ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/അക്ഷരവൃക്ഷം/പരിസ്ഥിതിസംരക്ഷണം
പരിസ്ഥിതിസംരക്ഷണം പ്രകൃതി അമ്മയാണ്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും. പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമിക്കാനുള്ള
അവസരമായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972 മുതൽ ആണ് ലോകപരിസ്ഥിതിദിനം ആചരിച്ചു തുടങ്ങുന്നത്. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസകേന്ദ്രമായി നിലനിർത്തുകയും അത് അടുത്ത തലമുറയ്ക്ക് കൈമാറുകയും ചെയ്യുക എന്നത് മനുഷ്യന്റെ കടമയാണ്. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരകഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും ശുചീകരണത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.അതോടൊപ്പം ആരോഗ്യപ്രശ്നങ്ങൾ ഏറിവരികയും ചെയ്യുന്നു. മനുഷ്യവംശത്തെതന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരകരോഗങ്ങൾ പടർന്നു പിടിക്കുന്നു. മനുഷ്യൻ സ്വീകരിച്ചവരുന്ന അശാസ്ത്രീയമായവികസന പ്രവർത്തനങ്ങളുടെ ഫലമായി പരിസ്ഥിതിയുടെയും ഭൂമിയുടെയും തന്നെ നിലനിൽപ് അപകടത്തിലാക്കിയേക്കാം. ഭൂമിയിലെ ചൂടിന്റെ വർധന, കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ, ഉപയോഗശൂന്യമായ മരുഭൂമികളുടെ വർധന, ശുദ്ധജലക്ഷാമം, ജൈവവൈവിധ്യശോഷണം തുടങ്ങിയ ഒട്ടേറെ പരിസ്ഥിതിപ്രശ്നങ്ങൾ നമ്മെ അലട്ടുന്നുണ്ട്. കുടിവെള്ളത്തിന്റെ ലഭ്യത വളരെ പരിമിതമാണ്. നിയന്ത്രണാതീതമായ ജലവിനിയോഗവും ജലമലിനീകരണവുംമൂലം ശുദ്ധജലത്തിന്റെ അളവ് ക്രമാതീതമായി കുറയുകയും മനുഷ്യർ മലിനജലം ഉപയോഗിക്കാൻ നിർബന്ധിതർ ആവുകയും ചെയ്യുന്നു. സാമൂഹ്യവും സാമ്പത്തികവുമായ പുരോഗതിക്ക് വികസനം അനിവാര്യമാണ്.ഈ വികസന പ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിൽ ആയിരിക്കണം വികസനം നടപ്പിലാക്കേണ്ടത്. മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിൽ പരിസ്ഥിതിക്ക് ഒരു പ്രധാന പങ്കുണ്ട്. ഇത്പ്രാധാന്യമർഹിക്കുന്നു. പ്രകൃതിസംരക്ഷണം നാം ഓരോരുത്തരുടെയും കടമയായി കരുതുക.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |