ഗുഡ് ഷെപ്പേർഡ് ഇ. എം. എസ്. മണപ്പുറം/അക്ഷരവൃക്ഷം/അതിജീവനം

17:05, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

ഇവിടെയെങ്ങും ആരെയും കാണാനില്ലല്ലോ. ഞാനിനി എവിടെ തിരയും. ആരേലും ഒന്നു കണ്ടിരുന്നെങ്കിൽ, ഒന്നു കൈ തന്നെങ്കിൽ, ഇത്രയും നിസ്സഹായ അവസ്ഥ എനിക്ക് ഇന്ന് വരെ ഉണ്ടായിട്ടില്ല. എന്റെ ജീവിതത്തിൽ ഉണ്ടായ ദുരനുഭവങ്ങൾ ഓർക്കുമ്പോൾ തോറ്റു പിന്മാറാനും കഴിയുന്നില്ല. ഇല്ല ഞാൻ അങ്ങനെ പെട്ടെന്നൊന്നും പിന്മാറില്ല. സമൂഹത്തിലേക്ക് ഇറങ്ങി ചെല്ലുക തന്നെ ചെയ്യും. സമൂഹത്തിൽ എന്നെ എല്ലാരും ഒറ്റപ്പെടുത്തി. എല്ലാ കുറ്റങ്ങളും എന്റേതു മാത്രമാക്കി. ആരും എന്നെ മനസ്സിലാക്കാൻ ശ്രമിച്ചില്ല. എന്റെ ഭാഗത്ത് നിന്നു ആരും ചിന്തിച്ചില്ല. ചിന്തിച്ചിരുന്നെങ്കിൽ ആരും എന്നെ കുറ്റം പറയില്ലായിരുന്നു. കാരണം ഈ സാഹചര്യം ഞാനായിട്ട് ഉണ്ടാക്കിയതല്ല. ജീവനില്ലാത്ത എനിക്ക് ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കി തന്നത് നിങ്ങളാണ്.

എന്റെ ഉള്ളിലെ പകയും അതോടൊപ്പം വളരുന്നുണ്ടായിരുന്നു. നിങ്ങൾക്ക് ഓർമ്മ കാണില്ല. എന്റെ കുടുംബത്തിലെ നിപ്പയോട് നിങ്ങൾ ചെയ്തത് ഓർക്കുന്നുണ്ടോ? എന്തിനാ ഞങ്ങളോട് ഇങ്ങനെ ചെയ്യുന്നത് ? എന്തിനാ ഇങ്ങനെ കപടസ്നേഹം കാണിച്ച് വിളിച്ചു വരുത്തിയത് ? ഒഴിവാക്കാമായിരുന്നില്ലേ ആദ്യമേ? അതിന് നിരവധി സാഹചര്യങ്ങൾ നിങ്ങൾക്ക് മുന്നിൽ ഉണ്ടായിരുന്നുല്ലേ? ഒടുവിൽ നിങ്ങൾ എന്റെ നിപ്പയോട് ചെയ്തതോ? കൊടും ക്രൂരത……… ഈ ഭൂലോകത്ത് നിന്നുതന്നെ തുടച്ചുമാറ്റി. അവൾ ഒരു പാവമായിരുന്നു. അതുകൊണ്ട് നിങ്ങൾക്ക് അവളെ എന്നെന്നേക്കുമായി പറഞ്ഞുവിടാൻ കഴിഞ്ഞു. പക്ഷേ ഞാൻ അവളെ പോലെയല്ല.

നിങ്ങൾ മഹാമാരി എന്നൊക്കെ വിളിക്കുന്ന നോവൽ കൊറോണ വൈറസ്. കോവിഡ്-19

ഞാൻ ഒരിക്കലും നിങ്ങളുടെ അടുത്തേക്ക് വന്നിട്ടില്ല. നിങ്ങളുടെ ജീവിത സാഹചര്യങ്ങൾ എന്നെ നിങ്ങളിലേക്ക് അടുപ്പിക്കയായിരുന്നു. എത്രത്തോളം സാങ്കേതിക വിദ്യയിൽ ഒന്നാമതെത്തിയാലും ശുചിത്വവില്ലാത്ത നിങ്ങൾക്ക് എന്നെ പൂർണമായി ഒഴിവാക്കാൻ കഴിയില്ല. വൃത്തിഹീനമായ ജീവിതം, മൃഗങ്ങളിലും പക്ഷികളിലും നിന്നൊക്കെ നിഷ് പ്രയാസം നിങ്ങളിലെത്തി. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നും 1937-ൽ ആദ്യമായി ഞങ്ങളെ തിരിച്ചറിഞ്ഞതാണ്, ഇപ്പോൾ അല്പം ജനിതകമാറ്റം വന്നു എന്നുമാത്രം. നിങ്ങൾ ഇപ്പോൾ കാണിക്കുന്ന കരുതൽ അന്നു മുതലെങ്കിലും തുടങ്ങിയിരുന്നെങ്കിൽ മഹാമാരി എന്ന് എന്നെ വിളിക്കേണ്ടി വരില്ലായിരുന്നു.

ആരോഗ്യമുള്ളവരുടെ ഇടയിൽ എനിക്ക് അധികം പിടിച്ചുനിൽക്കാൻ കഴിയില്ല. പ്രതിരോധം ദുർബലമായവരെ എനിക്ക് നിഷ് പ്രയാസം കീഴ്പ്പെടുത്താം. അതായത് പ്രായമായവരിലും ചെറിയ കുട്ടികളുലും ഗർഭിണികളിലും. എനിക്ക് സ്വയം അഹങ്കരിക്കാൻ ഒരു കാരണം കൂടിയുണ്ട്. അത് എന്താണെന്നല്ലേ? എന്നെ പ്രതിരോധിക്കുന്ന വാക്സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് സ്വയം പ്രതിരോധശേഷി വർധിപ്പിക്കാതെ നിങ്ങൾക്ക് ഒരു രക്ഷയുമില്ല.

എന്നെ വളരെ നിസ്സാരമായി കണ്ട ചിലരൊക്കെ ഇപ്പോൾ കഷ്ടപ്പെടുന്നുണ്ട്. എന്റെ അടുത്ത ലക്ഷ്യം സമൂഹ വ്യാപനം ആണ്. എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത മനുഷ്യരുള്ളേടുത്തോളം കാലം ഞാൻ എന്റെ ലക്ഷ്യം നിറവേറ്റുക തന്നെ ചെയ്യും.

പക്ഷേ നിങ്ങൾ സാമൂഹ്യ അകലം പാലിച്ചു കുറച്ചു നാൾ കഴിയേണ്ടി വന്നാൽ ഞാൻ ദുരിതത്തിലാകും…….
ഇന്ന് എനിക്കു ചുറ്റും വിജനമാണ്…………
അതിജീവിക്കാൻ കഴിയുന്നുല്ല………….
അധികനാൾ പുറത്ത് അലയാൻ കഴിയില്ല……….
സമൂഹ വ്യാപനം നടക്കുമോ?.....
കണ്ടറിയാം……………
അതിജീവിക്കുന്നത് കൊറോണയോ?......... മനുഷ്യരോ?

അഷ്ലിൻ എസ് എൽ
3 A ഗുഡ്‌ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മണപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ