നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/എന്റെ ഗ്രാമം
പ്രമാടം
പത്തനംതിട്ട ജില്ലാ ആസ്ഥാനത്തോട് ഏറ്റവും അടുത്തു സ്ഥിതിചെയ്യുന്ന ശാലീന സുന്ദരമായ ഒരു കൊച്ചു ഗ്രാമമാണ് പ്രമാടം. നൂറ്റാണ്ടുകൾ പഴക്കമുള്ള അതിപുരാതന ക്ഷേത്രമാണ് പ്രമാടം മഹാദേവർക്ഷേത്രം. ഖരപ്രകാശമഹർഷി പ്രതിഷ്ഠിച്ച പ്രഥമനാഥ വിഗ്രഹങ്ങളിൽ ഏറ്റവും പ്രമദം/പ്രമാദം ആയത് ഈ ക്ഷേത്രത്തിലെ വിഗ്രഹമാണ്.ആയതിനാലാണ് ഈ നാടിന് പ്രമാടം എന്ന സ്ഥലനാമം വരുവാൻ കാരണമായതെന്ന് ഐതീഹ്യമുണ്ട്. നദീതട സംസ്കാരത്തിന്റെ തിരുശേഷിപ്പായി അമൃതകല്ലോലിനിയായ അച്ചൻകോവിലാറ് പ്രമാടത്തിനെ തഴുകിയൊഴുകുന്നു. 37.1ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള പ്രമാടം പഞ്ചായത്തിൽ 19 വാർഡുകളാണുള്ളത്. പ്രമാടം ഒരു കാർഷിക ഗ്രാമമാണ്. നിഷ്കളങ്കരും സംസ്കാരസമ്പരുമായ സാധാരണ ജനങ്ങൾ - കൂടുതലും മണ്ണിൽ കനകം വിളയിക്കുന്ന കർഷകർ - പരസ്പരസ്നേഹത്തോടും സഹകരണത്തോടും കൂടി കഴിയുന്നു. മതമൈത്രിക്കു കേളികേട്ടനാടാണ് ഈ ഗ്രാമം.
ഈ നാടിന്റെ എല്ലാ അഭ്യുന്നതിയ്ക്കും കാരണമായി നിലകൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് നേതാജി ഹയർസെക്കൻഡറി സ്കൂൾ. ഒരു നാടിന്റെയും ജനതയുടെയും ജീവസ്പന്ദനമായി നേതാജി നിലകൊള്ളുന്നു.നമ്മുടെ സംസ്ഥാനത്തിലേതന്നെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണിത്. കലാകായിക ശാസ്ത്ര രംഗങ്ങളിലെ മികച്ച പ്രതിഭകളെ കണ്ടെത്തുവാനും അവരുടെ കഴിവുകൾ വളർത്തി സമൂഹ നന്മയ്ക്കു വേണ്ടി തിരിച്ചു വിടുവാനും ഈ വിദ്യാലയ മുത്തശ്ശിയ്ക്കു കഴിഞ്ഞിട്ടുണ്ട്.
അനൗപചാരിക വിദ്യാഭ്യാസത്തിന്റെ മേഖലയിലെ എടുത്തുപറയത്തക്ക സ്ഥാപനമാണ് ഈ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന വായനശാല.ഇത് ഗ്രാമത്തിലെ പ്രധാന സാംസ്ക്കാരിക കേന്ദ്രമായി നിലകൊള്ളുന്നു.
ആലും തറയും ഒക്കെ ഗ്രാമ മനസ്സിന്റെ നന്മ വെളിപ്പെടുത്തുന്നു.മൃഗസംരക്ഷണം,ക്ഷീരവികസനപദ്ധതികൾ പുതിയ പുതിയ കാർഷിക വിളകളുടെ ഉല്പാദനം എന്നിവയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് പ്രവർത്തിക്കുന്ന മൃഗാശുപത്രി യും കൃഷിഭവനും പ്രമാടം ഗ്രാമത്തിന്റെ യശസ്സ് ഉയർത്തുന്നു.
ആദ്ധ്യാത്മിക ചൈതന്യത്തിന്റെ പ്രതീകമായ മഹാദേവർക്ഷേത്രം ഈ നാടിന്റെ ഐശ്വര്യമാണ്.ഈ നാടിന്റെ ആത്മാവും ഹൃദയത്തുടിപ്പും ഈദൈവസന്നിധിയാണെന്ന് നിസ്സംശയം പറയാൻ കഴിയും.
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്ന കവി വാക്യം എത്രയോ അന്വർത്ഥമാണ് പ്രമാടത്തെ സംബന്ധിച്ച് എന്ന് ഓർത്തു പോവുകയാണ്.🥦