ഗുഡ് ഷെപ്പേർഡ് ഇ. എം. എസ്. മണപ്പുറം/അക്ഷരവൃക്ഷം/ നാം ഒന്നായ്

നാം ഒന്നായ്

പ്രകൃതിയും മനുഷ്യനും ഈശ്വരചൈതന്യവും സമ്മേളിക്കുന്ന അവസ്ഥയിലാണ് ജീവിതം മംഗളപൂർണ്ണമായിത്തീരുന്നതെന്ന് ഭാരതീയ ദർശനം പഠിപ്പിക്കുന്നു. പ്രപഞ്ചവുമായുള്ള ഈ പാരസ്പര്യബോധം ഇന്ന് നഷ്ടമായ അവസ്ഥയിലാണ്. പ്രകൃതിയെ ശുചിയാക്കുന്നതിന് പകരം ഇന്ന് നമ്മൾ വൃത്തിഹീനമാക്കുന്നു. ഇതിനു പകരമായി പലതരം രോഗവ്യാധികൾ പ്രകൃതി പരത്തുന്നു. ഇതിൽ പ്രധാന ഉത്തരവാദി മനുഷ്യരാണ്.

ഇന്ന് നമ്മൾ പേടിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന മഹാവ്യാധിയായ കൊറോണ അഥവാ കോവിഡ് 19 ഇതിന് വലിയൊരു ഉദാഹരണമാണ്. മനുഷ്യ ജനതയെ ഭീതിയിലാഴ്ത്തി പരക്കം പായുകയാണ് കൊറോണ. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന സംവിധാനത്തെ ബാധിക്കുന്നവയാണ് കൊറോണ വൈറസ്. മനുഷ്യന്റെ പ്രകൃതിയെ ചൂഷണം ചെയ്യുന്ന ഈ പ്രവൃത്തി മൂലം അനുഭവിക്കേണ്ടി വരുന്നത് മനുഷ്യൻ മാത്രമല്ല, എല്ലാ ജീവജാലങ്ങളും സസ്യങ്ങളും അനുഭവിക്കുന്നുണ്ട്.

ശുചിത്വത്തിൽ നിന്നു മാത്രമേ നമുക്ക് രോഗങ്ങളെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂ. അതിൽ വ്യക്തി ശുചിത്വമാണ് പ്രധാനം. വ്യക്തികൾ സ്വന്തമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ തന്നെ പകർച്ച വ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കുവാൻ കഴിയും.

എല്ലാത്തിനും അധിപനായി അഹങ്കരിച്ച മനുഷ്യനെ, കണ്ണീരിലേക്കും മരണത്തിലേക്കും വലിച്ചെറിയാൻ ഇത്തിരിപ്പോന്ന ഒരു കുഞ്ഞൻ വൈറസിന് സാധിച്ചു. അവൻ ലോകമാകെ തന്റെ കൈപ്പിടിയിലൊതുക്കി ചെറുത്തുനിന്നവരെ തോൽപ്പിച്ച് മുന്നേറുകയാണ്. മനുഷ്യരും അതിന് ചുറ്റുപാടുമുള്ള മറ്റു സഹജീവികളും അജൈവ ഘടകങ്ങളുമായി പരസ്പരാശ്രയത്തിലും സഹവർത്തനത്തിലുമാണ് നിരന്തരം ജീവിക്കുന്നത്.മനുഷ്യൻ സ്വന്തം സ്വാർത്ഥതയ്ക്കുവേണ്ടി പ്രകൃതിയെ നശിപ്പിക്കുന്നു. ഇതുകൊണ്ടാണ് ഇത്തിരിപ്പോന്ന ഈ വൈറസുകൾ മനുഷ്യനെ അടക്കി ഭരിക്കുന്നത്.

പ്രകൃതി സംരക്ഷണത്തിലൂടെയും, ശുചിത്വത്തിലൂടെയും മാത്രമേ നമുക്ക് ഇതിനെയൊക്കെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂ. മനുഷ്യന്റെ ബുദ്ധിശൂന്യത കാരണമാണ് അവന്റെ പരിസരം മലിനപ്പെടുന്നത്. ഒരു വ്യക്തിയുടെ ശുചിത്വം ഇല്ലായ്മയാണ് ഒരു സമൂഹത്തെ ഉന്മൂലനം ചെയ്യുന്നത്. കേരളത്തിലെ ജനങ്ങൾക്ക് വ്യക്തി ശുചിത്വത്തെക്കുറിച്ചും പരിസരശുചിത്വത്തെ കുറിച്ചും ബോധവൽക്കരണം നടത്താൻ ദേശീയ ആരോഗ്യ സംഘടനകളും ശുചിത്വ മിഷനും മുന്നോട്ടുവരണം.

ഇക്കാലയളവിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയാണ് നമുക്ക് വേണ്ടത്. അതിനായി വ്യക്തി ശുചിത്വവും, പ്രകൃതി ശുചിത്വവും പാലിക്കാം. രോഗപ്രതിരോധത്തിനായി സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാം. നമുക്ക് വേണ്ടി ജീവൻ ബലി നൽകാൻ പോലും മടി കാണിയ്ക്കാതെ കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകരെയും മറ്റ് ജീവനക്കാരെയും ആദരിക്കാം.

പരിസ്ഥിതിയിൽ നാം ചെയ്ത തെറ്റുകൾ തിരിച്ചറിയുന്ന സമയമാണ് ഈ കൊറോണക്കാലം. ഇന്ന് നമ്മുടെ രാജ്യം കോവിഡ് 19 എന്ന മഹാമാരിയെ അതിജീവിച്ച് വരുകയാണ്. ഈ അതിജീവനത്തിൽ നമ്മുടെ കൊച്ചു കേരളത്തിന്റെ പ്രവർത്തനങ്ങൾ ലോകരാജ്യങ്ങൾക്ക് തന്നെ മാതൃകയായിരിക്കുകയാണ്. ഈ കൊറോണക്കാലം തന്ന തിരിച്ചറിവുകൾ നമുക്ക് മറക്കാതിരിക്കാം, ഒറ്റക്കെട്ടായി പ്രതിരോധിക്കാം. ജയ് ഹിന്ദ്....

അമലു എസ്‌ എസ്‌
3 B ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മണപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം