Schoolwiki സംരംഭത്തിൽ നിന്ന്
1923 സ്ഥാപിക്കപ്പെട്ട ഇസ്സത്തുൽ ഇസ്ലാം മദ്രസ എൽ പി സ്കൂൾ പ്രൗഢിയോടെ മുന്നേറി കൊണ്ടിരിക്കുകയായിരുന്നു. രണ്ടായിരാംമാണ്ടോടെ സ്കൂൾ കെട്ടിടം ജീർണാവസ്ഥയിൽ ആവുകയും സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ കടന്നുകയറ്റം ചില സർക്കാർ /എയ്ഡഡ് സ്കൂളുകളുടെ അപചയത്തിന് കാരണമാവുകയും ചെയ്തു. നിർഭാഗ്യമെന്ന് പറയട്ടെ അതിന്റെ പരിണിതഫലം നമ്മുടെ സ്കൂളിനെ ബാധിക്കുകയും കുട്ടികളുടെ എണ്ണത്തിൽ കുറവ് വരികയും ചെയ്തു.സ്കൂളിന്റെ അംഗീകാരം നഷ്ടപ്പെടുമെന്ന ഘട്ടം വന്നപ്പോൾ ജീർണാവസ്ഥയിലായിരുന്ന പഴയ സ്കൂൾ കെട്ടിടം പുതുക്കി പണിയാൻ മാനേജിംഗ് കമ്മിറ്റി തീരുമാനിക്കുകയും ,സ്വദേശത്തും വിദേശത്തുമുള്ള ഉദാരമതികളായ നാട്ടുകാരുടെ അകമഴിഞ്ഞ സഹായ സഹകരണത്താൽ 2014 - 2015 കാലഘട്ടത്തിൽ 8 ക്ലാസ് മുറികളുള്ള ബഹുനില കെട്ടിടം നിർമ്മിക്കുകയും 2015 ഓഗസ്റ്റ് 28 ന് ബഹുമാനപ്പെട്ട പി കെ പി അബ്ദുസ്സലാം മുസ്‌ലിയാർ[ പ്രസിഡന്റ്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ] കെട്ടിടോദ്ഘാടനം നടത്തുകയും ചെയ്തു. അന്ന് മാനേജ്മെൻറ് കമ്മിറ്റി പ്രസിഡന്റ് ബഹുമാനപ്പെട്ട കെ മുഹമ്മദ് ഹാജി സെക്രട്ടറി ബഹുമാനപ്പെട്ട അബ്ദുൾ കബീർ ട്രഷറർ ബഹുമാനപ്പെട്ട ടി കെ നിസാർ ഹാജി എന്നിവർ ആയിരുന്നു.
സ്കൂളിൻറെ പഴയ പ്രൗഢി തിരിച്ചുപിടിക്കാനുള്ള പരിശ്രമം പിന്നീട് നടന്നത് വിദ്യാലയത്തിലായിരുന്നു. അതിന്റെ ഭാഗമായി പ്രീ പ്രൈമറി ക്ലാസുകൾ ആരംഭിക്കുകയും ,മാനേജ്മെൻറ് കമ്മിറ്റിയുടെ പൂർണ പിന്തുണയോടെ അധ്യാപകർ പഠന /പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് ഉയർത്തുന്നതിനായി കഠിനമായി പ്രയത്നിക്കുകയുംഅതിന്റെ ഫലമെന്നോണം കുട്ടികൾ ഇന്ന് പഠനകാര്യത്തിലും,കലാപരമായ മേഖലയിലും അത്യുജ്ജലമായ പ്രകടനങ്ങൾ കാഴ്ച വയ്ക്കുകയും, ഇന്നും അത് തുടർന്നു കൊണ്ടിരിക്കുന്നു.കുട്ടികളുടെ വർദ്ധനവ് കൂടുതൽ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ കാരണമാവുകയും 2021 ഓടെ 12 ക്ലാസ് മുറികളുള്ള മൂന്നു നില കെട്ടിടമായി ഇസ്സത്തിൽ ഇസ്ലാം മദ്രസ എൽ പി സ്കൂൾ പരിണമിക്കുകയുംചെയ്തു. 250ഓളം കുട്ടികളും കഴിവുറ്റ അധ്യാപകരും സ്കൂളിന്റെ ഭാഗമാണിന്ന്. സബ്ജില്ലാ കലോത്സവത്തിൽ അറബിക് വിഭാഗത്തിൽ തുടർച്ചയായി അഞ്ചുകൊല്ലം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയെടുത്ത സ്കൂൾ ആണ് നമ്മുടേത്. പൊതു മേഖലയിലും പല വിഭാഗത്തിൽ എ ഗ്രേഡ് ലഭിച്ചിട്ടുണ്ട് മറ്റ് ഭൗതിക സൗകര്യങ്ങൾ പ്രധാനതാളിൽ വിശദീകരിച്ചിട്ടുണ്ട്.അങ്ങനെ പല പരീക്ഷണങ്ങും അതിജീവിച്ച് പഴയ തിനേക്കാൾ പ്രൗഢിയോടെനമ്മുടെ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എംഎൽപി സ്കൂൾ അതിന്റെ ജൈത്രയാത്ര തുടരുകയാണ്.