ഗവ.എച്ച്.എസ്സ്.എസ്സ്. പാമ്പാടി/അക്ഷരവൃക്ഷം/ഓലേഞ്ഞാലികളുടെ കുടുംബ ജീവിതം
ഓലേഞ്ഞാലികളുടെ കുടുംബ ജീവിതം
അന്ന് ഒരു ശനിയാഴ്ചയായിരുന്നു.വൈകുന്നേരമായപ്പോൾ ഒരു പക്ഷിക്കുഞ്ഞ് ഓടയിൽ വീണു കിടക്കുന്നത് ഞങ്ങൾ കണ്ടു. കിളിക്കുഞ്ഞിന് ഒരു പാത്രത്തിൽ കുറച്ച് വെള്ളം കൊടുത്തിട്ട് ഒന്നുകൂടി നോക്കിയപ്പോൾ അത് ഞങ്ങൾ കാണാറുള്ള ഒരു പക്ഷിയുടെ കുഞ്ഞാണെന്ന് മനസ്സിലായി. അതിന് എന്തോ അപകടം സംഭവിച്ചുവെന്നാണ് ഞങ്ങൾ കരുതിയത്. അന്ന് ഞങ്ങൾക്ക് ആ പക്ഷിയുടെ പേരറിയില്ലായിരുന്നു. പിന്നീട് ഞങ്ങൾ മണിയൻ ചേട്ടനെ വിവരമറിയിച്ചു.അത് പറക്കാൻ പഠിച്ചപ്പോൾ താഴെ വീണതാണെന്നും അതിന് കുഴപ്പമൊന്നുമില്ലെന്നും മണിയൻ ചേട്ടൻ പറഞ്ഞപ്പോഴാണ് ഞങ്ങൾക്കാശ്വാസമായത്. മണിയൻ ചേട്ടൻ അതിനെ അതിന്റെ അച്ഛനമ്മമാർക്ക് കാണാവുന്നിടത്ത് കൊണ്ടുപോയി വച്ചു. മണിയൻ ചേട്ടൻ അതിനെ കൈയിലെടുക്കുന്ന ഒരു ഫോട്ടോ ഞാൻ എടുത്തിരുന്നു.മണിയൻ ചേട്ടൻ പറഞ്ഞപ്പോഴാണ് ആ പക്ഷിയുടെ പേര് ഓലേഞ്ഞാലി എന്നാണെന്ന് മനസ്സിലായത്.പിന്നീടൊരിക്കൽ ഓലേഞ്ഞാലി തെങ്ങോലയിൽ തൂങ്ങിയാടുന്നത് ഞാൻ കണ്ടിരുന്നു. പിന്നീട് മൂന്നു കുഞ്ഞുങ്ങളുമുളള ഒരു ഫോട്ടോ എനിക്ക് ലഭിക്കകയുണ്ടായി. ഒരിക്കൽ ഞാൻ ഓലേഞ്ഞാലികളുടെ ചിത്രമെടുക്കുവാനായ് അവ ഇരുന്ന മരത്തിന്റെ ചുവട്ടിൽ പോയി നിന്നു. കുറച്ചു നേരം കഴിഞ്ഞ് അവ പറന്നു പോവാനൊരുങ്ങിയപ്പോൾ ഒരു ഓലേഞ്ഞാലികുഞ്ഞ് എന്റെ സമീപത്തായി താഴേക്കു വീണു. ഞാൻ കുറച്ചൊന്നു ഞെട്ടി. അപ്പോൾ അമ്മപ്പക്ഷി വന്ന് അതിനെ എഴുന്നേൽപ്പിച്ചു നിർത്തിയതിനു ശേഷം അവ പറന്നകന്നു. താഴെ വീണ ഓലേഞ്ഞാലിയുടെ ഒരു കണ്ണിന് കാഴ്ചക്കുറവുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ അതിന് കാഴ്ച തിരിച്ചു കിട്ടി. പിന്നീട് ഞാൻ കാണുമ്പോൾ ഓരോ കുഞ്ഞിനും ഇണയെ കിട്ടിയിരുന്നു. അങ്ങനെ ഓലേഞ്ഞാലി കുടുംബത്തിലെ അംഗസംഖ്യ രണ്ടിൽ നിന്നും എട്ട് ആയി.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 07/ 12/ 2023 >> രചനാവിഭാഗം - കഥ |