അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/അക്ഷരവൃക്ഷം/ കണ്ടനും തൊരപ്പനും
കണ്ടനും തൊരപ്പനും
കണ്ടൻ പൂച്ചയുടെ ആർത്തട്ടഹസിച്ചുള്ള ചിരി കേട്ടപ്പോൾ തന്നെ തുരപ്പൻ ചുണ്ടെലിയുടെ പകുതി കാറ്റുപോയി. നീയെന്തൊക്കെയാ വീമ്പടിച്ചേ...ധൈര്യമുണ്ടെങ്കിൽ ഈ പൊത്തിലോട്ടു കയറി വാ...ന്ന്. അല്ലേ? എന്റെ മൂക്കുപോലും കടക്കാത്ത മാളത്തിൽ കയറി പത്രാസിളക്കിയപ്പോൾ ഏതുകാലവും പൊത്തിലിരിക്കാമെന്നു കരുതിയോ കള്ളത്തുരപ്പാ... പറഞ്ഞുതീർന്നതും കണ്ടൻ തന്റെ മൂർച്ചയുള്ള നഖം കൊണ്ട് തുരപ്പന്റെ മുതുകത്ത് ആഞ്ഞുമാന്തി. ഹേേേേേേേേേേേേമ്മേ....വേദനകൊണ്ട് തുരപ്പൻ പുളഞ്ഞു. തിരിച്ചൊരു കടികൊടുക്കാനാഞ്ഞതും കണ്ടന്റെ കയ്യിന്റെ ചൂട് നെടുംപുറത്തുതന്നെ വീഴുമല്ലോ എന്നോർത്ത് മിണ്ടാതെ, കണ്ടനെ ദയനീയതയോടെ നോക്കി കിടന്നു. കണ്ടൻ ഗർവ്വോടുകൂടി തുരപ്പന്റെ വാലിൽ പിടിച്ച് ആട്ടിക്കൊണ്ടിരുന്നു. എവിടെടാ നിന്റെ കൂട്ടാളികൾ? ഞാൻ ഉണക്കാനിട്ടിരുന്ന മത്തികളൊക്കെ നട്ടപ്പാതിരായ്ക്ക് കടത്തിക്കൊണ്ടുപോയവരെയൊക്കെ എനിക്കിപ്പം കാണിച്ചുതരണം. കണ്ടൻ മുരണ്ടു. താൻ മാത്രമല്ല, കൂട്ടുകാരും അകത്താകുമല്ലോ എന്നോർത്ത് തുരപ്പന് സങ്കടമാകാൻ തുടങ്ങി. കഴിഞ്ഞ ദിവസം അപ്പുക്കുട്ടന്റെ വീടിന്റെ മച്ചിൽ കയറി നീയെന്നെ കോക്രി കാണിച്ചതോർമ്മയുണ്ടോടാാാാ.... കണ്ടൻ അലറി. തുരപ്പൻ കിടുകിടാ വിറച്ചു. കാണിക്കെടാ അതുപോലെ കോക്രി. കണ്ടൻ തുരപ്പനെ ഒന്നു മുകളിലേക്കെറിഞ്ഞ് താഴെ വീഴുന്നതിനു മുന്നേ പിടിച്ചു. ഒരോട്ടം കൊടുക്കാനുള്ള ചാൻസ് കണ്ടൻ മുൻകൂട്ടി കണ്ടിട്ടുണ്ടായിരുന്നു. തുരപ്പൻ നിരാശയോടെ ആ ചാൻസ് മിസ്സാക്കിതിനെ പഴിച്ചു. കാണിക്കെടാ ആ കോക്രി. കണ്ടൻ മീശ വിറപ്പിച്ചു. തുരപ്പൻ എന്തോ ഒരു ആംഗ്യം കാണിച്ചു. കണ്ടന് തൃപ്തിയായില്ല. അങ്ങനെയല്ല നീ അന്ന് കാണിച്ചത്. എന്നെ ശശിയാക്കുന്നതുപോലെയല്ലായിരുന്നോ അത്. അതുപോലെ കാണിക്കെടാാാാ... കണ്ടന് അതോർക്കുമ്പോൾത്തന്നെ അരിശം കയറാൻ തുടങ്ങി. തുരപ്പൻ ഒന്നുകൂടി ശ്രമിച്ചുനോക്കി. ഉള്ളിൽ ഭയം കിടന്ന് വിറയ്ക്കുന്നതു കാരണവും ആ കോക്രി അതുപോലെ കാണിക്കേണ്ട താമസം, തന്നെ കണ്ടൻ അടിച്ചച്ചടിച്ചു കൊല്ലുമെന്നും നല്ലവണ്ണം അറിയാവുന്നതുകൊണ്ട് തുരപ്പൻ ഉപായത്തിലൊരു ആംഗ്യം കാണിച്ചു. അങ്ങനെയല്ലടാ തുരപ്പാാാാാാാാാാ....കണ്ടൻ തുരപ്പന്റെ കണ്ണുനോക്കി കൈ ആഞ്ഞുവീശി. തുരപ്പൻ അതിവിദഗ്ധമായി ഒഴിഞ്ഞുമാറിയതുകൊണ്ട് വൻ ദുരന്തം ഒഴിവായി. തുരപ്പൻ കണ്ടനെ ദീനതയോടെ നോക്കി. പിന്നെ മെല്ലെ വിളിച്ചു, പൊന്നു കണ്ടൻ ചേട്ടാ... കണ്ടൻ അവനെ ഒന്നുനോക്കി. ചേട്ടനോ? ആരുടെ ചേട്ടൻ? വേലയിറക്കുന്നോ...എവിടെ പോയെടാ നിന്റെ ശബ്ദം? മച്ചിൽക്കയറി എന്നെ നോക്കി ഇളിക്കുന്നതുപോലെ ഇളിക്കെടാ... കണ്ടന് അതെല്ലാം ഓർക്കുന്നതുതന്നെ കലിയാണ്. തുരപ്പനാണേൽ തഞ്ചം കിട്ടിയപ്പോഴൊക്കെ കണ്ടന് ഇഷ്ടം പോലെ പണി കൊടുത്തിട്ടുമുണ്ടല്ലോ. എന്നെത്തൊട്ടോ എന്ന ഭാവത്തിൽ നിന്ന് കണ്ടനെ നോക്കി ഇളിച്ചുകാണിക്കലാണ് തുരപ്പന്റെ പ്രധാന വിനോദം. പിന്നെ കണ്ടൻ എന്തൊരു സാധനം തിന്നാൻ കൊണ്ടുവച്ചാലും അത് തുരപ്പനും കൂട്ടരും രായ്ക്കുരാമാനം കടത്തിക്കൊണ്ടു പോയ്ക്കളയും. കാത്തിരുന്ന് കാത്തിരുന്ന് കിട്ടിയതാണ് തുരപ്പനെ കണ്ടന്റെ കയ്യിൽ. എന്റെ പൊന്നുചേട്ടാ... രണ്ടുദിവസമായി എന്റെ ശബ്ദമിങ്ങനെയാ. ഗൾഫുകാരൻ രാജുവിന്റെ വീട്ടിൽ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞുവന്നപ്പോൾ മുതൽ ഞാനും കൂട്ടരും പറയുന്നതിലൊരു വ്യത്യാസമുണ്ട്. തുരപ്പൻ ആഞ്ഞു ചുമച്ചു. ഘൊ ഘൊ ഘോോോോ...എന്തൊരു ചുമയാ.. കണ്ടൻ അവനെ തന്റെ മുഖത്തുനിന്നു ദൂരേയ്ക്ക് മാറ്റിപ്പിടിച്ചു. നിന്റെ തട്ടിപ്പാണെന്നെനിക്കറിയാം. തട്ടിപ്പോകുമ്പോൾ ചേട്ടനെയും കൊണ്ടുപോകാനായിരിക്കും എന്റെ യോഗം. ഈ കൊറോണ അങ്ങനെയാന്നല്ലേ പറയുന്നത്.. പിടിച്ചവനും തൊട്ടവനും ഒക്കെ വരില്ലേ. തുരപ്പൻ ഒന്നുകൂടി ആഞ്ഞു ചുമച്ചു. ഒറക്കാപ്പുറത്ത് തുപ്പല് വീണത് കണ്ടന്റെ മുഖത്തേക്കുതന്നെ. ഛീ... ഒരു മീറ്റർ അകലം പാലിക്കെടാ... കണ്ടൻ മുഖം പൊത്തിക്കൊണ്ടു പറഞ്ഞു. ആ തക്കത്തിന് കണ്ടന്റെ പിടിയിൽ നിന്നും തുരപ്പൻ ജീവനും കൊണ്ടോടി, മാളത്തിൽ കയറി. കണ്ടൻ അന്തംവിട്ടു നിന്നുപോയി. മാളത്തിൽ നിന്നും തുരപ്പൻ ഉറക്കെ വിളിച്ചുപറഞ്ഞു: മിസ്റ്റർ കണ്ടൻ കൈകാലുകൾ സോപ്പിട്ടു കഴുകാൻ മറക്കരുത്. വീട്ടിൽപോയി അടങ്ങിയൊതുങ്ങി ഇരിക്ക്. ക്വാറന്റൈനാണ് ക്വാറന്റൈൻ. കോക്രി ഞാൻ കാണിച്ചുതരാം. ഈ കൊറോണയൊക്കെ ഒന്നു കഴിയട്ടെ. കണ്ടൻ കുറച്ചുനേരം കൂടി അവിടെ ചുറ്റിപ്പറ്റി നിന്നു. തുരപ്പനെ ഇനി കിട്ടാൻ പോകുന്നില്ല എന്നു മനസ്സിലാക്കി പതുക്കെ സ്ഥലംവിട്ടു. പ്രിയമുള്ളവരെ അതെ ചൈനയിലെ വുഹാനിൽ നിന്ന് ഉദ്ഭവിച്ച കൊറോണ എന്ന കോവിഡ് -19 മഹാമാരിയിൽ നിന്ന് രക്ഷ നേടുവാൻ നാമോരോരുത്തരും സർക്കാർ നിർദ്ദേശം അനുസരിക്കാൻ ബാധ്യസ്ഥരാണ് ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ മാത്രം ജീവൻ ലഭിക്കുന്ന കൊറോണ വൈറസുകൾ മറ്റുള്ളവരിലേക്കു പെട്ടെന്ന് പകരുന്നു. അതിൽ നിന്നും മുക്തി നേടുവാൻ നാം നിർബന്ധമായും സാമൂഹിക അകലം പാലിക്കണം. സാനിറ്റയ്സർ കൊണ്ടോ സോപ്പ് കൊണ്ടോ ഹാൻഡ് വാഷ് കൊണ്ടോ കൈകൾ വൃത്തിയായി കഴുകിയതിന് ശേഷം മാത്രം വീട്ടിൽ പ്രവേശിക്കുക. അനാവശ്യ യാത്രകൾ ഒഴിവാക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. അങ്ങനെ നമുക്ക് ഈ കോവിഡ് 19 എന്ന മഹാ മാരിയെ അകറ്റി നിർത്താം.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ |