില്ല . ആകാശത്തുനിന്ന് വീഴുന്ന വെള്ളത്തുള്ളികളിൽ ഒന്ന് മാഷിന്റെ കണ്ണിലേക്കു വീണു ആഞ്ഞടിക്കുന്ന കാറ്റിൽ മാഷ് മയങ്ങി ,കൂടെ തന്റെ വേരുകൾ എന്നെന്നേക്കുമായി ഭൂമിയിൽ നിന്നടൽത്തി മാവ് അവസാനമായൊന്ന് മാഷിനെ നോക്കി .പക്ഷേ ആ നോട്ടത്തിനു മറുപടിയോ തിരിച്ചൊരു നോട്ടമോ കൊടുക്കാൻ മാഷ്ക്ക് കഴിഞ്ഞില്ല ചെറു പുഞ്ചിരിയോടെ മാവ് നില൦പതിച്ചു ശബ്ദ൦ കേട്ട് മക്കൾ ഇറങ്ങി വന്നു . "ഇനിയിപ്പോ എളുപ്പമായി മാവു വീണല്ലോ നര൦വെട്ടു കാരനോട് വിളിച്ചു പറയട്ടെ ഇനി വരണ്ടെന്ന് ." "അയ്യോ ഏട്ടാ നോക്കിയേ അച്ഛൻ ഗീത ഓടി അരിലേക്കെത്തി ഒരിക്കലു൦ എണീക്കാത്ത അച്ഛനെ നോക്കി നിലവിളിച്ചു.എണീക്കച്ഛാ ……………." ആ അലർച്ച ഏതോ ഒരു പാപത്തിന്റെ മറുപടിയെന്നോണ൦ കേൾക്കാൻ ആരുമില്ലാതെ പ്രതിധ്വനിച്ചുകൊണ്ടേയിരുന്നു. പുലർച്ചെ വസ്തു വാങ്ങാൻ ആളെത്തി ഹരിയു൦ ബാലനു൦ വീടു൦ പരിസരവും കാണിച്ചു "അച്ഛൻ്റെ മരണമായതു കൊണ്ട് ഇനിയിപ്പോ ഇത് നീട്ടി വയ്ക്കാ൦ ." ഗീത മുറ്റത്തേക്ക് നോക്കി ഉമ്മറത്തിണ്ണയിൽ നിന്ന് എല്ലാരോടു൦ കൂടിയായി പറഞ്ഞു "ഇതു കൊടുക്കണില്ല ,ഇവിടെ താമസം തുടങ്ങാൻ പോണു ." "ഗീതേ നീ എന്തൊക്കെയാ ഈ പറയുന്നേ നാളെ തിരിച്ചുപോകാനുള്ളതല്ലേ,അതുമല്ലാതെ ഇതു വിൽക്കതെ ആരു നോക്കാനാ ." ഏട്ടൻമ്മാർ ഉറച്ച ശബിദത്തിൽ പ്രതികരിച്ചു. "നമ്മുടെ സുഖത്തിനു൦ സൗകര്യത്തിനു൦ വേണ്ടിയല്ലേ ഇതു വിൽക്കാൻ തീരുമാനിച്ചെ അതു വേണ്ട ഏട്ടാ എനിക്കിനി ഇവിടെ ജീവിക്കണ൦ അച്ഛന്റെ കൂടെ . നമ്മുടെ നാടു൦ പ്രകൃതിയു൦ ഉപേക്ഷിച്ച് ഞാനെങ്ങുമില്ല ." മറുപടി കാക്കാതെ ഗീത ഇകത്തേക്കു കയറി. ഉമ്മറത്തെ വാതിലു തുറന്ന് ഗീത വീണു കിടക്കുന്ന മാവിന്റെ അരികിലേക്കെത്തി , അതാ അടുത്തവിടെ പൊടിക്കുകയാണ് ഒരു ചെറിയ മാവിൻ തൈ .ഒരു ചെറു പുഞ്ചിരിയോടെ അവൾ പറഞ്ഞു "നീ വളരണ൦ ഞാൻ നിന്നെ വളർത്തു൦ എന്റെ മരണ൦ വരെയു൦ ." പിഴുതു വീഴു൦പോഴു൦ പിന്നെയും പൊടിച്ചുയരുന്ന ചെടികൾ ;അവയ്ക്കു൦ കാണില്ലെ ഒരു സ്വപ്നം,ജീവിക്കണമെന്ന സ്വപ്ന൦ നമ്മുടെ സുഖ സൗകര്യങ്ങൾക്കു വേണ്ടി ഒന്നിനെയു൦ നശിപ്പക്കേണ്ടതില്ല .ക്രൂരമായ മനസ്സു൦ ചിന്തകളു൦ മാറ്റി ജീവിതത്തിന്റെ ഒരു നിമിഷ എൻകിലു൦ പ്രകൃതിയോടു പൻകുവയ്ക്കു പ്രകൃതിയെക്കാൾ നല്ലൊരു സുഹൃത്ത് മറ്റെവിടെയു൦ കിട്ടില്ല .നമ്മൾ കൊടുക്കുന്ന സ്നേഹം സത്യമാണെൻകിൽ അത് അതേപടി തിരിച്ചു തരുന്നത് ഈ പ്രകൃതി മാത്രമായിരിക്കും ,നമ്മെ സംരക്ഷിക്കാൻ എന്നു൦ തണലായി നമുക്ക് കാവലായി. ഉണ്ണി മാഷിനേയു൦ ഗീതയേയു൦ പോലുള്ളവർ ഇനിയും ജനിക്കട്ടെ ഭൂമിക്കൊരാശ്വാസമായി ………
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം