എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/പഴമയിലേയ്ക്കു മടങ്ങാം
പഴമയിലേയ്ക്കു മടങ്ങാം
അമ്മയുടെ ഫോൺ വിളിയുടെ ശബ്ദം കേട്ടാണ് മീനു ഉറക്കമെണീറ്റത്. അമ്മ ഇത് ആരോടാ സംസാരിക്കുന്നത്. അവൾ മുറ്റത്തിറങ്ങി അവളുടെ പൂന്തോട്ടത്തിലേയ്ക്ക് പോയി. ഇന്നലെ താൻ നട്ട മുല്ലച്ചെടിയെ അവൾ സാകൂതം നോക്കി. ആ നീ ഇന്ന് നന്നായി നിൽക്കുന്നുവല്ലോ? ഇവിടെ നിനക്ക് ഒരു പാട് കൂട്ടുക്കാർ വരും. ചിത്രശലഭവും,തുമ്പികളും,വണ്ടുകളും കൂടാതെ കിളികളുടെ പാട്ടും കേൾക്കാം. ദേ... കണ്ടോ ഞാൻ അവർക്കായി ആഹാരവും വെള്ളവും ഒരുക്കി വച്ചിരിക്കുന്നത്. എൻ്റെ ടീച്ചർ പറഞ്ഞ് തന്നതാ പക്ഷികൾക്ക് വിരുന്നൊരുക്കാൻ. മീനു എല്ലാവരോടും കിന്നാരം പറഞ്ഞു തുള്ളിച്ചാടി നടന്നു. അവൾ മുത്തശ്ശിയുടെ വിളി കേട്ടു വീട്ടിൽ പോയി. "മുത്തശ്ശി" "മുത്തശ്ശി". മോൾ പല്ലുതേച്ച് വൃത്തിയായി വന്നേ... അപ്പോഴെയ്ക്കും മീനുവിൻ്റെ അമ്മ സങ്കടത്തോടെ വന്നു. എന്താ അമ്മേ.. വിഷമിച്ചിരിക്കുന്നത്? മീനു കാര്യം തിരക്കി. അപ്പുറത്തെ അപ്പുവിന് തീരെ സുഖമില്ലായെന്ന്. അവർ ആശുപത്രിയിലാ. അപ്പുവിൻ്റെ അമ്മയാ വിളിച്ചത്. എന്തെങ്കിലും സഹായിക്കാൻ... അയ്യോ അമ്മേ അപ്പുവിന് അവൻ്റെ അമ്മ മാത്രമെയുള്ളൂ. എന്തെങ്കിലും സഹായിക്കണമെന്ന് പറഞ്ഞ് അമ്മ അച്ഛൻ്റെ അടുത്ത് പോയി. പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ് പ്രാതലും കഴിച്ചു മീനു മുത്തശ്ശിയുടെ അരികിലെത്തി. മുത്തശ്ശി എന്താ അപ്പുവിന് പനി കൂടിയത്. അവന് യാതൊരു പ്രതിരോധ ശക്തിയുമില്ലെന്നാ അവൻ്റെ അമ്മ പറയാറ്. അത് എന്താ? മുത്തശ്ശി തൻ്റെ പഴയ കാലത്തെ ഓർമ്മകളിലേയ്ക്കു പോയി... മഴ നഞ്ഞും വെള്ളത്തിൽ കളിച്ചും ചിരിച്ചും നടന്ന കാലം. അന്നൊക്കെ പറമ്പിലുള്ള പച്ചക്കറികളും ഇലക്കറികളുമാണ് ഭക്ഷണത്തിനു ഉപയോഗിക്കുന്നത്. പ്രഭാത ഭക്ഷണമായി പുഴുക്കുകൾ കഴിച്ചിരുന്നു. അത് എന്താ മുത്തശ്ശി പുഴുക്കുകൾ. ചേന,കാച്ചിൽ,ചേമ്പ്,ചക്ക,മരച്ചീനി ഇവയെല്ലാം ആവിയിലും മറ്റും വേവിച്ച് കഴിച്ചിരുന്നു. രാത്രികാലങ്ങളിൽ കഞ്ഞിയ്ക്കു കാത്തിയും ചുട്ട പപ്പടവും . "അത്താഴം അത്തിപ്പഴത്തോളമെന്നല്ലേ പ്രമാണം' ഇത് കേട്ട മീനു ആ... നമുക്ക് പരിസര പഠനത്തിൽ ഒരു പാഠമുണ്ട് താളും തകരയും ആ പാഠത്തിൽ ടീച്ചർ പറഞ്ഞു തന്നു. ഇതെല്ലാം നമ്മുടെ ശരീരത്തിന് വേണ്ടതാണത്ര. മക്കളെ, രാവിലെ എണ്ണ തേച്ചു കുളിക്കണം അത് മനസ്സിനും കണ്ണിനും കുളിർമയേകും. വിശന്നിട്ടെ ആഹാരം കഴിക്കാവൂ. കഴിവതും രാത്രിയിൽ കഞ്ഞി വേണം കുടിക്കാൻ അതാ.. മുത്തശ്ശിയുടെ ആരോഗ്യരഹസ്യം അവൾ കിണുങ്ങി ചിരിച്ചു. അവൾ അമ്മയുടെ അരികിലെത്തി. മുത്തശ്ശി പറഞ്ഞതും ക്ലാസിൽ പഠിച്ചതും ഒക്കെ അച്ഛനെയും അമ്മയെയും പറഞ്ഞു കേൾപ്പിച്ചു. ഇനി നമുക്കും പഴയ കാലത്തെ ആഹാരം മതി. അവർ തീരുമാനിച്ചു. അപ്പോൾ ഒരു രോഗാണുവും എൻ്റെ വീട്ടിൽ കയറില്ല. ഞാനിത് എൻ്റെ കൂട്ടുകാരോടും പറയും. അങ്ങനെ നമ്മുടെ ഗ്രാമത്തിനും ഒരു കീടാണുവിനും നിൽക്കാൻ ശക്തിയുണ്ടാവില്ല. പ്രതിരോധിക്കാം കൂട്ടുകാരെ പഴമയിലേയ്ക്ക് മടങ്ങാം....
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |