ഗവ എച്ച് എസ് എസ് പള്ളിക്കുന്ന്/അക്ഷരവൃക്ഷം/അതിജീവനത്തിൻറെ കൈകോർപ്പ്
അതിജീവനത്തിൻറെ കൈകോർപ്പ്
കേരളം വളരെ ദയനീയമായ സാഹചര്യത്തിലൂടെയാണ് ഇന്ന് കടന്നുപോകുന്നതെങ്കിലും അതിനെയെല്ലാം ഒരുമിച്ച് കൈകോർത്ത് കീഴടക്കുകയാണ് ചെയ്യുന്നത്. 2017ൽ ഓഖി എന്ന ദുരന്തമുണ്ടായി എന്നാൽ കേരളം തോറ്റുകൊടുക്കാതെ ഒരുമിച്ച് അതിജീവിച്ചു. 2018ൽ വെല്ലുവിളിയായി നിപ്പ വൈറസ് എന്ന കൊടുംഭീകരൻ എഴുന്നേറ്റെങ്കിലും ആരോഗ്യപ്രവർത്തകർ, ഡോക്ടർമാർ, നേഴ്സുമാർ അങ്ങനെ അനേകർ സ്വന്തം ജീവൻ ത്യാഗം ചെയ്യാൻ തയ്യാറായികൊണ്ട് അതിനെ കീഴടക്കാൻ ഒരുങ്ങി. പലർക്കും ജീവൻ നഷ്ടമായെങ്കിലും അവർ കഴിയുന്നതു വരെ പോരാടി ഒടുവിൽ നിപ്പയും കേരളത്തിനുമുന്നിൽ തലകുനിച്ചു. അങ്ങനെയിരിക്കെ 2018ലും 2019ലും മഹാപ്രളയം കേരളത്തിനുമുന്നിൽ മഹാഭീഷണിയായിനിന്നെങ്കിലും കേരളം ജാതി-മത-വർഗ്ഗ-വർണ്ണ–രാഷ്ട്രീയത്തിനപ്പുറം സ്നേഹവും പ്രത്യാശയും ഒരുമയോടും കൂടെ അതിജീവിച്ചു. കേരളത്തിന് രാപ്പകൽ അധ്വാനിക്കാൻ മൽസ്യത്തൊഴിലാളികൾ രംഗത്തിറങ്ങി സ്വന്തം കാര്യം പോലും നോക്കാതെ ഏത് ധീര ജവാന്മാരെപ്പോലും മറികടക്കുന്ന പ്രവർത്തനമികവുമായി കടലിൻറെ മക്കൾ സ്വാർത്ഥത വെടിഞ്ഞ് കേരളത്തിന് രക്ഷകരായി. ഇന്ത്യയുടെ അറ്റത്ത് കേരളം എന്ന കൊച്ചു സംസ്ഥാനം നക്ഷത്രത്തെപ്പോലെ പ്രകാശിച്ചു. ഇപ്പോൾ ഇതാ വീണ്ടും 2020ൽ മഹാമാരിയായി കൊറോണ (കോവിഡ്-19) വന്നെങ്കിലും കേരളം അതിനെ അതിജീവിച്ചു കൊണ്ടിരിക്കുന്നു. കൊറോണക്കുമുന്നിൽ അമേരിക്കയും ബ്രിട്ടനും പോലെ മുൻനിരയിലെ അനേക രാജ്യങ്ങൾ പകച്ചു നിൽക്കുമ്പോൾ കേരളം തലയെടുപ്പോടെ നിൽക്കുന്നു. മലയാളികൾക്ക് കേരളത്തിലാണ് താമസിക്കുന്നതെന്ന് പറയുന്നതിനേക്കാൾ വിദേശത്താണെന്ന് പറയുന്നതായിരുന്നു അഭിമാനമെങ്കിൽ അവർക്കൊരു പാഠം ആയി കോവിഡ്-19. കൊറോണ കാലത്ത് ലോക്ൿഡൌൺ പൂർണ്ണമായും അനുസരിച്ചത് കേരളീയരാണ്. മറ്റ് സംസ്ഥാനങ്ങൾ പരിഹസിച്ചു പുച്ഛിച്ചെങ്കിലും കേരളം അതിനെ വളരെ ഗൌരവമായി കണ്ട് അതിനെ കീഴടക്കികൊണ്ടിരിക്കുന്നു. ലോക്ൿഡൌൺ കാലത്ത് മലയാളികൾ ബന്ധങ്ങളുടെ വില മനസ്സിലാക്കി. വീട്ടിൽ കൂടുതൽ സമയം ചിലവഴിക്കുന്നതിലൂടെ കുടുംബബന്ധങ്ങൾ വളർന്നു. മാതാപിതാക്കൾക്ക് ജോലിത്തിരക്കുകാരണം മക്കളെ ശ്രദ്ധിക്കാൻ സമയം ഇല്ലാതിരുന്നെടുത്ത് മക്കളോടൊപ്പം ചിലവഴിക്കാൻ സമയങ്ങൾ ഏറെയായി. എന്തിനും ഏതിനും ആശുപത്രിയിൽ പോയിരുന്ന മലയാളികൾ ഇന്ൻ കൊറോണ മൂലം ആശുപത്രിയിൽ പോകാതെ ജൈവപച്ചക്കാറികൾ ഉപയോഗിച്ചും ഹോട്ടൽ ഭക്ഷണം ഉപേക്ഷിച്ചും നല്ലതുമാത്രം തിരഞ്ഞെടുത്ത് പ്രതിരോധശേഷി വീണ്ടെടുത്ത് പ്രകൃതിയെ നോക്കാൻ തുടങ്ങി. കൃഷിയിൽ മലയാളികൾ ഏർപ്പെടാൻ സമയം കണ്ടെത്തി അങ്ങനെ കോവിഡിലും നേട്ടങ്ങൾ നേടാൻ മലയാളികൾ പഠിച്ചു. ഇപ്പോൾ ഇതാ കേരളം ഫിനീക്സ് പക്ഷിയെ പോലെ കുതിച്ചുയരുകയാണ്. ഒന്നിനും മുന്നിൽ തോൽക്കില്ലയെന്ന പ്രേത്യാശയിലാണ് കേരളം. കേരളത്തിൻറെ മഹാബലമായ ഒരുമ മുറുകെപിടിച്ചുകൊണ്ട് മുന്നേറുകയാണ്. കേരളം കൊറോണയെ കീഴടക്കുമെന്ന പ്രത്യാശയിലാണ് മലയാളികൾ. ഇന്ൻ കേരളത്തെ ആത്മാഭിമാനത്തോടെ നമ്മുക്ക് വിളിക്കാം "ദൈവത്തിൻറെ സ്വന്തം നാടെന്ന്".
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 10/ 2024 >> രചനാവിഭാഗം - ലേഖനം |