സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അക്ഷരവൃക്ഷം/പ്രകൃതിയുടെ നന്മ
പ്രകൃതിയുടെ നന്മ...
ഒരിടത്തൊരിടത്ത് അതിമനോഹരമായ ഒരു ഗ്രാമം .വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത സുന്ദരഗ്രാമം.. പ്രകൃതിയെ സ്നേഹിക്കുന്ന, മനുഷ്യബന്ധങ്ങൾക്ക് മൂല്യം കൽപ്പിക്കുന്ന, ഹരിതാഭമായ ആ ഗ്രാമത്തിൽ ഒരു കർഷകൻ ഉണ്ടായിരുന്നു. സ്വപ്രയത്നത്തിലൂടെ ചുറ്റുപാടുകളെ മനോഹരമാക്കി തീർത്ത ഈ കർഷകൻ ഗ്രാമത്തിലെ ഏവർക്കും പ്രിയപ്പെട്ട വ്യക്തിയായിരുന്നു . ചെറുപ്പത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട ആ കർഷകൻ ഒറ്റയ്ക്കായിരുന്നു താമസം. ഏകാന്ത ജീവിതത്തിൽ വളരെയധികം മടുപ്പ് തോന്നിയ അദ്ദേഹം, ഒരു കുട്ടിയെ ദത്തെടുത്ത് വളർത്താൻ തീരുമാനിച്ചു . അദ്ദേഹം അഞ്ച് വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടിയെ ദത്തെടുത്ത് അവളെ അന്നമ്മ എന്ന പേര് വിളിച്ചു വളർത്തി . തന്റെ പിതാവിനെ പോലെ തന്നെ മണ്ണിനെയും പ്രകൃതിയെയും സ്നേഹിച്ച അവൾ വളർന്നു. പഠിക്കാൻ മിടുക്കിയായിരുന്ന അന്നമ്മയെ നല്ല വിദ്യാഭ്യാസം നൽകി കർഷകൻ വളർത്തി. പഠനം പൂർത്തിയാക്കിയ അന്നമ്മയെ പിതാവ് സുന്ദരനായ വിദേശത്ത് ജോലിയുള്ള ജോർജ്ജ് എന്ന ചെറുപ്പക്കാരനുമായി വിവാഹം ചെയ്തു വിട്ടു. താമസിയാതെ അന്നമ്മ തന്റെ സ്നേഹനിധിയായ അപ്പച്ചനെയും ജനിച്ച നാടിനെയും ഉപേക്ഷിച്ച് ഭർത്താവിനൊപ്പം വിദേശത്തേക്ക് പോയി.കാലങ്ങൾ കടന്നു പോകവേ അന്നമ്മയുടെ ജീവിതശൈലിയിലും മാറ്റങ്ങൾ വന്നു തുടങ്ങി. ആർഭാടപൂർണമായ ജീവിതം ആസ്വദിക്കുകയായിരുന്നു അവൾ .പതിയെ പതിയെ അവൾ പിതാവിനെയും ആ ഗ്രാമത്തിനെയും മറക്കുവാൻ തുടങ്ങി. നാട്ടിൻപുറത്തുകാരിയാണെന്ന് പറയാൻപോലും അവൾക്ക് മടിയായി. വൈകാതെ അവളുടെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി കൂടി കടന്നെത്തി. മാലാഖയെപ്പോലൊരു കുഞ്ഞ്... ഓമനത്തം തുളുമ്പുന്ന ആ കുഞ്ഞു മാലാഖയ്ക്ക് അവൾ സാറ എന്ന പേര് നൽകി .സമ്പന്നതയുടെ മടിത്തട്ടിൽ പിറന്നുവീണ കുഞ്ഞ് ...പക്ഷേ,പണമുണ്ടാക്കാനുള്ള നെട്ടോട്ടത്തിൽ തങ്ങളുടെ കുഞ്ഞിനെ സ്നേഹിക്കാനും ലാളിക്കാനും ആ മാതാപിതാക്കൾ മറന്നു.കുഞ്ഞിനെ നോക്കാൻ ഒരു ജോലിക്കാരിയെ ഏൽപ്പിച്ചു.കൂട്ടിലടച്ച കിളിയെ പ്പോലെ ആ കുട്ടി വളരുവാൻ തുടങ്ങി. കാലങ്ങൾ കഴിയവേ തങ്ങളുടെ കുട്ടി ഒന്നും സംസാരിക്കുന്നില്ല എന്ന സത്യം ആ മാതാപിതാക്കൾ വേദനയോടെ തിരിച്ചറിഞ്ഞു. അവർ കുറെ ശ്രമിച്ചുവെങ്കിലും അവൾ ഒരക്ഷരം ഉരിയാടിയില്ല. അവസാനം ഒരു ഡോക്ടറുടെ സഹായം തേടി. എന്നാൽ പരിശോധനയിൽ കാര്യമായ കുഴപ്പങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ജോർജിനും അന്നമ്മക്കും ഒത്തിരി സങ്കടമായി. തങ്ങളുടെ മുഴുവൻ സമ്പാദ്യവും ചെലവഴിച്ച് മകളെ ചികിത്സിക്കാൻ അവർ തയ്യാറായിരുന്നു. പക്ഷേ അതുകൊണ്ടൊന്നും ഒരു പ്രയോജനവും ഉണ്ടായില്ല.അങ്ങനെ അവർ മകളെയും കൂട്ടി അവരുടെ നാട്ടിലേക്ക് തിരിച്ചു. അമ്മയുടെ വീട്ടിലെത്തിയ സാറയ്ക്ക് അതൊരു പുതിയ ലോകമായിരുന്നു.നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടിയ അവൾക്ക് ഏറെ സന്തോഷമാർന്നഒരനുഭമായിരുന്നു ആ ഗ്രാമഭംഗി.ആ വീട് അവൾക്ക് ഒരു പുത്തനുണർവേകി.എന്നാൽ ഓമനത്തം തുളുമ്പുന്ന തന്റെ കൊച്ചുമകൾ സംസാരിക്കില്ലെന്നറിഞ്ഞ് അവളുടെ മുത്തച്ഛൻ ഏറെ ദുഖിതനായി.കർഷകനായ അയ്യാൾ എല്ലാ ദിവസവും അവളെയുംകൂട്ടി പാടത്തും പറമ്പിലുമെല്ലാം പോകും. ഇടയ്ക്കിടെ നാട്ടിലെ കൂട്ടുകാരുടെ വീടുകളിൽ കൊണ്ടുപോകും.സാവധാനം ആ നാടും നാട്ടുകാരും പ്രകൃതിയുമെല്ലാം അവൾക്ക് പരിചിതമായി. കിളികളോടും മരങ്ങളോടുമൊക്കെ അവൾ സല്ലപിക്കാൻ തുടങ്ങി.മുത്തച്ഛൻ പറയുന്ന കഥകൾ കേട്ടാണ് അവൾ എന്നും ഉറങ്ങിയിരുന്നത്. ഒരു ദിവസം രാവിലെ അന്നമ്മക്ക് തന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല."അമ്മേ...” എന്നൊരു വിളി കേട്ടാണ് അവൾ ഉറക്കമുണർന്നത്. കണ്ണു തുറന്നു നോക്കിയപ്പോൾ പുഞ്ചിരിക്കുന്ന മുഖവുമായി മുന്നിൽ നിൽക്കുന്നു കുഞ്ഞു സാറ. സന്തോഷത്താൽ മതിമറന്ന് അവൾ തന്റെ കുഞ്ഞിനെ വാരിപ്പുണർന്നു. ഓമനത്തം തുളുമ്പുന്ന അവളുടെ കവിളുകളിൽ തെരുതെരെ ഉമ്മവച്ചു. അവളെയും കൊണ്ട് തന്റെ പ്രിയതമന്റെ അടുത്തേക്ക് ഓടിച്ചെന്നു. അപ്പയോടും അവള് കൊഞ്ചിക്കൊഞ്ചി എന്തൊക്കെയോ പറഞ്ഞു.തൊഴുത്തിൽനിന്നും പശുവിനെ കറന്ന് പാലുമായിവന്ന മുത്തച്ഛൻ ഇതെല്ലാം കണ്ട് സന്തോഷാശ്രുക്കൾ പൊഴിച്ചു.തുടർന്നുള്ള ദിവസങ്ങളിൽ എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് സാറ നന്നായി സംസാരിക്കാൻ തുടങ്ങി. പ്രകൃതി ഒരു തുറന്ന വൈദ്യശാലയാണെന്ന് തിരിച്ചറിഞ്ഞ അന്നമ്മയും ജോർജും പിന്നീട് ആ ഗ്രാമം വിട്ടുപോയില്ല.നാട്ടിൽ ജോലി നേടി, അച്ഛനെ കൃഷിയിൽ സഹായിച്ച് അവർ അവർ ആ ഗ്രാമത്തിൽ ത്തന്നെ സന്തോഷത്തോടെ ജീവിച്ചു.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ |