ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/അക്ഷരവൃക്ഷം/മാലിന്യം

മാലിന്യം

രാവിലെ 8.15 നുള്ള സ്കൂൾ ബസ്സിൽ പോകണം.വൈകിയാൽ ഡ്രൈവറുടെ വഴക്കു കേൾക്കണം. കാരണം , ബസ്സു നിർത്തുന്നിടത്തിനു സമീപത്തെ മാലിന്യ കൂമ്പാരത്തിന്റെ അസഹ്യമായ ഗന്ധം തന്നെ. മാലിന്യത്തിനായി തമ്മിൽ കടിപിടി കൂടി, വഴിയാത്രക്കാർക്കും സ്കൂൾ കുട്ടികൾക്കും ശല്യമായി തീരുന്ന തെരുവു നായ്ക്കൾ. അവശിഷ്ടങ്ങൾ കൊത്തി വലിച്ചുകൊണ്ടു പോകുന്ന കാക്കയും മറ്റു പക്ഷികളും.

തൊട്ടടുത്തുള്ള വീടുകളിലെ മാലിന്യവും ബാക്കി വരുന്ന ആഹാര സാധനങ്ങളും കൊണ്ടു തള്ളുന്നത് സമദിക്കയുടെ ഈ പുരയിടത്തിലാണ്. വർഷങ്ങളായി സമദിക്കയും കുടുംബവും വിദേശത്താണ്. അതുകൊണ്ടു തന്നെ ഇത് ശ്രദ്ധിക്കുവാനും വിലക്കാനും ആരും വരില്ലെന്നുള്ളത് ചുറ്റുവട്ടത്തുള്ളവർക്ക് മാലിന്യം തള്ളാൻ എളുപ്പമായി. മാർച്ച് 4-ാം തീയതി മുതൽ വർഷാന്ത്യ പരീക്ഷ തുടങ്ങി.ഞാനും കൂട്ടുകാരായ പൊന്നിയും ഗീതുവും അക്ബറും സാന്ദ്രയും ഷിജിലും വളരെ സന്തോഷത്തോടെ പരീക്ഷയ്ക്കു പോയിത്തുടങ്ങി.

പക്ഷേ ഞങ്ങളുടെ മനസ്സിനെ ആകെ സങ്കടപ്പെടുത്തിയ കാര്യങ്ങളായിരുന്നു പിന്നീടുണ്ടായത്,കൊറോണ വ്യാപനം മൂലം സ്കൂൾ അടച്ചതും ലോക്ഡൗണും. പരീക്ഷകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല,സ്കൂൾ വാർഷികങ്ങളുമുണ്ടായില്ല. ഞങ്ങളുടെ സന്തോഷം തല്ലിക്കെടുത്തപ്പെട്ടു.

കോവിഡ്-19 ന്റെ വ്യാപനവും ലോകരാജ്യങ്ങളിൽ ജനങ്ങൾ മരിക്കുന്നതുമായുള്ള വാർത്തകൾ ഏറെ ഭീതിയോടെയണ് ഞങ്ങൾ കേട്ടത്. എന്നാൽ ഞങ്ങൾ കൂട്ടുകാർ സങ്കടപ്പെട്ടൊതുങ്ങിക്കൂടാൻ ആഗ്രഹിച്ചില്ല.

പരസ്പര സമ്പർക്കവും മാലിന്യവുമാണ് ഈ മഹാമാരിക്കു കാരണമെന്നു ഞങ്ങൾ തിരിച്ചറിഞ്ഞു.അന്നു തന്നെ ഞങ്ങൾ കൂട്ടുകാർ ഒത്തുകൂടി വീട്ടുകാരെയും ചേർത്തുകൊണ്ട് മാലിന്യക്കൂമ്പാരത്തെ ഇല്ലാതാക്കാൻ തീരുമാനിച്ചു. പിറ്റേന്നു തന്നെ എല്ലാവരും ചേർന്ന് മാലിന്യം മണ്ണിട്ടു മൂടുകയും പഞ്ചായത്തിൽ നിന്നു ലഭിച്ച ബ്ലീച്ചിംഗ് പൗഡർ പോലുള്ള അണുനാശിനികൾ തളിക്കുകയും "ഇവിടെ മാലിന്യങ്ങൾ വലിച്ചെറിയരുത് " എന്ന ബോർഡു വയ്ക്കുകയും ചെയ്തു. എല്ലാ വീടുകളിലും മാലിന്യം നിക്ഷേപിക്കുവാനുള്ള കുഴികളും തയ്യാറാക്കി നല്കി.

കൊറോണ ബോധവല്ക്കരണത്തിനെത്തിയ ആരോഗ്യ പ്രവർത്തകരും വാർഡ് മെമ്പർ ദീപയാന്റിയും ഞങ്ങളെ അഭിനന്ദിച്ചു.

" പഞ്ചായത്ത് കമ്മിറ്റിയിൽ താനേറെ പഴി കേട്ടിരുന്ന തന്റെ വാർഡിലെ മാലിന്യക്കൂമ്പാരമാണ് മറ്റുള്ളവരുടെ സഹായത്തോടെ കൊച്ചു കുട്ടികളായ നിങ്ങൾ ഒഴിവാക്കിയത് " ,ദീപയാന്റിയുടെ വാക്കുകൾ ,ഞങ്ങൾക്ക് അഭിമാനം തോന്നി.

" അലസതയും അറിവില്ലായ്മയും മനുഷ്യരുടെ മനസ്സിലെ മാലിന്യങ്ങളാണ് , അതൊഴിവാക്കി കർമ്മ നിരതരാകണം " എന്ന ദീപാന്റിയുടെ വാക്കുകൾ എനിക്ക് പുതിയ അറിവായിരുന്നു. മനസ്സു കെണ്ട് ഞാനും ആ വാക്കുകൾ സ്വീകരിക്കുന്നു.

                                              നിങ്ങളും....
അനന്തിക രാജേന്ദ്രൻ
6 എഫ് ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല
വർക്കല ഉപജില്ല
ആറ്റിങ്ങൽ, തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ