തിരുവാർപ്പ്

ഗ്രാമത്തിന്റെ ലൊക്കേഷൻ

കേരളത്തിൽ, കോട്ടയം ജില്ലയിൽ, കോട്ടയം നഗരത്തിൽ നിന്നും ഏകദേശം 8 കിലോമീറ്റർ പടിഞ്ഞാറു ഭാഗത്തായി, തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ സ്ഥിതി  ചെയ്യുന്ന ഒരു മനോഹര ഗ്രാമമാണ് തിരുവാർപ്പ്. ഈ ഗ്രാമം, അപ്പർ കുട്ടനാടിനോട് ചേർന്ന് വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്നു. പഴയകാലത്ത് കോട്ടയത്തിന്റെ കേന്ദ്രസ്ഥാനങ്ങളിലൊന്നായിരുന്നു തിരുവാർപ്പ്. 2011 ലെ ഇന്ത്യൻ സെൻസസ് പ്രകാരം, 6531 പുരുഷന്മാരും 6793 സ്ത്രീകളുമുള്ള തിരുവാർപ്പിൽ 13324 ആണ് ജനസംഖ്യ.

കാർഷികമേഖലയുമായി, പ്രത്യേകിച്ച് നെൽകൃഷിയുമായി ബന്ധപ്പെട്ടതാണ് ഈ ഗ്രാമത്തിലെ ജനജീവിതം. നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രമാണ് തിരുവാർപ്പ് ഗ്രാമത്തിന്റെ പ്രസിദ്ധിക്കു പ്രധാന കാരണം. പണ്ട് കാലത്തു 'കുന്നമ്പള്ളിക്കര' എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം, ഈ ക്ഷേത്രത്തിന്റെ ഉത്ഭവത്തോടെയാണ് 'തിരുവാർപ്പ്' ആയി മാറിയത്. ക്ഷേത്രപ്രവേശനവിളംബര കാലത്ത്, ശ്രീ.ടി.കെ.മാധവൻ ഉൾപ്പെടെയുള്ളവരുടെ ശ്രമഫലമായാണ് സഞ്ചാരസ്വാതന്ത്ര്യം ലഭ്യമായത്. ആ കാലഘട്ടത്തിൽ മഹാത്മാഗാന്ധിയും ഇവിടെ എത്തിയിരുന്നു.

പ്രധാന സ്ഥാപനങ്ങൾ

ജി യു പി എസ് തിരുവാർപ്പ്

തിരുവാർപ്പ് വില്ലേജ് ഓഫീസ്

പഞ്ചായത്ത് ഓഫീസ്, തിരുവാർപ്പ്

കൃഷി ഭവൻ, തിരുവാർപ്പ്

കേരള സംസ്ഥാന പൊതുവിതരണ കേന്ദ്രം

തിരുവാർപ്പ് ക്ഷീരോദ്പാദക സഹകരണ സംഘം

ടി കെ എം ട്രസ്റ്റ് ചരിത്ര പഠന ഗവേഷണ കേന്ദ്രം

അദ്വൈത വേദാന്ത പഠനശാല

ശ്രദ്ധേയരായ വ്യക്തികൾ

കിളിരൂർ രാധാകൃഷ്ണൻ (ബാലസാഹിത്യകാരൻ)

സ്വാമി വിജയാനന്ദ തീർത്ഥപാദർ (ഭാഗവതാചാര്യൻ)

ആരാധനാലയങ്ങൾ

തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

കോട്ടയം ജില്ലയിൽ, കോട്ടയം താലൂക്കിൽ, തിരുവാർപ്പ് ഗ്രാമത്തിൽ, മീനച്ചിലാറിന്റെ കൈവരിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. തിരുവാർപ്പ് ഗ്രാമത്തിന് ആ പേര് വരാൻ തന്നെ കാരണമായത് ഈ ക്ഷേത്രമാണ്. മുൻപ് കുന്നമ്പള്ളിക്കര എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം ഈ ക്ഷേത്രത്തിന്റെ ഉത്ഭവത്തോടെയാണ് തിരുവാർപ്പ് ആയി മാറിയത്. കേരളത്തിലെ പ്രധാനപ്പെട്ട ഒരു വൈഷ്ണവ ക്ഷേത്രമാണ് ഇത്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ, ത്രിമൂർത്തികളിൽ ഒരാളായ മഹാവിഷ്ണുവാണ്. എന്നാൽ, കംസവധം കഴിഞ്ഞ് കോപവും വിശപ്പും കൊണ്ട് അവശനായ ശ്രീകൃഷ്ണനായാണ് സങ്കല്പം. കൂടാതെ ഉപദേവതകളായി ഗണപതി, ശിവൻ, ഭഗവതി (ദുർഗ്ഗ), ശാസ്താവ്, സുബ്രഹ്മണ്യൻ, നാഗദൈവങ്ങൾ തുടങ്ങിയവരും കുടികൊള്ളുന്നുണ്ട്. മേടമാസത്തിലെ വിഷുനാളിൽ കൊടികയറി പത്താമുദയത്തിന് ആറാട്ട് വരത്തക്ക വിധത്തിൽ നടക്കുന്ന പത്തുദിവസത്തെ ഉത്സവമാണ് ക്ഷേത്രത്തിലുള്ളത്. ഇതിനിടയിൽ വരുന്ന അഞ്ചാം നാളിലെ പുറപ്പാടും അതിനോടനുബന്ധിച്ചുള്ള ആനയോട്ടവും അതിഗംഭീരമാണ്. ഇതാണ് ക്ഷേത്രത്തിൽ പ്രധാനം. ഗുരുവായൂർ കൂടാതെ ആനയോട്ടം നടക്കുന്ന ഏക ശ്രീകൃഷ്ണക്ഷേത്രം ഇതാണ്. കൂടാതെ അഷ്ടമിരോഹിണിയും അതിവിശേഷമാണ്. ദീപാവലി, സ്വർഗ്ഗവാതിൽ ഏകാദശി എന്നിവയാണ് മറ്റു വിശേഷ ദിവസങ്ങൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

കൊച്ചമ്പലം ദേവി ക്ഷേത്രം

തിരുവാർപ്പ് ശിവക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ജി യു പി എസ് തിരുവാർപ്പ്

ടി കെ എം ട്രസ്റ്റ് ചരിത്ര പഠന ഗവേഷണ കേന്ദ്രം

അദ്വൈത വേദാന്ത പഠനശാല

ടൂറിസം

തിരുവാർപ്പ് ഗ്രാമത്തിലെ, കോട്ടയത്തിനടുത്തുള്ള വളരെ ആകർഷകമായ സ്ഥലമാണ് മലരിക്കൽ. മലരിക്കൽ, സൂര്യാസ്തമയത്തിൻ്റെ മനോഹരമായ കാഴ്ച നൽകുന്നു. ചുവന്ന താമരയും വെള്ളാമ്പലും നിറഞ്ഞ നെൽപ്പാടം ഏവരെയും ആകർഷിക്കുന്നു . മലരിക്കൽ വ്യൂപോയിൻ്റ് കാണാൻ ഏറ്റവും അനുയോജ്യമായ സമയം സെപ്റ്റംബർ മുതൽ നവംബർ വരെയാണ്.

അവലംബം

https://ml.wikipedia.org/wiki/

https://en.wikipedia.org/wiki/Thiruvarppu

https://village.kerala.gov.in/Office_websites/about_village.php?nm=606Thiruvarppuvillageoffice

https://www.keralatourism.org/destination/malarickal-village-tourism/669